മഴ പരീക്ഷണമാവുമ്പോൾ

2116

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ മാത്രമല്ല അനുഗ്രഹങ്ങള്‍. അവനില്‍ നിന്നുണ്ടാകുന്ന പരീക്ഷണങ്ങളും അനുഗ്രഹങ്ങളാണ്. മുഅ്മിനുകളുടെ വിശ്വാസപരമായ നിലപാട് ഇതാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ആധികാരികമായ നിലപാട്.

തോരാത്ത മഴയും മഴക്കെടുതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാമുള്ളത്. മഴ ലഭിച്ചില്ലെങ്കില്‍ പരാതിയാണ് മനുഷ്യര്‍ക്ക്. മഴ ലഭിച്ചാലും പരാതി തന്നെ. മഴ ലഭിക്കാതിരിക്കുന്നതും മഴ പേമാരിയായിത്തീരുന്നതും മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാലാണ് ഈ പരാതികള്‍.

കാലവര്‍ഷക്കെടുതികള്‍ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നൂ എന്നതിനാല്‍ കാലത്തേയും ദൈവത്തേയും നിരങ്കുശം ശപിക്കുന്നവരുണ്ട്. മഴയും പ്രളയവും അരങ്ങു വാഴുന്ന ഈ മാസത്തിനു മുമ്പ്, അതൊന്നുമില്ലാതെ സ്വസ്ഥമായി ജീവിച്ച കുറച്ചു മാസങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നതു പോലും അത്തരക്കാര്‍ മറന്നു പോകുകയാണ്. പ്രസ്തുത മാസങ്ങളും അവയിലെ അനുകൂലമായിരുന്ന കാലാവസ്ഥകളും അല്ലാഹു തന്നെയാണ് തങ്ങള്‍ക്ക് തന്നിരുന്നത് എന്നും അവര്‍ വിസ്മരിക്കുന്നു.

എന്റെയും നിങ്ങളുടേയും പ്രകൃതമാണിത്. അനുഗ്രഹങ്ങളും ഉപജീവനങ്ങളും ജീവിത സുഖങ്ങളുമൊക്കെ ദൈവത്തില്‍ നിന്നും ലഭിക്കുമ്പോള്‍ അവനെപ്പോലും മറന്നു കൊണ്ടുള്ള അത്യാഹ്ലാദത്തിലാണ് നമ്മള്‍. അനുഭവിക്കുന്ന കാരുണ്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ് എന്ന് മനസ്സിലാക്കി, അതിന്നുള്ള നന്ദിപ്രകടനമെന്നോണം അവന്റെ ധാര്‍മ്മികോപദേശങ്ങളെ  ജീവിതത്തില്‍ ഉള്‍ക്കൊള്ളാനും പാലിക്കാനും നാം മനസ്സുകാണിക്കാറില്ല. അതേ സമയം, ജീവതത്തിലെന്തെങ്കിലും പ്രയാസങ്ങളെ അല്ലാഹു പരീക്ഷണങ്ങളായി നല്‍കിയാല്‍ ഉടനെ അവനെ ഓര്‍ക്കുകയായി. മറ്റൊന്നിനുമല്ല; അവനെ ആക്ഷേപിക്കാന്‍! അവന്റെ വിധിയെ പഴിക്കാന്‍! ദൈവമില്ല എന്ന് പ്രസംഗിച്ചു നടക്കുന്നവനും അപ്പോള്‍ ചോദിക്കും: എവിടെ നിങ്ങളുടെ ദൈവം? നിങ്ങളുടെ ദൈവം ഇത്ര ക്രൂരനോ? എന്ന്.

അല്ലാഹു പറഞ്ഞതാണു ശരി. “ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അവന്‍ സമാധാനമടഞ്ഞുകൊള്ളും. അവന്നു വല്ല പരീക്ഷണവും നേരിട്ടാലൊ, അവന്‍ അവന്റെ പാട്ടിലേക്കു തന്നെ മറിഞ്ഞു കളയുന്നതാണ്. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.” (ഹജ്ജ്/11)

എന്നാല്‍ ജീവിതത്തിലനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും പരീക്ഷണങ്ങളും അല്ലാഹുവിന്റെ സംവിധാനമാണ് എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ മുഅ്മിനുകള്‍ മേലെ സൂചിപ്പിച്ച വിധമുള്ളവരാകില്ല. അവരെപ്പറ്റി പ്രവാചക തിരുമേനി (സ്വ) പറഞ്ഞത് വായിച്ചാല്‍ അക്കാര്യം ബോധ്യമാകും.

മുഅ്മിനിന്റെ കാര്യം അത്ഭുതം തന്നെ. അവന്റെ ജീവിതത്തിലെ സകലതും നന്മയാണ്. മുഅ്മിനിന്നു മാത്രമേ അത്തരമൊരവസ്ഥയുള്ളൂ. സന്തോഷങ്ങള്‍ ലഭിച്ചാല്‍ അവന്‍ അല്ലാഹുവിനോട് നന്ദികാണിക്കും. അത് അവന്ന് ഗുണമാണ്. വല്ല പ്രയാസങ്ങളുമാണ് സംഭവിക്കുന്നതെങ്കിലോ, അവന്‍ സഹനം കൈക്കൊള്ളും. അതും അവന്ന് ഗുണമാണ്. (മുസ്ലിം)

പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവരെ കുറിച്ചുള്ള ഖുര്‍ആനിക പ്രസ്താവനയും മറ്റൊന്നല്ല.

“തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ അഥവാ ആ ക്ഷമാശീലര്‍ പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കു തന്നെ മടങ്ങേണ്ടവരുമാണ്, എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍.” (ബഖറ/156, 157)

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പലഭാഗങ്ങളും മഴ തിമര്‍ത്തു പെയ്യുകയാണ്. പ്രളയവും ദുരന്തങ്ങളും മനുഷ്യ ജീവനുകളെടുക്കുന്നു. ആവാസ സ്ഥലങ്ങള്‍ വാസയോഗ്യമല്ലാത്ത വിധം ചളിയില്‍ പുതയുന്നു. കിടപ്പാടങ്ങളും കൃഷിസ്ഥലങ്ങളും തകര്‍ന്നടിയുന്നു. ദുരന്തനിവാരണ സംവിധാനങ്ങള്‍ നിസ്സഹായവസ്ഥയില്‍ നോക്കി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് നിലവിലുള്ളതുപോലുള്ള പ്രളയവും കെടുതികളും അനുഭവിച്ചവരാണ് നമ്മളില്‍ പലരും. പ്രളയാനന്തര ജീവതത്തില്‍ എന്തു പുനര്‍വിചിന്തനമാണ് നമ്മിലുണ്ടായത്? എത്ര നിലപാടുകളെയാണ് നാം തിരുത്തിയെഴുതിയത്? ഏതെല്ലാം അവിവേകങ്ങളേയാണ് നാം കയ്യൊഴിച്ചത്? എത്രമാത്രം അടുത്ത ബന്ധമാണ് അല്ലാഹുവുമായി നാം സ്ഥാപിച്ചെടുത്തത്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയാനാകുമൊ നമ്മള്‍ക്ക്?

കാലത്തേയും അതിലെ പ്രതിഭാസങ്ങളേയും പഴിപറയുന്നവരും ആക്ഷേപിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. വെയിലൊന്നു കൂടിയാല്‍ നശിച്ച വെയിലെന്ന് പറയുന്നവര്‍. മഴയൊന്നു കൂടിയാല്‍ പണ്ടാര മഴയെന്ന് ശാപവാക്ക് ഉരുവിടുന്നവര്‍. നശിച്ച കാലമെന്നും ഒടുക്കത്തെ കാലമെന്നുമൊക്കെ നീരസത്തോടെ നിരാശയോടെ അധിക്ഷേപിക്കുന്നവര്‍! സഹോദരങ്ങളേ, ഈ പ്രവണത നമ്മുടെ വിശ്വാസത്തെ സാരമായി ബാധിക്കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള കോപം വിളിച്ചു വരുത്തുന്നതാണ്. അനാവശ്യവും അപകടകരവുമായ ഇത്തരം ദൈവനിന്ദകമായ വര്‍ത്തമാനങ്ങള്‍ മുഅ്മിനുകളായ നമ്മുടെ നാവില്‍ നിന്ന് ഒരിക്കലും വരാതെ സൂക്ഷിക്കണം. കാലത്തെ പഴിച്ചു പറയുന്നതിനെ നബി(സ്വ) ഗൗരവത്തോടെ വിലക്കിയിട്ടുണ്ട്. ഒരു ക്വുദ്‌സിയായ ഹദീസ് വായിക്കുക:

അല്ലാഹു പറയുന്നു: നശിച്ച കാലം എന്നാക്ഷേപിക്കുന്ന മനുഷ്യന്‍ എന്നോട് ദ്രോഹം ചെയ്യുകയാണ്. നിങ്ങളാരും തന്നെ നശിച്ച കാലം എന്ന് ദുഷിച്ചു പറയരുത്. ഞാന്‍ തന്നെയാണ് കാലം. എന്റെ കയ്യിലാണ് അധികാരം. ഞാനാണ് അതിലെ ദിനരാത്രങ്ങളെ ചലിപ്പിക്കുന്നത്. ഞാനുദ്ദേശിക്കുമ്പോള്‍ അവ രണ്ടിനേയും പിടിച്ചു നിര്‍ത്തുകയും ചെയ്യും. (മുസ്ലിം)

ഭൂമിയില്‍ നാമനുഭവിക്കുന്ന രാവും പകലും കാറ്റും വെയിലും മഴയുമൊക്കെ പടച്ച തമ്പുരാന്റെ വിധിയനുസൃതമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പ്രതിഭാസങ്ങളില്‍ നീരസം പ്രകടിപ്പിക്കുന്നതും അവയെ ശപിക്കുന്നതും ആക്ഷേപിക്കുന്നതും ഫലത്തില്‍ അല്ലാഹുവിനോട് നീരസം കാണിക്കുന്നതിനും അവനെ ആക്ഷേപിക്കുന്നതിനും തുല്യമാണ്. അതുവഴി ദൈവനിന്ദയാണ് നാം ചെയ്യുന്നത്.

മഴ അനുഗ്രഹമാണ്. പേമാരി പരീക്ഷണമാണ്. പ്രളയം ദുരന്തമാണ്. ഇന്ന് കേരളക്കരയില്‍ നമ്മള്‍ ഈ ദുരന്തത്തിന്റെ വക്കിലാണ്. മഴ ഇനിയും തോര്‍ന്നിട്ടില്ല. നാശനഷ്ടങ്ങള്‍ തുടരുകയാണ്. ഈ സന്നിഗ്ദ ഘട്ടത്തില്‍ മുഅ്മിനുകളെന്ന നിലക്ക് നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി അതിനനരുസരിച്ച് പ്രവര്‍ത്തിക്കലാണ് വിവേകം. പരമ പരിശുദ്ധനായ അല്ലാഹുവാണ് സകല കാര്യങ്ങളുടേയും കര്‍ത്താവും നിയന്ത്രകനും. ദുരന്ത പരീക്ഷണങ്ങളില്‍ നിന്ന് രക്ഷലഭിക്കാന്‍ അവനോട് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുക. ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക. മഴ പേമാരിയിലേക്ക് വഴിമാറുമ്പോള്‍ പ്രവാചകന്‍ ചൊല്ലിയിരുന്ന ദുആ എല്ലാ സന്ദര്‍ഭങ്ങളിലും ഉരുവിടുക. അത് ഇപ്രകാരമാണ്:

اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا اللَّهُمَّ عَلَى الْآكَامِ وَالظِّرَابِ وَبُطُونِ الْأَوْدِيَةِ وَمَنَابِتِ الشَّجَرِ

അല്ലാഹുവേ, (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ (ഒരു ശിക്ഷയാക്കി) ഞങ്ങളുടെ മേല്‍ നീ ആക്കരുതേ. അല്ലാഹുവേ, ഈ മഴയെ മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ് വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ. (ബുഖാരി, മുസ്ലിം)

സഹോദരങ്ങളേ,  നാമിന്നനുഭവിക്കുന്ന പ്രളയക്കെടുതികളില്‍ നിന്നുള്ള രക്ഷക്കായി പ്രപഞ്ചനാഥനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. ഇന്ത്യാ രാജ്യത്ത് ഏതെല്ലാം ഭാഗങ്ങളില്‍ മഴദുരന്തങ്ങള്‍ നിലനില്‍ക്കുന്നുവൊ അവിടങ്ങളിലെല്ലാം അല്ലാഹുവേ, നിന്റെ കാരുണ്യത്താല്‍ സുരക്ഷയും സമാധാനവും നല്‍കേണമേ. മുഴുവന്‍ ജനങ്ങള്‍ക്കും അവരുടെ പരീക്ഷണങ്ങളില്‍ നിന്ന് ഔദാര്യപൂര്‍വം മുക്തി നല്‍കേണമേ. ആമീന്‍