മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്.
ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍!
സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്!
ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്!
കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍
തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍
പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍
ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്
പരമകാരുണികന്റെ മുന്നില്‍, പരലോക ചിന്തയുമായി ദാസീ ദാസന്‍മാര്‍ പടിഞ്ഞിരിക്കുന്ന പരിശുദ്ധമായ ഭൂമി!
ദുനിയാവിന്റെ ചിന്തകളില്ല, പ്രലോഭനങ്ങളില്ല, ക്ലേശങ്ങളില്ല
മിഹ്‌റാബുകളെപ്പോലെ
മിമ്പറുകളെപ്പോലെ
ശാന്തി താളംതല്ലിയൊഴുകുന്ന മനസ്സുകളും തനുസ്സുകളും മാത്രം!
അല്ലാഹുവിനെ ഓർക്കുന്പോഴുണ്ടാകുന്ന ശാന്തിയാണ് യഥാർത്ഥ ശാന്തി
ഖുർആൻ പറഞ്ഞില്ലെ;
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവർ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്. (റഅദ്: 28)
മസ്ജിദുകൾ ശാന്തികേന്ദ്രമായനുഭവപ്പെടുക മനസ്സുകൾ മസ്ജിദുകൾക്കുള്ളിൽത്തന്നെയാകുമ്പോഴാണ്!
ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പള്ളിയില്‍ പ്രവേശിച്ചു. ബാങ്കു വിളിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു മൂലയില്‍ കുറച്ചാളുകള്‍ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരെ സമീപിച്ചു കൊണ്ട് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: നിങ്ങള്‍ വന്നിരിക്കുന്നത് നമസ്‌കാരത്തിനായിട്ടാണ്. ഒന്നുകില്‍ നിങ്ങള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുക, അല്ലെങ്കില്‍ നിശ്ശബ്ദരായി ഇരിക്കുക.
അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: അവസാന കാലത്ത്, ഒരു വിഭാഗം ആളുകള്‍ ഉണ്ടാകുന്നതാണ്. മസ്ജിദുകളില്‍ ഓരോരോ സംഘമായിത്തിരിഞ്ഞ് സംസാരത്തില്‍ മുഴുകുന്നവരാണവര്‍. അവരുടെ നേതാവ് ദുനിയാവായിരിക്കും. അല്ലാഹുവിന് അവരെക്കൊണ്ട് യാതൊരു ആവശ്യവുമില്ലതന്നെ. (ത്വബറാനി, അല്‍ബാനി സ്വഹീഹെന്ന് അഭിപ്രായപ്പെട്ടത് – സില്‍സിലത്തുസ്സ്വഹീഹ: 1163)
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്
ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍!
അതിന്നുള്ളില്‍,
വിരലുകളും വിരല്‍ക്കൊടികളുമാണ് സംസാരിക്കേണ്ടത്
നാവുകളും ചുണ്ടുകളുമാണ് മന്ത്രിക്കേണ്ടത്
ഹൃദയങ്ങളാണ് സ്വകാര്യം പറയേണ്ടത്!