പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?

2234

അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം

എന്റെ കൂടെപ്പിറപ്പുകള്‍ എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍…
ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്ന്!

എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്‌കരുണം എതിര്‍ക്കുന്നുവെങ്കില്‍…
ഞാനോർത്തുപോകും: മഹാനായ ഇബ്രാഹീം നബി(അ) സ്വന്തം പിതാവിനാല്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടെന്ന്!

പുറത്തുകടക്കാനാകാത്തവിധം സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിൽ ഞാൻ അകപ്പെട്ടുപോകുന്നുവെങ്കില്‍…
ഞാനോർത്തുപോകും: മഹാനായ യൂനുസ് നബി(അ) ഭീമാകാരനായ തിമിംഗലത്തിന്റെ വയറ്റിലകപ്പെട്ടുപോയിട്ടുണ്ടെന്ന്!

എനിക്കെതിരില്‍ ആളുകൾ അന്യായമായി അപവാദം പറഞ്ഞു പരത്തുന്നുവെങ്കില്‍..
ഞാനോർത്തുപോകും: മഹാനായ പ്രവാചക തിരുമേനിയുടെ പ്രിയ പത്‌നി ആയിഷ(റ) നാടുനീളെ അപവദിക്കപ്പെട്ടിട്ടുണ്ടെന്ന്!

രോഗത്താല്‍ എൻറെ ശരീരം വേദനകൊണ്ട് പുളയുന്നുവെങ്കില്‍…
ഞാനോർത്തുപോകും: മഹാനായ അയ്യൂബ് നബി(അ) എത്രയോ മടങ്ങ് രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന്!

അപ്പോള്‍,
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരും സച്ചരിതരും അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാകും.

അപ്പോള്‍,
എന്നെ ബാധിച്ച പരീക്ഷണങ്ങള്‍ മുഴുവനും എനിക്ക് നിസ്സാരമായിത്തോന്നും. പരീക്ഷണങ്ങളിലെല്ലാം എനിക്ക് ക്ഷമിക്കാനുമാകും.

എങ്കിൽ,
പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?

ഹസ്ബിയല്ലാഹു വ നിഅ്മൽ വകീൽ
എനിക്കല്ലാഹു മതി, അവനാണ് ഭരമേൽപ്പിക്കപ്പെടാൻ യോഗ്യൻ