സദാചാരം ലൈംഗികരംഗത്തു മാത്രമൊ?

720

അറിവ് മനുഷ്യനെ മനുഷ്യനാക്കുന്നതാകണം. സംസ്കൃതമായ ജീവത പരിസരം അറിവിലൂടെ സിദ്ധമാകണം. തികഞ്ഞ ഭൗതിക വീക്ഷണത്തില്‍ പോലും, ആനന്ദദായകമായ ലക്ഷ്യം പകരാത്ത ഒരു അറിവും അറിവായി പരിഗണിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. മാനവ സമൂഹത്തിന്‍റെ സകലമാന നന്മകളേയും പരിവര്‍ത്തിപ്പക്കുന്ന ദൈവിക മതമായ ഇസ്ലാം അറിവിനു നല്‍കുന്ന പ്രാധാന്യം അനിതരമാണ്. സ്രഷ്ടാവിനെ അറിയുക, സ്രഷ്ടാവുമായുള്ള ബന്ധമറിയുക, സ്രഷ്ടാവിനോടുള്ള കടമകളറിയുക, ജീവിതത്തിന്‍റെ ധര്‍മ്മമറിയുക, ജീവിതത്തിന്‍റെ ലക്ഷ്യമറിയുക. എല്ലാം അറിയാനും അറിഞ്ഞു പ്രവര്‍ത്തിക്കാനുമാണ് ഇസ്ലാമിന്‍റെ ആഹ്വാനവും ബോധനവും.

ഇസ്ലാം ലോകത്തിനു സമര്‍പ്പിച്ച ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മാനവസമൂഹത്തിനുള്ള തെളിഞ്ഞ ഉദ്ബോധനമാണത്. ഭൗതിക ജീവിതത്തിലെ ധര്‍മ്മവും അതിന്‍റെ ലക്ഷ്യവും കൃത്യമായും കണിശമായും മനുഷ്യനെ പഠിപ്പിക്കുന്ന വേദഗ്രന്ഥം. ഈ പവിത്ര ഗ്രന്ഥം ലോകത്തെ പഠിപ്പിച്ചത് അവസാനത്തെ പ്രവാചകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ്വ)യാണ്. വ്യക്തമായ വഴികേടില്‍ ജീവിച്ച സമൂഹത്തിന് ഖുര്‍ആനിക ജ്ഞാനം നല്‍കി അവരെ മേന്മയുള്ളവരാക്കാനും ജീവിത വിജയികളാക്കാനുമാണ് ദൈവം അദ്ദേഹത്തെ നിയോഗിച്ചതു തന്നെ. ഉദാത്തമായ ജീവിത മാതൃക ലോകത്തിന് സമര്‍പ്പിച്ച മഹാ പ്രവാചകനാണ് മുഹമ്മദ് നബി(സ്വ)

പ്രപഞ്ച സ്രഷ്ടാവിന്‍റെ ഏകത്വത്തിലേക്കും ഉത്കൃഷ്ടമായ ആരാധനാ കര്‍മ്മളിലേക്കും മഹിതമായ സ്വഭാവ ഗുണങ്ങളിലേക്കുമാണ് ഇസ്ലാം മനുഷ്യനെ നയിക്കുന്നത്. സംശുദ്ധമായ ജീവിത്തിനാവശ്യമായ സകല പാഠങ്ങളും മാതൃകകളും ഇസ്ലാമില്‍ സമ്പന്നമാണ്. അവിവേകികളുടെ ഉപരിതല പഠനങ്ങളും ഊഹങ്ങളും അവഗണിച്ച്, ജ്ഞാനാന്വേഷണത്തോടെ ഇസ്ലാമിനെ സമീപിക്കുന്നവര്‍ക്ക് പ്രസ്തുത സമ്പന്നത കലവറയില്ലാതെ ബോധ്യപ്പെടുക തന്നെ ചെയ്യും.

ഇസ്ലാം നല്‍കുന്ന ജീവിതാവബോധം

മനുഷ്യ ധിഷണക്ക് കൃത്യമായ ജീവിതാവബോധം നല്‍കുന്നുണ്ട് ഇസ്ലാം. ജീവിതം ഹൃസ്വമാണ്, ധര്‍മ്മ ബദ്ധമാണ്, കര്‍മ്മ നിരതമാണ്, ലക്ഷ്യ ബന്ധിതമാണ്. പ്രപഞ്ചനാഥന്‍ വൃഥാ നടത്തിയ സൃഷ്ടിപ്പല്ല നമ്മുടേത്. കൃത്യമായും അതിന്ന് അര്‍ഥമുണ്ട്. സ്രഷ്ടാവിനെ അറിഞ്ഞ് ആരാധിക്കുകയും, ധാര്‍മ്മികതയും സദാചാര രീതികളും സ്വീകരിക്കുകയും മനുഷ്യത്വത്തിന്‍റെ മുഴുവന്‍ ഗുണവശങ്ങളേയും പരിപോഷിപ്പിക്കുകയും ചെയ്യാന്‍ ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്, മരണാനന്തരം കണിശമായും ഉണ്ടാകാന്‍ പോകുന്ന പരലോക ജീവിതത്ത മുന്നില്‍ വെച്ചു കൊണ്ടാണ്. മരണത്തോടെ മനുഷ്യ ജീവിതം അവസാനിക്കുന്നില്ലെന്നത് ഇസ്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു. നന്മകളോട് ആഭിമുഖ്യമുള്ള, തിന്മകളോട് വൈമുഖ്യമുള്ള ഏതൊരു വിവേകിയും മനസ്സില്‍ സൂക്ഷിക്കുന്ന ആഗ്രഹമാണ് മരണാനന്തര ജീവിതവും, വിചാരണയും, പ്രതിഫലവുമൊക്കെ.

മനുഷ്യന്‍ നിലപാടുകള്‍ സ്വീകരിക്കുന്നവനാകണം

കുത്തഴിഞ്ഞ, കടഞ്ഞാണില്ലാത്ത ജീവതാവസ്ഥകളില്‍ വിഹരിക്കാന്‍ ആരും ബോധപൂര്‍വം ഇഷ്ടപ്പെടുന്നില്ല എന്നതാണ് നേര്. യുവത്വത്തിന്‍റെ ആവേശങ്ങളൊ, വൈകാരികതകളോ, സാഹസികതകളോ വരുംവരായ്മകളെ വകവെക്കാതെയുള്ള പ്രവണതകളിലേക്ക് നമ്മെയൊക്കെ തള്ളിവിടുകയാണ്. ചിലര്‍ അതില്‍ തന്നെ നശിച്ചൊടുങ്ങുന്നു. മറ്റു ചിലര്‍ വിവേകം തിരിച്ചു പിടിച്ച് നന്മയുടെ ശാദ്വല തീരങ്ങളിലേക്ക് നടന്നു കയറുന്നു.

ജീവിതത്തെ സംബന്ധിച്ച അവബോധവും ഉള്‍ക്കാഴ്ചയും ഉള്ളവനാകണം മനുഷ്യന്‍. വിദൂര ഭാവിയില്‍ എന്നല്ല, തൊട്ടടുത്ത നിമിഷത്തില്‍ പോലും തന്നില്‍ എന്തുണ്ടാകണം എന്തുണ്ടാകരുത് എന്ന് ചിന്തിക്കുകയും തദനുസൃതം നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. പക്ഷി മൃഗാദികള്‍ അങ്ങിനെയല്ല. അവക്ക് സന്ദര്‍ഭോചിതമായ ആസൂത്രണങ്ങളും പ്രയോഗങ്ങളുമില്ല. നന്മകളോട് ആഭിമുഖ്യവും തിന്മകളോട് വിമുഖതയുമുള്ളത് വിവേകവും വിവേചന ഗുണവുമുള്ള മനുഷ്യര്‍ക്കാണ്. ധാര്‍മ്മികതയും, സദാചാര നിഷ്ഠയും മാനവ ജീവിത വൃത്തത്തിലെ പദസങ്കേതങ്ങളാണ്.

സദാചാരം ലൈംഗികരംഗത്തു മാത്രമൊ?

ഇന്ന് സദാചാരമെന്ന പദത്തിന് അപലപനീയമായ അര്‍ഥലോപം വന്നിട്ടുണ്ട്. മനുഷ്യന്‍റെ പ്രകൃതി ചോദനയായ ലൈംഗികതയിലേക്കും, അതിനോടനുബന്ധിച്ച കേളികളിലേക്കും മാത്രമായി ചുരുക്കി സദാചാരത്തെ വ്യാഖ്യാനിക്കുന്ന പ്രവണത കൂടിവരുകയാണ്. ശരിയും തെറ്റും അല്ലെങ്കില്‍ നല്ലതും തിയ്യതും തമ്മില്‍ വിവേചനം കുറിക്കുന്ന സ്വഭാവ തത്വങ്ങളാണ് മൊറാലിറ്റി അഥവാ സദാചാരം. താത്പര്യങ്ങള്‍, തീരുമാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ശരി തെറ്റുകള്‍ക്കിടയിലുള്ള വ്യവച്ഛേദനമാണ് സദാചാരം എന്നും വിവക്ഷിക്കപ്പെട്ടിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍, മദ്യപിക്കാതിരിക്കുന്നതും, വ്യഭിചരിക്കാതിരിക്കുന്നതും, മോഷ്ടിക്കാതിരിക്കുന്നതും, ഇണകള്‍ പരസ്പരം വഞ്ചിക്കാതിരിക്കുന്നതും, സഹപാഠിയെ അക്രമിക്കാതിരിക്കുന്നതും, അപരനെ കുത്തിപ്പറയാതിരിക്കുന്നതും, പലിശ നിരാകരിക്കുന്നതും, ഇണയെ മര്‍ദ്ദിക്കാതിരിക്കുന്നതും, മാതാപിതാക്കളെ വഴിയില്‍ തള്ളാതിരിക്കുന്നതും, സഹജീവികളെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതും, നടവഴിയില്‍ ഉപദ്രവങ്ങള്‍ വിതറാതിരിക്കുന്നതും, ജന്തുക്കളെ അന്യായമായി വേദനിപ്പിക്കാതിരിക്കുന്നതും, രാജ്യദ്രോഹത്തിലേര്‍പ്പെടാതിരിക്കുന്നതും എല്ലാമെല്ലാം സദാചാരമാണ്. സദാചാരം എന്ന പദത്തിന് അപരിമേയമായ അര്‍ഥവ്യാപ്തിയുണ്ട് എന്നര്‍ഥം. ജീവിതത്തെ മൂല്യവത്തായി കാണുന്ന ഏതൊരു മനുഷ്യനും ആ അര്‍ഥവ്യാപ്തിയെ പരിഗണിച്ചു വേണം സ്വന്തം ജീവിതവുമായി സമൂഹത്തിലിടപെടാന്‍.

സദാചാരം അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല എന്ന ഒരു വാദമുഖമുണ്ട്. അതംഗീകരിച്ചാല്‍ തന്നെയും  മനുഷ്യത്വത്തോട് കൂറുള്ളവര്‍ പറയേണ്ടത്, സദാചാരം ‘ഏല്‍പ്പി’ക്കാനുള്ളതും ‘ഏറ്റെടുക്കാ’നുള്ളതുമാണ് എന്നാണ്. അങ്ങനെയല്ല എങ്കില്‍, ഭരണകൂടവും ഭരണാധികാരിയും വേണ്ട. നിയമവും നിയമപാലകരും വേണ്ട. സ്ഥാപനങ്ങളും സ്ഥാപന മേധാവികളും വേണ്ട. ഇതര ജീവി വര്‍ഗങ്ങള്‍ക്കിടയില്‍ ഈ സംവിധാനങ്ങളൊന്നും ഇല്ലാത്തത് അത് കൊണ്ടാണ്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ യാഥാര്‍ഥ്യങ്ങളെ മുഖവിലക്കെടുക്കുന്നവര്‍ സദാചാര നിഷേധത്തെയും ദുരാചാര വ്യാപനത്തേയും കരുതലോടെയാണ് സമീപിക്കേണ്ടത്.

എല്ലാവര്‍ക്കുമുണ്ട് സദാചാരനിബദ്ധമായ ലക്ഷ്യങ്ങള്‍

സ്വസ്ഥവും ഭയരഹിതവുമായ ജീവിതാന്തരീക്ഷത്തിന് കൊതിക്കുന്നവരൊക്കെ ധാര്‍മ്മികതയേയും സദാചാരനിഷ്ഠയേയും ആദരിക്കും. ജീവിതത്തിന് അര്‍ഥവത്തായ ലക്ഷ്യമുണ്ടെന്ന് കൂടി ബോധ്യപ്പെടുമ്പോള്‍ അവയോടുള്ള ആദരവ്, ഫലവത്തായ കര്‍മ്മങ്ങളിലേക്ക് മനുഷ്യനെ നയിക്കും. അറിവു തേടുന്നതും നേടുന്നതും അതിന്‍റെ മാര്‍ഗത്തില്‍ പ്രയാസങ്ങള്‍ താണ്ടുന്നതും അതിന്‍റെ ഭാഗമാണ്. ഒരു വിദ്യാര്‍ഥിയുടെ ആര്‍ത്തി, തനിക്ക് ലഭ്യമാകുന്ന വിദ്യയിലൂടെ മനസ്സ് രൂപപ്പെടുത്തിയ ലക്ഷ്യത്തെ പ്രാപിക്കാനാകണം എന്നതാണ്. അതു കൊണ്ടു തന്നെ, തനിക്കു തോന്നിയതു പോലെയല്ല, വിജ്ഞാന സമ്പാദന മേഖലയിലെ മുഴുവന്‍ സദാചാരങ്ങളേയും അനുസരിച്ചു കൊണ്ടാണ് ഒരു വിദ്യാര്‍ഥിയുടെ ജീവിതം. ഒരു വിവാഹിതന്‍റെ താത്പര്യം, തനിക്കു സംജാതമായ പുതിയ ജീവിത മേഖല ശാന്തിയും സമാധാനവും പരിശുദ്ധിയും ലഭിക്കാനുതകും വിധം പരിവൃദ്ധിപ്പെടുത്താനാകണം എന്നതാണ്. കച്ചവടക്കാരനും അധ്യാപകനും കലാകാരനും എല്ലാവര്‍ക്കുമുണ്ട് സദാചാരനിബദ്ധമായ ലക്ഷ്യങ്ങള്‍.

ലോകത്ത് എല്ലാ മേഖലയിലും സദാചാരത്തകര്‍ച്ച അതിന്‍റെ മൂര്‍ദ്ധന്യതയിലെത്തി നില്‍ക്കുകയാണ്. കുത്തഴിഞ്ഞ ലൈംഗികത, പരിധിവിട്ട മദ്യാസക്തി, വിനാശകരമായ ലഹരിബന്ധം, നീതി തീണ്ടാത്ത സ്വാര്‍ത്ഥത എല്ലാമെല്ലാം വ്യാപകം. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മുകളില്‍ പറഞ്ഞ എല്ലാറ്റിനു മുന്നിലും വിദ്യാഭ്യാസമുള്ളവരും വിദ്യാര്‍ഥികളുമാണുള്ളത്. മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സകല സംവിധാനങ്ങളും പരിശ്രമിക്കുമ്പോള്‍, പ്രതിലോമ ശക്തികള്‍, മനുഷ്യത്വത്തിന്‍റെ ശത്രുക്കള്‍, മൂല്യത്തകര്‍ച്ചയുടെ കുഴിയലകപ്പെടുത്തി അവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളിലാണുള്ളത്. ജാഗ്രതയോടെയല്ല നമ്മുടെയൊക്ക കാല്‍വെപ്പെങ്കില്‍ തീര്‍ച്ചയായും നമ്മളും അവയിലകപ്പെട്ട് നശിച്ചു തീരും.

ജീവന്‍ നല്‍കുന്നതിലേക്കുള്ള ക്ഷണം

അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന സകല അനുഗ്രഹങ്ങളും അവനോട് നന്ദികേടു കാണിക്കുന്നതിന് മാത്രം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിലാണ് നാമിന്ന്. ധനമാകട്ടെ, ഭവനമാകട്ടെ, വസ്ത്രമാകട്ടെ, സാങ്കേതിക വിദ്യകളാകട്ടെ, ഉപകരണങ്ങളാകട്ടെ എല്ലാം മനുഷ്യന്‍റെ പരിധിവിട്ട ഉപയോഗത്തിന് വിധേയമാണ്. ഈ മോശമായ ചുറ്റുപാടുകള്‍ ആരേയും സാരമായി ബാധിക്കാം. ദൈവവിശ്വാസവും ലക്ഷ്യബോധവും വിനഷ്ടമാകുമ്പോഴാണ് മനുഷ്യന്‍ വരുംവരായ്കകള്‍ നോക്കാതെ ജീവിക്കുന്നത്. എന്നാല്‍, ഇസ്ലാം മനുഷ്യനെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നത് ഊര്‍ജ്ജസ്വലമായ സജീവതയിലേക്കാണ്. അതാണ് യഥാര്‍ത്ഥ ജീവന്‍. അല്ലാഹു പറഞ്ഞു:

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. (അന്‍ഫാല്‍/24)