സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്

1660

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ മുസ്ലിമും പ്രപഞ്ച നാഥന്‍റെ തൃപ്തിയും അവനില്‍ നിന്നുള്ള ഉതവിയും ലഭ്യമാകുന്നതിന്ന് നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ജീവിതത്തില്‍ സൂക്ഷ്മതയും ധര്‍മ്മ നിഷ്ഠയും നിലനിര്‍ത്തിപ്പോരാന്‍ അല്ലാഹുവിന്‍റെ തൗഫീഖ് അനിവാര്യമാണ് എന്ന് മനസ്സിലാക്കുന്നവനാണ് ഒരു യഥാര്‍ത്ഥ വിശ്വാസി.

സ്വന്തം ജീവിതത്തിന്‍റെ ലക്ഷ്യമെന്താണൊ അതിലേക്കാവശ്യമായ വഴികളും സൗകര്യങ്ങളും ആ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഉതവികളുമാണ് തൗഫീഖ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചിന്തകളും വികാരങ്ങളും താത്പര്യങ്ങളും അവയവങ്ങളുമൊക്കെ അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുതകും വിധം സൗകര്യപ്പെട്ടു കിട്ടുക എന്നത് തൗഫീഖാണ്. അല്ലാഹുവില്‍ നിന്നു മാത്രമാണ് അതിന്‍റെ ലഭ്യത. ദുനിയാവിലെ ജീവതത്തില്‍ ഭൗതിക വിഭവങ്ങളും ഉപജീവനങ്ങളും തടസ്സമില്ലാതെ തുറന്നു കിട്ടുന്നതാണ് തൗഫീഖ് എന്ന് കരുതുന്നവര്‍ നമുക്കിടയിലുണ്ട്. ഈ ധാരണയെ തിരുത്തുന്ന പ്രവാചക തിരുമേനി(സ്വ)യുടെ ഒരു പ്രസ്താവന ഇമാം അഹ്മദ്(റ) തന്‍റെ മുസ്നദില്‍ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്: “അല്ലാഹു നിങ്ങള്‍ക്ക് ഉപജീവനങ്ങള്‍ വീതിച്ചു നല്‍കിയതു പോലെ നിങ്ങള്‍ക്കാവശ്യമുള്ള സ്വഭാവങ്ങളും അവന്‍ വീതിച്ചു തന്നിട്ടുണ്ട്. താനിഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും അല്ലാഹു ദുനിയാവിലെ വിഭവങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ താനിഷ്ടപ്പെടുന്നവര്‍ക്കു മാത്രമാണ് ദീനീനിഷ്ഠ നല്‍കുകയുള്ളൂ.” അല്ലാഹുവിന്‍റെ ഈ ഇഷ്ടവും ഇസ്ലാമിന്‍റെ ആദര്‍ശാധിഷ്ഠിതമായ ജീവത സൗകര്യവുമാണ് തൗഫീഖു കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്.

ഈ പറഞ്ഞ അര്‍ത്ഥത്തിലുള്ള തൗഫീഖ് അല്ലാഹുവില്‍ നിന്നും തനിക്ക് ലഭിക്കുന്നുണ്ടൊ എന്നറിയാന്‍ നമ്മുടെ മുന്നിലുള്ള ലക്ഷണങ്ങളും മാര്‍ഗ്ഗങ്ങളും അനവധിയുണ്ട്. ശാരീരികവും സാമ്പത്തികവും വാചികവുമായ ഒരുപാട് സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ കല്‍പ്പിക്കപ്പെട്ടവരും അവയെ സംബന്ധിച്ച അറിവുകളുള്ളവരുമാണല്ലൊ നമ്മള്‍. പ്രസ്തുത രംഗങ്ങളിലെ സല്‍കര്‍മ്മങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശ്രദ്ധയും താത്പര്യവും കണിശതയും നമ്മള്‍ പാലിക്കുന്നുണ്ട് എങ്കില്‍ അല്ലാഹുവിന്‍റെ തൗഫീഖിനു നമ്മള്‍ വിധേയരായിരിക്കുന്നൂ എന്ന് ഉറപ്പിക്കാം.

അനസ്(റ) നിവേദനം. പ്രവാചക തിരുമേനി അരുളി: “അല്ലാഹു ഒരു ദാസന്ന് വല്ല നന്മയും ചെയ്യാനുദ്ദേശിച്ചാല്‍ അവന്ന് സൗകര്യം ചെയ്തു കൊടുക്കുന്നതാണ്. സ്വഹാബികള്‍ ചോദിച്ചു: സൗകര്യം ചെയ്യുക എന്നതു കൊണ്ട് എന്താണ് റസൂലേ, അര്‍ത്ഥമാക്കുന്നത്? അദ്ദേഹം പറഞ്ഞു:  മരിക്കും മുമ്പ് സല്‍കര്‍മ്മം ചെയ്യാനുള്ള തൗഫീഖ് അല്ലാഹു അവന്ന് നല്‍കും എന്നാണ് അതിന്‍റെ സാരം.” (തിര്‍മിദി)

അബൂ സ്വഫ് വാന്‍ അബ്ദുല്ലാഹി ബ്നു ബിശ് റുല്‍ അസ്ലമി (റ) നിവേദനം. നബി(സ്വ) പറഞ്ഞു: ആയുസ്സ് നീണ്ടു കിട്ടുകയും കര്‍മ്മങ്ങള്‍ നന്നാകുകയും ചെയ്തവനാണ് ജനങ്ങളിലെ ഉത്തമന്‍. (തിര്‍മിദി) അല്ലാഹുവില്‍ നിന്ന് ദീര്‍ഘായുസ്സ് ലഭിക്കുന്നതും ലഭ്യമായ ആയുഷ്കാലം മുഴുവന്‍ സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ ഉതവി കിട്ടുന്നതും തൗഫീഖാണ് എന്ന പാഠം ഈ ഹദീസില്‍ നിന്ന് വായിച്ചെടുക്കാം.

നമ്മളെ വിജയത്തിലേക്ക് നയിക്കുന്ന വിശുദ്ധ ദീനിന്‍റെ വിജ്ഞാനങ്ങളില്‍ അറിവ് അധികരിച്ചു കിട്ടുന്നത് അല്ലാഹുവില്‍ നിന്നുള്ള തൗഫീഖായി കണക്കാക്കാവുന്നതാണ്. അറിവന്വേഷിച്ചു കൊണ്ടുള്ള യാത്രയും ശ്രമവും എല്ലാവര്‍ക്കും ഫലപ്രാപ്തി നല്‍കിക്കൊള്ളണമെന്നില്ല. എന്നാല്‍ അല്ലാഹുവിന്‍റെ പ്രത്യേകമായ കാരുണ്യം സിദ്ധിക്കുന്നവര്‍ക്ക് ദീനറിവുകളില്‍ ആധിക്യമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മുആവിയ(റ) നിവേദനം. “നബി(സ്വ)യില്‍ നിന്ന് ഞാനിപ്രകാരം കേള്‍ക്കുകയുണ്ടായി: അല്ലാഹു ആര്‍ക്കെങ്കിലും നന്മ ചെയ്യാനുദ്ദേശിച്ചാല്‍ അവന്ന് ദീനില്‍ ജ്ഞാനം നല്‍കുന്നതാണ്.” (ബുഖാരി, മുസ്ലിം)

ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ) എഴുതി: ‘അല്ലാഹുവിന്‍റെ കല്‍പനകളിലും നിരോധങ്ങളിലുമുള്ള കൃത്യമായ ധാരണയാണ്  ദീനിലുള്ള ജ്ഞാനം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. തന്‍റെ മതത്തെ സംബന്ധിച്ച് കണിശമായ ഉള്‍ക്കാഴ്ച നല്‍കുന്ന ധാരണകള്‍. ഹറാമുകളെ തടയുന്നതും നിര്‍ബന്ധ കര്‍മ്മങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതും നിഷിദ്ധങ്ങളില്‍ വീണുപോകുന്നതില്‍ നിന്ന് ഹൃദയങ്ങള്‍ക്ക് ജാഗ്രതയേകുന്നതുമായ അറിവുകള്‍; അതാണ് ദീനിലുള്ള ജ്ഞാനങ്ങള്‍.’ (അല്‍ഫതാവാ അല്‍കുബ് റ, 6/171) സൂറത്തു തൗബയിലെ 122ാമത്തെ ആയത്ത് ഇതിന്നുള്ള രേഖയായി അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്.

ഏതൊരു ആദര്‍ശത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുന്നുവോ, ജീവിതത്തില്‍ കണിശമായി പാലിക്കുന്നുവൊ, ആ ആദര്‍ശത്തെ സഹജീവികള്‍ക്കിടയില്‍ ഗുണകാംക്ഷയോടെ പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും അവസരം കിട്ടുന്നത് സൗഭാഗ്യമാണ്. സത്യവിശ്വാസികളെന്ന നിലക്ക് ഇസ്ലാമിനെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതു പോലെത്തന്നെ സുപ്രധാനമാണ്, അതിനെ ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്യുക എന്നതും. പ്രബോധന സംരംഭങ്ങളില്‍ നിരതരാകാനുള്ള സൗകര്യങ്ങളും താത്പര്യങ്ങളും എല്ലാവര്‍ക്കും ലഭ്യമായിക്കൊള്ളണമെന്നില്ല. മനസ്സിന്‍റെ അലസതയും അവഗണനയും, ഞാനില്ലെങ്കിലും ദീന്‍ നടന്നു കൊള്ളും എന്ന അഹങ്കാരവുമൊക്കെ അതിന്ന് കാരണമായിത്തീര്‍ന്നിരിക്കാം. അല്ലാഹുവില്‍ നിന്നുള്ള തൗഫീഖ് അവരില്‍ സംഭവിച്ചിട്ടില്ല എന്ന് ചുരുക്കം. എന്നാല്‍, ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയോടെ വ്യാപൃതനാകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അവന്‍ അല്ലാഹുവിന്‍റെ തൗഫീഖ് ലഭിച്ചവനാണ്. അല്ലാഹു പറഞ്ഞു: “അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?” (ഫുസ്സിലത്ത്: 33)

ജീവിതം മുഴുവന്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നവന്ന് ഭൗതിക ജീവിതത്തിലെ പരീക്ഷണങ്ങളില്‍ പതറാതെ നില്‍ക്കാനാകും. തന്‍റെ മതനിഷ്ഠകളിലാകട്ടെ, ഉപജീവന മാര്‍ഗ്ഗങ്ങളിലാകട്ടെ ഏതിലും പ്രതിസന്ധികളുണ്ടാകാം. അവയില്‍ നിന്ന് പരിഹാരവും ആശ്വാസവും ആഗ്രഹിക്കുന്ന മുഅ്മിനിന്‍റെ നിലപാട് അവയെല്ലാം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക എന്നതായിരിക്കും. തവക്കുല്‍ യഥാര്‍ത്ഥത്തില്‍ ആശ്വാസവും പ്രതീക്ഷയുമാണ്. നിരാശയേശാത്ത കര്‍മ്മ നൈരന്തര്യത്തിനുള്ള പ്രചോദനമാണ്. ഉന്നതമായ ഈ നിലപാടിനും മാനസികമായ ധൈര്യത്തിനും ഒരാള്‍ക്ക് സാധിക്കുന്നത് അല്ലാഹുവിന്‍റെ തൗഫീഖ് ലഭ്യമാകുമ്പോഴാണ്. അല്ലാഹുവില്‍ നിന്നും ലഭ്യമായ സന്ദേശങ്ങള്‍ മദ് യന്‍ സമൂഹത്തിന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ശുഐബ് നബി(അ) അവരില്‍ നിന്ന് നേരിട്ടത് നിഷേധവും അവഗണനയുമാണ്. ആ സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അവരോട് പറഞ്ഞ മറുപടി ഇപ്രകാരമാണ്:

എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് തൗഫീഖ് ലഭിക്കുന്നത്. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഹൂദ്/88)

ജീവിത മേഖലയിലെവിടെയും സ്ഥായിയായ പ്രാമാണി നിലപാടു പ്രഖ്യാപിക്കാനും അതേ നിലയില്‍ ജീവിക്കാനും നമുക്ക് സാധിക്കുന്നുണ്ട് എങ്കില്‍ റബ്ബിന്‍റെ തൗഫീഖിലാണ് നാമുള്ളത്.

പ്രപഞ്ച സ്രഷ്ടാവിനോടുള്ള കടപ്പാടുകള്‍ നിറവേറ്റണ്ടതു പോലെത്തന്നെ സൃഷ്ടികളോടുള്ള ബാധ്യതകളും നിറവേറ്റേണ്ടവനാണ് മുസ്ലിം. സ്വാര്‍ത്ഥനല്ല മുഅ്മിന്‍. സഹജീവികള്‍ക്ക് നന്മകള്‍ പകരുന്നതും, അവരുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കൊടുക്കാന്‍ താത്പര്യമെടുക്കുന്നതും സത്യവിശ്വാസിയുടെ സ്വഭാവമാണ്. ജനങ്ങള്‍ക്ക് ഏറ്റവുമധികം ഉപകാരിയായി നിലകൊള്ളുന്നവനോടാണ് അല്ലാഹുവിന്ന് ഏറെയിഷ്ടം (ഇബ്നു അബിദ്ദുന്‍യ) എന്ന് പ്രവാചക തിരുമേനി(സ്വ) അരുളിയിട്ടുണ്ട്. പ്രയാസമനുഭവിക്കുന്നവരോട് അനുതാപവും, ദരിദ്രരോടും അഗതികളോടും അലിവും, രോഗാതുരരോട് ദയയും കാരുണ്യവും, അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരോട് ഐക്യദാര്‍ഡ്യവും വിശ്വാസിയുടെ കൈമുതലായിരിക്കണം. ഇസ്ലാമികാദര്‍ശം മുഅ്മിനുകളിലുണ്ടാക്കുന്ന ഉല്‍കൃഷ്ട ഗുണങ്ങളാണ് ഇവയൊക്കെ. മനുഷ്യപ്പറ്റുള്ള ഇത്തരം ഗുണങ്ങള്‍ സമുഹത്തില്‍ നിര്‍ലോപം ഉപയോഗിക്കാന്‍ നമുക്കൊക്കെ സാധിക്കുന്നുണ്ട് എങ്കില്‍, ഈ രംഗത്ത് അല്ലാഹുവിന്‍റെ തൗഫീഖിലാണ് നാമൊക്കെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ഭൗതികമായ സൗകര്യങ്ങളും സാമ്പത്തികമായ കഴിവുകളും ആരോഗ്യപരമായ ശേഷികളും ഉണ്ടായിരിക്കെ, ദരിദ്രരുടെ കണ്ണീരൊപ്പാനും, നിരാലംബരുടെ പ്രയാസങ്ങളകറ്റാനും, അനാഥകളുടേയും വിധവകളുടേയും നന്മക്കായി ചെലവഴിക്കാനും ഒരാള്‍ക്ക് സാധിക്കുന്നില്ല എങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ തൗഫീഖില്‍ നിന്ന് ബഹൂദൂരം അകലെയാണ് എന്നതാണ് സത്യം.

ചുരുക്കത്തില്‍, അല്ലാഹു നമുക്ക് നല്‍കിയ ദുനിയാവിലെ ജീവിതം, അവനിച്ഛിക്കും വിധം സാര്‍ത്ഥകമായി കൊണ്ടുപോകാന്‍ നമ്മുക്കാകണമെങ്കില്‍ അവനില്‍ നിന്നു തന്നെയുള്ള ഉതവി അഥവാ തൗഫീഖ് ലഭിച്ചേ മതിയാകൂ എന്ന് നാം തിരിച്ചറിയുക. അതിന്‍റെ പ്രാധാന്യവും ഉള്‍ക്കൊള്ളുക. അല്ലാഹുവില്‍ നിന്നുള്ള ദാനമാണ് തൗഫീഖ് അതുകൊണ്ടു തന്നെ നമ്മുടെ പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യപൂര്‍വം ഉള്‍പ്പെടുത്തേണ്ട ഒന്നാണ്, ‘അല്ലാഹുവേ, നിനക്കിഷ്ടമുള്ളതും നിന്നെ തൃപ്തിപ്പെടുത്തുന്നതുമായ കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു നീ തൗഫീഖ് നല്‍കണേ’ എന്ന തേട്ടം. സുകൃത ജീവിതത്തിന് സത്യവിശ്വാസികള്‍ക്കു വേണ്ടത് അല്ലാഹുവിന്‍റെ തൗഫീക്വു തന്നെ. റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.