തൂത്തുവാരിയോ, ഭക്ഷണം പാകം ചെയ്‌തോ, വസ്ത്രങ്ങള്‍ അലക്കിയോ ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ് സ്ത്രീകള്‍. ഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള വെറും പരിചാരികയോ, അനുസരണയുള്ള ഒരു കളിപ്പാവയോ ആയി അവളെ മാറ്റിയിരിക്കുന്നു. പക്ഷേ, അവള്‍ അങ്ങനെയാവേണ്ടവളല്ല.
തിരക്കുപിടിച്ച ജോലിഭാരങ്ങള്‍ക്കിടയില്‍ പല ഭര്‍ത്താക്കന്മാരും വൈവാഹിക ജീവിതമൂല്യവും ഭാര്യമാരോടുള്ള കടപ്പാടും മറന്നുപോകുന്നു. അതിന്റെ ഫലമായി, അവര്‍ തന്നെ തന്റെ ഇണയും മക്കളുമടങ്ങുന്ന കുടുംബമെന്ന അടിത്തറ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് കുടുംബഭദ്രതയെ അല്ലലുകളുടേയും അലട്ടലുകളുടേയും പടുകുഴിയിലേക്ക് തള്ളിവിടുന്നു. തന്റെ ഭാര്യ എന്താണെന്നും കുടുംബമെന്നാലെന്താണെന്നും ഇതുവരെ തിരിച്ചറിയാത്ത ഭര്‍ത്താക്കന്മാര്‍ മതശിക്ഷണങ്ങള്‍ ലഭിച്ച കുടുംബങ്ങളില്‍ പോലും കണ്ടുവരുന്നു.
അല്ലാഹുവിന്റെ ആജ്ഞാനുസരണങ്ങള്‍ അതേപടി പാലിക്കുകയും മറുവശത്ത് ഭാര്യമാരോടുള്ള പെരുമാറ്റ മര്യാദയില്‍ മറവി ബാധിക്കുകയും ചെയ്ത പല മുസ്‌ലിം ഭര്‍ത്താക്കന്മാരുടേയും അവസ്ഥ ഏറെ ദുഃഖകരമാണ്. പുറമെ കരുണയുള്ളവരും ക്ഷമാശീലനും ചിരിതൂകുന്നവനുമൊക്കെ ആണെങ്കിലും തിരിച്ച് വീട്ടിലെത്തിയാല്‍ തന്റെ ഭാര്യക്കുനേരെ ക്ഷോഭിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്നവരുമാണവര്‍. തന്റെ ഞെരുക്കങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ ഭാര്യയുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാന്‍ പല ഭര്‍ത്തക്കന്മാര്‍ക്കും സാധിക്കുന്നില്ല.
അവള്‍ക്കൊരിത്തിരി വിശ്രമം വേണമെന്ന കാര്യം അവന്‍ പാടെ മറക്കുന്നു. വീടിന് പുറത്തുള്ള തന്റെ ജോലി കുടുംബത്തിന്റെ ഉപജീവനത്തിന് അത്യാവശ്യമാണെന്നിരിക്കെ തന്നെ തന്റെ ഭാര്യയുടെ വീട്ടിലെ ജോലികള്‍ ഒരിക്കലും നിസ്സാരമാക്കാവതല്ല. ആരോഗ്യകരമായ കുടുംബത്തിന് ഏറെ അനിവാര്യമാണത്. ഒരു നല്ല കുടുംബം ഉണ്ടാകുന്നത് അവളുടെ പരിശ്രമം കൊണ്ടുകൂടിയാണ്. ഭാര്യ ഒന്നവളെ സഹായത്തിന് വിളിച്ചാല്‍ അത് തനിക്ക് നാണക്കേടാണെന്ന് കരുതുന്നവരാണ് പല ഭര്‍ത്താക്കന്മാരും. അല്ലാഹുവിന്റെ പ്രിയദൂതന്‍ മുഹമ്മദ് നബി(സ) തന്റെ ഭാര്യമാരെ സഹായിച്ചിരുന്നെന്ന് അവര്‍ക്കറിയില്ലേ? സ്വന്തമായി നല്ല ഭക്ഷണം പാകം ചെയ്യുകയും മറ്റു സ്ത്രീകള്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യാറുള്ള മഹാനായ ഉമര്‍ ബിന്‍ ഖത്താബിനെ അവര്‍ക്കറിയില്ലേ? ഒരു ഭര്‍ത്താവും അവന് എത്ര ജോലിത്തിരക്കുണ്ടായാലും മാനവരാശിക്ക് ഇസ്‌ലാമിന്റെ പ്രകാശമെത്തിക്കേണ്ട പ്രവാചകനോളം തിരക്കുള്ളവനാകില്ലല്ലോ? മഹാനായ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനോളം തിരക്കുള്ളവനാകില്ലല്ലോ..?
ചില ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ഒരു സ്‌നേഹവാക്കുപോലും കേള്‍ക്കാറില്ലെന്നത് ഏറെ അത്ഭുതകരമാണ്. തനിക്കേറ്റവും പ്രിയപ്പെട്ടതാരാണെന്ന് ചോദ്യത്തിന് പ്രിയപത്‌നി ആയിശയെന്നു പറയാന്‍ പ്രവാചകന്‍(സ്വ)ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഭാര്യയെ സ്‌നേഹിക്കുകയും അവള്‍ക്ക് തന്നില്‍ നിന്നുള്ള അവകാശം വകവെച്ചു കൊടുക്കുക്കാനും പ്രവാചകന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
തിരക്കുകള്‍ കാരണം തങ്ങളുടെ ഭാര്യമാരോട് ഒരു നല്ല വാക്ക് മിണ്ടുവാന്‍ പോലും മറന്നു പോകുന്നവരുണ്ട്. അവര്‍ ചിലപ്പോള്‍ പ്രബോധനപ്രവര്‍ത്തനങ്ങളിലാകാം. പ്രബോധനപ്രവര്‍ത്തനം ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാനാവത്ത ബാധ്യയാണെങ്കിലും തന്റെ ഭാര്യമാരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതിരിക്കാന്‍ ആര്‍ക്കും അനുവാദമില്ല.
‘നിങ്ങളിലേറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണെ’ന്ന പ്രവാചകവചനം ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറാനും അവരെ സ്‌നേഹിക്കാനും കല്‍പ്പിക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ ഭാര്യമാരോടൊത്ത് സമയം ചിലവഴിക്കുകയും അവരോട് സംസാരിക്കുകയും അവരോടൊത്ത് കളിചിരിയിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ പ്രിയപത്‌നി ഉമ്മുസലമ(റ)വിന്റെ, തലമുണ്ഡനം ചെയ്യാനും ബലിയറുക്കുവാനുമുള്ള നിര്‍ദ്ദേശം റസൂല്‍ വളരെ ഗൗരവത്തോടെ സ്വീകരിച്ചിരുന്നു. അതാണ് ആ സന്ധിയുടെ വിജയത്തിന് സഹായിച്ചതും.
കുഞ്ഞുങ്ങളെ വളര്‍ത്താനുള്ളവരായിട്ടാണ് പലപ്പോഴും മാതാക്കള്‍ നിര്‍വ്വചിക്കപ്പെടാറ്. എന്നാല്‍ കുഞ്ഞുങ്ങളെ വളര്‍ത്തല്‍ ഒരിക്കലും മാതാവിന്റെ മാത്രം ജോലിയല്ല. ഒരു കുടുംബത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ പിതാവിനും വലിയ പങ്കുണ്ട്. ഒരു കുഞ്ഞിന് പിതാവിന്റെ സാമീപ്യം അത്യാവശ്യമാണ്. അവരുടെ ഗൃഹപാഠങ്ങളെ കുറിച്ചും ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചും മതപരമായ അറിവിന്റെ ആഴവും പിതാവ് കൃത്യമായി അറിയേണ്ടതുണ്ട്. അവരോട് അതിനെക്കുറിച്ച് ചോദിക്കുന്ന, തങ്ങളുടെ അരികില്‍ എന്നും ഒരു താങ്ങായി വര്‍ത്തിക്കുന്ന പിതാവിനെയാണ് അവര്‍ ആഗ്രഹിക്കുന്നത്.
പ്രിയ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ ഇണയാണ്, മറുപകുതിയാണ്, നിങ്ങളുടെ ജീവിതസഖിയുമാണ്. അവള്‍ നിങ്ങളുടെ ഇഹലോകത്തിലെ ‘ഹസന’യും (നന്മ) ജീവിതത്തിലെ അനുഗ്രഹവുമാണ്. പക്ഷേ, അവള്‍ക്കതാകാനുള്ള അവസരം നിങ്ങള്‍ നല്‍കിയാല്‍ മാത്രം. നിങ്ങളുടെ ചുണ്ടുകളില്‍ പുഞ്ചിരിയുടെ പൂചെണ്ടുകള്‍ വിരിയിക്കാനും കണ്ണുകളിലെ കണ്ണുനീര്‍ വറ്റിക്കുവാനും കഴിവുള്ളവളാകുന്നു അവള്‍. കുടുംബത്തില്‍ ഈമാനിന്റെ വെള്ളരിപ്രാവും സന്തോഷത്തിന്റെ തിരമാലകളും പ്രചോദനത്തിന്റെ ആര്‍ത്തിരമ്പലുകളും കൊണ്ടുവരാന്‍ കെല്‍പ്പുള്ളവളാകുന്നു അവള്‍. കുടുംബത്തിന്റെ വിജയത്തിനും ആനന്ദത്തിനും വേണ്ടി ഏതു ത്യാഗവും സഹായിക്കാന്‍ തയ്യാറുള്ളവരാണവര്‍.
നിങ്ങള്‍ വിചാരിക്കുന്നതു പോലെ വിവാഹം ഒരിക്കലും ഭാരത്തിന്റെ കൂമ്പാരമോ ദുഃഖത്തിന്റെ കടിഞ്ഞാണോ സമ്മാനിക്കുന്ന ഒന്നല്ല. ബന്ധത്തിന്റെ അടിത്തറ ദൃഢവും അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തവുമാണെങ്കില്‍ ഏതു വെല്ലുവിളിയെയും നിശ്ശേഷം തട്ടിമാറ്റാനാകും. എല്ലാ ഭര്‍ത്താക്കന്മാരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ഭാര്യയുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വിഭാഗം ഭര്‍ത്താക്കന്മാരോടാണിത്. സന്തോഷവും ദൃഢവുമായ ഒരു മുസ്‌ലിം കുടുംബം ഇണകള്‍ക്കിടയിലെ നല്ല ഉറച്ച പങ്കാളിത്തം വഴിയേ ഉണ്ടാകൂ എന്ന ഖുര്‍ആനികാധ്യാപനം ഏറെ പ്രസക്തമാണ്. (30:21)