സുദൃഢമായ ഹൃദയബന്ധത്തിന് പ്രവാചകൻറെ മൊഴിമുത്തുകൾ

2310

പുഞ്ചിരിയോടെ അഭിമുഖീകരിക്കുക

പുഞ്ചിരി സ്‌നേഹാർദ്രമാണ്. കമനീയമാണ്. ഹൃദയ പ്രകാശത്തിൻറെ ബഹിർസ്ഫുരണവുമാണ്. ആത്മബന്ധത്തിന് ഉറപ്പു പകരാൻ പുഞ്ചിരിക്ക് കഴിവേറെയാണ്.

ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്‍റെ സഹോദരനെ അഭിമൂഖീകരിക്കുന്നതും സ്വദക്വതന്നെയാണ്.” (തിര്‍മിദി)

സലാം പറയുക

അന്യോന്യം കണ്ടുമുണ്ടുന്പോൾ അഭിവാദ്യം ചൊല്ലുന്നത് അഥവാ സലാം പറയുന്നത് പ്രാർത്ഥനയാണ്. മനസ്സിനെ മനസ്സോടു ചേർക്കുന്ന ഹൃദയാഭിമുഖ്യമാണ്. കറ കലരാത്ത സ്നേഹമാണ്.

അബൂഹുറയ്റ(റ) നിവേദനം. പ്രവാചകൻ(സ്വ) അരുളി: നിങ്ങൾ വിശ്വാസികളാകാത്തിടത്തോളം നിങ്ങൾക്ക് സ്വർഗ്ഗ പ്രവേശം സാധ്യമല്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാത്തിടത്തോളം വിശ്വാസികളാകാനും സാധ്യമല്ല. പരസ്പരം സ്നേഹിക്കാൻ ഞാനൊരു വഴി പറഞ്ഞുതരാം: നിങ്ങൾക്കിടയിൽ അസ്സലാമു അലൈക്കും എന്ന അഭിവാദ്യം നിങ്ങൾ സാർവ്വത്രികമാക്കുക. (മുസ്ലിം)

ഹസ്തദാനം ചെയ്യുക

സഹോദരനെ കണ്ടുമുട്ടുന്പോൾ സ്നേഹപൂർവ്വം അവൻറെ കരംഗ്രഹിക്കുക. അത് വിശ്വാസത്തിൻറെ ഗുണമാണ്. കൈകൾ തമ്മിൽ ഒത്തുചേരുന്പോൾ അവ ഹൃദയങ്ങളോട് സംസാരിക്കുകയാണ്. പാപമുക്തിയാണ് ഹസ്തദാനത്തിൻറെ പ്രതിഫലം.

ബർറാഅ് ബ്നു ആസിബ്(റ) നിവേദനം. അല്ലാഹുവിൻറെ ദൂതൻ(സ്വ) അരുളി: രണ്ട് മുസ്ലിമുകൾ പരസ്പരം കാണുന്നവേളയിൽ ഹസ്തദാനം ചെയ്യുന്നുവെങ്കിൽ, അവരിരുവരും പിരിഞ്ഞു പോകും മുന്പെ അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അഹ്മദ്, അബൂദാവൂദ്)

കുശലാന്വേഷണം നടത്തുക

എന്നും കാണാറുള്ള ഒരു സഹോദരനെ, ഒരിക്കൽ കാണാതാകുന്പോൾ അവനെക്കുറിച്ചൊന്ന് അന്വേഷിച്ചു നോക്കൂ. തന്നെക്കുറിച്ച് തൻറെ സഹോദരൻ അന്വേഷിച്ചിരിക്കുന്നൂ എന്നറിയുന്പോൾ അവന്നുണ്ടാകുന്ന സന്തോഷമെത്രയായിരിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. സ്നേഹം കൺമുന്നിൽ മാത്രമല്ല കാണാമറയത്തും കത്തിനിൽക്കണം. പ്രവാചകനെ കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശദീകരത്തിൽ ഇപ്രകാരം കാണാം:

ഹിന്ദ് ബ്നു അബീ ഹാല നിവേദനം. പ്രവാചകൻ(സ്വ) തൻറെ അനുചരന്മാരെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. ജനങ്ങളുടെ ജീവിതാവസ്ഥകളെ സംബന്ധിച്ച് അദ്ദേഹം അവരോട് തിരക്കുമായിരുന്നു. (തിർമിദി അദ്ദേഹത്തിൻറെ അശ്ശമാഇലിൽ ഉദ്ധരിച്ചത്)

സൌമ്യമായി സംസാരിക്കുക

സൌമ്യത ഹൃദയവർണ്ണമാണ്. വിശ്വാസത്തിൻറെ പ്രസന്നതയാണ്. സൌമ്യതക്ക് വാക്കിലും പ്രവൃത്തിയിലും സൌന്ദര്യം ചാലിച്ചു ചേർത്താനാകും. പ്രവാചക സംസാരത്തിൻറെ സൌന്ദര്യം അതിലെ സൌമ്യതയാണെന്ന് കാണാനാകും. ഹൃദയം കവരാൻ സൌമ്യമായ വാക്കുകൾക്ക് വശ്യതയുണ്ട്.

ആയിഷ(റ) നിവേദനം. പ്രവാചകന്റെ സംസാരം ഓരോ വാക്കുകളും എണ്ണിയെടുക്കാന്‍ പറ്റും വിധം സൗമ്യമായതായിരുന്നു. (ബുഖാരി)

വര്‍ത്തമാനത്തില്‍ മിതത്വം

സംസാരം ഹൃദയ വികാരത്തിന്റെ വിവര്‍ത്തനമാണ്. കേള്‍ക്കുന്നവനെ ആകര്‍ഷിക്കുന്നതാകണം അത്. വൃഥാ സ്തൂലമായ സംസാരം ആരിലും വെറുപ്പുണ്ടാക്കുമെന്ന തിരിച്ചറിവ് വിശ്വാസിയിലുണ്ടാകണം. പ്രവാചകന്റെ സംസാരം മിതമായിരുന്നു; അതീവ ലളിതവും. വായ്തോരാതെ, അഹങ്കാരപൂർവ്വം സംസാരിക്കുന്നവരെ കുറിച്ച് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.

ജാബിർ(റ) നിവേദനം. നബി(സ്വ) അരുളി: വൃഥാ കൃത്രിമമായി സംസാരിക്കുന്നവരും, ആളുകളെപ്പറ്റി ധാരാളം അനാവശ്യ വർത്തമാനങ്ങൾ പറയുന്നവരും, അഹങ്കാരത്തോടെ അമിതമായി സംസാരിക്കുന്നവരും അന്ത്യനാളിൽ എനിക്ക് ഏറ്റവും വെറുപ്പുള്ളവരാണ്, അവർ എന്നിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവരുമാണ്. (തിർമിദി)

സ്നേഹം അറിയിക്കുക

വിശ്വാസികൾ സഹോദരങ്ങളാണ്. നിരന്തരം പരസ്പരം സ്നേഹിക്കേണ്ടവർ. സ്നേഹം ഉത്തേജിപ്പിക്കാത്ത വിശ്വാസം സന്പൂർണ്ണമാകില്ലെന്ന് നേരത്തെ നാം വായിച്ചിട്ടുണ്ട്. എനിക്ക് താങ്കളെ ഇഷ്ടമാണ് എന്ന വാചകം ഹൃദയത്തിൽ നിന്ന് പറിച്ചു കാണിക്കുന്ന പനിനീർപ്പൂവാണ്. ആരും കൊതിക്കുന്ന നിറവും മണവുമുള്ള പനിനീർ. പ്രവാചകൻറെ ഒരു സാരോപദേശമുണ്ട്.

മിഖ്ദാദ് ബ്നു മഅദ് യകരിബ്(റ) നിവേദനം. പ്രവാചകൻ(സ്വ) അരുളി: നിങ്ങളിലൊരാൾ തൻറെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ, താൻ അവനെ സ്നേഹിക്കുന്നൂ എന്ന വിവരം സഹോദരനോടവൻ അറിയിക്കട്ടെ. (അബൂദാവൂദ്, തിർമിദി)

അപരനു വേണ്ടി പ്രാർത്ഥിക്കുക

പ്രാർത്ഥന ആരാധനയാണ്. അത് ആശ്വാസവുമാണ്. സ്വന്തത്തിനു വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന സ്വാർത്ഥത മുസ്ലിമിൻറേതല്ല. തൻറെ നന്മകൾക്കായി കൊതിക്കുകയും അതിന്നായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു കൂട്ടുകാരനെ, ഒരു സഹോദരനെ ആരും ആഗ്രഹിക്കുന്നുണ്ട്. കാണാമറയത്തിരുന്ന് തനിക്കായി പ്രാർത്ഥിക്കുന്ന ആ സഹോദരനോട് ഒരാൾക്കുണ്ടാകുന്ന സ്നേഹവും ബഹുമാനവും വിലമതിക്കാനാകാത്തതാണ്. ജീവതത്തിൽ അവർക്കിടയിൽ നിലവിൽ വരുന്ന സ്നേഹബന്ധം ഇഴമുറിയാത്തതാണ്. പ്രവാചകൻ(സ്വ)യുടെ മൊഴിമുത്തുകൾ വായിച്ചു നോക്കൂ.

അബുദ്ദർദാഅ്(റ) നിവേദനം. അല്ലാഹുവിൻറെ ദൂതൻ(സ്വ) അരുളി: ഒരു മുസ്ലിം ദാസൻ തൻറെ സഹോദരൻറെ നന്മക്കായി, അവൻറെ അസാന്നിധ്യത്തിൽ പ്രാർത്ഥിക്കുന്നുവെങ്കിൽ, നിനക്കും ആ നന്മയുണ്ടാകട്ടെ എന്ന് അല്ലാഹുവിൻറെ മലക്ക് പ്രതിവചിക്കുന്നതാണ്. (മുസ്ലിം)

പരസ്പര സ്‌നേഹമാണ് സാമൂഹ്യ ജീവതത്തെ സന്തുഷ്ടം സജീവമാക്കി നിര്‍ത്തുന്നത്. പരസ്പര സ്‌നേഹത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് കാരുണ്യത്തിന്റെ പ്രവാചകന്‍ (സ്വ) ജീവിച്ചു കാണിച്ചു തന്നിട്ടുള്ളത്. ആ മാതൃകയാകണം നമ്മുടെ ജീവിതത്തേയും ധന്യമാക്കേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍