മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

3491

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ് (ജുമുഅ/8) എന്നും ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും (അമ്പിയാഅ്/35) എന്നും ഖുര്‍ആന്‍ അരുളുന്നുണ്ട്.

ഭൂമിയില്‍ ജന്മം കൊണ്ടവ മുഴുവനും ഒരുനാളിലല്ലെങ്കില്‍ മറ്റൊരുനാള്‍ നാശത്തെ നേരിടുമെന്നതാണ് നേര്. അല്ലാഹു പറഞ്ഞു:  അവിടെ അഥവാ ഭൂമുഖത്തുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു (അര്‍റഹ്മാന്‍/26)

എവിടെ വെച്ചാണ് തന്‍റെ മരണം സംഭവിക്കുന്നതെന്ന് ഒരാള്‍ക്കുമറിഞ്ഞുകൂടാ. അല്ലാഹു അക്കാര്യം വ്യക്തമാക്കിയത് ഇപ്രകാരമാണ്:

നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. (ലുഖ്മാന്‍/34)

ഏതു നാട്ടിലെന്നല്ല, ഏത് അവസരത്തിലാണ് മരണം നമ്മെ വന്ന് വിളിക്കുന്നതും കൊണ്ടു പോകുന്നതും എന്നതും നമുക്ക് അറിഞ്ഞുകൂടാ. ഉണര്‍ച്ചയിലാകാം അത്. അല്ലെങ്കില്‍ ഉറക്കത്തിലാകാം. അല്ലാഹു പറഞ്ഞു:

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (സുമര്‍/42)

മരണം സുനിശ്ചിതമാണ്. അതു പൊലെത്തന്നെ സമയനിര്‍ണ്ണിതവുമാണത്. അല്ലാഹുവിന്‍റെ വിധിക്കനുസൃതമായി എന്നിലും നിങ്ങളിലും അത് സംഭവിക്കുന്നതാണ്. പ്രിയപ്പെട്ടവരുടെ മരണം കാണുമ്പോള്‍ അദ്ദേഹം നേരത്തെ പോയി എന്ന് നാം വേദനയോടെ പറയാറുണ്ട്:  മാനുഷികമായ നമ്മുടെ പ്രതികരണം മാത്രമാണത്. അല്ലാഹു പറഞ്ഞതാണ് സത്യം:

ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. (മുനാഫിഖൂന്‍/11)

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. (ആലുഇംറാന്‍/145)

ഭൂമിയില്‍ അമരമായ ജീവിതം ആര്‍ക്കുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ ആ അനുഗ്രഹം അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കണമായിരുന്നു. അങ്ങനെയൊന്നുണ്ടായിട്ടില്ലല്ലൊ. സൃഷ്ടിശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യോട് അല്ലാഹു പറഞ്ഞത് ചിന്തനീയമാണ്.

(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. (അമ്പിയാഅ്/34)

തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. (സുമര്‍/30)

പ്രവാചക തിരുമേനി(സ്വ) മരണപ്പെട്ടു. അദ്ദേഹത്തില്‍ വിശ്വസിച്ചവരും അവിശ്വസിച്ചവരുമായ നിരവധി ആളുകള്‍ മരണപ്പെട്ടു. ഇനിയും ഈ ദൈവിക വിധി ലോകത്ത് നടന്നു കൊണ്ടേയിരിക്കും. ആര്‍ക്കും മരണത്തെ തട്ടിനീക്കാനാകില്ല. അല്ലാഹു പറഞ്ഞു:

മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. (ക്വാഫ്/19)

മരണം സത്യമെങ്കില്‍, അത് വന്നെത്തും മുമ്പെ അതിന്നായി ഒരുങ്ങലാണ് ബുദ്ധി. ത്വാരിഖ് അല്‍ മഹാരിബി(റ)ക്ക് നബി(സ്വ) നല്‍കിയ ഉപദേശം ഇപ്രകാരമാണ്: ഹേ, ത്വാരിഖ്, മരണം വന്നിറങ്ങും മുമ്പെ മരണത്തിനായി നീ തയ്യാറെടുക്കുക (ഹാകിം)

നമുക്കെല്ലാവര്‍ക്കുമായി പ്രവാചകന്‍(സ്വ) നല്‍കിയ ഉപദേശം അബൂഹുറയ്റ(റ)  പറഞ്ഞു തരുന്നുണ്ട്: ഭൗതിക സുഖങ്ങളെ ഇല്ലാതാക്കുന്ന മരണത്തെ ധാരാളമായി നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക. (തിര്‍മിദി)

മരണം ജീവിതത്തിന്‍റെ അന്ത്യമല്ല. യഥാര്‍ത്ഥത്തില്‍ മനുഷ്യ ജീവിതത്തിന് അന്ത്യവുമില്ല. പരലോകത്തിലേക്കുള്ള യാത്രാമധ്യേ ഒരു ഇടത്താവള ജീവിതം അവസാനിക്കുന്നൂ എന്നതു മാത്രമാണ് മരണത്തോടെ സംഭവിക്കുന്നത്. ശാശ്വതവാസം പരലോകത്താണ്. അവിടുത്തെ സ്വര്‍ഗ്ഗജീവിതത്തിനു വേണ്ടിയാകണം സത്യവിശ്വാസികളുടെ ശ്രമം മുഴുവനും. നല്ലൊരു മരണം നാമെല്ലാവരും കൊതിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊണ്ടുള്ള, നെറ്റിത്തടം വിയര്‍ത്ത മരണം. മരണത്തിന്‍റെ മലക്കുകള്‍ സന്തോഷ വാക്കുകള്‍ ചൊല്ലി അല്ലാഹുവിന്‍റെ സവിധത്തിലേക്ക് ആനയിക്കുന്ന ആനന്ദകരമായ മരണം.

ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക. (ഫജ് ര്‍/27-30)

അല്ലാഹു നമുക്ക് സുന്ദരമായൊരു പര്യവസാനം ഔദാര്യമായി നല്‍കട്ടെ. ആമീന്‍