ഇരുളകലും, മാനം തെളിയാതിരിക്കില്ല

2087

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍! എന്തു ചന്തമാര്‍ന്ന വചനം! എത്ര പരിമളം പരത്തുന്ന സൂക്തം! ആശയ സമ്പുഷ്ടം, ലളിതമായ പ്രയോഗം, എന്നാല്‍ പ്രബലമായ ആശയം. സ്രഷ്ടാവിന്‍റെ മുന്നില്‍ ഒരു അടിമയുടെ പരമമായ കീഴൊതുക്കമാണിത്. തന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവന്‍റെ അഭിമാനം കൊള്ളലാണിത്. പ്രതീക്ഷ നിറഞ്ഞ പ്രസ്താവന. നിരാശക്ക് വാതില്‍ തുറക്കാത്ത പ്രഖ്യാപനം. ഇതില്‍ നിറയെ പ്രാര്‍ഥനയാണ്. പ്രാര്‍ഥന അല്ലാഹുവോടു മാത്രം എന്ന് മനസ്സുകൊണ്ടറിഞ്ഞ ഒരു ദൃഢദാസന്‍റെ ആസന്ന ഘട്ടങ്ങളിലെ ആശ്രയമാണിത്.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍! ഈ വചനമാരെങ്കിലും ഉച്ചരിക്കുന്നതു കേട്ടാല്‍ നാമുറപ്പിക്കുകയായി; എന്തോ ഒരു മുസ്വീബത്ത്, പരീക്ഷണം സംഭവിച്ചിരിക്കുന്നു! പറയുന്നവന്‍റേയും കേള്‍ക്കുന്നവന്‍റേയും മുഖം ആ സമയം മ്ലാനമായിത്തീരും! ഹൃദയം നിറഞ്ഞൊഴുകുന്ന അഗാധ ദുഃഖത്തിന്‍റെ ആന്ദോളനങ്ങള്‍ ശരീരമാസകലം പ്രകടമായിരിക്കും!

സത്യത്തില്‍, പരീക്ഷണ ഘട്ടങ്ങളിലെ വിശ്വാസികളുടെ മാനസികാവസ്ഥ ഇവ്വിധമാണോ ആകേണ്ടത്? കരയുന്ന കണ്ണുകള്‍; പതംപറയുന്ന നാവുകള്‍; ആശയറ്റ ഹൃദയങ്ങള്‍; മുന്നില്‍ ഇരുളടഞ്ഞുവോ എന്ന തോന്നലുകള്‍! ആണൊ? അല്ല; ഇവ്വിധമൊന്നുമല്ല വിശ്വാസികളുടെ നില ആകേണ്ടത്. ഖുര്‍ആന്‍ പറഞ്ഞു:

“തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (അല്‍ബഖറ/156)

ശരിയാണ്, പരീക്ഷണ ബാധകളിലൊക്കെ സത്യവിശ്വാസിയുടെ പ്രഖ്യാപനം ഇതു തന്നെയാകണം. അതിന്ന്, പരീക്ഷണങ്ങളുടെ  ഗുരുലഘുത്വങ്ങളെ പരിഗണിക്കേണ്ടതില്ല. വേണ്ടപ്പെട്ടവര്‍ രോഗിയായാലും, മരിച്ചാലും, സ്വന്തം ജീവിതത്തില്‍ പ്രതിസന്ധികള്‍ നിനച്ചിരിക്കാതെ ഭവിച്ചാലും, നമ്മില്‍ നിന്ന് ഈ പ്രഖ്യാപനമുണ്ടാകണം. കയ്യിലേന്തിയ വെള്ളപ്പാത്രം വീണുടഞ്ഞാലും, കാലിലണിഞ്ഞ ചെരിപ്പിന്‍റെ വാറുകള്‍ ദ്രവിച്ചു പൊട്ടിയാലും ഇതു തന്നെയാകണം നിലപാട്. അല്ലാഹു പറഞ്ഞില്ലെ:

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍” (അല്‍ബഖറ/156)

ഒട്ടനവധി അമൂല്യാശയങ്ങള്‍ ഉള്‍ച്ചേര്‍ന്ന സൂക്തമാണിത്. ദുനിയാവിലെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നിര്‍ബന്ധമാണെന്നത്രെ അവയിലെ ഒന്നാമത്തേത്. അത്തരമവസരങ്ങളില്‍ ക്ഷമയവലംബിക്കുന്നവര്‍ക്ക്, അഥവാ അല്ലാഹുവിന്നു വിധേയപ്പെട്ട്, അവന്‍റെ വിധിയെ തൃപ്തിപ്പെട്ട്, ഏതു സമയവും അവനിലേക്ക് മടങ്ങേണ്ടവരാണ് എന്ന് ബോധ്യപ്പെട്ട് ക്ഷമവലംബിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന സന്തോഷവൃത്താന്തമാണ് രണ്ടാമത്തേത്. അങ്ങനെയുള്ളവര്‍ക്ക്; അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളും, കാരുണ്യങ്ങളും, കൂടാതെ പരലോകത്ത് വിജയത്തിലേക്കെത്തിക്കുന്ന സന്മാര്‍ഗവും ലഭിക്കുമെന്നത് മൂന്നാമത്തേത്! ഇതിലുമതികം ഇനിയെന്തു വേണം വിശ്വാസികള്‍ക്ക്!

പരീക്ഷണങ്ങള്‍ വ്യക്തികളെ ബാധിക്കാം, കുടുംബത്തെ ബാധിക്കാം, കൂട്ടായ്മകളെ ബാധിക്കാം, സംഘങ്ങളേയും സംഘടനകളേയും ബാധിക്കാം. വിശ്രുതമായ പ്രവാചക മൊഴി കേട്ടവരല്ലെ നാം:

“അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിച്ചു കൊണ്ടിരിക്കും; ആര് ക്ഷമിച്ചുവോ, അവന്ന് ക്ഷമയുടെ പ്രതിഫലമുണ്ട്, ആര് അസ്വസ്ഥനായോ അവന്നതിന്‍റെ വേദനയുണ്ട്.” (സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ്, ന: 3406)

“പരീക്ഷണങ്ങളുടെ ബാഹുല്യാനുസൃതം പ്രതിഫലത്തിന്‍റെ ബാഹുല്യവും കൂടും; അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവനവരെ പരീക്ഷിച്ചു കൊണ്ടിരിക്കും.” (സ്വഹീഹുല്‍ ജാമിഅ്, ന: 4013)

വസ്തുത ഇതായിരിക്കേ, അല്ലാഹുവിന്‍റെ സ്നേഹം കൊതിക്കുകയും അതേ സമയം അവന്‍റെ പരീക്ഷണങ്ങളില്‍ വേവലാതിപ്പെടുകയും, അസ്വസ്ഥചിത്തരാകുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും? തങ്ങള്‍ക്കു വന്നുപെട്ട പരീക്ഷണങ്ങളുടേയും പ്രയാസങ്ങളുടേയും കാരണങ്ങള്‍ ഇന്നിന്നതാണെന്ന് ഊഹിക്കുകയും, ആ കാരണങ്ങള്‍ ഇന്നിന്ന സാഹചര്യങ്ങളാല്‍, ഇന്നിന്ന വ്യക്തികളാല്‍ ഉണ്ടായതാണെന്ന് ആരോപിക്കുകയും ചെയ്യുന്നവരുടെ ഈമാനികനില എത്രമേല്‍ പ്രബലമായിരിക്കും?! പാടില്ല, ഇവ്വിധം ഊഹങ്ങളും, ആരോപണങ്ങളും ഖളാഇലും ഖദറിലും വിശ്വാസിക്കുന്ന മുഅ്മിനുകള്‍ക്കു ചേര്‍ന്നതല്ല. അവർ ഏതു പ്രതിസന്ധിഘട്ടങ്ങളിലും പറയേണ്ടത്; ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്നായിരിക്കണം.

ഹൃദയത്തിന് ആശ്വാസം പകരുന്നതും, പിടിച്ചുനില്‍ക്കാന്‍ ശേഷി നല്‍കുന്നതും, ആത്മീയമായ ഔന്നിത്യത്തിന് അവസരമേകുന്നതും ഈ മഹല്‍ പ്രഖ്യാപനമാണ്. അല്ലാഹുവിന്‍റെ വിധിയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രഖ്യാപനം. കരയരുത്, നിരാശപ്പെടരുത്, ജീവിതത്തെ ശപിക്കരുത് തുടങ്ങിയ സന്ദേശമുണ്ടിതില്‍. പ്രതീക്ഷവെക്കുക, പ്രാര്‍ഥിക്കുക, പ്രതിഫലം കൊതിക്കുക തുടങ്ങിയ ഉപദേശങ്ങളുണ്ടിതില്‍. ഇവയൊന്നും ഒരു സത്യവിശ്വാസിക്കും അവഗണിക്കാന്‍ കഴിയാത്ത സംഗതികളാണ്.

മനുഷ്യരില്‍ ചിലരുണ്ട്; മുസ്ലിമായാല്‍ അവനെ പരീക്ഷണങ്ങള്‍ ബാധിച്ചുകൂടാ എന്ന് ധരിക്കുന്നവര്‍. സന്നിഗ്ദഘട്ടങ്ങളിലെ അവരുടെ പെരുമാറ്റങ്ങളും പ്രതികരണങ്ങളും കണ്ടാല്‍ നമുക്കതറിയാം. ജീവിതത്തില്‍ വരുന്ന പ്രയാസം, കര്‍മ്മമേഖലയിലുണ്ടാകുന്ന പ്രതിസന്ധി, മുന്നേറ്റത്തിനിടക്കു സംഭവിക്കുന്ന മുരടിപ്പ് എന്നിവയൊന്നും മുസ്ലിമിന്ന് വന്നു പോകരുതേ എന്ന് ആശിക്കാനും അര്‍ഥിക്കാനുമല്ലാതെ, അവയൊന്നും വന്നുകൂടാ എന്ന് ശഠിക്കാനാകുമോ നമുക്ക്? അല്ലാഹു പറഞ്ഞു:

“നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും.” (മുഹമ്മദ്/31)

പരീക്ഷണം സ്വാഭാവികമാണ്. പക്ഷെ, അത് സ്ഥായിയല്ല. വിശ്വാസികളെ പടച്ചതമ്പുരാന്‍ ഇടക്കിടെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കും. വിശ്വസിച്ചവരെ തിരിച്ചറിയാന്‍, ക്ഷമാലുക്കളെ തിരിച്ചറിയാന്‍, സത്യവിശ്വാസികളെ ശുദ്ധീകരിക്കാന്‍, അസത്യവാദികളില്‍ നിന്ന് സത്യവാന്‍മാരെ വേര്‍തിരിക്കാന്‍, പാപങ്ങള്‍ പൊറുക്കാന്‍, പദവികള്‍ ഉയര്‍ത്താന്‍ അങ്ങനെ പല ലക്ഷ്യങ്ങള്‍ക്കായി അല്ലാഹു നമ്മെ പരീക്ഷിച്ചു കൊണ്ടിരിക്കും. അപ്പോഴൊക്കെ ചാഞ്ചല്യമില്ലാതെ പറയുക; ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

നാം അല്ലാഹുവിന്‍റേതാകുമ്പോള്‍ നമ്മിലെന്തു നടത്താനും അവന്നര്‍ഹതയുണ്ട് എന്ന് സമ്മതിക്കലാണത്. ജീവിതത്തിൽ ആയാസങ്ങളോ പ്രയാസങ്ങളോ എന്തുമാകട്ടെ ഞാനെന്തിനസ്വസ്ഥനാകണം, അവസാനം അവങ്കലേക്കു തന്നെയല്ലെ മടങ്ങിച്ചെല്ലുന്നത് എന്ന് ആശ്വസിക്കലാണത്. അപ്പോള്‍ ഹൃദയം നിരാശകൊണ്ട് കറുക്കില്ല. താന്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അപരന്‍റെ പങ്കെടുത്തു പറഞ്ഞ് പഴിക്കില്ല. പ്രവൃത്തിപഥത്തില്‍ നിന്ന് മാറി നിഷ്കൃയനായി ഇരിക്കില്ല. പ്രാര്‍ഥന അല്ലാഹുവോട് മാത്രം എന്ന് പഠിച്ച നാം, അത് അന്യരെ പഠിപ്പിക്കുന്ന നാം ഇടമുറിയാതെ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും. അതു തന്നെയല്ലേ മുസ്ലിംകളുടെ വ്യതിരിക്തത?

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍! ദുനിയാവില്‍ എന്തു സംഭവിക്കട്ടെ, ക്ഷമിക്കാനും, കര്‍മ്മ പഥത്തില്‍ ഉറച്ചു നില്‍ക്കാനും വിശ്വാസികള്‍ക്കു കെല്‍പ്പുനല്‍കുന്നത്, ഞങ്ങള്‍ അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലേണ്ടവരാകുന്നൂ എന്ന ബോധമാണ്. മൂസാ നബി(അ)യില്‍ വിശ്വസിക്കുകയും, അക്കാര്യം ഫിര്‍ഔനിന്‍റെ മുഖത്തുനോക്കി പ്രഖ്യാപിക്കുകയും ചെയ്ത ജാലവിദ്യക്കാരുടെ മാനസികസ്ഥൈര്യം ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. അവര്‍ പറഞ്ഞ വാക്കുകള്‍ എന്തായിരുന്നു?

“തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍ നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ് (എന്ന് ഫിര്‍ഔന്‍ പറഞ്ഞു). അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു.” (ശുഅറാഅ്/49, 50)

മൂസാ നബി(അ)യില്‍ വിശ്വസിച്ച ജാലവിദ്യക്കാര്‍ക്ക് സ്വാഭാവികമായും വന്നുപെട്ട പരീക്ഷണമായിരുന്നു അത്. അവരതില്‍ അസ്വസ്ഥരാവുകയോ, അതിന്നു കാരണക്കാരായവര്‍ മൂസ നബി(അ)യും ഹാറൂന്‍ നബി(അ)യും ആണെന്ന് ആരോപിച്ച് അവരെ പഴിപറയുകയോ ചെയ്തില്ല. അവർ തങ്ങളുടെ പ്രതിസന്ധിയെ എങ്ങനെ നേരിട്ടൂ എന്ന ഖുര്‍ആനിക പാഠത്തില്‍ വിശ്വാസികള്‍ മനസ്സിരുത്തേണ്ടതാണ്.

തടസ്സമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതം, പ്രതിബന്ധമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം, അലോസരമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന സൗഹൃദം എല്ലാമെല്ലാം പരീക്ഷണത്തിന് വിധേയമാകുമ്പോള്‍ നമുക്കതിഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് “നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം” (നിസാഅ്/19), “എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം.” (ബഖറ/216) തുടങ്ങിയ ഖുര്‍ആനിക സൂക്തങ്ങള്‍ നമ്മുടെ ഹൃദയത്തിലോടിയെത്തേണ്ടത്. അപ്പോള്‍ നാം സ്വാഭാവികമായും പറഞ്ഞു പോകും: ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. ഏതു വിപദ്ഘട്ടങ്ങളിലും ഈ മഹത്തായ വചനം ഒരു പ്രാര്‍ഥനയായി നമ്മില്‍ നിലകൊള്ളും. ‘നിങ്ങളെന്നോട് പ്രാര്‍ഥിച്ചോളൂ ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം’ എന്ന ദൈവിക നിര്‍ദ്ദേശത്തിന്‍റെ പാലനം കൂടിയാകും അത്.

നാം നമ്മിലേക്ക് തിരിയുക. പരീക്ഷണ കാരണങ്ങള്‍ നമ്മില്‍ തന്നെ തെരയുക. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. അവനോട് സദാ പ്രാര്‍ഥിക്കുക. അവനിലെപ്പോഴും പ്രതീക്ഷ വെക്കുക. ഇരുളകലുമെന്നും, മാനം തെളിയുമെന്നും, പ്രഭനിറഞ്ഞതും പ്രതിബന്ധമൊഴിഞ്ഞതുമായ പാത വീണ്ടും കണ്‍മുന്നിലുണരുമെന്നും ആശിക്കുക. അല്ലാഹു പറഞ്ഞു: “വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.” (റൂം/47)