പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നായിരുന്നു. വന്നവേഗതയിലാണ് അതിന്‍റെ പോക്ക് എന്ന അനുഭവമാണ് വിശ്വാസികളായ നമുക്ക്. റമദാന്‍ എത്രപെട്ടെന്നാണ് പോകുന്നത് എന്ന് പറയാത്ത ഒരു മുഅ്മിനുമുണ്ടാകില്ല. അവസാനത്തെ പത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത വികാരങ്ങളാണ് നമുക്കുള്ളത്. എല്ലാം ഈമാനില്‍ ചാലിച്ച വികാരങ്ങള്‍!
റമദാന്‍ പോകുകയാണ്! അതിനോടൊപ്പം നമ്മളും പോകുമൊ എന്നറിയില്ലെങ്കിലും. റമദാന്‍ മാത്രം പോകുകയാണ് എന്ന വിശ്വാസത്തിലാണ് നാം. റമദാനില്‍ നിന്നും അവശേഷിക്കുന്ന പത്തു ദിവസങ്ങള്‍, ഏതു സമയവും മരണമെത്താം എന്ന് പ്രതീക്ഷിക്കുന്ന മുഅ്മിനിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
പ്രവാചകന്‍(സ്വ) ആരാധനകള്‍ക്കായി മുണ്ടുമുറുക്കിയുടുത്ത് അധ്വാനിച്ച രാപ്പകലുകളാണ് റമദാനിലെ അവസാന പത്തുദിനങ്ങള്‍! ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാത്രിയുള്ളത് ഈ ദിനങ്ങളിലാണ്. ഖുര്‍ആനിന്‍റെ അവതരണമാരംഭിച്ചത് ആ രാത്രിയിലാണ്. അല്ലാഹുവിന്‍റെ അനുമതിയോടെ ജിബ്രീലും (അ) മലക്കുകളുമിറങ്ങിവന്ന് മുഅ്മിനുകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറയുന്നതും പ്രസ്തുത രാത്രിയില്‍ തന്നെ. പ്രഭാതോദയം വരേയ്ക്കും സമാധാനം നിറഞ്ഞൊഴുകുന്ന രാത്രി! ലൈലത്തുല്‍ ഖദ്ര്‍!
(وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ (آل عمران: 133
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ആലുഇംറാൻ/133)
(سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ (الحديد: 21
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.” (ഹദീദ്/21)
بادِروا بالأعمالِ الصَّالِحة، فستكونُ فِتنٌ كقِطَعِ اللَّيلِ المُظلِمِ، يُصبح الرجلُ مؤمنًا ويُمسِي كافرًا، أو يُمسي مؤمنًا ويُصبِح كافرًا، يَبيع دِينَه بعَرَضٍ مِن الدُّنيا (مسلم
“ഇരുള്‍ മുറ്റിയ രാത്രിഖണ്ഡങ്ങള്‍ പോലെ കുഴപ്പങ്ങള്‍ സംജാതമാകുന്നതിനു മുമ്പെ, സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങുക. പ്രഭാതത്തില്‍ മുഅ്മിനായിരുന്ന വ്യക്തി വൈകുന്നേരമാകുമ്പോഴേക്കും കാഫിറാകുന്ന അവസ്ഥയുണ്ടാകും. വൈകുന്നേരം മുഅ്മിനായിരുന്ന വ്യക്തി പ്രഭാതമാകുമ്പോഴേക്കും കാഫിറാകുന്ന അവസ്ഥയുമുണ്ടാകും. മറ്റൊന്നു കൊണ്ടുമല്ല; ദുനിയാവിന്‍റെ വിഭവങ്ങള്‍ക്കായി അവന്‍ തന്‍റെ ദീനിനെ വില്‍ക്കുമ്പോഴാണത് സംഭവിക്കുന്നത്.” (മുസ്ലിം)
റമദാനിനെ യാത്രയാക്കും മുമ്പ്, നമ്മിലേക്കൊന്നു നോക്കുക. റമദാന്‍ തന്നതൊക്കെ നമ്മള്‍ ജീവിതത്തില്‍ സ്വീകരിച്ചുവൊ എന്ന് പരിശോധിക്കുക. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ റമദാനും റമദാനിലെ വ്രതവും മറ്റു ഇബാദത്തുകളും ഉണ്ടാക്കിയിട്ടുണ്ട് എന്ന് കൂടി ആലോചിക്കുക. ചെയ്ത സല്‍കര്‍മ്മങ്ങളൊന്നും നഷ്ടപ്പെടാതെ അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കാന്‍ നമുക്ക് സാധിക്കണം. അതിന്നായി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കണം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.