അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം

696

ദുല്‍ഹിജ്ജ 1442 – ജൂലൈ 2021

ശൈഖ് ഡോ. ബന്‍ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല

വിശ്വാസീ സമൂഹമേ, അല്ലാഹുവിനെ സൂക്ഷിക്കുക. തഖ് വയുള്ളവരാകുക. ഭക്തിയിലൂടെയാണ് ദുനിയാവിലും പരലോകത്തിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകുന്നത്. അല്ലാഹു പറഞ്ഞു:

ശുഭപര്യവസാനം മുത്തഖികള്‍ക്കുള്ളതാണ്. (ക്വസസ്/83) തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും (നഹ് ല്‍/128) തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച. (യൂസുഫ്/90)

അല്ലാഹു തന്റെ ദാസന്മാരോട് പ്രത്യേകം നിര്‍ദ്ദേശിച്ച സുപ്രധാനമായ സംഗതിയാണ്, സദ് വൃത്തികള്‍ ചെയ്യുക, നന്മകള്‍ ചയ്യുക എന്നത്. അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് (നഹ് ല്/90)

അല്ലാഹുവിന്നുവേണ്ടി നിര്‍വഹിക്കുന്ന ഇബാദത്തുകളില്‍ നിന്ന് തുടങ്ങണം ഓരോ ദാസീദാസനും ചെയ്യുന്ന ഇഹ്‌സാന്‍ അഥവാ നന്മ. പ്രവാചകന്‍ (സ്വ) അരുളി: ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നൂ എന്ന വിധം അവനെ ആരാധിക്കലാണ്. യഥാര്‍ത്ഥത്തില്‍ അവനെ നീ കാണുന്നില്ല എങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (മുത്തഫക്വുന്‍ അലൈഹി)

ഒരു സത്യവിശ്വാസി ചെയ്യുന്ന ഏറ്റവും മികച്ച നന്മ,  തന്റെ വിശ്വാസ ആദര്‍ശത്തില്‍ അഥവാ തൗഹീദില്‍ കാണിക്കുന്ന നന്മയാണ്. അല്ലാഹു പറഞ്ഞു: വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി. (ലുഖ്മാന്‍/22) ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ബഖറ/112)

അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്, അവനോടല്ലാതെ പ്രാര്‍ത്ഥിക്കരുത്. അവനെയല്ലാതെ ആശ്രയിക്കരുത്. അല്ലാഹുവിന്റെ കണിശമായ കല്‍പനകളാണിവ.  ഖുര്‍ആനിക വചനങ്ങള്‍ ശ്രദ്ധിക്കുക: തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ വിധിച്ചിരിക്കുന്നു. (ഇസ്രാഅ്/23) പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്‌. (ജിന്ന്/18)

ചുരുക്കത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ സാക്ഷ്യവചനത്തോട് നീതി പുലര്‍ത്തിയും, പ്രവാചക ജീവിതത്തെ  വിശ്വസിച്ചും ഉള്‍ക്കൊണ്ടും അനുധാവനം ചെയ്തു കൊണ്ടുമാകണം വിശ്വാസിയുടെ ജീവിതം. നബി(സ്വ) പഠിപ്പിച്ചതു പ്രകാരമാകണം അല്ലാഹുവിനെ ആരാധിക്കേണ്ടത്. അദ്ദേഹത്തിലൂടെയാണ് ദീന്‍ പൂര്‍ത്തിയായത്.

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (മാഇദ/3)

അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നത്  നന്മയാണ്. അല്ലാഹു പറഞ്ഞു: നമസ്‌കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്, പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്‌കാരം. (ബഖറ/238)

സകാത്ത് നല്‍കുന്നത് നന്മയാണ്. എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി ) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്. (അഅ്റാഫ്/156)

നോമ്പനുഷ്ഠിക്കുന്നത് നന്മയാണ്. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. (ബഖറ/185)

ഹജ്ജ് നിര്‍വഹിക്കുന്നത് നന്മയാണ്. ആ മന്ദിരത്തില്‍ എത്തിചേരാന്‍ കഴിവുള്ള മനുഷ്യന്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. (ആലു ഇംറാന്‍/97)

അല്ലാഹുവിനെ റബ്ബായും മുഹമ്മദിനെ (സ്വ) നബിയായും വിശ്വസിക്കുക. മലക്കുകളിലും ദൈവിക ഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അല്ലാഹുവിന്റെ ഖളാഇലും ഖദറിലും വിശ്വസിക്കുക, അവയിലെല്ലാം ആത്മാര്‍ത്ഥമായ കൃത്യത കാണിക്കുക. ഇവയെല്ലാം വിശ്വാസ ജീവിത്തിലെ നന്മകളാണ്.

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ നാം നന്ദിയുള്ളവരാകണം. അവന്‍ നമുക്ക് ചെയ്തു തന്ന നന്മകള്‍ക്ക് കണക്കില്ല.  ആകാശ ഭൂമികളെ അവന്‍ സംവിധാനിച്ചു. ഭൂമിയില്‍ സൗകര്യങ്ങളൊരുക്കിത്തന്നു. ശൂന്യതയില്‍ നിന്ന് നമ്മെയവന്‍ സൃഷ്ടിച്ചു. അല്ലാഹു പറഞ്ഞു:

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. (ലുഖ്മാന്‍/20)

താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. (സജദ/ 7-9)

മനുഷ്യരുടെ സന്മാര്‍ഗ്ഗത്തിനായി പ്രവാചകന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചു നല്‍കിയതും അല്ലാഹു തന്റെ ദാസന്മാര്‍ക്കായി ചെയ്തുകൊടുത്ത നന്മകളാണ്. ജീവിത വിജയത്തിനു സന്മാർഗ്ഗം പകരാനായി അന്തിമ പ്രവാചകനെ മനുഷ്യർക്കായി നിയോഗിച്ചതും, അദ്ദേഹത്തിലൂടെ വിശുദ്ധ ഖുർആന്‍ അവതരിപ്പിച്ചതും അല്ലാഹുവില്‍ നിന്നുള്ള നന്മതന്നെയാണ്. അവസാന കാലം വരേക്കുമുള്ള മനുഷ്യരുടെ വെളിച്ചവും വഴികാട്ടിയുമാണ് ഖുര്‍ആന്‍.

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ആലുഇംറാന്‍/164)

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. (സുമര്‍/23)

എല്ലാവരോടും നന്മചെയ്യുക എന്നത് ഇസ്ലാമിന്റെ പൊതു നിര്‍ദ്ദേശമാണ്. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (ഖസ്വസ്/77) എന്ന ഖുർആനിക വചനം ശ്രദ്ധിക്കുക.

മാതാപിതാക്കളോട്, കുടുംബക്കാരോട്, അടുത്ത ബന്ധുക്കളോട് എല്ലാവരോടും നന്മയില്‍ വര്‍ത്തിക്കണം അല്ലാഹു പറഞ്ഞു:

മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. (നിസാഅ്/36)

മക്കള്‍ക്ക് നല്ല ശിക്ഷണം നല്‍കുക എന്നത് നന്മചെയ്യലാണ്. ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും നന്മയില്‍ വര്‍ത്തിക്കുക. പരസ്പരം ബാധ്യതകള്‍ നിര്‍വഹിക്കുക. വിവാഹമോചിതരായ സ്ത്രീകളോടു പോലും മാന്യമായ സമീപനമുണ്ടാകണമെന്നതാണ് അല്ലാഹുവിന്റെ കല്പന.

വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ. (ബഖറ/241)

നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. (നിസാഅ്/128)

അശരണരേയും അനാഥകളേയും സംരക്ഷിക്കുക, അവര്‍ക്ക് നന്മകള്‍ ചെയ്യുക. അല്ലാഹു പറഞ്ഞു: ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. (അന്‍ആം/152)

ജോലിക്കാരോടും തൊഴിലാളികളോടും കാരുണ്യം കാണിക്കണം. അവരുമായുള്ള തൊഴില്‍ കരാറുകളിലെ വ്യവസ്ഥകള്‍ പാലിക്കണം. അല്ലാഹു പറഞ്ഞു: നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഇസ്രാഅ്/34)

നബി(സ്വ) അരുളി: അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ കൈവശമേല്‍പ്പിച്ചിരിക്കുകയാണ്. തന്റെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് താന്‍ ഭക്ഷിക്കുന്ന അതേ ഭക്ഷണം നല്‍കാനും താന്‍ ധരിക്കുന്ന അതേ വസ്ത്രം നല്‍കാനും ബാധ്യതയുണ്ട്. അവരെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങള്‍ക്കായി അവരെ നിര്‍ബന്ധിക്കരുത്. വല്ല പ്രയാസകരമായ ജോലിയും അവരെ ഏല്‍പ്പിക്കുന്നുവെങ്കില്‍ നിങ്ങളവരെ സഹായിക്കുക. (മുത്തഫഖുന്‍ അലൈഹി)

പൗരന്റെയും രാജ്യത്തിന്റെയും സുരക്ഷക്കും സമാധാനത്തിനും വേണ്ടി അധ്വാനിക്കുക. ജനങ്ങളുടെ സ്വൈര്യജീവിതത്തിനുതകുന്ന സൗകര്യങ്ങളൊരുക്കുക. അവരുടെ രക്തവും സമ്പത്തും പവിത്രമായി സംരക്ഷിക്കുക. ഭരണാധികാരിയേയും നിയമവ്യവസ്ഥകളെയും, ദൈവധിക്കാരമില്ലാത്ത വിധം അനുസരിക്കുക. പൗരാവാകാശങ്ങളെ മാനിക്കുക.

സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതും അന്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തിവെക്കുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വളംനല്‍കുന്നതും ഭൂമിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക.

മുസ്ലിമിന്റെ നന്മകള്‍ മൃഗങ്ങളോട് പോലും ചേര്‍ന്നു നില്‍ക്കുന്നതാണ്. പ്രവാചകന്‍(സ്വ) പറഞ്ഞു: എല്ലാ ജീവികളോടും നന്മ കാണിക്കുക എന്നത് അല്ലാഹുവിന്റെ കണിശമായ ശാസനയാണ്. അവയെ കൊല്ലുകയൊ അറുക്കുകയൊ ചെയ്യുന്നുവെങ്കില്‍ ഏറ്റവും നിലയില്‍ നിങ്ങളതു ചെയ്യുക. കത്തിക്ക് മൂര്‍ച്ചകൂട്ടി, ജീവിക്ക് ആശ്വാസമാകും വിധമാകണം അതിനെ അറുക്കേണ്ടത്. (മുസ്ലിം) ഏതൊരു പച്ചക്കരളുള്ള ജീവിക്കു കരുണചെയ്യുന്നതിലും പ്രതിഫലമുണ്ട് (ബുഖാരി, മുസ്ലിം) എന്നും പ്രവാചകനരുളിയിട്ടുണ്ട്.

പരിസ്ഥിതിയുമായി മുസ്ലിമിന് താളാത്മകമായ ബന്ധമാണുള്ളത്. അതിന്റെ സംരക്ഷണം അവന്റെ ബാധ്യതയാണ്. ആവാസ വ്യവസ്ഥയില്‍ പ്രശ്നങ്ങളുണ്ടാക്കിക്കൂടാ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുക, വിള നശിപ്പിക്കുക, ജീവനെടുക്കുക തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളെ അല്ലാഹു നിശിതമായി അപലപിച്ചിട്ടുണ്ട്.

മുസ്ലിംകളോടും അമുസ്ലിംകളോടും വേര്‍തിരിവില്ലാതെ നന്മയില്‍ വര്‍ത്തിക്കുക. അല്ലാഹു പറഞ്ഞു: ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും ഭക്ഷണം നല്‍കുന്നവരാണ് അല്ലാഹുവിന്റെ ദാസന്‍മാര്‍ എന്ന് (ഇന്‍സാന്‍/8) അല്ലാഹു പറയുന്നുണ്ട്.

നമ്മോട് വഞ്ചന കാണിക്കുന്നവര്‍ക്ക് പോലും മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുണമെന്നും, നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണെന്നും (മാഇദ/13) അല്ലാഹു പറഞ്ഞിട്ടുണ്ട്.

ശത്രുക്കളോടും നന്മ ചെയ്യുക. അത് പരസ്പര സൗഹൃദത്തിലേക്ക് നയിക്കും. അല്ലാഹു പറഞ്ഞു: ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (ഫുസ്സിലത്ത്/34, 35)

സാമ്പത്തിക രംഗത്തും ക്രയവിക്രയ രംഗത്തും സൂഷ്മത കാണിക്കുക. അല്ലാഹു പറഞ്ഞു: നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഇസ്രാഅ്/35)

ജനങ്ങളുമായുള്ള പെരുമാറ്റങ്ങളും സംസാരങ്ങളും നല്ലതാക്കുക. അല്ലാഹു പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയുക. (ബഖറ/83)

നീ എന്റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. (ഇസ്രാഅ്/53)

എല്ലാ മനുഷ്യരോടും നീതിയില്‍ വര്‍ത്തിക്കുക. ഓരോരുത്തരുടേയും നിലവാരമറിഞ്ഞ് പെരുമാറുക. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുക. അല്ലാഹു പറഞ്ഞു:

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. (നഹ് ല്‍/125) വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്. (അന്‍കബൂത്/46)

ആരെയും നല്ലനിലയില്‍ സ്വീകരിക്കുകയും അവരോട് അഭിവാദ്യം പറയുകയും ചെയ്യുക. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു. (നിസാഅ്/86)

നല്ലവാക്കുകള്‍ ശ്രവിക്കുകയും സാരോപദേശങ്ങളെ സ്വീകരിക്കുകയും ചെയ്യുക. എന്റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (സുമര്‍/17, 18)

നന്മയുടെ മേഖല പരീക്ഷയുടേയും മത്സരത്തിന്റേതുമാണ്. അതറിയുന്നവനാണ് മുഅ്മിന്‍. അല്ലാഹു പറഞ്ഞു: നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (മുല്‍ക്/2)

ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാനം)വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. (ഹുദ്/7)

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി. (കഹ്ഫ്/7)

അല്ലാഹുവിന്നുള്ള ഇബാദത്തുകളിലും സഹജീവികളോടുള്ള വര്‍ത്തനങ്ങളിലും നന്മചെയ്യുക വഴി ഒരു വിശ്വാസി തന്നോടു തന്നെയാണ് നന്മ പ്രവര്‍ത്തിക്കുന്നത്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്. (ഇസ്രാഅ്: 7) അല്ലാഹുവിന്റെ സ്‌നേഹ സാമീപ്യങ്ങളും കാരുണ്യവും ലഭ്യമാകാന്‍ വിശ്വാസിയുടെ സദ്‌വൃത്തികള്‍ നിമിത്തമാകുന്നതാണ്. ഇതു സംബന്ധിച്ച ഖുര്‍ആനിക സൂക്തങ്ങള്‍ നിരവധിയുണ്ട്.

നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.  (ബഖറ/195) തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (അന്‍കബൂത്ത്/69) (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.  (ഹജ്ജ്/37) തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.  (അഅ്‌റാഫ/56) സുകൃതവാന്‍മാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച. (ഹൂദ്/115) നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുന്നതാണ്. (നജ്മ്/31) സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (യൂനുസ്/26) നല്ലത് ചെയ്തവര്‍ക്ക് ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്! (നഹ് ല്‍/30)

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ്‌വൃത്തരായിരുന്നു. (ദാരിയാത്ത്/15, 16) അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം. (സുമര്‍/34) നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? (റഹ്മാന്‍/60)

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായുംനനാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (നഹ് ല്‍/97)

നന്മകളില്‍ വ്യാപൃതരാകുന്ന സദ്‌വൃത്തര്‍ക്കാണ് സര്‍വ്വ മംഗളങ്ങളും. അവന്‍ ചെയ്യുന്ന ഓരോ നന്മക്കും ഇരട്ടിയായിട്ടാണ് പ്രതിഫലം ലഭിക്കുന്നത്. പ്രവാചകന്‍(സ്വ) അരുളി: ഇസ്ലാമിക നിഷ്ഠകള്‍ നന്നായി നിര്‍വഹിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ ഓരോ നന്മക്കും പത്തു മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. (ബുഖാരി)

അല്ലാഹു പറഞ്ഞു: വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. (അന്‍ആം/160)

നന്മകള്‍ ചെയ്യാന്‍ തന്റെ ദാസന്മാര്‍ക്ക് അല്ലാഹു അവസരങ്ങള്‍ നല്‍കുകവഴി, അവരുടെ മുന്നില്‍ തൗബയുടേയും ഇസ്തിഗ്ഫാറിന്റെയും വാതിലുകള്‍ തുറന്നിടപ്പെടുകയാണ് ചെയ്യുന്നത്. അതുവഴി, അലക്ഷ്യമായി സംഭവിച്ച പാപങ്ങള്‍ പൊറുക്കപ്പെടുകയുമാണ്. അല്ലാഹു പറഞ്ഞു:

പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട് തിന്‍മയ്ക്ക് ശേഷം നന്‍മയെ പകരം കൊണ്ട് വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (നംല്/11)

തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്‌കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. (ഹൂദ്/114)

തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ പരലോകത്തിന്റെ പര്യവസാനം. (റഅദ്/22)

നന്മചെയ്തവര്‍ക്ക് തിരിച്ചും നന്മചെയ്യുക എന്നതും അവരുടെ നന്മകളെ വിലമതിക്കുക എന്നതും, അവരെ അഭിനന്ദിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതും മതമനുശാസിക്കുന്ന മര്യാദകളാണ്. മുസ്ലിം ഉമ്മത്തിനോടു മുഴുവന്‍ മഹിതമായ നന്മകള്‍ ചെയതവരാണ് ഇരു ഹറമുകളുടെ സേവകനായ സല്‍മാന്‍ ബ്‌നു അബ്ദില്‍ അസീസ് രാജാവും വലിയ്യുല്‍ അഹ്ദ് മുഹമ്മദ് ബ്‌നു സല്‍മാനും. ഹാജിമാരുടെ കാര്യത്തില്‍ അവര്‍ സ്വീകരിച്ച പരിഗണനയും, രണ്ടു വിശുദ്ധ ഗേഹങ്ങളോടുള്ള അവരുടെ ശ്രദ്ധയും, അവിടങ്ങളിലെ സുരക്ഷക്കായുള്ള ക്രമീകരണവും, ഹജ്ജിനും ഉംറക്കുമെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിലുള്ള സൂക്ഷ്മതയും, ഹാജിമാരുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും പ്രശംസനീയമാണ്. ഈ മഹാമാരിക്കാലത്ത്, ഏറ്റവും സുരക്ഷിതമായ നിലയില്‍ ഇസ്ലാമിന്റെ ആരാധനകള്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് അവസരമൊരുക്കണമെന്ന അവരുടെ താത്പര്യമാണ് ഇവയില്ലെല്ലാം പ്രതിഫലിച്ചു കാണുന്നത്. അല്ലാഹു അവരിരുവരിലും അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ.

Source: www.nermozhi.com