അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തില്‍ നിന്ന് ഐഹിക ജീവിതത്തില്‍ സ്വസ്ഥതയേകുന്ന നിര്‍ഭയത്വം ലഭിച്ചവരാണ് മുഅ്മിനുകള്‍. അവരുടെ ഭയരഹിതമായ ജീവിതത്തിന് പരലോകത്തോളം നീളമുണ്ട്.
എവിടെ ഭയം ഭരണം നടത്തുന്നുവോ അവിടെ പൗരന്‍റെ ജീവിതത്തിന് താളഭ്രംശം സംഭവിക്കും. യാത്ര ചെയ്യാന്‍ അവന്‍റെ മുമ്പില്‍ പാതയുണ്ടാകാം; പക്ഷെ, അവന്‍ മുന്നോട്ടു നടക്കില്ല. നേടിയെടുക്കാന്‍ അവന്‍ കണ്ട ഒരു ലക്ഷ്യമുണ്ടാകാം; പക്ഷെ, അവന്‍ അതിന്നു വേണ്ടി ശ്രമിക്കാനൊരുങ്ങില്ല. വിശ്രമിക്കാന്‍ അവന്നൊരു വീടുണ്ടാകാം; പക്ഷെ, അതിന്നുള്ളില്‍ മനസ്സ് വിട്ടൊന്നുറങ്ങാന്‍ അവന്ന് സാധിക്കില്ല. കൈവശം ഇഷ്ടാനുസരണം ഭക്ഷിക്കാന്‍ വിഭവങ്ങളുണ്ടാകാം; പക്ഷെ, അതില്‍ നിന്നെന്തെങ്കിലും ആസ്വദിച്ചു കഴിക്കാന്‍ അവന്ന് കഴിയുകയില്ല. ജീവിതത്തെ മുച്ചൂടും ഭരിക്കുന്നത് ഭയമായിരിക്കെ പിന്നെങ്ങനെയാണ് ഈ വക കാര്യങ്ങളിലൊക്കെ ആശ്വാസത്തോടെയും സമാധാനത്തോടെയും ഒരു വ്യക്തിക്ക് ഇടപെടാനാകുക?!
യഥാര്‍ത്ഥ മുഅ്മിന്‍ ഇവിടെ തീര്‍ത്തും വ്യത്യസ്തനാണ്. അവന്‍റെ ഈമാന്‍ അവനിലുണ്ടാക്കുന്ന മൗലിക ഗുണമാണ് അംന് അഥവാ നിര്‍ഭയത്വമെന്നത്. ഏതു സന്നിഗ്ദ ഘട്ടങ്ങളിലും ധീരനായിരിക്കുക എന്നതായിരിക്കും അവന്‍റെ ശീലം. അതിന് കൃത്യമായ കാരണമുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്‍റെ കിടയറ്റ നിര്‍മ്മാണത്തിലും കണിശമായ നിയന്ത്രണത്തിലുമാണ് ലോകത്തിന്‍റെ നിലനില്‍പ്പും സഞ്ചാരവുമെന്ന് ബോധ്യം വന്നവനാണ് മുസ്ലിം. അവന്‍റെ നിയമങ്ങള്‍ക്കും നീതികള്‍ക്കുമാണ് അധീശത്വവും അപ്രമാദിത്വമുള്ളത് എന്നവനറിയാം. അതിനെ വെല്ലാവുന്ന ഒന്നും ദുനിയാവിന്‍റെ അകപുറങ്ങളിലില്ല. ഈ അറിവാണ് സത്യവിശ്വാസിയെ ജീവിതത്തില്‍ എപ്പോഴും ധീരനാക്കി നിര്‍ത്തുന്നത്. അതു കൊണ്ടു തന്നെ, തന്‍റെ സ്രഷ്ടാവില്‍ നിന്നും ഔദാര്യമായി ലഭിച്ച സന്മാര്‍ഗ്ഗത്തിന്‍റെ പാതയിലൂടെ നടക്കാന്‍ അവന്ന് യാതൊരു മടിയും ഭയവുമുണ്ടാകില്ല. തന്‍റെ വിശ്വാസ യാത്രയില്‍ പ്രതിബന്ധങ്ങളും പരീക്ഷണങ്ങളും ഇല്ലാത്തതു കൊണ്ടല്ല അത്. അവയെ നേരിടാനും കീഴടക്കാനുമുള്ള ദൈവിക സഹായം ലഭ്യമാകുമെന്ന ബോധമുള്ളതുകൊണ്ടും ചങ്കുറപ്പുള്ളതു കൊണ്ടുമാണ്. അല്ലാഹു പറഞ്ഞു:
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്‍റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (അല്‍ബഖറ: 38)
ഇസ്ലാമിന്‍റെ ശത്രുക്കള്‍ മുഅ്മിനുകളുടെ ഈ അതിശയകരമായ ആത്മസ്ഥൈര്യത്തെ എക്കാലത്തും ഭയപ്പെട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ മുസ്ലിംകളുടെ ആത്മശേഷിയുടെ ശോഷണത്തിനു വേണ്ടിയുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ശത്രുസംഘം എപ്പോഴും പ്രയോഗിച്ചു വരുന്നുമുണ്ട്. അവയില്‍ ഏറ്റവും പുരാതനവും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതുമായ തന്ത്രമാണ് സാമൂഹ്യാന്തരീക്ഷത്തിലെ ഭീതി സൃഷ്ടിപ്പ്.
നിസ്സാര പ്രശ്നത്തെ പര്‍വ്വതീകരിച്ചു കൊണ്ട്, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ട്, അടിസ്ഥാനമില്ലാത്ത ആശങ്കകള്‍ പ്രചരിപ്പിച്ചു കൊണ്ട്, ആള്‍ക്കൂട്ട ആക്രമങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട്, അവയുടെ ചിത്രങ്ങളും വീഡിയോകളും പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വ്യാപിപ്പിച്ചു കൊണ്ട്, ഇങ്ങനെ വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാണ് മനുഷ്യ വിരുദ്ധ സംഘങ്ങള്‍ സമൂഹത്തില്‍ ഭീതി സൃഷ്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, ലോകത്തിന്‍റെ മിക്ക സാഹചര്യങ്ങളിലും തത്പരകക്ഷികള്‍ ഇത്തരം ഭീതി സൃഷ്ടിപ്പുകള്‍ നടത്തി പൊതു സമൂഹത്തിന്‍റെ മനോബോധത്തില്‍ അസ്വസ്ഥതകള്‍ പണിതെടുക്കാറുണ്ട്. അരിക്ഷിതാവസ്ഥയും നിരാശ്രയബോധവും വ്യക്തികളിലും സമൂഹത്തിലുമുണ്ടാക്കിയാല്‍ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പൊങ്ങിവരില്ല എന്ന കാര്യം അവര്‍ക്കറിയാവുന്നത് കൊണ്ടാണ്ടാണത്. ഭയം നിറഞ്ഞ മാനസികാവസ്ഥയുമായി ജീവിക്കുന്ന ഒരാള്‍ക്ക് സ്വസ്ഥതയോടെയും ധൈര്യത്തോടെയും കഴിഞ്ഞു കൂടാന്‍ സാധിക്കുകയില്ല. പ്രതികരണ ശേഷിയില്ലാത്ത അടിമത്തം രൂപപ്പെടുന്നത് അങ്ങനെയാണ്. ചാണയിലിട്ടു പഴുപ്പിച്ച കാരിരുമ്പില്‍ ആഞ്ഞടിക്കാന്‍ കൂടമുയര്‍ത്തി നില്‍ക്കുന്ന ഒരു അടിമ, യജമാനന്‍റെ കയ്യിലെ വെറുമൊരു ചാട്ടവാറിനു മുന്നില്‍ ചൂളി നില്‍ക്കുന്നത് അതു കൊണ്ടാണ്.
കത്തിയുടേയും കാവിയുടേയും ശൂലത്തിന്‍റേയും കുറുവടിയുടേയുമൊക്കെ മുന്നില്‍ ഭയന്നു നില്‍ക്കുന്ന വെറും അടിമകളെ സൃഷ്ടിക്കാന്‍, ഭയപ്പാടിന്‍റെ അന്തരീക്ഷ നിര്‍മ്മാണത്തിലാണ് ഇവിടുത്തെ ഫാഷിസ്റ്റു ശക്തികള്‍. മതമുപയോഗിച്ച് മനുഷ്യര്‍ക്കിടയില്‍ പകയുടേയും ആക്രമണത്തിന്‍റേയും വികാരങ്ങളുണ്ടാക്കാനും സ്നേഹ സാഹോദര്യങ്ങളുടെ ചന്തമാര്‍ന്ന സൗധങ്ങളെ തച്ചുതകര്‍ക്കാനുമാണ് അവരുടെ യത്നങ്ങള്‍ മുഴുവനും! എന്നാല്‍, ഒരു മുസ്ലിം എന്ന നിലക്ക് തന്‍റെ മുന്നിലുണ്ടാകുന്ന പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും സ്വീകരിക്കേണ്ട നിലപാടെന്താണ്? ആദര്‍ശ ജീവിതത്തില്‍ നിന്ന് അകറ്റാനുള്ള ഭയപ്പെടുത്തലുകള്‍ പുതുതായുണ്ടായതല്ല എന്ന് കൃത്യമായി ബോധ്യമുള്ളവരാണ് മുസ്ലിമുകള്‍. ബോധപൂര്‍വ്വമോ തെറ്റുധാരണയുടെ അടിസ്ഥാനത്തിലോ, ഇസ്ലാമിനോട് അന്ധവും തീവ്രവുമായ നിലപാടു വെക്കുന്ന ചില ആളുകളും സംഘടനകളും നിരന്തരം ഭയപ്പാടു സൃഷ്ടിപ്പില്‍ വ്യപൃതരാകുന്നത് കാണുമ്പോള്‍ നമുക്ക് ഓര്‍മ്മ വരേണ്ടത് വിശുദ്ധ ഖുര്‍ആനിലെ ഒരു ആയത്താണ്. എന്തു കൊണ്ടെന്നാല്‍, അതാണ് മുസ്ലിമിന്‍റെ മാറാത്ത നിലപാട്.
“ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.” (ആലു ഇംറാന്‍: 173)
സുപ്രധാനമായ മൂന്നു പാഠങ്ങളാണ് ഈ വിശുദ്ധ വചനം സത്യവിശ്വാസികള്‍ക്ക് നല്‍കുന്നത്. ഒന്ന്, ഭയപ്പെടുത്തലുകള്‍ക്ക് പഴക്കമുണ്ട്. രണ്ട്, ഭയപ്പെടുത്തലുകളില്‍ ചൂളുകയല്ല, വിശ്വാസം ബലപ്പെടുകയാണ് വേണ്ടത്. മൂന്ന്, ഞങ്ങള്‍ അല്ലാഹുവിന്‍റെ സംരക്ഷണയിലാണ്, അവന്‍ മതി രക്ഷകനായി ഞങ്ങള്‍ക്ക് എന്ന ധീരമായ പ്രഖ്യാപനം. ശക്തവും ആത്മാര്‍ത്ഥവുമായ ഈ മൂന്ന് നിലപാടുകളിലാണ് മുസ്ലിംകളുടെ ജീവിതമെങ്കില്‍ നിര്‍ഭയത്തത്തോടെ ജീവിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാകില്ല. മരണം വരിക്കുന്നതു പോലും ധീരമായിട്ടായിരിക്കും.
പ്രവാചക സ്വഹാബത്തില്‍ രൂഢമൂലമായിരുന്ന ഈ വിശ്വാസപരമായ നിലപാടുകളാണ് ഭയാന്തരീക്ഷങ്ങള്‍ക്കിടയിലും നിര്‍ഭയരായി ജീവിക്കാന്‍ അവരെ പ്രാപ്തരാക്കിയത്.
മുകളില്‍ വായിച്ച ആയത്തിന്‍റെ ഘടനയും ആശയവും സൂക്ഷ്മതയോടെ ശ്രദ്ധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന സുപ്രധാനമായ മറ്റൊരു കാര്യമുണ്ട്. ‘ആളുകള്‍ നിങ്ങള്‍ക്കെതിരെ സൈനിക ശേഷി സജ്ജമാക്കുന്നൂ, നിങ്ങള്‍ ഭയന്നോളൂ’ എന്ന മുനാഫിഖുകളുടെ ഭീതിപ്പെടുത്തലിനോട് അതേ നാണയത്തില്‍ തന്നെ ഭീഷണയുടെ സ്വരമുയര്‍ത്തുകയല്ല പ്രവാചക സ്വഹാബികള്‍ ചെയ്യുന്നത്. അല്ലാഹുവിലുള്ള തങ്ങളുടെ വിശ്വാസ ദൃഢതയും അവന്‍റെ സഹായ ഹസ്തത്തിലുള്ള പ്രതീക്ഷയും, അവന്‍ തങ്ങള്‍ക്കു മതിയായവനാണെന്ന തികഞ്ഞ ആശ്വാസവും സധീരം പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്തത്. ശത്രുവിനെ കണ്ടുമുട്ടാനും അവരുമായി പോരാടാനും സദാ രക്തദാഹികളായി ഇരിക്കുന്നവരായിരുന്നില്ലല്ലൊ മഹാന്‍മാരായ സ്വഹാബികള്‍? അങ്ങനെയുള്ള സ്വഭാവക്കാരാകാന്‍ മുഹമ്മദു നബി(സ്വ) അവരെ പഠിപ്പിച്ചിട്ടുമില്ല. മറിച്ച്, നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കരുതെന്നും, സൗഖ്യ സാഹചര്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നുമാണ് തിരുമേനി(സ്വ) അവര്‍ക്ക് നല്‍കിയ ഉപദേശം.
അതാണ് സത്യം. നിലവിലെ ഇസ്ലാമിക സാഹചര്യത്തേക്കാള്‍ പരിതാപകരമായ അവസ്ഥകള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എണ്ണത്തിലും വണ്ണത്തിലും ഏറെ പിന്നില്‍ നിന്നിരുന്ന ഇസ്ലാമിന്‍റെ ആദ്യഘട്ടത്തില്‍ പ്രതിയോഗികളുടെ ഭീഷണികളാലും യുദ്ധങ്ങളാലും മുസ്ലിംകള്‍ മുഴുവനും എന്നോ നാമാവശേഷമായിത്തീരേ ണ്ടതായിരുന്നു. അങ്ങനെയൊന്നുണ്ടായിട്ടില്ല. അപ്രകാരം ഇനിയൊട്ടുണ്ടാകുകയുമില്ല. നിസ്സന്ദേഹം ഇപ്രകാരം പറയാന്‍ ഒരു മുസ്ലിമിന് ധൈര്യം നല്‍കുന്ന ഹേതുവെന്താണ്? ഖുര്‍ആനിലതിന്നുള്ള ഉത്തരമുണ്ട്.
“നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.” (അന്‍ഫാല്‍: 26)
ഭയപ്പാടിന്‍റെ സാഹചര്യങ്ങള്‍ വിട്ടൊഴിയില്ല. ഭീഷണികളുടേയും ആക്രമണങ്ങളുടേയും യുദ്ധങ്ങളുടേയും മാത്രം ഭീഷണാന്തരീക്ഷങ്ങളല്ല അത്. കുടിയൊഴിപ്പിക്കലിന്‍റെ, വേറാക്കൂറിന്‍റെ, ദാരിദ്ര്യത്തിന്‍റെ, അവകാശ നിഷേധങ്ങളുടെ, അന്യവലത്കരണത്തിന്‍റെ അങ്ങനെ ഒട്ടനവധി ഭയപ്പാടിന്‍റെ സാഹചര്യങ്ങള്‍ മുസ്ലിമിന്‍റെ ചുറ്റും എപ്പോഴുമുണ്ടാകാം. പക്ഷെ, അല്ലാഹുവിന്‍റെ കാവലിലും കാരുണ്യത്തിലും വിശ്വസിക്കുന്ന, അവന്‍റെ അലംഘനീയമായ വിധിനിര്‍ണ്ണയങ്ങളില്‍ മനസ്സുറപ്പിക്കുന്ന മുഅ്മിനുകള്‍ക്ക് അവയൊന്നും തന്നെ തങ്ങളുടെ വിശ്വാസ വഴിയിലെ തടസ്സങ്ങളായി അനുഭവപ്പെടുകയില്ല.
വിശ്വാസ ജീവിതത്തിലെ ഏതു സന്നിഗ്ദ ഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക. സത്യവിശ്വാസം നിലനിര്‍ത്തിയും സല്‍കര്‍മ്മങ്ങളില്‍ നിരതമായും ജീവിക്കുക. എങ്കില്‍, ഭൂമിയിലെ ആധിപത്യവും, ആദര്‍ശ ജീവിതത്തിനുതകുന്ന സൗകര്യവും, നിര്‍ഭയ സാഹചര്യവും അല്ലാഹു ഒരുക്കിത്തരും. മുസ്ലിം സമൂഹത്തിന്‍റെ സ്വസ്ഥവും സുഗമവുമായ ജീവിതത്തിന് തടസ്സമിടാമെന്ന വ്യാമോഹത്തില്‍ ഭയാന്തരീക്ഷ സൃഷ്ടിപ്പില്‍ മുഴുകിയിരക്കുന്നവരെ അല്ലാഹു നിരാശപ്പെടുത്തുകയേ ഉള്ളൂ.
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. (നൂര്‍: 55)
ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു നിർദ്ദേശമുണ്ട്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്ന, ക്രൂരമാം വിധം ചിത്രീകരിക്കപ്പെട്ട തല്ലിന്‍റെയും കൊല്ലിന്‍റെയും ചിത്രങ്ങളും ദൃശ്യങ്ങളും നമ്മെ ഭയപ്പെടുത്തി അടിമപ്പെടുത്താനുള്ള ശത്രു തന്ത്രങ്ങളാണ് എന്ന് തിരിച്ചറിയുക. അവയെ, വീണ്ടും വീണ്ടും ഫോര്‍വേഡ് ചെയ്ത് ദുര്‍ബ്ബല മനസ്സുകളില്‍ ആശങ്കയുടേയും ഭയത്തിന്‍റേയും വിത്തുപാകാന്‍ നമ്മളും കാരണക്കാരാകാതിരിക്കുക. അല്ലാഹുവാണ് മതിയായവന്‍. അവനിലാണ് മുഅ്മിനുകളുടെ അഭയം.