തൗഹീദിന്‍റെ ആഘോഷമാണ് ഈദുല്‍ അദ്ഹ. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്‍ക്ക് മനം നിറയെ ആഹ്ലാദിക്കാന്‍ അല്ലാഹു നല്‍കിയ രണ്ടവസരങ്ങളില്‍ ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചും, അവന്‍റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന വിശ്വാസീ ഹൃദയങ്ങളെ, ഒരുപാടു ചരിത്രങ്ങളും പാഠങ്ങളും ബലിപെരുന്നാള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഭൗതിക ജീവിതത്തിലെ കര്‍മ്മങ്ങള്‍ക്കും പാരത്രിക ജീവിതത്തിലെ നന്മകള്‍ക്കും ഉപകരിക്കുന്നവയാണ് പ്രസ്തുത ചരിത്രങ്ങളും പാഠങ്ങളും.
ദുൽഹിജ്ജയുടെ പിറവി കാണുന്നതോടെ വിശ്വാസികള്‍ മുഴുവനും ഉറക്കെയുതിര്‍ക്കുന്ന വിശുദ്ധമായൊരു പ്രഖ്യാപനമുണ്ട്. അല്ലാഹു മഹാന്‍, അല്ലാഹുവല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി വേറൊരു ഇലാഹില്ല, അല്ലാഹു മഹാന്‍, അവന്നാണ് സര്‍വ്വ സ്തുതിയും. ഇതാണാ പ്രഖ്യാപനം. ഈദിന്‍റെ മണവും മധുരവുമറിയാന്‍ വെമ്പുമ്പോഴും സത്യവിശ്വാസിയുടെ മനസ്സില്‍ നിറഞ്ഞു പൊങ്ങുന്ന ദൈവസ്മരണയുടെയും അവനോടുള്ള കൃതജ്ഞതയുടേയും പ്രകടനമാണിത്.
അല്ലാഹു പറഞ്ഞതു പോലെ; “നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടി.” (ബഖറ/185) അഥവാ, കാരുണ്യവാനായ അല്ലാഹുവിനെയും അവന്‍ നല്‍കിയ നന്മകളേയും ഓര്‍മ്മിക്കാതെയുള്ള ഒരു ആഘോഷവും മുസ്ലിമിന്നില്ല എന്നര്‍ഥം. രാവിലെ കുളിച്ച് ഉടുത്തൊരുങ്ങി മസ്ജിദുകളിലൊ ഈദുഗാഹുകളിലൊ തക്ബീറുകള്‍ മുഴക്കിയെത്തുന്ന വിശ്വാസികള്‍ തങ്ങളുടെ റബ്ബിന്‍റെ സന്ദേശങ്ങള്‍ ശ്രവിച്ചും, അവന്‍റെ മുന്നില്‍ നന്ദിയുടെ സാഷ്ടാംഗം നമിച്ചുും വിനീതരാകുകയാണ് ചെയ്യുന്നത്.
അനുഗ്രഹങ്ങളേറെ ചൊരിഞ്ഞവനില്‍ നിന്നുള്ള സന്തോഷ ദിനമാണിത്. ഈ നാളുവരേക്കും ജീവിതത്തില്‍ കഴിയുന്നത്ര ധാര്‍മ്മികത നിലനിര്‍ത്താന്‍ ശ്രദ്ധിച്ച താന്‍ ഇനിയങ്ങോട്ടും അതേ നിലവാരത്തില്‍ തന്നെയായിരിക്കും ജീവിക്കുക. പടച്ചവന്‍റേതായ വിധിവിലക്കുകള്‍ മറികടന്നു കൊണ്ടുള്ള ഒരു ആഘോഷവും തനിക്കില്ല. അനുവദിക്കപ്പെട്ട എല്ലാ ആഘോഷാനന്ദങ്ങളും അനുഭവിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുകയുമില്ല. അല്ലാഹുവേ നിന്നില്‍ നിന്ന് ലഭിച്ച ഹിദായത്തെന്ന നിഅ്മത്തിനെ ഓര്‍ത്ത് എനിക്കെങ്ങനെ ആഹ്ളാദിക്കാതിരിക്കാനാകും! അതിനെ പ്രതി നിന്‍റെ മഹത്വം വാഴ്ത്തുന്ന തക്ബീറുകള്‍ എനിക്കെങ്ങനെ മുഴക്കാതിരിക്കാന്‍ സാധിക്കും! അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്… ഈദു ദിനത്തിലെ സത്യവിശ്വാസിയുടെ ഹൃദയ വികാരങ്ങളാണ് ഇവയൊക്കെ.
നമസ്കാര ശേഷം ബലിദാനമാണ്. അല്ലാഹുവിന്നാകുന്നു തന്‍റെ സര്‍വ്വസ്വവും എന്ന പ്രഖ്യാപനം ഹൃദയം കൊണ്ട് നടത്തിയ മുഅ്മിന്‍, ആ പ്രഖ്യാപനത്തെ കര്‍മ്മം കൊണ്ട് സാര്‍ഥകമാക്കുകയാണ് ഇവിടെ. അല്ലാഹു പറഞ്ഞു: “പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.” (അന്‍ആം/162, 163)
ബലി അതിവിശിഷ്ഠമായ ആരാധനാ കര്‍മ്മമാണ്. തൗഹീദിന്‍റെയും ആത്മാര്‍പ്പണത്തിന്‍റേയും പ്രതീകമാണത്. അല്ലാഹുവിന്‍റെ സാമീപ്യം കൊതിക്കുന്ന സത്യവിശ്വാസിയില്‍ നിന്നുണ്ടാകുന്ന മഹല്‍കര്‍മ്മം. മുഹമ്മദ് നബി (സ്വ)യോട് അല്ലാഹു ആവശ്യപ്പെട്ടതാണത്. “ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.” (കൗഥര്‍/2) ബലിയര്‍പ്പിക്കപ്പെടുന്ന മൃഗങ്ങളുടെ മാംസ രക്താദികളല്ല അല്ലാഹുവിലേക്കെത്തുന്നത്. ബലിനല്‍കുന്ന മുസ്ലിമിന്‍റെ ഹൃദയത്തിലുള്ള തഖ്വയാണ്. അറുക്കുക എന്ന സ്രഷ്ടാവിന്‍റെ കല്‍പ്പനയോട് നാഥാ, അറുത്തിരിക്കുന്നൂ എന്ന അനുസരണം മുറ്റിനില്‍ക്കുന്ന തഖ്വ. അല്ലാഹു പറഞ്ഞു:
“അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു.” (ഹജ്ജ്/37)
ബലി ത്യാഗമാണ്. ജീവിതത്തില്‍ അല്ലാഹുവിന്നു വേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധമാണ് എന്ന മര്‍മ്മം ബലിയിലുണ്ട്. നമ്മുടെ വിശ്വാസ ജീവിതത്തിലേക്ക് ചേര്‍ത്തു വെക്കാന്‍ ചില അമൂല്യമായ പാഠങ്ങള്‍ ബലി പെരുന്നാള്‍ നല്‍കുന്നുണ്ട്. അല്ലാഹുവിന്‍റെ ഏകത്വവും ആരാധ്യതയും ജനങ്ങളെ പഠിപ്പിക്കാന്‍ എല്ലാം ത്യജിച്ച, എന്തും സഹിച്ച മഹാനായ ഇബ്റാഹീം നബി(അ)യുടെ അനര്‍ഘമായ ജീവിതത്തില്‍ നിന്നാണ് പ്രസ്തുത പാഠങ്ങള്‍. അദ്ദേഹത്തിലും കൂടെയുള്ളവരിലും സത്യവിശ്വാസികള്‍ക്ക് സുന്ദരമായ മാതൃകയുണ്ട് എന്ന പ്രഖ്യാപനം സൂറത്തു മുംതഹിനയിലെ നാലാം സൂക്തത്തില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്.
അല്ലാഹുവിന്‍റെ കല്‍പനകള്‍ക്കു മുന്നില്‍ ഇബ്റാഹീം നബി(അ) കാണിച്ച കീഴൊതുക്കം അനിതരമായിരുന്നു. ചോദ്യം ചെയ്യാത്ത, സംശയിച്ചു നില്‍ക്കാത്ത, സമ്പൂര്‍ണ്ണ വിധേയത്വത്തിന്‍റെ പ്രതീകമായിരുന്നൂ അദ്ദേഹം. നീ കീഴ്പ്പെടുക എന്ന ദൈവിക കല്‍പന കേട്ട മാത്രയില്‍ തന്നെ ഞാനിതാ ലോക രക്ഷിതാവിന്ന് കീഴ്പ്പെട്ടിരിക്കുന്നൂ എന്ന് പറഞ്ഞ വിനീത ദാസനാണ് ഖലീലുല്ലാഹ്(അ). പ്രപഞ്ചാധിപനായ അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങളെ എങ്ങനെ സമീപിക്കണമെന്ന അറിവ് ഇബ്റാഹീം നബി(അ)യുടെ ജീവിതത്തിലുണ്ട്. ത്യാഗത്തിന്‍റെ നിറക്കുടമായിരുന്നൂ അദ്ദേഹം.
അല്ലാഹുവിനോടുള്ള പ്രാര്‍ഥനയില്‍ ഒരിക്കലും മനസ്സു മടുക്കാത്ത വ്യക്തിത്വമായിരുന്നൂ ഇബ്റാഹീം പ്രവാചകന്‍(അ). ക്ഷമയും ദൈവികാനുഗ്രഹങ്ങളിലുള്ള പ്രതീക്ഷയും അദ്ദേഹത്തില്‍ നിന്നു വേണം നമ്മളൊക്കെ പഠിച്ചെടുക്കാന്‍. സദ്വൃത്തനായ ഒരു പുത്രനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രാര്‍ഥന എത്ര വര്‍ഷങ്ങളാണ് നീണ്ടത്! നിരാശയുടെ കണികയേശാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്. ആഗ്രങ്ങളും ആവശ്യങ്ങളും നിവൃത്തിച്ചു കിട്ടാന്‍ അല്‍പ ദിവസങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോഴേക്കും ആശ കൈവിടുകയും അവിവേകങ്ങള്‍ പ്രവര്‍ത്തിക്കുകയും അല്ലാഹുവിനെപ്പറ്റി അരുതാത്തത് കരുതുകയും ചെയ്യുന്നവര്‍, ഇബ്റാഹീം നബിയില്‍ നിന്ന് പഠിക്കുക തന്നെ വേണം.
ഒരു കുഞ്ഞിനു വേണ്ടിയുള്ള അദ്ദേഹത്തിൻറെ പ്രാര്‍ഥനക്ക് കാരുണ്യവാനായ അല്ലാഹു ഉത്തരം നല്‍കുന്നത് അദ്ദേഹത്തിന്‍റെ എണ്‍പത്തി അഞ്ചാം വയസ്സിലാണ്. സ്വാലിഹായ ഒരു മകനെ അല്ലാഹു കനിഞ്ഞു നല്‍കി; ഇസ്മാഈല്‍ (അ) എന്ന പുത്രനെ. ആ അനുഗ്രഹത്തെ കണ്‍കുളിര്‍ക്കെ കാണവെ, ആ ഹൃദയത്തിലുണ്ടായ ആഹ്ലാദത്തിന്‍റെ തോതളക്കാന്‍ ആര്‍ക്കാണ് സാധിക്കുക!
ദുനിയാവിലെ ആഹ്ലാദങ്ങള്‍ ഒരിക്കലും ശാശ്വതമല്ല. ഒന്നുകില്‍ അവ എന്നന്നേക്കുമായി നഷ്ടപ്പെടാം, അല്ലെങ്കില്‍ അവയില്‍ താത്കാലികമായ പരീക്ഷണങ്ങള്‍ സംഭവിക്കാം. അധിക ആളുകളും പക്ഷെ, ഈ രണ്ടവസരങ്ങളില്‍ നിന്ന് ഏത് സംഭവിച്ചാലും ശരി, വിധിയെ പഴിക്കാനും, നിരാശയില്‍ പതിക്കാനുമാണ് ഒരുങ്ങുക. ഇബ്റാഹീം നബി(അ) ഇവിടെയും നമുക്ക് മാതൃകയാണ്. രണ്ടാമതു പറഞ്ഞ സംഗതിയെ രണ്ടു പ്രാവശ്യമാണ് തന്‍റെ ജീവിതത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്!
ഒന്നാമത്തെ സന്ദര്‍ഭമിതാണ്: ദീര്‍ഘകാല പ്രാര്‍ഥനാ ഫലമായി തനിക്കു ലഭിച്ച പൊന്നു പുത്രന്‍റെ മുഖം കണ്ടു മതിവരും മുമ്പെയാണ്, ഭാര്യയേയും പൈതലിനേയും കൂട്ടി ഈജിപ്തില്‍ നിന്ന് മക്കയിലേക്ക് പലായനം ചെയ്യാനുള്ള അല്ലാഹുവിന്‍റെ കല്‍പന അദ്ദേഹത്തിന് ലഭിക്കുന്നത്. വെറുതെയൊരു സ്ഥലം മാറ്റത്തിനു വേണ്ടിയുള്ളതായിരുന്നില്ല പ്രസ്തുത കല്‍പന. കഅബക്കരികില്‍ ഭാര്യയേയും കൈകുഞ്ഞിനേയും തനിച്ചാക്കി പ്രബോധനത്തിനു വേണ്ടി പലസ്തീനിലേക്ക് തിരിക്കാനുള്ള ആഹ്വാനമായിരുന്നൂ അത്! അല്ലാഹുവിന്‍റെ പ്രസ്തുത ആഹ്വാനത്തെ ഇബ്റാഹീം പ്രവാചകന്‍(അ) സവിനയം ശിരസ്സാവഹിക്കുകയാണ് ചെയ്തത്!
കഅബാലയത്തിന്‍റെ അസ്ഥിവാരം മാത്രമുള്ള മക്ക അന്ന് വിജനമാണ്. ജലം വിരളമാണ്. ജീവിത സൗകര്യങ്ങള്‍ ദുര്‍ലഭമാണ്. തന്‍റെ സാമീപ്യമുണ്ടെങ്കില്‍ പോലും ജീവിതം ദുസ്സഹമാകുമായിരുന്ന ആ പ്രദേശത്തു വേണം തന്‍റെ ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കി ദൗത്യ നിര്‍വഹണാര്‍ഥം ഇബ്റാഹീം നബിക്ക് നാടുവിടേണ്ടിയിരുന്നത്. ആരുണ്ടാകും അവരെ സംരക്ഷിക്കാന്‍? ആരുണ്ടാകും അവരുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കൊടുക്കാന്‍? ഈ വക സംഗതികളൊന്നും പക്ഷെ, ഇബ്റാഹീം നബി(അ)യുടെ ചിന്തയെ അസ്വസ്ഥമാക്കിയതേയില്ല. ഭാര്യ ഹാജറയേയും കൈകുഞ്ഞ് ഇസ്മാഈലിനേയും അദ്ദേഹം കഅബാലയത്തിനരികിലാക്കി അല്ലാഹുവിലേക്ക് കയ്യുയര്‍ത്തി പ്രാര്‍ഥിച്ചു:
“ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം.” (ഇബ്റാഹീം/37)
വളര്‍ന്നു പ്രായമായ മകനെ തനിക്കു വേണ്ടി ബലി നല്‍കണമെന്ന അല്ലാഹുവിന്‍റെ കല്‍പനയാണ് രണ്ടാമത്തെ സന്ദര്‍ഭം. ഇവിടെയും ഇബ്റാഹിം നബി ചഞ്ചലനാകുന്നില്ല. അല്ലാഹുവിന്‍റെ അഭീഷ്ടം എന്തൊ അതാണ്, അവന്‍റെ അടിമയെന്ന നിലക്കുള്ള തന്‍റെ ധര്‍മ്മം എന്ന സമര്‍പ്പണ മനസ്ഥിതി മാത്രമായിരുന്നൂ അദ്ദേഹത്തില്‍ കുടികൊണ്ടിരുന്നത്. അതു കൊണ്ടു തന്നെ അല്ലാഹുവിന്‍റെ കല്‍പന കിട്ടിയ ഉടന്‍ തന്‍റെ പുത്രനോടായി കാര്യം പറഞ്ഞു. കര്‍മ്മ യോഗിയായ പിതാവിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന സല്‍പുത്രന്‍, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്,” എന്ന് മറുപടിയും പറഞ്ഞു!
മകന്‍റെ ചെന്നി ചെരിച്ചു കിടത്തി കഴുത്തില്‍ കത്തി താഴ്ത്തും മുമ്പെ, തന്‍റെ പരീക്ഷണത്തിലെ ഇബ്രാഹീമി(അ)ന്‍റെ വിജയം അല്ലാഹു പ്രഖ്യാപിച്ചു. ജീവിതത്തില്‍ ആകസ്മികമായി വന്നെത്തുന്ന പരീക്ഷണങ്ങളുടെ പ്രഥമ ഭാഗത്തു വെച്ചു തന്നെ തീര്‍ത്തും പരാജയപ്പെടുന്ന നമുക്കൊക്കെയുള്ള തിരുത്താണ് ഇബ്റാഹീം നബി(അ); അല്ലാഹു പറഞ്ഞതു പോലെ, ‘ഇബ്രാഹീമിന് സമാധാനം!’
ബലി പെരുന്നാളിന്‍റെ ആഹ്ലാദദിനങ്ങളെ ആഘോഷത്തിനെടുക്കുമ്പോഴും, ഖലീലുല്ലാഹി ഇബ്റാഹീം നബി(അ)ക്ക് പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്ന് ലഭിച്ച ‘സമാധാന ആശംസ’ നേടാന്‍ നാമോരോരുത്തരും ത്യാഗത്തിനൊരുങ്ങുക. സമാധാനത്തിന്‍റെ ഭവനം സ്വര്‍ഗമാണ് എന്ന ചിന്തയോടെ സല്‍കര്‍മ്മ പഥത്തില്‍ മത്സരിച്ചധ്വാനിക്കുക. അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്.