ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!

3109

സംശയമില്ലാത്ത നിമിഷം!
തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്.
നുണയല്ല, അതിശയോക്തിയുമല്ല.
ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും.
കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും
ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ യാഥാര്‍ത്ഥ്യവും

തീര്‍ച്ച; അത് മരണത്തിന്‍റെ നിമിഷമാണ്.
മരണ നിമിഷത്തെ സംബന്ധിച്ച് എന്തറിയാം നിനക്ക്?
അധികാരങ്ങള്‍ മുഴുവന്‍ അവസാനിക്കുന്ന നിമിഷമാണത്.
കാല്‍പാദങ്ങള്‍ ഇടറുന്ന നിമിഷം
നിലവിളികള്‍ ഉപകാരപ്പെടാത്ത നിമിഷം
അന്ന് മരണവേദന അവനെ പുതഞ്ഞു നില്‍ക്കും
അതോടെ അവന്‍റെ ബോധം നശിക്കും.

മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. (ക്വാഫ്/19)

ഉറപ്പായ വാഗ്ദത്ത ദിവസം വന്നിരിക്കെ ഇന്ന് എവിടേക്കാണ് ഓടിരക്ഷപ്പെടുക?
(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. (ജുമുഅ/8)

മരണവഴിയില്‍ നിന്ന് മാറി നടക്കുകയാണ് നാം. അതിനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ നിന്നു പോലും നാം ഓടിയൊളിക്കുന്നു. മരണത്തെ നാം മറന്നാല്‍ മരണം നമ്മെ മറക്കും എന്ന വ്യാമോഹത്തിലാണ് എല്ലാവരും. മരണത്തെ നാം അവഗണിച്ചാല്‍ മരണം നമ്മെയും അവഗണിച്ചേക്കും എന്ന ചിന്തയില്‍!
അങ്ങനെ, ദീര്‍ഘായുസ്സോടെ ജീവിക്കാം എന്ന് വൃഥാ പതീക്ഷിക്കുകയാണ് നാം.

മരണത്തെ മറന്നും അവഗണിച്ചു ജീവിച്ചാല്‍, അല്ലാഹു നമുക്കായി നിശ്ചയിച്ച മരണ സമയത്തില്‍ നിന്നും നാം രക്ഷപ്പെടുമൊ? സത്യത്തില്‍, മരണം നമ്മുടെ നടവഴിയില്‍ ത്തന്നെയുണ്ട്. നമ്മെ കണ്ടുമുട്ടാനുള്ള സമയത്തിനായി കാത്തുനില്‍പ്പിലാണ് മരണം.
അതായത്, ആകാശ ഭൂമികളുടെ നാഥന്‍ അതിന്നായി നിശ്ചയിച്ചു നല്‍കിയ ആ സമയത്തിന്!

(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. (അഹ്സാബ്/16)

മരണാസന്നനായ അംറുബ്നുല്‍ ആസ്വിനോട് മകന്‍ അബ്ദുല്ല ചോദിച്ചു: പിതാവെ, താങ്കള്‍ക്കെങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞു: മരണത്തെ വിശദീകരിക്കാനാകില്ല മോനെ. എന്‍റെ കഴുത്തില്‍ റദ് വാ പര്‍വ്വതത്തിന്‍റെ ഭാരമനുഭവപ്പെടുന്നു. എന്‍റെ വയറിനുള്ളില്‍ മുള്‍മുനകളുടെ വേദന നിറയുന്നു. ഇടുങ്ങിയ സൂചിക്കഴയിലൂടെയെന്നപോലെ എന്‍റെ ആത്മാവ് പുറത്തേക്ക് പോകുന്നു.

തീര്‍ച്ച, ശ്രദ്ധയും അതീവ ജാഗ്രതയും വേണ്ട നിമിഷമാണത്.
മരണവെപ്രാളത്തിലെത്തിലെത്തിയാല്‍ മനുഷ്യന്‍ ചിന്തിച്ചു പോകുന്ന ചില വേവലാതികളുണ്ട്:
അല്ലാഹുവേ, ഈ ആയുസ്സ് അവസാനിച്ചുവെന്നൊ?
ഈ ജീവിതമുപേക്ഷിച്ച് ഞാനിതാ പോകുന്നുവെന്നൊ?
പിന്നേക്കു വെച്ച ഒന്നിനേയും പ്രാപിക്കാനാകാത്ത വിധം അവസരങ്ങളെല്ലാം നിലച്ചുപോയെന്നോ?
കുടുംബവും സമ്പത്തും ഇനി എന്തായിത്തീരും?
മക്കള്‍ക്കും ബിസിനസുകള്‍ക്കും ഇനി എന്തു സംഭവിക്കും?
ഉദ്യോഗങ്ങളും ഉത്തരവാദിത്തങ്ങളും ഇനി എങ്ങനെയായിത്തീരും?
പശ്ചാത്തപിക്കാനും സല്‍പ്രവൃത്തികള്‍ ചെയ്യാനും ഇതുവരേയും ഞാന്‍ സമയം കാത്തിരിക്കുകയായിരുന്നു.
ഖുര്‍ആന്‍ പഠിക്കാനും അതിനെ പാരായണം ചെയ്യാനും അവസരങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
അല്ലാഹുവിന് ധാരാളം ധാരാളം ദിക്റുകള്‍ ചൊല്ലാനുള്ള സാഹചര്യത്തിനായി നോക്കിയിരിക്കുകയായിരുന്നു.
സത്യമായും യാത്രയ്ക്കു സമയമായെന്നൊ?
സത്യമായും ഐഹിക കാലയളവ് അവസാനിച്ചുവെന്നൊ?
പക്ഷെ, നിഷ്ഫലമാണ് ഈ വേവലാതികളൊക്കെ.
മരണം വന്നെത്തുന്നതിന് മുമ്പേ വേണ്ടതായിരുന്നു മുന്നൊരുക്കങ്ങളെല്ലാം.

ബിലാല്‍ ബ്നു സഅദ്(റ) ഒരു സംഭവം പറയുന്നുണ്ട്. ഒരിക്കല്‍ ഞങ്ങളിലൊരാളോട് ചോദിച്ചു: നിനക്ക് മരിക്കാന്‍ കൊതിയുണ്ടൊ? അയാള്‍ പറഞ്ഞു: ഇല്ല. അതെന്തേ? അയാള്‍ പറഞ്ഞു: എനിക്ക് പശ്ചാത്തപിക്കണം, ഒരുപാട് സല്‍കര്‍മ്മങ്ങള്‍ ചെയ്യണം. എങ്കില്‍ ഇപ്പോള്‍ തന്നെ അപ്രകാരം ചെയ്തു കൂടെ? അയാള്‍ പറഞ്ഞു: സമയമുണ്ടല്ലൊ, പിന്നീട് ഞാന്‍ ചെയ്തോളാം. കഷ്ടം. മരിക്കാനിഷ്ടമില്ല, സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ഒരുക്കമല്ല. അല്ലാഹുവിന്നായുള്ള കര്‍മ്മങ്ങള്‍ പിന്നേക്കു വെക്കുന്ന മനുഷ്യന്‍ ദുനിയാവിന്‍റെ ഒരു പ്രവൃത്തിയും മാറ്റിവെക്കുന്നേയില്ല!

വിവേകികളുടെ കാര്യം അത്ഭുതം തന്നെ! മുഴുവന്‍ മനുഷ്യര്‍ക്കും അല്ലാഹു നിര്‍ണ്ണയിച്ച ആ ഉറപ്പുള്ള നിമിഷത്തില്‍ നിന്ന് അശ്രദ്ധമായി ജീവിക്കാന്‍ അവര്‍ക്കാകുന്നതെങ്ങനെയാണ്!

ഒരിക്കല്‍ ഹസനുല്‍ ബസ്വരി(റ) ഒരു രോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം മരണവെപ്പാളത്തിന്‍റെ അവസ്ഥയിലാണ്. അയാള്‍ അനുഭവിക്കുന്ന മരണവേദനയുടെ പ്രയാസവും കാഠിന്യവും അദ്ദേഹം നോക്കിക്കണ്ടു. കുടുംബത്തില്‍ നിന്നും പുറപ്പെട്ടപ്പോഴുണ്ടായിരുന്ന മാനസികാവസ്ഥയിലല്ലായിരുന്നു വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം. കുടുംബക്കാര്‍ പറഞ്ഞു: ഭക്ഷണം കഴിക്കൂവീന്‍. അദ്ദേഹം പറഞ്ഞു: പ്രിയ കുടുംബമേ, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഞാനിന്നൊരു മരണം കണ്ടു വരികയാണ്. ഒരുനാള്‍ ഞാനും അതിനെ നേരിടുംവരെ എനിക്ക് അധ്വാനിക്കേണ്ടിയിരിക്കുന്നു.

തീര്‍ച്ച, അത് സംശയമില്ലാത്ത നിമിഷമാണ്
നാളിതുവരെ ചെയ്തുവെച്ചവയെക്കുറിച്ച് ആലോചിക്കുന്ന നിമിഷം
മനസ്സില്‍ ആത്മാര്‍ത്ഥമായും ഖേദമനുഭവപ്പെടുന്ന നിമിഷം
നല്ലവണ്ണം സല്‍കര്‍മ്മങ്ങളില്‍ അധ്വാനിച്ചവന്‍ ഖേദിക്കുന്നത്, ഹോ, ഇതിലും കൂടുതല്‍ സമ്പാദിക്കാതെ പോയല്ലൊ എന്നാണ്
സല്‍കര്‍മ്മങ്ങളില്‍ വീഴ്ചകള്‍ വരുത്തിയവന്‍ ഖേദിക്കുന്നത്, മുമ്പേ, ഞാനിതിനു വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ലല്ലൊ എന്നാണ്.
അതെ, ഖേദത്തിന്‍റെ നിമിഷമാണത്.
പാദങ്ങള്‍ തളര്‍ന്നു വീഴുന്ന നിമിഷം
മരണത്തിന്‍റെ മലക്കുകളേയും ഖബറിടത്തേയും കണ്ടുമുട്ടുന്ന വേളയില്‍, ആയുഷ്കാല സമ്പാദ്യങ്ങളുടെ ആദ്യ ഫലത്തിനായി കാത്തു നില്‍ക്കുന്ന നിമിഷം

ഇംറാനുല്‍ ഖയാത്ത്(റ) പറഞ്ഞു: ഞങ്ങള്‍ ഇബ്രാഹീം നഖ്ഇയെ സന്ദര്‍ശിക്കുകയുണ്ടായി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ചോദിച്ചു: എന്താണ് താങ്കളെ കരയിപ്പിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാന്‍ മരണത്തിന്‍റെ മലക്കിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. അവന്‍ സ്വര്‍ഗ്ഗത്തെ കുറിച്ചാണൊ നരകത്തെക്കുറിച്ചാണൊ എനിക്ക് സന്തോഷവാര്‍ത്ത നല്‍കുക എന്നെനിക്കറിയില്ല.

രാജാക്കന്മാരുടെ രാജാധിപത്യം നഷ്ടമാകുന്ന നിമിഷമാണത്
ധനികനും ദരിദ്രനുമിടയില്‍ അന്ന് വ്യത്യാസമില്ല
ഇതാ, അമീറുല്‍ മുഅ്മിനീന്‍ മഅ്മൂന്‍ തന്‍റെ മരണ വെപ്രാള വേളയിലാണ്
തനിക്കുവേണ്ടിയൊരുക്കിയ വിരിപ്പില്‍ അദ്ദേഹം കിടക്കുകയാണ്
തലയില്‍ ചാരമെടുത്തിട്ടു കൊണ്ട് അദ്ദേഹം ഇപ്രാകാരം പ്രാര്‍ത്ഥിച്ചു:
ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നാഥാ! ആധിപത്യം നിങ്ങിപ്പോകുന്ന ഈയുള്ളവനോട് ഇന്നു നീ കരുണ ചെയ്താലും.
എല്ലാ വലിയവനും ചെറുതാക്കപ്പെടുന്ന നിമിഷമാണത്
എല്ലാ സമ്പന്നനും ദരിദ്രനാക്കപ്പെടുന്ന നിമിഷം
എല്ലാ സുന്ദരനും വിരൂപനാക്കപ്പെടുന്ന നിമിഷം
എല്ലാ പ്രതാപിയും നിസ്സാരനാക്കപ്പെടുന്ന നിമിഷം
അന്ന്, വാക്കുകളും കര്‍മ്മങ്ങളും മുറിഞ്ഞുപോകും
എല്ലാ ആഗ്രഹങ്ങളും മാഞ്ഞുപോകും

ഇതാ ഒരു മനുഷ്യന്‍, മരിക്കും മുമ്പെ അവന്ന് പലതും വസ്വിയത്ത് ചെയ്യണമെന്നുണ്ട്.
തന്‍റെ സമ്പത്തൊക്കെ കണക്കുകൂട്ടി കൃത്യമാക്കണമെന്നുണ്ട്.
പക്ഷെ, അവന്‍റെ നാവുകള്‍ ചലിക്കുന്നില്ല
തന്‍റെ സഹോദരങ്ങളോട് ഒന്നും അവന്‍ ഉരിയാടുന്നില്ല
തന്‍റെ അയല്‍വാസികളെ പോലും അവന്ന് തിരിച്ചറിഞ്ഞു കൂടാ
അന്ന് നിന്‍റെ നെറ്റിത്തടം വിയര്‍ക്കും
നിന്‍റെ തേങ്ങലുകള്‍ മുഴങ്ങും
നിന്‍റെ മരണം ഉറപ്പായിത്തീരും
നിന്‍റെ കണ്‍കോണുകള്‍ മറിയും
നിന്‍റെ നാവുകള്‍ കുഴയും
നിന്‍റെ സഹോദരങ്ങള്‍ കരയും
അന്ന് അടുത്തുള്ളവര്‍ നിന്നോട് പറയും: ഇതാ നിന്‍റെ മകന്‍, ഇതാ നിന്‍റെ സഹോദരന്‍
പക്ഷെ, നിനക്ക് സംസാരിക്കാനാകില്ല
നിന്‍റെ നാവിനു പൂട്ടുവീണിരുക്കും
അതോടെ, മരണം നിന്നില്‍ പൂര്‍ണ്ണമാകുകയായി
അവയവങ്ങളില്‍ നിന്ന് ആത്മാവ് ഊരിമാറ്റപ്പെടും
ആകാശലോകത്തേക്ക് അത് ഉയര്‍ത്തപ്പെടും
ഒരു വൈദ്യനും ഒരു മരുന്നിനും ഒന്നും ചെയ്യാനാകില്ല

പ്രിയപ്പെട്ടവരേ, മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ, മനുഷ്യനെ കര്‍മ്മരംഗത്തു നിന്നും മാറ്റി നിഷ്ക്രിയനാക്കും എന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. സത്യമതല്ല, മരണചിന്തയാണ് ഭൗതികവും പാരത്രികവുമായ കര്‍മ്മങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഊര്‍ജ്ജം നല്‍കുന്നത്. അതുകൊണ്ടാണ് അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മരണ ചിന്തയെക്കുറിച്ചുള്ള പ്രസ്താവനകളും സൂചനകളും നാം ധാരാളം കാണുന്നത്.

നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. (മുനാഫിഖൂന്‍/10)

മരണം ആസന്നമായവന്‍റെ വികാരമാണിത്
എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന നിമിഷമാണത്
എല്ലാ ശ്രമങ്ങളും വിഫലമാകുന്ന സമയം
അല്ലാഹുവിനെ കുറിച്ചുള്ള നല്ല ധാരണ മാത്രമാണ് അന്ന് ബാക്കിയായുള്ളത്.

ജാബിര്‍ ബ്നു അബ്ദില്ലാഹ്(റ) നിവേദനം. റസൂല്‍(സ്വ) തന്‍റെ മരണത്തിന്‍റെ മൂന്നു ദിവസം മുമ്പ് ഇപ്രകാരം പറയുകയുണ്ടായി: അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ നിങ്ങളൊരാളും മരിക്കാനിടവരരുത്.

ഖുര്‍ആന്‍ പറഞ്ഞു: ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (മുനാഫിഖൂന്‍: 11)

അബൂ യഅ്ല ശദ്ദാദ് ബ്നു ഔസ് നിവേദനം. നബി(സ്വ) അരുളി: സ്വന്തത്തെ വിചാരണ നടത്തുകയും, മരണാനന്തര ജീവിതത്തിനായി കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. ദേഹേച്ഛക്കു പിന്നാലെ സ്വന്തത്തെ അഴിച്ചു വിടുകയും അല്ലാഹുവിന്‍റെ മേല്‍ വ്യാമോഹങ്ങള്‍ കരുതുകയും ചെയ്യുന്നവന്‍ വിഢിയാണ്. (തിര്‍മിദി)

പ്രിയ സഹാബി ത്വാരിഖുല്‍ മഹാരിബി(റ)ക്ക് പ്രവാചന്‍(സ്വ) നല്‍കിയ ഉപദേശം ഇപ്രകാരമാണ്: ഹേ, ത്വാരിഖ്, മരണം വന്നിറങ്ങുന്നതിനും മുമ്പേ, മരണത്തിനായി നീ ഒരുങ്ങിയിരിക്കുക. (ഹാകിം)

സഹോദരാ, സംശയമില്ലാത്ത നിമിഷം!
തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്.
നുണയല്ല, അതിശയോക്തിയുമല്ല! എങ്കിൽ ഓടിയൊളിക്കുന്നത് എങ്ങോട്ടേക്കാണ്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!