സത്യം, വഴി, ലക്ഷ്യം, ധര്‍മ്മം തുടങ്ങിയ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന വശങ്ങള്‍ മുഴുവന്‍ അല്ലാഹു പഠിപ്പിച്ചത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യിലൂടെയാണ്. ജിന്നു വര്‍ഗത്തിനും മനുഷ്യ വര്‍ഗത്തിനുമായി നിയോഗിക്കപ്പെട്ട തിരുനബി(സ്വ) പ്രവാചകത്വ കാലം മുഴുവന്‍ വിനിയോഗി ച്ചത് അല്ലാഹു ഏല്‍പ്പിച്ചു നല്‍കിയ ദൗത്യം ഭംഗം കൂടാതെ നിര്‍വഹിക്കാനായിരുന്നു. എന്തൊക്കെയായിരുന്നു നബി(സ്വ)യിലേല്‍പ്പിക്കപ്പെട്ട ദൗത്യങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
“തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായി രുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.” (അഅ്റാഫ്/157)
പ്രവാചക ദൗത്യം സുതരാം വ്യക്തമാകുന്ന പ്രസ്താവനയാണ് മുകളിലെ സൂക്തം. ഈ സംഗതി ബോധ്യപ്പെട്ട വ്യക്തികളുടെ കണിശമായ ബാധ്യതയാണ് ആയത്തിന്‍റെ അവസാന ഭാഗം വിശദീകരിക്കുന്നത്. സദാചാരങ്ങളിലേക്ക് വഴിനടത്തിയ, നല്ല വസ്തുക്കളെ അനുവദനീയമാക്കി നല്‍കിയ, വിശ്വാസ-കര്‍മ്മ-സ്വഭാവ-ക്രയവിക്രയ-നിലപാടു മേഖലകളിലെ മുഴുവന്‍ ഭാരങ്ങളില്‍ നിന്നും ചങ്ങലകളില്‍ നിന്നും മോചനമേകിയ തിരുദൂതനെ മനസ്സറിഞ്ഞ് വിശ്വസിക്കുകയും, അദ്ദേഹത്തിന്‍റെ ജീവിതത്തെ അനുസരിക്കുകയും, അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്യുക എന്ന അതിമഹത്തായ ഉത്തരവാദിത്തമാണ് വിശ്വാസികള്‍ക്കുള്ളത്. പ്രസ്തുത ഉത്തരവാദിത്തം അവര്‍ പ്രാധാന്യപൂര്‍വം പ്രാവര്‍ത്തികമാക്കുന്നൂ എങ്കില്‍ അവരാണ് പരലോകത്ത് സ്വര്‍ഗം ലഭിച്ച് വിജയികളായിത്തീരുന്നത്.
പ്രവാചകനെ അവിടുത്തെ ജീവിത കാലത്തും വിയോഗ ശേഷവും വിശ്വാസീ ലോകം പിന്തുടരണം. ഖുര്‍ആന്‍ ഓതിത്തന്നും, അതിനെ ജീവിതം കൊണ്ട് വിശദീകരിച്ചും ഇസ്ലാമിക ജീവിതമെങ്ങിനെയാണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. തിരുനബിയെ അനുധാവനം ചെയ്യാതെ നേര്‍വഴിയിലൂടെ സഞ്ചരിക്കാനോ സ്വര്‍ഗത്തിലെത്താനോ സാധ്യമല്ല. പരലോകത്ത് വിജയികളായിത്തീരാന്‍ കുറുക്കു വഴികളൊന്നും നബി(സ്വ) പഠിപ്പിച്ചിട്ടില്ല. പ്രവാചക കാലത്തോ ശേഷമോ, വിശുദ്ധരായ സ്വഹാബികള്‍ അത്തരം കുറുക്കു വഴികള്‍ സൃഷ്ടിച്ച് അവയിലൂടെ സഞ്ചരിച്ചിട്ടുമില്ല. അല്ലാഹുവിനേയും അവന്‍റെ ദൂതനേയും പ്രാമാണികമായി അനുസരിക്കുക വഴിയാണ് ഒരാള്‍ക്ക് വിജയം കരസ്ഥമാക്കാനാകുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
“അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.” (അഹ്സാബ്/71)
നന്മകളായ നന്മകളൊക്കെ പഠിപ്പിച്ചു തന്ന റസൂലിനെ സര്‍വരേക്കാളും സ്നേ ഹിക്കാനാകുമ്പോഴാണ് ഒരാള്‍ക്ക് ശരിയായ വിശ്വാസിയാകാനും, അവിടുത്തെ ചര്യകളെ കലവറയില്ലാതെ ഉള്‍ക്കൊള്ളാനും പിന്തുടരാനും സാധിക്കുകയുള്ളൂ. നബി(സ്വ) തന്നെ അക്കാര്യം നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അനസ്(റ) നിവേദനം. നബി(സ്വ) അരുളി: “തന്‍റെ പിതാവിനേക്കാളും, സന്താ നത്തേക്കാളും മുഴുവന്‍ ജനങ്ങളേക്കാളും ഒരാള്‍ക്ക് ഞാന്‍ പ്രിയങ്കരനാകുവോളം അവന്ന് മുഅ്മിനാകുക സാധ്യമല്ല.” (ബുഖാരി, കിതാബുല്‍ ഈമാന്‍)
സൃഷ്ടിച്ചു പോറ്റുന്ന റബ്ബിനെ പരമമായി സ്നേഹിക്കുന്നവരാണ് സത്യവിശ്വാസികള്‍. തന്നിലുള്ള സ്നേഹത്തിന്‍റെ പ്രകടനം എവ്വിധത്തിലായിരിക്കണമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ) ഖുര്‍ആന്‍ മുന്നില്‍ വെച്ചു കൊണ്ട് പഠിപ്പിച്ച ഇസ്ലാമിക പാഠങ്ങളെ മുഴുവന്‍ മനസ്സാ വാചാ കര്‍മ്മണാ അംഗീകരിച്ച് പിന്തുടരുക എന്നതാണ് ഒരാളുടെ അര്‍ഥവത്തായ സ്നേഹത്തിന്‍റെ ലക്ഷണമെന്ന് അല്ലാഹു പറഞ്ഞു തരുന്നു. അങ്ങിനെയുള്ളവര്‍ക്കാണ് റബ്ബിന്‍റെ സ്നേഹം കരസ്ഥമാക്കാനാകുക എന്നും വിശദീകരിക്കുന്നു.
“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (ആലു ഇംറാന്‍/31)
ദേഹേച്ഛകളേയും ജീവിതത്തിലെ പ്രലോഭനങ്ങളേയും മാറ്റി നിര്‍ത്തിക്കൊണ്ടുള്ളതാകണം പ്രവാചനോടുള്ള അനുസരണം. ഒന്നിനേയും എതിര്‍ക്കാതെ പിന്തുടരുക. പല ഭൗതിക സാഹചര്യങ്ങളും, ചില ബൗദ്ധിക നിലപാടുകളും ചിലപ്പോഴെങ്കിലും പ്രവാചക ചര്യകളെ ജീവിതത്തിന് യോജിക്കാത്തവയായി കാണാന്‍ പ്രേരിപ്പിച്ചെന്നുവരും. പരമമായ അര്‍ഥത്തില്‍ പ്രവാചകന്‍റെ അധ്യാപനങ്ങള്‍ മുഴുവനും ഗുണമാണെന്നും, ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താവുന്ന ഒന്നും അവയിലില്ലെന്നും വിശ്വാസിക്കാന്‍ മുഅ്മിനുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ പ്രവാചകനോടുള്ള വിശ്വാസത്തിലും സ്നേഹത്തിലും കഴിമ്പില്ല. എന്നു മാത്രമല്ല, തിരുമേനിയെ പൂര്‍ണ്ണമായും അനുസരിക്കാന്‍ തയ്യാറാകുന്ന ഒരാള്‍ക്കാണ് സ്വര്‍ഗ പ്രവേശം സാധ്യമാകുന്നത് എന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്.
അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: “എന്‍റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവനൊഴികെ. സ്വഹാബികള്‍ ചോദിച്ചു: ആരാണ് വിസമ്മതിച്ചവന്‍? തിരുമേനി പറഞ്ഞു: എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ കടന്നു. എന്നോട് അനുസരണക്കേട് കാണിച്ചവനാണ് വിസമ്മതിച്ചവന്‍.” (ബുഖാരി)
ദീനിനനുസരിച്ച് ജീവിക്കാനാവശ്യമായ എല്ലാ വിശ്വാസങ്ങളും ആരാധാനകളും സ്വഭാവങ്ങളും നബി(സ്വ) പ്രായോഗികമായി പരിശീലിപ്പിച്ചു തന്നത്തിട്ടുള്ളതാണ്. ഒന്നും വിട്ടുകളഞ്ഞിട്ടില്ല. കാലികമായി ദീനില്‍ ഇനിയും ചില നന്മകള്‍ കൂടി ഉണ്ടാകേണ്ടതുണ്ട് എന്ന് വാദിക്കാനോ, അത്തരം സംഗതികളുണ്ടാക്കി ആചരിക്കാനൊ ഇസ്ലാം അനുവദിക്കുന്നുമില്ല. അതുകൊണ്ടു തന്നെ തിരുമേനി നല്‍കിയതെല്ലാം സ്വീകരിക്കാനും, വിലക്കിയതില്‍ നിന്നെല്ലാം മാറിനില്‍ക്കാനും മുഅ്മിനുകള്‍ തയ്യാറാകണം. അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.” (ഹശ്ര്‍/7)
പ്രവാചകന്‍ മനുഷ്യ സമൂഹത്തെ ക്ഷണിച്ചത് ജീവസ്സുറ്റ മാര്‍ഗത്തിലേക്കാണ്. തീര്‍ത്തും റബ്ബിന്‍റെ കല്‍പന പ്രകാരമായിരുന്നു തിരുമേനിയുടെ അധ്യാപനങ്ങള്‍ മുഴുവനും. അല്ലാഹുവിന്‍റേയും റസൂലിന്‍റേയും ക്ഷണത്തിന് ഉത്തരം നല്‍കുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് ലഭിക്കുന്നത് സജീവമായ, ആനന്ദകരമായ ജീവിതമാണ്. അല്ലാഹുവിന്‍റെ ആഹ്വാനം കാണുക:
“നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക.” (അന്‍ഫാല്‍/24)
സന്മാര്‍ഗത്തില്‍ ജീവിതം തുടരാന്‍ മനസാ കൊതിക്കുന്നവര്‍ പ്രവാചകനെയാണ് അനുസരിക്കേണ്ടത്. വെളിച്ചം നിറഞ്ഞ പാതയാണ് തിരുമേനിയുടെ സുന്നത്ത്. രാത്രി പോലും പകല്‍ പോലെ പ്രകാശം നിറഞ്ഞ പാത. സ്വര്‍ഗ്ഗത്തോളം സുരക്ഷിതമായുള്ള യാത്രക്ക് ആ പാതയല്ലാതെ വേറൊന്നില്ല. അതു കൊണ്ടു തന്നെയാണ് വിശ്വാസികളെ പഠിപ്പിക്കാനായി അല്ലാഹു പ്രവാചകനോട് ഇപ്രകാരം നിര്‍ദ്ദേശിച്ചത്:
“അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.” (അഅ്റാഫ്/158)
യഥാര്‍ത്ഥ മുഅ്മിനുകള്‍ അല്ലാഹുവിന്‍റെ മേല്‍ സൂചിത കല്‍പനക്ക് ചെവികൊടുക്കുന്നവരാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്തു കൊണ്ടെന്നാല്‍ അതിലാണ് ലക്ഷ്യവിജയമുള്ളത്. വിജയ പ്രതീക്ഷയോടെയുള്ള ജീവിതം നയിക്കുന്ന ആരും അല്ലാഹുവിന്‍റെ കല്‍പനയെ അവഗണിക്കുകയില്ല. അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്നവരും അനുസരിക്കുകയും ചെയ്യുന്നവരെന്ന നിലക്ക് സത്യവിശ്വാസികളുടെ നിലപാട് എന്തായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:
“തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.” (നൂര്‍/51)
വസ്തുത ഇതാണെങ്കിലും, പ്രവാചക ചര്യക്കെതിരെ നിലകൊള്ളുന്നവര്‍ മുസ്ലിം ഉമ്മത്തില്‍ പ്രത്യക്ഷപ്പെടാം. ഒന്നുകില്‍ അവയെ മുഴുവനായൊ, ഭാഗികമായൊ നിരാകരിച്ചുകൊണ്ടായിരിക്കും അത്തരക്കാരുടെ വരവ്. അതല്ലെങ്കില്‍ അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) ദീനില്‍ പഠിപ്പിച്ചിട്ടില്ലാത്തതും പരിശീലിപ്പിച്ചിട്ടില്ലാത്തതുമായ പുതിയ ആചാരങ്ങളും വിശ്വാസങ്ങളും നിര്‍മ്മിച്ചാചരിച്ചു കൊണ്ടാകും. രണ്ടു വിഭാഗവും പ്രവാവചക സുന്നത്തിനോട് യുദ്ധം പ്രഖ്യാപിച്ചവരാണ്. അവരെ എതിരിട്ട് തോല്‍പിക്കാനുള്ള ആഹ്വാനം നബി(സ്വ) തന്നെ നടത്തിയിട്ടുണ്ട്.
അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: “എനിക്കു മുമ്പുള്ള സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാര്‍ക്കും, അവരെ സഹായിക്കുന്നവരും, അവരുടെ ചര്യകളെ സ്വീകരിക്കുന്നവരും, അവരുടെ കല്‍പനകളെ പിന്തുടരുന്നവരുമായ ആളുകള്‍ ആ സമൂഹങ്ങളില്‍ നിന്നും ഉണ്ടായിരുന്നിട്ടുണ്ട്. എന്നാല്‍ അവരുടെയൊക്കെ കാലശേഷം ഒരു വിഭാഗം ആളുകള്‍ പിന്‍ഗാമികളായി വരും. സ്വയം പ്രവര്‍ത്തിക്കാത്തതാകും അവര്‍ പറയുക. കല്‍പിക്കപ്പെടാത്തതാകും അവര്‍ പ്രവര്‍ത്തിക്കുക. അത്തരമാളുകളെ കൈകൊണ്ട് നേരിടുന്നവന്‍ മുഅ്മിനാണ്. നാവുകൊണ്ട് നേരിടുന്നവനും മുഅ്മിനാണ്. ഹൃദയം കൊണ്ട് നേരിടുന്നവനും മുഅ്മിനാണ്. അതിനപ്പുറം പിന്നെ, കടുകുമണിയോളം പോലും ഈമാനിന്‍റെ സാന്നിധ്യമില്ല.” (മുസ്ലിം)
ചുരുക്കത്തില്‍, പ്രവാചക ചര്യയെ മുഴുവനായും ഉള്‍ക്കൊള്ളുകയാണ് ഇഹപര വിജയത്തിന് നിദാനമെന്ന് നാം മനസ്സിലാക്കുന്നു. ആ ജീവസ്സുറ്റ, ഭംഗിയാര്‍ന്ന മാതൃകയില്‍ നിന്നകന്നാല്‍ പരാജയമായിരിക്കും ഫലമെന്നും നാം തിരിച്ചറിയുന്നു. നബി(സ്വ)യുടെ ജീവിതത്തെ പിന്തുടരാതെ, ഇതര ആദര്‍ശങ്ങളേയും ചര്യകളേയും അനുധാവനം ചെയ്ത് ജീവിക്കുന്നവന്‍ സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കുന്നവനാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. പരലോകത്തു വെച്ചായിരിക്കും അവനത് ബോധ്യപ്പെടുക. അന്നവന്‍ വൃഥാ വിലപിക്കുകയും ചെയ്യും. രണ്ട് ആയത്തുകള്‍ ശ്രദ്ധിക്കുക:
“അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.” (ഫുര്‍ഖാന്‍/27)
“അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (അഹ്സാബ്/66)
പരലോകത്ത് ഇത്തരമൊരു പരിണതി സംഭവിക്കാതിരിക്കാനാകണം നമ്മുടെ ജീവിതത്തിലെ മുഴുവന്‍ ശ്രദ്ധയും. അല്ലാഹുവിനേയും അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യേയും എല്ലാ രംഗത്തും അനുസരിച്ച് ജീവിക്കാനുള്ള തൗഫീഖിനു വേണ്ടിയാകണം എന്നത്തേയും നമ്മുടെ പ്രാര്‍ഥനയും