സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 15

1305

പ്രാര്‍ത്ഥന

رَّبِّ اِشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي

പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 20, സൂറത്തു ത്വാഹ, ആയത്ത് 25, 26

പ്രാര്‍ത്ഥിക്കുന്നത് ആര്?

മൂസാ നബി(അ)

പ്രാര്‍ത്ഥനയെപ്പറ്റി

ഈജിപ്തിലെ രാജാവാണ് ഫിര്‍ഔന്‍. ഞാനാണ് നിങ്ങളുടെ റബ്ബ് എന്ന് വാദിച്ച അഹങ്കരിച്ചിരുന്ന സ്വേച്ഛാധിപതിയായിരുന്നു അയാള്‍. മൂസാ നബി വളര്‍ന്നു വലുതായത്, ഫിര്‍ഔനിന്റെ ഭാര്യയുടെ സംരക്ഷണയിലായിരുന്നു. പിന്നീട്, ഈജിപ്തില്‍ നിന്നും നാടുവിട്ട മൂസാ നബി, മദ് യനില്‍ നിന്നും തിരിച്ചു വരുന്ന വഴിമധ്യേ പ്രവാചകനായി നിയോഗിതനാകുകയായിരുന്നു. തന്റെ പ്രബോധന ദൗത്യം ഫിര്‍ഔനില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിക്കുകയായിരുന്നു. കൃത്യതയാര്‍ന്ന രണ്ട് ദൃഷ്ടാന്തങ്ങള്‍ മൂസാ നബിക്ക് നല്‍കി അല്ലാഹു അദ്ദേഹത്തെ അതിക്രമകാരിയായ ഫിര്‍ഔനിന്റെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ്, സുപ്രധാനമായ ഈ പ്രാര്‍ത്ഥന പ്രവാചകന്‍ മൂസാ (അ) നടത്തുന്നത്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

എന്റെ രക്ഷിതാവേ

رَّبِّ

നീയെനിക്ക് വിശാലത നല്‍കേണമേ

اِشْرَحْ لِي

എന്റെ ഹൃദയത്തിന്‌

صَدْرِي

എനിക്ക് നീ എളുപ്പമാക്കിത്തരേണമേ

وَيَسِّرْ لِي

എന്റെ കാര്യം

أَمْرِي

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.

സാന്ത്വനം

ഹൃദയവിശാലത മുഅ്മിനുകള്‍ക്ക് ലഭിക്കേണ്ട ദൈവികാനുഗ്രഹമാണ്. നന്മകള്‍ അറിയാനും ഉള്‍ക്കൊള്ളാനും ദൃഢമായി സൂക്ഷിക്കാനുമുള്ള ഇടമെന്ന നിലയ്ക്ക് ഹൃദയത്തിന് വിശാലത അനിവാര്യമാണ്. ജീവിതത്തിലെ പ്രയാസങ്ങളും പരീക്ഷണങ്ങളും നേരിടാനുള്ള കരുത്തിനും ഹൃദയവിശാലത കൂടിയേ തീരൂ. കരുണ, ആര്‍ദ്രത, അലിവ്, സ്‌നേഹം തുടങ്ങിയ ഹൃദയവികാരങ്ങള്‍ സജീവമായി നിലനില്‍ക്കുക ഇടുങ്ങിയ മനസ്സുകളിലല്ല; വിശാല മനസ്സുകളിലാണ്. മുഹമ്മദു നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ അല്ലാഹു പ്രത്യേകമായി എടുത്തു പറഞ്ഞത് സൂറത്തുല്‍ ഇന്‍ശിറാഹിന്റെ ആദ്യത്തില്‍ കാണാം. ‘നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?’ എന്നതാണ് ആ വചനം. ഹൃദയവിശാലതയ്ക്കു വേണ്ടിയുള്ള മുഅ്മിനിന്റെ പ്രാര്‍ത്ഥന അതിപ്രാധാന്യമുള്ളതാണ് എന്ന്‌ ചുരുക്കം.

മൂസാനബി(അ) രണ്ടാമതായി ചോദിക്കുന്നത്, എന്റെ കാര്യങ്ങള്‍ എളുപ്പമാക്കിത്തരേണമേ എന്നാണ്. അതിക്രൂരനും അതിക്രമകാരിയുമായ ഫിര്‍ഔനിന്റെ അടുക്കലേക്കാണ് പോകുന്നത്. പല കാരണങ്ങളാല്‍ തന്നെ തേടിക്കൊണ്ടിരിക്കുന്നവനാണ് ഫിര്‍ഔന്‍. പരീക്ഷണങ്ങളിലേക്കാണ് തന്റെ യാത്ര എന്ന് മൂസാ നബിക്ക് അറിയാം. അതുകൊണ്ടു തന്നെ അല്ലാഹുവിന്റെ പ്രത്യേകമായ കാവല്‍ തനിക്ക് ആവശ്യമാണ്. നേരിടാന്‍ പോകുന്ന ഏതൊരു പ്രശ്‌നവും എളുപ്പമായിത്തീരാന്‍ അദ്ദേഹമിവിടെ അല്ലാഹുവിനോട് വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. കരുണാനിധിയായ അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച് ഉത്തരം നല്‍കുകയുണ്ടായി.

പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകള്‍ അവരുടെ ആവശ്യഘട്ടങ്ങളില്‍ അല്ലാഹുവിനോട് നടത്തുന്നവയാണ്. അതിന്നവര്‍ക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്.  മുഅ്മിനുകളായ നമുക്ക് നമ്മുടെ ജീവിതത്തിലും സ്വീകരിക്കാനുള്ളവയായിട്ടാണ് പ്രസ്തുത പ്രാര്‍ത്ഥനകള്‍ ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. നിത്യജീവിതത്തില്‍ നമ്മുടെ റബ്ബിനോട് ചോദിക്കാവുന്ന രണ്ടു കാര്യങ്ങളാണ് മൂസാ നബിയുടെ പ്രാര്‍ത്ഥനയിലുള്ളത്. ഹൃദയവിശാലതയും സര്‍വ്വകാര്യങ്ങളിലുമുള്ള എളുപ്പവും. അല്ലാഹുവാണല്ലൊ നമ്മെ കേള്‍ക്കുന്നവനും ഉത്തരമേകുന്നവനും. അവനോട് ഹൃദയം തുറന്നു ചോദിക്കുമ്പോഴുണ്ടാകുന്ന മാനസികാശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണ്.

Source: www.nermozhi.com