തല്‍ബിയത്ത്: ചില അറിവുകൾ

2330

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും

‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത ഒരാള്‍ ചൊല്ലേണ്ട പദങ്ങളാണ് തല്‍ബിയത്ത്.

2. തല്‍ബിയത്തിന്റെ രൂപം

لبَّيكَ اللّهمَّ لبَّيكَ، لبَّيكَ لاَ شَرِيكَ لَكَ لبَّيكَ؛ إنَّ الحَمْدَ وَالنِّعْمَةَ لَكَ وَالملْكُ، لاَ شَرِيكَ لَكَ
(ലബ്ബയ്കല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീക ലക്)

3. തല്‍ബിയത്തിന്റെ അര്‍ത്ഥം

അല്ലാഹുവേ നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. നിനക്ക് പങ്കുകാരനില്ല, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. എല്ലാ സ്തുതികളും അനുഗ്രഹങ്ങള്‍ നല്‍കാനുള്ള അവകാശങ്ങളും നിനക്കാണ്. സര്‍വാധികാരവും നിനക്കു തന്നെ. നിനക്ക് പങ്കുകാരനില്ല.

4. തല്‍ബിയത്ത് തൗഹീദിന്റെ പ്രഖ്യാപനമാണ്

ജാബിര്‍ ബ്ന്‍ അബ്ദില്ല(റ) നബി(സ്വ)യുടെ ഹജ്ജ് വിശദീകരിക്കുന്നിടത്ത്, പ്രവാചകന്‍(സ്വ) തല്‍ബിയത്ത് ചൊല്ലിയതിനെ, ‘അദ്ദേഹം പിന്നീട് തൗഹിദ് ചൊല്ലി’ എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. (മുസ്‌ലിം)

5. തൽബിയത്ത് ഹജ്ജിൻറെ ആദരണീയ ചിഹ്നങ്ങളിൽപ്പെട്ടതാണ്

സൈദ് ബ്നു ഖാലിദുൽജുഹനി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ജിബ്രീൽ(അ) എൻറടുക്കൽ വന്നു കൊണ്ട് ഇപ്രകാരം പറയുകയുണ്ടായി: “മുഹമ്മദേ, നിൻറെ സ്വഹാബികളോട് തൽബിയത്ത് ഉറക്കെച്ചൊല്ലാൻ പറയുക. അത് ഹജ്ജിൻറെ ആദരണീയ ചിഹ്നങ്ങളിൽപ്പെട്ടതാണ്.” (മുസ്നദു അഹ്മദ്, ഹദീസ് 21136)

6. തല്‍ബിയത്തിന്റെ വിധി

ഉംറക്കും ഹജ്ജിനും ഇഹ്‌റാം ചെയ്താല്‍ തല്‍ബിയത്തു ചൊല്ലല്‍ സുന്നത്താണ്.

7. തല്‍ബിയത്ത് ചൊല്ലേണ്ടത് എങ്ങനെ?

പുരുഷന്‍മാര്‍ ഉച്ചത്തിലും സ്ത്രീകള്‍ പതുക്കെയുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്. ‘പ്രവാചകനോടൊപ്പം ചെയ്ത ഹജ്ജില്‍ ഞങ്ങള്‍ ഉറക്കെ തല്‍ബിയത്ത് ചൊല്ലിയിരുന്നു’ എന്ന് അബൂസഈദില്‍ ഖുദ് രിയ്യി(റ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്‌ലിം)

8. തല്‍ബിയത്ത് ചൊല്ലുന്നത് അവസാനിക്കുന്നത് എപ്പോള്‍?

ഉംറയില്‍ ത്വവാഫ് ആരംഭിക്കുന്നതോടെ തല്‍ബിയത്ത് ചൊല്ലുന്നത് അവസാനിക്കുന്നു. ഹജ്ജില്‍, യൗമുന്നഹ്‌റില്‍ (ദുല്‍ഹിജ്ജ 10ന് ബലിയറുക്കുന്ന ദിവസം) അക്വബയില്‍ കല്ലേറ് തുടങ്ങുന്നതിന് മുമ്പ് തല്‍ബിയത്ത് അവസാനിക്കുന്നതാണ്.

©www.nermozhi.com