കിതാബിലെ സ്ത്രീ സുരക്ഷിതയാണ്

1966

എവിടെയൊക്കെയൊ വെച്ചു നഷ്ടപ്പെട്ട മനുഷ്യന്‍റെ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി നമുക്ക് ബോധ്യപ്പെടും. ശരിയായ വിശ്വാസം, അനുയോജ്യമായ ആരാധനകള്‍, ക്രയവിക്രയങ്ങളിലെ മര്യാദകള്‍, വ്യക്തിബന്ധങ്ങളുടെ രീതിശാസ്ത്രം, സ്നേഹപരിഗണനകളുടെ വില, വിവാഹ-ദാമ്പത്യ രംഗങ്ങളിലെ ചിട്ടകള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍ നിസ്തുലമാണ്. ഇസ്ലാം മനുഷ്യനെ ആണ്‍പെണ്‍ വകഭേദമില്ലാതെ ആദരിക്കുന്ന മതമാണ്. ഇത് ഇസ്ലാമിന്‍റെ വ്യതിരിക്തതയായി പറയേണ്ടി വരുന്നത്, ആണിനെ മനുഷ്യനായും പെണ്ണിനെ പിശാചായും കാണുന്ന മതങ്ങളും ദര്‍ശനങ്ങളും നിലവിലുണ്ടായിരുന്നത് കൊണ്ടാണ്. സാമ്പ്രദായിക മതങ്ങളിലെ സ്ത്രീജനം അവകാശങ്ങളല്ല, നിത്യജീവിതത്തിലെ സാധാരണ ആവശ്യങ്ങള്‍ പോലും നിവൃത്തിച്ചു കിട്ടാത്തതില്‍ നെടുവീര്‍പ്പിട്ടവരായിരുന്നു.

നബി(സ്വ) ജീവിച്ച അറേബ്യയിലെ ജാഹിലിയ്യാ സ്ഥിതിയും മറിച്ചായിരുന്നില്ല. നിത്യദുരിതത്തിലായിരുന്നു സ്ത്രീ. ജനിച്ച പെണ്‍കുഞ്ഞിന് ചിരിക്കാന്‍ പോലും ഇടം നല്‍കാതെ ജീവനോടെ കുഴിച്ചുമൂടിയ സമൂഹത്തില്‍, ജീവിക്കാന്‍ അവസരം കിട്ടിയ പെണ്ണിന്‍റെ അവസ്ഥയെന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ. പെണ്ണിനോടുള്ള അന്നത്തെ ജനതയുടെ മനോനില എന്തായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്

“അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (നഹ്ല്‍: 58, 59)

അറേബ്യയിലെന്നല്ല, ലോകം മുഴുവന്‍ നിലനിന്നിരുന്ന ഈ അനീതിക്കെതിരെ ആദ്യത്തെ തിരുത്തു വന്നത് വിശുദ്ധ ഇസ്ലാമില്‍ നിന്നാണ്. മേലെ വായിച്ച ആയത്തിന്‍റെ അവസാനഭാഗത്ത് നമുക്കത് വായിക്കാം: “ശ്രദ്ധിക്കുക, അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം.” ഏത് ആദര്‍ശത്തിലാണ്, മാനിഫെസ്റ്റോയിലാണ് ആണ്‍കോയ്മയുടെ മുഖത്ത് നോക്കി ഇസ്ലാമിന്‍റേതു പോലുള്ള ഇത്ര കനത്തശബ്ദമുള്ളത്?

സ്ത്രീക്ക് സമ്പൂര്‍ണ്ണമായ അംഗീകാരവും അവകാശവും വകവെച്ചു നല്‍കിയ മതമാണ് ഇസ്ലാം. പ്രവാചകന്‍(സ്വ) സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നല്‍കിയ സാരോപദേശങ്ങള്‍ എക്കാലത്തേക്കും അനുഗുണമാണ്. നന്മകള്‍ മാത്രമാണ് അതിലുള്ളത്. ഇസ്ലാം സ്ത്രീകളെ എത്രമാത്രം പരിഗണിച്ചിരിക്കുന്നൂ എന്നു മനസ്സിലാക്കാന്‍ വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചക വചനങ്ങളുടേയും വെളിച്ചത്തില്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.

ഒരു സ്ത്രീ മകളായും, സഹോദരിയായും, ഭാര്യയായും, ഉമ്മയായും ജീവിക്കുമ്പോള്‍ പ്രസ്തുത മേഖലകളിലൊക്കെ പരിപൂര്‍ണ്ണ സുരക്ഷയും നീതിയുമാണ് ഇസ്ലാം അവള്‍ക്ക് സംവിധാനിച്ചിരിക്കുന്നത്. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്ന പെണ്ണിന്‍റെ ജന്മത്തെപ്പറ്റി പറയുന്നിടം മുതല്‍ ഇസ്ലാം സ്ത്രീയെ പരിഗണിച്ചു തുടങ്ങുന്നൂ എന്നതാണ് ഇസ്ലാമിന്‍റെ പ്രത്യേകത.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.” (നിസാഅ്: 1)

സന്താനോല്‍പാദന രംഗത്തു പോലും സ്ത്രീയുടെ പങ്കിനെ അംഗീകരിക്കാതിരുന്ന സാമ്പ്രദായിക മതങ്ങളുടേയും പുരുഷ മേലാളന്മാരുടേയും തലക്കു പ്രഹരിക്കും വിധമാണ് ‘അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരേയും സ്ത്രീകളേയും വ്യാപിപ്പിക്കുകയും ചെയ്തു’ എന്ന പ്രസ്താവന ഖുര്‍ആന്‍ നടത്തുന്നത്! സൃഷ്ടാവിങ്കല്‍ ആണ്‍പെണ്‍ വ്യത്യാസത്താലല്ല, കര്‍മ്മങ്ങളുടെ മഹിമകൊണ്ടാണ് ഓരോരുത്തരും ആദരണീയരും പ്രതിഫലാര്‍ഹരുമാകുന്നത് എന്ന കാര്യം കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

“ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (നിസാഅ്: 124)

പുരുഷന്‍മാരെ മുന്നില്‍ നിര്‍ത്തി സ്ത്രീകള്‍ക്കു വേണ്ടി പ്രസംഗിച്ച മുഹമ്മദു നബി(സ്വ)യുടെ സാരോപദേശങ്ങള്‍ ഒന്നൊന്നായി വായിച്ചു നോക്കുക:

പെണ്‍മക്കള്‍ക്കുവേണ്ടി

കാരുണ്യത്തിന്‍റെ പ്രവാചകന്‍ പറഞ്ഞു: “രണ്ടു പെണ്‍കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയാകുവോളം പോറ്റിവളര്‍ത്തിയവന്‍, അന്ത്യനാളില്‍ എന്നോടൊപ്പം ഇതുപോലെ (അദ്ദേഹം തന്‍റെ രണ്ടു കൈവിരലുകള്‍ ചേര്‍ത്തുപിടിച്ചു) ചേര്‍ന്നു നില്‍ക്കുന്നവനാകും.” (മുസ്ലിം)

നബി(സ്വ) പറഞ്ഞു: “കൂടെയുള്ളേടത്തോളം തന്‍റെ രണ്ടു പെണ്‍മക്കളെയും നന്നായി വളര്‍ത്തിയവന്‍, അവര്‍ കാരണത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.” (ഇബ്നുമാജ)

സഹോദരിമാര്‍ക്കു വേണ്ടി
നബി(സ്വ) പറഞ്ഞു: “ആരാണൊ തന്‍റെ മൂന്നു പുത്രിമാരോട്, അല്ലെങ്കില്‍ മൂന്നു സഹോദരിമാരോട് രണ്ട് പുത്രിമാരോട് അല്ലെങ്കില്‍ രണ്ട് സഹോദരിമാരോട്, അവര്‍ക്ക് നന്മകള്‍ ചെയ്തു കൊടുത്ത് നല്ലനിലയില്‍ സഹവര്‍ത്തിക്കുകയും, അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്നത് അവന്ന് തീര്‍ച്ചയായും സ്വര്‍ഗ്ഗമുണ്ട്.” (തിര്‍മിദി)

മാതാക്കള്‍ക്കു വേണ്ടി
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.” (നിസാഅ്: 36)
നബി(സ്വ)യെ സമീപിച്ച് ഒരു സ്വഹാബി ചോദിച്ചു: ഞാന്‍ ഏറ്റവും കൂടുതല്‍ നന്മചെയ്യേണ്ടത് ആര്‍ക്കാണ് റസൂലേ? തിരുമേനി പറഞ്ഞു: “നിന്‍റെ മാതാവ്.” പിന്നെയാരാണ്?  “നിന്‍റെ മാതാവ്.” പിന്നെയാരാണ് നബിയേ? “നിന്‍റെ മാതാവ്.” നബി(സ്വ) അതിനും മറുപടി പറഞ്ഞു. സ്വഹാബി നാലമതും ചോദിച്ചു: അവരെക്കഴിഞ്ഞാല്‍ പിന്നെയാരാണ്?  നബി(സ്വ) പറഞ്ഞു: “നിന്‍റെ പിതാവ്.”  (ബുഖാരി)

ഭാര്യമാര്‍ക്കു വേണ്ടി
ഇണകളോട് സ്നേഹവും കാരുണ്യവും കാണിക്കാന്‍ ഏരെ നിഷ്കര്‍ഷിക്കുന്ന മതമാണ് ഇസ്ലാം. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക.
“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.” (റൂം:21
“അവരോട് (അഥവാ ഭാര്യമാരോട്) നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്.” (നിസാഅ്: 19)

മുഹമ്മദു നബി(സ്വ) അരുളി:  “പുരുഷന്‍മാരേ, നിങ്ങളില്‍ ഉത്തമന്‍ സ്വന്തം ഭാര്യമാരോട് മര്യാദകാട്ടുന്നവനാണ്.” (തിര്‍മിദി)

തിരുമേനി(സ്വ) അരുളി: “ഒരു വിശ്വാസിയും വിശ്വാസിനിയായ തന്‍റെ ഭാര്യയെ ദ്രോഹിക്കുകയില്ല. ഒരു സ്വഭാവത്തില്‍ അവന്ന് നീരസമുണ്ടായാലും അവളുടെ മറ്റു സ്വഭാവങ്ങളില്‍ അവന്‍ സംതൃപ്തനായിരിക്കും.” (മുസ്ലിം)

ആണിനേയും പെണ്ണിനേയും അനീതി കാട്ടാതെ പരിഗണിച്ച ഇസ്ലാമിന്‍റെ മഹിതമായ നിര്‍ദ്ദേശങ്ങള്‍ ഇനിയുമുണ്ട് എഴുതാന്‍. അവയെ മുന്‍വിധികളില്ലാതെ സമീപിക്കുന്നവര്‍ക്ക് ഇസ്ലാം സ്ത്രീ സമൂഹത്തെ ദ്രോഹിക്കുന്നൂ, അവരെ അടിമത്ത്ത്തില്‍ തളച്ചിടുന്നൂ എന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ, ഇസ്ലാമിനോടും ഇസ്ലാമിക നിയമങ്ങളോടും ശത്രുത പുലര്‍ത്തുന്ന നിരീശ്വര നിര്‍മ്മത സംഘങ്ങള്‍ നിരന്തരം ഇസ്ലാമിനെ എതിര്‍ക്കുന്ന തിരക്കിലാണ്.

സഹോദരിമാരെ, ഇസ്ലാമിക വിശ്വാസവും ആരാധനകളും സ്വഭാവനിഷ്ഠകളും ജീവിത രീതികളും വസ്ത്രധാരണ മര്യാദകളുമൊക്കെ ഐഹിക ജീവിതത്തിലെ പ്രതിഫലങ്ങള്‍ മോഹിച്ചല്ല നാം ഉള്‍ക്കൊളളുന്നത്. മരണാനന്തരമുള്ള പരലോകജീവിതത്തിലെ നേട്ടങ്ങളെ പ്രതീക്ഷിച്ചാണ്. അതുകൊണ്ടുതന്നെ, നമുക്കു വേണ്ടിയെന്ന നിലക്ക് കപടമുദ്രാവാക്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആളുകളെ നാം കരുതിയിരിക്കുക. അല്ലാഹുവിന്‍റെ സ്നേഹവും കരുണയുമാണ്, അവന്‍റെ സ്വര്‍ഗ്ഗമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ചിന്ത എപ്പോഴും നമ്മുടെ കൂടെയുണ്ടാകട്ടെ.