ഒരു കാര്യമുണ്ട്, ആരോടും പറയരുത്

3356

നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ വിശ്വാസീ സഹോദരങ്ങള്‍ക്കിടയിലെ മികച്ച സ്നേഹത്തിന്‍റേയും ചന്തമാര്‍ന്ന ബന്ധത്തിന്‍റേയും മകുടോദാഹരണങ്ങളാണ്.

നിത്യജീവിതത്തില്‍, പൊതുരംഗത്തും വ്യക്തിമേഖലയിലും നിറഞ്ഞു നില്‍ക്കുന്ന രഹസ്യങ്ങളുടെ ഗൗരവമറിയാതെ പരസ്യമാക്കി ആഘോഷിക്കുന്നവര്‍ ആളുകളില്‍ എത്രയോ ഉണ്ട്. വ്യക്തിയുടെ ദീനീനിഷ്ഠയേയും, സ്വഭാവ ശുദ്ധിയേയും, മാനുഷിക ബന്ധങ്ങളേയും സാരമായി ബാധിക്കുന്ന പ്രശ്നമാണ് ഇത്. മുസ്ലിമിന്‍റെ ജീവിതത്തില്‍ രഹസ്യങ്ങള്‍ക്ക് ഗണ്യമായ പ്രാധാന്യമുണ്ട്. അവ സൂക്ഷ്മതയോടെ പരിരക്ഷിക്കുന്നതില്‍ അവന്‍റെ മേല്‍ ബാധ്യതയുമുണ്ട്.

സത്യത്തില്‍ എന്താണ് രഹസ്യം? ഹൃദയങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന, ആര്‍ക്കും കാണാനാകാത്ത സംഗതി; അതാണു രഹസ്യം. അവയെ നെഞ്ചില്‍ തന്നെ ഒതുക്കി വെക്കാനും, ജനങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കാനും അതീവ ഹൃദയ സാന്നിധ്യമുള്ളവര്‍ക്കേ സാധിക്കൂ. സ്വന്തം ദേഹേച്ഛകളെ അതിജയിക്കാനും ലോകമാന്യ ചിന്തയെ പ്രതിരോധിക്കാനും ശേഷിയുള്ള ആളുകള്‍ക്ക്. അവര്‍ക്കാണ് രഹസ്യങ്ങളുടെ മൂടിയും മറയും തകര്‍ക്കുന്നതില്‍ നിന്ന് നാവുകളെ പിടിച്ചു നിര്‍ത്താനാകൂ. എന്നന്നേക്കുമായി രഹസ്യക്കലവറയില്‍ അവയെ ഒളിച്ചുവെക്കാനാകൂ.യഥാര്‍ഥത്തില്‍ രഹസ്യങ്ങളെ രഹസ്യങ്ങളായിത്തന്നെ പരിരക്ഷിച്ചുവെക്കുന്ന തിലാണ് ഓരോരുത്തരുടേയും വിജയമിരിക്കുന്നത് തന്നെ.

രഹസ്യം എന്നര്‍ഥമുള്ള സിര്‍റ് എന്ന പദം വ്യത്യസ്ത രൂപത്തില്‍ 32 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. പ്രസ്തുത പദം വന്നിട്ടുള്ള ഭൂരിഭാഗം ആയത്തുകളിലും പരസ്യമായി, പ്രത്യക്ഷമായി എന്നതിന്‍റെ വിപരീതമായിട്ടാണ് അത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ചിലയിടങ്ങളില്‍ പ്രകടമാക്കാതിരിക്കുക, ഗോപ്യമാക്കുക എന്നീ അര്‍ഥങ്ങളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍, രഹസ്യം എന്നാല്‍ പരസ്യമാകാത്തത്, പരസ്യമാക്കാന്‍ പാടില്ലാത്തത് എന്ന് സാമാന്യമായി പറയാവുന്നതാണ്.

രഹസ്യം സൂക്ഷിക്കുക എന്നാല്‍ അതിനെ പരസ്യമാക്കാതെ മറച്ചുവെക്കുക എന്നാണര്‍ഥമെന്ന് നാം മനസ്സിലാക്കി. ഗോപ്യമാക്കി വെക്കേണ്ട ഒരു സംഗതി വെളിവാക്കി കഴിഞ്ഞാല്‍ അതിനെ പിന്നെ രഹസ്യമെന്നു പറയുന്നതല്ല. ആരെങ്കിലും ഏതെങ്കിലുമൊരു കാര്യം ഒരു വ്യക്തിയോടൊ, വ്യക്തികളോടൊ പറയുകയും, ആ കാര്യം പരസ്യപ്പെടുത്തരുത് എന്നും, തങ്ങളില്‍ നിന്ന് ഒരു കാരണവശാലും കൈവിട്ട് പോകരുത് എന്നും ആവശ്യപ്പെടുകയും ചെയ്താല്‍, ആ വ്യക്തികള്‍ പ്രസ്തുത കാര്യത്തെ പരമ രഹസ്യമായി സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരായി. നമ്മുടെ സഹോദരങ്ങള്‍ പറയുന്ന ഒരു കാര്യം രഹസ്യ സ്വഭാവമുള്ളതാണൊ എന്നറിയാന്‍, ‘ഇത് രഹസ്യമാണ്’ എന്ന് നമ്മോടയാള്‍ പ്രത്യേകം പറയേണ്ടതില്ല. നബി(സ്വ)യുടെ ഒരു ഹദീസ് കാണുക.
ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം നബി(സ്വ) അരുളി: “ഒരാള്‍ ആരൊടെങ്കിലും ഒരു കാര്യം പറയുകയും ശേഷം അയാള്‍ (ഇടം വലം) തിരിഞ്ഞു നോക്കുകയും ചെയ്താല്‍ അക്കാര്യം പിന്നെ അമാനത്തായിത്തീര്‍ന്നു.” (തിര്‍മിദി) താന്‍ പറഞ്ഞത് മറ്റാരും കേള്‍ക്കരുത്, അത് രഹസ്യമാണ് എന്നതിന്‍റെ സൂചനയാണ് അയാള്‍ ഇടം വലം നോക്കിയതു കൊണ്ടുള്ള അര്‍ഥം.

രഹസ്യം അമാനത്താണ്. അതിനെ ജനമധ്യേ പ്രചരിപ്പിക്കുന്നത് വഞ്ചനയാണ്. വിശ്വസിച്ചവനോടുള്ള ചതിയും കരാറുപാലനത്തിലുള്ള അനീതിയുമാണ്. ജീവിതത്തിലെ ഏതെങ്കിലുമൊരു പ്രവൃത്തിയൊ, വാക്കൊ പുറത്തു പറയരുതേ എന്ന് പറഞ്ഞ് ആരെങ്കിലും തന്നോട് വല്ല രഹസ്യവും ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത കരാറു പാലിക്കാന്‍ എല്ലാവരും ബാധ്യസ്തരാണ്. വഞ്ചന, ചതി, കരാറു ലംഘനം എന്നിവ അല്ലാഹു ഹറാമാക്കിയ സംഗതികളാണ്. വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

“അവരില്‍ അധികപേര്‍ക്കും കരാറുപാലിക്കുന്ന സ്വഭാവം നാം കണ്ടില്ല. തീര്‍ച്ചയായും അവരില്‍ അധികപേരെയും ധിക്കാരികളായിത്തന്നെയാണ് നാം കണ്ടെത്തിയത്.” (അഅ്റാഫ്/102)

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.” (അന്‍ഫാല്‍/27)

അനസ്(റ) നിവേദനം. ഓരോ ഖുതുബയിലും നബി(സ്വ) ഞങ്ങളോട് പറയാറുണ്ടായിരുന്നു: “വിശ്വസ്തത കാത്തു സൂക്ഷിക്കാത്തവന്ന് ഈമാനില്ല. കരാറ് പാലിക്കാത്തവന്ന് ദീനുമില്ല.” (അഹ്മദ്)

രഹസ്യങ്ങളുടെ മറകള്‍ പൊളിച്ച് ജനമധ്യേ അവ പരസ്യപ്പെടുത്തുന്നതിലൂടെ സംഭിവിക്കാവുന്ന വിപത്തുകളെന്തൊക്കെയാണെന്ന് ആലോചിച്ചാല്‍ മാത്രം മതി, അതിന്‍റെ നിഷിദ്ധത നമുക്ക് സുതരാം ബോധ്യപ്പെടുന്നതാണ്. രഹസ്യങ്ങള്‍ പരസ്യമാക്കപ്പെട്ടതു നിമിത്തം എത്രയെത്ര വിവാഹ ജീവിതങ്ങളാണ് തകര്‍ന്നടിഞ്ഞിട്ടുള്ളത്! എത്രയെത്ര ആത്മമിത്രങ്ങളാണ് ശത്രുക്കളായി പരിണമിച്ചിച്ചിട്ടുള്ളത്! എത്രയെത്ര നാശനഷ്ടങ്ങളാണ് ജീവിതത്തില്‍ വന്നു ഭവിച്ചിട്ടുള്ളത്! എത്രപേരുടെ അഭിമാനമാണ് നഷ്ടപ്പെട്ടു പോയത്. എത്രപേരുടെ കുടുംബബന്ധമാണ് വിനഷ്ടമായത്. സൂക്ഷിക്കേണ്ട രഹസ്യങ്ങളെ അനാവശ്യമായി പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ് അതെല്ലാം.

കൈവശമുള്ള ധനം സൂക്ഷിക്കുന്നവനേക്കാള്‍ കഴിവുള്ളവന്‍ നെഞ്ചകത്തുള്ള രഹസ്യം കാത്തു സൂക്ഷിക്കുന്നവനാണ് എന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ധനം കൈമോശം വരാതെ സൂക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍ രഹസ്യങ്ങള്‍ അങ്ങനെയല്ല. അത് പരസ്യമാകാതെ സംരക്ഷിക്കുക എന്നത് വളരെയധികം ശ്രമകരമാണ്. രഹസ്യങ്ങള്‍ പരസ്യമാകാന്‍ ഒരു നാക്കു പിഴവു സംഭവിച്ചാല്‍ മതി. അല്ലെങ്കില്‍ സംസാരമധ്യേയുള്ള ഒരു സൂക്ഷ്മതക്കുറവ്. പിന്നീടവയെല്ലാം അങ്ങാടിപ്പാട്ടായിത്തീരും.

അലി ബ്ന്‍ അബീ ത്വാലിബ്(റ) പറഞ്ഞു: “നിന്‍റെ കയ്യിലെ രഹസ്യം നിന്‍റെ തടവുപുള്ളിയാണ്. അതിനെ പറഞ്ഞു പരത്തിയാല്‍ പിന്നെ, നീയതിന്‍റെ തടവുപുള്ളിയാകും.”

ജീവിതത്തിന്‍റെ ഓരോ മേഖലയിലും രഹസ്യങ്ങളുടെ കലവറയുണ്ട്. സാമ്പത്തിക മേഖലയില്‍, രാഷ്ട്രീയ മേഖലയില്‍, യുദ്ധ മേഖലയില്‍, സാംസ്കാരിക മേഖലയില്‍ എന്നുവേണ്ട ഫാക്ടറികളില്‍, തൊഴില്‍ ശാലകളില്‍, കച്ചവട കേന്ദ്രങ്ങളില്‍, ഗവണ്‍മെന്‍റ് ഓഫീസുകളില്‍, കമ്പനികളില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍, സതീര്‍ഥ്യരും, കൂട്ടുകാരും, തൊഴിലാളികളുമടങ്ങുന്ന വൃത്തങ്ങളില്‍ എല്ലായിടങ്ങളിലും രഹസ്യങ്ങള്‍ സാര്‍വ്വത്രികമാണ്. ഏതൊരു വിഷയമാണൊ അന്യരില്‍ നിന്ന് ഗോപ്യമാക്കി വെക്കപ്പെടേണ്ടത് അക്കാര്യം രഹസ്യമാണ്. അതിനെ ഏതു വിധേന പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

അതേ സമയം, രഹസ്യ സൂക്ഷിപ്പിന്‍റെ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, അത് അല്ലാഹുവിനോടുള്ള ബാധ്യതകളേയും മുസ്ലിംകളോടുള്ള ബാധ്യതകളേയും യാതൊരു നിലക്കും ബാധിക്കാത്ത വിധമായിരിക്കണം എന്നതാണ്. അഥവാ തനിക്കറിയാവുന്ന രഹസ്യം അല്ലാഹുവിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതോ മുസ്ലിംകളുടെ അവകാശങ്ങളെ അപകടപ്പെടുത്തുന്നതോ ആണെങ്കില്‍ ഒരിക്കലുമത് മറച്ചുവെച്ചുകൂടാ. അത് ബന്ധപ്പെട്ടവരെ അറിയിക്കുക തന്നെ വേണം. ഈ രംഗത്ത് രഹസ്യം മറച്ചു വെക്കുക എന്നതല്ല അമാനത്ത്.

മറച്ചു വെക്കപ്പെടേണ്ട രഹസ്യങ്ങളെ കാത്തുസൂക്ഷിക്കുന്നവന്‍ ഇച്ഛാശക്തിയുളളവനാണ്. സ്വന്തം മനസ്സിനോട് ഏറ്റു മുട്ടാനും പിശാചിനെ പരാജയപ്പെടുത്താനും കഴിവുള്ള ശക്തന്‍. അങ്ങിനെയുള്ള ഒരു വ്യക്തിയാണ് ഇണങ്ങാനും, സൗഹൃദത്തിലേര്‍പ്പെടാനും, പെരുമാറുമാറാനും ഏതൊരാള്‍ക്കും യോഗ്യന്‍.

ചിലര്‍ക്ക് തങ്ങളുടെ കൈവശമുള്ള രഹസ്യങ്ങള്‍ തങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കേണ്ട നിര്‍ബന്ധിതാവസ്ഥയുണ്ടാകും. ഒന്നുകില്‍ പ്രസ്തുത രഹസ്യങ്ങളെപ്രതി അവരുമായി കൂടിയാലോചിക്കാനാകും. അതല്ലെങ്കില്‍ കുമിഞ്ഞു കൂടിയ രഹസ്യങ്ങളാലുള്ള മാനസിക പ്രയാസങ്ങളെ ലഘൂകരിക്കുന്നതിനു വേണ്ടിയാകും. ഏതു കാരണത്താലായാലും ശരി, താന്‍ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് ദീനീ നിഷ്ഠയും, വിവേകവും വിശ്വസ്തയുമുള്ള ഒരാളോടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യോഗ്യനായ രഹസ്യ സൂക്ഷിപ്പുകാരന്‍റെ ചില ഗുണങ്ങള്‍ മാവര്‍ദി രേഖപ്പെടുത്തിയിട്ടുണ്ട്. ‘അവന്‍ ശരിയായ വിവേകിയാകണം. ഉറച്ച മതബോധമുള്ളവനാകണം. നിത്യ ഗുണകാംക്ഷിയാകണം. നന്നായി സ്നേഹിക്കുന്നവനാകണം. തികഞ്ഞ രഹസ്യ സ്വഭാവക്കാരനാകണം.’

രഹസ്യ സൂക്ഷിപ്പ് അമാനത്താണെങ്കില്‍, അമാനത്ത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള സംഗതിയാണ്. മനുഷ്യന്‍ അല്ലാഹുവില്‍ നിന്നും കാര്യഗൗരവത്തോടെയാണ് അതിനെ ഏറ്റെടുത്തിട്ടുള്ളത്. അല്ലാഹു പറഞ്ഞു:
“തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.” (അഹ്സാബ്/72)

രഹസ്യങ്ങള്‍ കൈമാറുന്നതു പോലെത്തന്നെ ഗൗരവമുള്ളതാണ് രഹസ്യങ്ങള്‍ക്ക് കാതോര്‍ക്കുക എന്നതും. സമൂഹത്തില്‍ ഈ രണ്ട് പ്രവണതകളും സാര്‍വത്രികമാണ് എന്നതാണ് ഖേദകരം. ചുഴിഞ്ഞു നോട്ടങ്ങളെപ്പോലെ ചുഴിഞ്ഞു കേള്‍വികളും ആളുകളില്‍ നിലനില്‍ക്കുന്നുണ്ട്! നമ്മിലെ അധിക പേരും പ്രസ്തുത കാര്യത്തില്‍ നിസ്സാര മനോഭാവക്കാരാണ്. അതിന്‍റെ ദൂഷ്യമെന്താണെന്നും, അക്കാര്യത്തില്‍ ഇസ്ലാമിന്‍റെ വിധിയെന്താണെന്നും മനസ്സിലാക്കാത്തതു കൊണ്ടാകാം അത്. ഒരു ഹദീസ് ശ്രദ്ധിക്കുക.

ഇബ്നു അബ്ബാസ് നിവേദനം. പ്രവാചകന്‍(സ്വ) അരുളി: “തന്നെ ഇഷ്ടമില്ലാത്ത, തന്നെ കാണുമ്പോള്‍ മാറിക്കളയുന്ന ഒരു വിഭാഗം ആളുകളുടെ സംസാരത്തിന് ആരാണൊ ചെവിയോര്‍ക്കുന്നത്, അന്ത്യനാളില്‍ അവന്‍റെ കാതില്‍ ഉരുകിയ ഈയ്യമൊഴിക്കപ്പെടുന്നതാണ്.” (ബുഖാരി)

രഹസ്യങ്ങളെ പരസ്യമാക്കുന്നതിലൂടെ അന്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തി വെക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാനും നന്മകളില്‍ മാത്രം വ്യാപരിക്കാനും വിശ്വാസികള്‍ തങ്ങളുടെ മനസ്സിന് ശിക്ഷണം നല്‍കണം. ഏതു സന്ദര്‍ഭത്തിലും രഹസ്യങ്ങളുടെ ഗൗരവമറിഞ്ഞ് അവയെ സൂക്ഷിച്ചു വെക്കാന്‍ സ്വന്തത്തെ പരിശീലിപ്പിക്കുകയും വേണം. അതിന്ന് ചില സുപ്രധാന മാര്‍ഗങ്ങളുണ്ട്.
പരമ പരിശുദ്ധനായ അല്ലാഹു തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നൂ എന്ന ബോധമുള്ളവനാകുക. തന്‍റെ ഏത് നിഗൂഢതയും അല്ലാഹു അറിയുന്നുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍, വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട രഹസ്യം പരസ്യമാക്കിക്കൊണ്ട് അവനെ ധിക്കരിക്കാന്‍ മെനക്കെടുന്നതല്ല. എല്ലാ മുസ്ലിംകള്‍ക്കും നന്മയുണ്ടാകണമെന്ന് സദാ ആശിക്കുക. ഒരു മുസ്ലിം സഹോദരന്‍റെ അറിയാവുന്ന രഹസ്യങ്ങള്‍ പരസ്യമാക്കിയാല്‍ അയാള്‍ അകപ്പെടാന്‍ സാധ്യതയുള്ള അപകടങ്ങളെ തിരിച്ചറിയുക. യഥാര്‍ത്ഥ സാഹോദര്യത്തിന്‍റെ നിലനിലനില്‍പിന്, കരാറു പാലനം, വിശ്വസ്തത, കേള്‍ക്കുന്നവയെല്ലാം പരസ്യപ്പെടുത്താതിരിക്കല്‍ തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ അനിവാര്യമാണെന്ന് തിരിച്ചറിയുക. വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട രഹസ്യങ്ങള്‍ വെളിവാക്കുക എന്നത് സ്വന്തം സഹോദരനോട് കാണിക്കുന്ന അനീതിയാണ്, അക്രമമാണ് എന്ന് മനസ്സിലാക്കുക. പ്രസ്തുത അനീതിക്ക് വിചാരണാ നാളില്‍ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും എന്ന് ചിന്തിക്കുകയും ചെയ്യുക. രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുക വഴി ജനങ്ങള്‍ക്ക് തന്നിലുള്ള വിശ്വാസ്യതയാണ് നഷ്ടമാകുന്നതെന്ന് മനസ്സിലാക്കുക. ഏതൊരാള്‍ക്കും സമീപിക്കാനും, സംസാരിക്കാനും തന്‍റെ കാര്യങ്ങളില്‍ വിശ്വസ്തതയോടെ കൂടിയാലോചന നടത്താനും അനുയോജ്യനായ ഒരാള്‍ എന്ന പദവിയാണ് രഹസ്യം പരസ്യമാക്കുക എന്ന പ്രവണതയിലൂടെ ഒരാള്‍ക്ക് കൈമോശം വരുന്നത്.

ചുരുക്കത്തില്‍, വിശ്വാസികള്‍ ഗൗരവപൂര്‍വം പരിഗണിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യേണ്ട അമാനത്താണ് രഹസ്യം. അത് നിസ്സാരമല്ല. അമാനത്തുകള്‍ ലംഘിക്കപ്പെടുക എന്നത് ഏറ്റവും അപകടകരമായ സംഗതിയാണ്. സഹജീവികളുടെ ഏതൊരു രഹസ്യവും പരസ്യമാക്കുന്നതോടെ വന്നു ഭവിക്കാവുന്ന വിപത്തുകളെ വിശ്വാസികള്‍ കരുതിയിരിക്കണം. ഈ രംഗത്ത് അക്രമവും അവിവേകവും വന്നു പോകാതിരിക്കാന്‍ എല്ലാവരിലും തീവ്രമായ ശ്രദ്ധയുണ്ടാകണം. അല്ലാഹു നമ്മെ നന്മകളിലേക്ക് വഴി നടത്തട്ടെ. ആമീന്‍