സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍: നാം അറിയേണ്ടതും ചെയ്യേണ്ടതും

2368

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍. മനുഷ്യ കഴിവുകള്‍ക്ക് അതീതമായി, പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ച പ്രതിഭാസങ്ങളാണ് അവ.

മനുഷ്യര്‍ക്ക് ചിന്തിക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹുവില്‍ ഭക്തിയുള്ളവരാകാനും വേണ്ടിയാണ് മുഴുവന്‍ ദൈവിക ദൃഷ്ടാന്തങ്ങളും.
സൂര്യന്നോ ചന്ദ്രന്നോ ഗ്രഹണം സംഭവിച്ചാല്‍, ഗ്രഹണം തുടങ്ങി അത് അവസാനിക്കുന്ന സമയം വരെ രണ്ട് റക്അത്ത് നമസ്‌കരിക്കുക, പ്രാര്‍ത്ഥനയില്‍ മുഴുകുക എന്നീ കാര്യങ്ങള്‍ സുന്നത്താണ്.

നബി(സ്വ)യുടെ ഇബ്‌റാഹീം എന്ന മകന്‍ മരണപ്പെട്ട ദിവസം യാദൃശ്ചികമായി സൂര്യഗ്രഹണം നടക്കുകയുണ്ടായി. അപ്പോള്‍, പ്രവാചക പുത്രന്റെ വിയോഗത്തിലുള്ള ദു:ഖം കാരണമാണ് സൂര്യന്ന് ഗ്രഹണം ബാധിച്ചതെന്ന് ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍(സ്വ) ആളുകളുടെ പ്രസ്തുത ധാരണയെ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും രണ്ടു ദൈവിക ദൃഷ്ടാന്തങ്ങളാണ്. ഒരാളുടേയും മരണം മൂലമോ ജനനം മൂലമോ അവക്ക് ഗ്രഹണം ബാധിക്കുകയില്ല. (മുത്തഫഖുന്‍ അലൈഹി)

ഗ്രഹണം സംഭവിച്ചാല്‍ സത്യവിശ്വാസികള്‍ എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ്വ) നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അബൂ മസ്ഊദില്‍ അന്‍സ്വാരീ(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലെ രണ്ടു ദൃഷ്ടാന്തങ്ങളാണ്. അവ മൂഖേന തന്റെ ദാസന്മാരെ അവന്‍ ഭയപ്പെടുത്താറുണ്ട്. ഒരാളുടേയും മരണം നിമിത്തമല്ല അവക്കു രണ്ടിനും ഗ്രഹണം ബാധിക്കുന്നത്. അതില്‍ നിന്ന് വല്ലതും നിങ്ങള്‍ കാണുകയാണെങ്കില്‍, അത് (ഗ്രഹണം) നീക്കപ്പെടുന്നതുവരെ നിങ്ങള്‍ നിങ്ങള്‍ നമസ്‌കരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. (മുത്തഫക്വുന്‍ അലൈഹി)

ഗ്രഹണ നമസ്‌കാരം ഏതു വിധത്തിലാണ് നിര്‍വഹിക്കേണ്ടത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
ആയിഷ(റ) നിവേദനം. “നബി (സ) യുടെ ജീവിതകാലത്ത് സൂര്യഗ്രഹണമുണ്ടായി. അദ്ദേഹം പള്ളിയിലേക്ക് പുറപ്പെട്ടു. ആളുകള്‍ അദ്ദേഹത്തിന് പിന്നില്‍ സ്വഫ്ഫായി നിന്നു. അദ്ദേഹം തക്ബീര്‍ ചൊല്ലി. ശേഷം സുദീര്‍ഘമായി പാരായണം ചെയ്തു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. ശേഷം سمع الله لمن حمده എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പക്ഷെ സുജൂദിലേക്ക് പോയില്ല. ശേഷം സുദീര്‍ഘമായി വീണ്ടും പാരായണം ചെയ്തു. അതിന് ആദ്യം പാരായണം ചെയ്തതിനേക്കാള്‍ ദൈര്‍ഘ്യം കുറവായിരുന്നു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. അതിന് ആദ്യ റുകൂഇനേക്കാള്‍ ദൈര്‍ഘ്യം കുറവായിരുന്നു. ശേഷം سمع الله لمن حمده എന്നും ربنا ولك الحمد എന്നും പറഞ്ഞു എഴുന്നേറ്റു. ശേഷം സുജൂദിലേക്ക് പോയി. രണ്ടാമത്തെ റകഅത്തിലും അതുപോലെത്തന്നെ നിര്‍വഹിച്ചു. അങ്ങനെ നാല് റുകൂഉകളും നാല് സുജൂദുകളുമായി ഗ്രഹണ നമസ്കാരം (രണ്ട് റക്അത്ത്) പൂര്‍ത്തിയാക്കി (മുത്തഫക്വുൻ അലൈഹി)

ഗ്രഹണ നമസ്‌കാരത്തില്‍ ശ്രദ്ധിക്കേണ്ടത്, ഓരോ റക്അത്തിലും രണ്ട് റുകൂഉം രണ്ട് നിര്‍ത്തവും ഉണ്ടാകണം എന്നതാണ്. ഗ്രഹണ നമസ്‌കാരത്തിനായി ആളുകളെ ക്ഷണിച്ചു കൊണ്ട് അസ്സ്വലാത്തുല്‍ ജാമിഅ എന്ന് വിളിച്ചു പറയുന്നത് സുന്നത്താണ്.

സൂര്യ-ചന്ദ്ര ഗ്രഹണ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വഹിക്കലാണ് ശ്രേഷ്ഠം.