പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?

3297

എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല.

സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്.

എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം (40:60) എന്നത് നമ്മുടെ നാഥൻ നമുക്ക് തന്ന വാഗ്ദാനമല്ലേ.

എന്നിട്ടും എന്തേ ഇങ്ങനെ?? !!!

കാരണങ്ങൾ ഉണ്ട്. അതിനു പരിഹാരം കണ്ടാൽ നമ്മുടെ പ്രാർത്ഥനകൾ റബ്ബ് സ്വീകരിക്കാതിരിക്കില്ല.

കാരണം 01: ശിർക്ക്.
നമ്മുടെ വിശ്വാസാചാരങ്ങളിൽ ശിർക്ക് കടന്നു വന്നാൽ അല്ലാഹു നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയില്ല.
പരിഹാരം: നിങ്ങൾ എന്നോടൊപ്പം മറ്റാരേയും പ്രാർത്ഥിക്കാതിരിക്കുക. (ജിന്ന്/18)

കാരണം: 02 ഹറാം
നമ്മുടെ സമ്പാദ്യങ്ങളിൽ ഹറാം കലർന്നാൽ തീർച്ച, റബ്ബ് നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം തരില്ല. പ്രവാചകൻ(സ)ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ഒരുപാട് ദൂരം യാത്ര ചെയ്ത് ക്ഷീണിതനായ ഒരാളാണ്. എന്നിട്ട് ഇരുകാരങ്ങളും അല്ലാഹുവിലേക്ക് ഉയർത്തി പ്രാർത്ഥിക്കുകയാണ്. പക്ഷെ അയാളുടെ ഭക്ഷണം ഹറാമാണ്. അയാളുടെ പാനീയം ഹറാമാണ്. അയാളുടെ വസ്ത്രം ഹറാമാണ്. അയാൾ ഹറാമാൽ മൂടപ്പെട്ടതാണ്. എങ്കിൽ എങ്ങനെയാണ് അള്ളാഹു അയാളുടെ പ്രാർത്ഥന സ്വീകരിക്കുക.
പരിഹാരം: നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ സമ്പാദ്യത്തിലും ഉപജീവനത്തിലും ഹറാം കലർന്നിട്ടില്ലായെന്ന് തീർച്ചപ്പെടുത്തുക.

കാരണം 03: അശ്രദ്ധ.
പ്രാർത്ഥിക്കുമ്പോൾ അശ്രദ്ധയിലായാൽ അല്ലാഹു ആ പ്രാർത്ഥന സ്വീകരിക്കുകയില്ല. തിരുമേനി(സ)പറഞ്ഞു: “അശ്രദ്ധാലുവിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.” (തിർമിദി)
പരിഹാരം: മനസ്സാന്നിധ്യത്തോടെയും ആത്മാർത്ഥതയോടെയും പ്രാർത്ഥിക്കുക

കാരണം 04:ഉറപ്പില്ലാതിരിക്കുക
നാം പ്രാർത്ഥിക്കുമ്പോൾ അല്ലാഹു നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുമെന്നതിനെ കുറിച്ച് മനസ്സിൽ ഉറപ്പില്ലാതിരിക്കുന്നൂ എങ്കിൽ അള്ളാഹു നമ്മുടെ പ്രാർത്ഥന സ്വീകരിക്കുകയില്ല.
പരിഹാരം: എന്റെ പ്രാർത്ഥനക്ക് റബ്ബ് ഉത്തരം നൽകുക തന്നെ ചെയ്യും എന്ന പൂർണ്ണ വിശ്വാസത്തോടെയാകണം നമ്മുടെ പ്രാർത്ഥന.

കാരണം 05:നന്മ കല്പിക്കുന്നതിൽ നിന്നും തിന്മ വിരോധിക്കുന്നതിൽ നിന്നും വിട്ടു നിൽക്കുക.
നബി(സ)പറയുന്നു. നന്മകൽപിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്‌താൽ അള്ളാഹു പ്രാർത്ഥനക്ക് ഉത്തരം ചെയ്യാതെ വരും. (തിർമിദി)
പരിഹാരം: കുടുംബത്തിലും കൂട്ടുകാരിലും ചുറ്റുപാടിലും നന്മ വളർത്താനും തിന്മകളെ തിരുത്താനും ശ്രദ്ധിക്കുക

സുഹൃത്തേ..
ഈ പ്രശ്നങ്ങളെ പരിഹരിക്കുക.
എന്നിട്ട് വീണ്ടും നമ്മുക്ക് റബ്ബിനോട് പ്രാർത്ഥിച്ചുതുടങ്ങാം… പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന നമ്മുടെ റബ്ബിനോട്.