തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാസനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍ ഉണ്ടാക്കുന്ന ഗുണസവിശേഷതകള്‍ എന്തെല്ലാമാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഗുണസവിശേഷതകളാണ്, അല്ലാഹുവിന്‍റെ അനുമതിയാല്‍, മുത്തക്വികളുടെ ഇഹപര സൗഭാഗ്യങ്ങളെ നിശ്ചയിക്കുന്നത്. അല്ലാഹുവിനെ ഭയന്നും ജീവിത യാത്രയില്‍ സാധ്യമായത്ര ധര്‍മ്മനിഷ്ഠകള്‍ പാലിച്ചും കഴിഞ്ഞു കൂടുന്ന സത്യവിശ്വാസികളുടെ മഹല്‍ ഗുണങ്ങളെ സംബന്ധിച്ച ക്വുര്‍ആനിക പ്രസ്താവനകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. അതുകൊണ്ടു തന്നെ അവയെക്കുറിച്ചുള്ള സംക്ഷിപ്തമായ പഠനം മുസ്ലിംകളെന്ന നിലക്ക് നമുക്ക് ഏറെ ഗുണം ചെയ്യും.
ആരാണ് മുത്തക്വി എന്നത് അല്ലാഹു കൃത്യമായി പറഞ്ഞു തന്നിട്ടുള്ളതാണ്.
“അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും, നിനക്കും നിന്‍റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍)”. (ബക്വറ: 14)
മുത്തക്വിയിലെ സുപ്രധാനമായ അഞ്ച് ഗുണങ്ങളാണ് ഈ ആയത്തുകളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
1. ഗൈബില്‍ വിശ്വസിക്കുന്നവന്‍
2. നമസ്കാരം നിലനിര്‍ത്തുന്നവന്‍
3. എല്ലാ നന്മകളുടെ മാര്‍ഗ്ഗത്തിലും ഐച്ഛികവും നിര്‍ബന്ധവുമായ നിലകളില്‍ സമ്പത്ത് ചെലവഴിക്കുന്നവന്‍
4. ക്വുര്‍ആനിലും മുന്‍കാല ദൈവിക ഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നവന്‍
5. പരലോക ജീവിതത്തെ സന്ദേഹമില്ലാതെ അംഗീകരിച്ചു വിശ്വസിക്കുന്നവന്‍
മുകളില്‍ പ്രസ്താവിക്കപ്പെട്ട സവിശേഷതകള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നവനാണ് ധര്‍മ്മനിഷ്ഠന്‍. അല്ലാഹു അവന്ന് സന്മാര്‍ഗ്ഗ ജീവിതത്തിനുള്ള അവസരങ്ങളെല്ലാം ഒരുക്കി നല്‍കുന്നതാണ്. ഐഹിക പാരത്രിക ജീവിതത്തില്‍ വിജയികളിലായിരിക്കും അവന്ന് സ്ഥാനമുണ്ടാകുക. (വിശദീകരണത്തിന് ശൈഖ് സഅദി(റ) യുടെ തയ്സീറുല്‍ കരീമിര്‍റഹ്മാന്‍ ഫീ തഫ്സീരി കലാമില്‍മന്നാന്‍ നോക്കുക)
മുത്തക്വിയുടെ ജീവിത നിലപാടുകള്‍ വിശദീകരിക്കുന്ന മറ്റൊരു ക്വുര്‍ആനിക വചനം ഇപ്രകാരമാണ്:
“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍; അഥവാ മുത്തക്വികള്‍.” ((ബക്വറ: 177)
അല്ലാഹുവിനെ സൂക്ഷിക്കുന്ന, അവന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പാലിക്കുന്നതില്‍ അതീവ സൂക്ഷമത പുലര്‍ത്തുന്ന സത്യവിശ്വാസിയുടെ ആദര്‍ശ നിലപാടുകളെ വളരെ കൃത്യതയാര്‍ന്ന നിലയിലാണ് പടച്ചതമ്പുരാന്‍ ഈ ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. അവയേതൊക്കെയാണെന്ന് നമുക്ക് അക്കമിട്ടു പറയാനാകും.
1. അവന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു
2. അന്ത്യനാളില്‍ വിശ്വസിക്കുന്നു
3. മലക്കുകളില്‍ വിശ്വസിക്കുന്നു
4. അല്ലാഹു ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നു
5. പ്രവാചകന്മാരില്‍ വിശ്വസിക്കുന്നു
6. ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, യാത്രക്കര്‍ക്കും, ആവശ്യക്കാര്‍ക്കും, അടിമമോചനത്തിനും തന്‍റെ സമ്പത്തില്‍ നിന്നും ദാനം നല്‍കുന്നു
7. നമസ്കാരം നിലനിര്‍ത്തുന്നു
8. സകാത്ത് നിര്‍വഹിക്കുന്നു
9. കരാറുകള്‍ പാലിക്കുന്നു
10. ദാരിദ്ര്യത്തിലും രോഗത്തിലും യുദ്ധത്തിലും സഹനമവലംബിക്കുന്നു
11. വാക്കിലും പ്രവൃത്തിയിലും ജീവിത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും സത്യസന്ധത കാത്തു സൂക്ഷിക്കുന്നു.
ഈവക കര്‍മ്മങ്ങളിലൊക്കെ കഴിയുന്നത്ര വ്യാപരിക്കുന്ന ഒരാളുടെ ഈമാന്‍ സത്യസന്ധമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മുടെ കര്‍മ്മങ്ങളാണ് നമ്മിലെ വിശ്വാസത്തെ സാക്ഷീകരിക്കേണ്ടത്. അങ്ങനെയുള്ളവരാണ് അല്ലാഹുവില്‍ നിന്ന് വിജയം നേടുന്നവര്‍. എന്തുകൊണ്ടെന്നാല്‍; തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് നിഷിദ്ധങ്ങളെ അവര്‍ മാറ്റിവെച്ചു. ദൈവിക കല്‍പനകള്‍ പാലിക്കുന്നതില്‍ അവര്‍ സജീവമായ നിഷ്കര്‍ഷത കാണിച്ചു. ഒരു മനുഷ്യന്‍റെ ജീവിതത്തെ മുഴുവനും ഉള്‍ക്കൊള്ളുന്ന സല്‍പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് മേല്‍സൂചിത ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. കരാറുപാലനം എന്ന ഒരൊറ്റ സല്‍ഗുണത്തില്‍ തന്നെ മതത്തിന്‍റെ സമ്പൂര്‍ണ്ണമായ മഹിമ ദര്‍ശിക്കാനാകും. മുത്തക്വികളില്‍ കാണാനാകുന്ന ഇത്തരം പ്രവര്‍ത്തന ഗുണങ്ങളാണ് പുണ്യവാന്‍മാരുടേയും സത്യസന്ധരുടേയും ധര്‍മ്മനിഷ്ഠരുടേയും പദവികളിലേക്ക് സത്യവിശ്വാസികളെ ഉയര്‍ത്തിവെക്കുന്നത്. (വിശദീകരണത്തിന് ശൈഖ് സഅദി(റ) യുടെ തയ്സീറുല്‍ കരീമിര്‍റഹ്മാന്‍ ഫീ തഫ്സീരി കലാമില്‍മന്നാന്‍ നോക്കുക)
മുത്തക്വികളുടെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന മറ്റൊരു വചനം കാണുക:
“(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവരും, ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.)” (ആലുഇംറാന്‍: 15-17)
ദുനിയാവിന്‍റെ സുഖ സൗകര്യങ്ങളെങ്ങളെ കുറിച്ചും അവയോടുള്ള മനുഷ്യന്‍റെ ആഭിമുഖ്യത്തെക്കുറിച്ചും വ്യക്തമാക്കിയതിനു ശേഷമാണ് മേല്‍ സുചിത ആയത്ത് അല്ലാഹു വിശദീകരിക്കുന്നത്. പരലോകത്ത് താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന സ്വര്‍ഗ്ഗീയാരാമങ്ങളും, അതിലെ നിത്യവാസവും, പരിശുദ്ധകളായ ഇണകളുടെ സാമീപ്യവും, അല്ലാഹുവിന്‍റെ പ്രീതിയും ലഭ്യമാകുന്നത് മുത്തക്വികള്‍ക്കാണെന്ന സന്തോഷ വൃത്താന്തത്തിനും ശേഷം, പടച്ചവന്‍ പ്രസ്താവിക്കുന്നത്, പ്രസ്തുത മുത്തക്വികളുടെ ജീവിത സവിശേഷതകളെ സംബന്ധിച്ചാണ്.
1. അല്ലാഹുവിലുള്ള ആത്മാര്‍ത്ഥ വിശ്വാസത്തിലൂടെ അവനിലേക്കടുക്കാന്‍ യഥാവിധി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍
2. പാപമോചനത്തിനായി സദാ റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നവര്‍
3. നരകശിക്ഷയില്‍ നിന്ന് കാവലിനെ തേടുന്നവര്‍
4. ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ജീവിക്കുന്ന മാര്‍ഗ്ഗത്തില്‍ നേരിടുന്ന പ്രയാസങ്ങളില്‍ സഹനമവംലബിക്കുന്നവര്‍
5. പരീക്ഷണഘട്ടങ്ങളില്‍ ക്ഷമിക്കുന്നവര്‍
6. സംസാരങ്ങളിലും പ്രവര്‍ത്തനങ്ങളിലും മനോവ്യാപാരങ്ങളില്‍പോലും സത്യസന്ധത പാലിക്കുന്നവര്‍
7. പുണ്യകര്‍മ്മങ്ങളുടെ അനിവാര്യ ഘടകമായ ഭയഭക്തിയുള്ളവര്‍
8. ആവശ്യക്കാര്‍ക്കും അശരണര്‍ക്കും കയ്യഴിച്ചു ചെലവഴിക്കുന്നവര്‍
9. രാവിന്‍റെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോട് മാപ്പിനായി പ്രാര്‍ത്ഥിക്കുന്നവര്‍. (വിശദീകരണത്തിന് ശൈഖ് സഅദി(റ) യുടെ തയ്സീറുല്‍ കരീമിര്‍റഹ്മാന്‍ ഫീ തഫ്സീരി കലാമില്‍മന്നാന്‍ നോക്കുക)
തീര്‍ച്ചയായും ഇസ്ലാം മനുഷ്യനിലുണ്ടാക്കുന്ന നന്മകളാണ് ഈ പറയപ്പെട്ടവയൊക്കെ. തക്വ്വയെന്നാല്‍ ഐഹികാവസരങ്ങളേയും സൗകര്യങ്ങളേയും ്അനുവദനീയമായ അലങ്കാരങ്ങളേയും വിഭവങ്ങളെയും പാടെ ഒഴിവാക്കുക എന്നതല്ല. ആളുകളില്‍ നിന്നും അകന്നുമാറി സന്യാസം സ്വീകരിച്ച് കാടു കയറുക എന്നതുമല്ല. ഐഹിക വിഭവങ്ങളനുഭവിക്കുമ്പോഴും ആളുകള്‍ക്കിടയില്‍ ജീവിക്കുമ്പോഴും, എല്ലാത്തരം ജീവിത വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ആ മേഖലകളിലൊക്കെയുള്ള അല്ലാഹുവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതാണ് തക്വ്വ. സന്യാസികള്‍ക്കും പുരോഹിതന്മാര്‍ക്കും സൂഫികള്‍ക്കുമൊന്നുമല്ല യഥാര്‍ത്ഥ ദൈവഭക്തിയുടെ തനിമയും മധുരവുമറിയാന്‍ സാധിക്കുന്നത്. ദുനിയാവിനോട് മല്ലടിക്കവെത്തന്നെ, പടച്ചവനെ ഭയന്നും നിലപാടുകളില്‍ സൂക്ഷ്മത പാലിച്ചും ജീവിക്കുന്നവര്‍ക്കാണ് തക്വ്വയുടെ മധുരമറിയാന്‍ യഥാര്‍ത്ഥത്തില്‍ സാധ്യമാകുന്നത്. അല്ലാഹുവില്‍ നിന്നും ലഭിക്കാനാകുന്ന അനുഗ്രഹമാണ് ആ മധുരം.
മുത്തക്വികളെ സംബന്ധിച്ച് മറ്റൊരു ക്വുര്‍ആന്‍ വചനം ശ്രദ്ധിക്കുക.
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്)പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. (ആലു ഇംറാന്‍: 133-136)
പാപമോചനത്തിനും പ്രവിശാലമായ സ്വര്‍ഗ്ഗത്തിനുമായി ധൃതിയോടെ മുന്നേറാന്‍ ആവശ്യപ്പെടുന്ന അല്ലാഹു അതു രണ്ടും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കായിട്ടാണ് സജ്ജമാക്കപ്പെട്ടിരിക്കുന്നത് എന്ന് ആ സൂക്തത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ധര്‍മ്മനിഷ്ഠരുടെ ഗുണഗണങ്ങളാണ് അല്ലാഹു എടുത്തു പറയുന്നത്.
1. വിഷമാവസ്ഥയിലും സന്തോഷാവസ്ഥയിലും ദാനധര്‍മ്മം ചെയ്യുന്നവര്‍. ദരിദ്രാവസ്ഥയിലും സമ്പന്നവസ്ഥയിലും കയ്യിലുള്ളതില്‍ നിന്ന് ചെലവഴിക്കാന്‍ അവര്‍ക്ക് മടിയുണ്ടാകില്ല.
2. കോപം അടക്കിവെക്കാനും, അന്യരില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളില്‍ പ്രതികാരത്തിന് മുതിരാതെ ക്ഷമിക്കാനും ശീലിച്ചവര്‍
3. വാക്കുകൊണ്ടൊ സമീപനം കൊണ്ടൊ വേദനിപ്പിച്ചരോട് വിട്ടുവീഴ്ച കാണിക്കുന്നവര്‍
4. അല്ലാഹുവിനെ ഓര്‍ക്കുകയും, പാപികള്‍ക്കായി അവന്‍ താക്കീതു നല്‍കിയ ശിക്ഷകളെ ഭയക്കുകയും മുത്തക്വികള്‍ക്കായി അവന്‍ ഒരുക്കിയ അനുഗ്രഹങ്ങളും അവന്‍റെ പാപമോചനവും പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍
5. ജീവിതത്തില്‍ വന്നുഭവിച്ച ചെറുതും വലുതുമായ അനര്‍ത്ഥങ്ങള്‍ക്കും അനാവശ്യമായ ചെയ്തികള്‍ക്കും അല്ലാഹുവിനോട് പശ്ചാത്തപിക്കാനും അവനിലേക്ക് ഖേദിച്ചു മടങ്ങാനും ധൃതികാണിക്കുന്നവര്‍
6. ചെയ്തുകൊണ്ടിരിക്കുന്ന പ്രലൃത്തി പാപമാണെന്ന ബോധം വന്നാല്‍ പിന്നീടതില്‍ ഉറച്ചു നില്‍ക്കാത്തവര്‍
ഇങ്ങനെയൊക്കെയുളള ജീവിതബന്ധിയായ ഗുണങ്ങളാണ് മുത്തക്വികളുടേത്. അത്തരമാളുകള്‍ക്കാണ് ശാശ്വതമായ വിജയത്തിന് അല്ലാഹുവില്‍ നിന്ന് അനുഗ്രഹം സിദ്ധിക്കുന്നതും. അതിന്നുവേണ്ടിയാകണം നമ്മുടെ നിത്യമായ പ്രാര്‍ത്ഥന. (വിശദീകരണത്തിന് ശൈഖ് സഅദി(റ) യുടെ തയ്സീറുല്‍ കരീമിര്‍റഹ്മാന്‍ ഫീ തഫ്സീരി കലാമില്‍മന്നാന്‍ നോക്കുക)