വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍ വേണ്ടിയാണ് പ്രവാചകന്മാരുടെ കഥകള്‍ ഖുര്‍ആന്‍ വിവരിക്കുന്നത്. വൃഥാ സ്തൂലമായ അവരുടെ ആത്മകഥാ പ്രകാശനമല്ല ഖുര്‍ആന്‍ നടത്തിയിട്ടുള്ളത്. വായനക്കാരനും ശ്രോതാവിനും തങ്ങളുടെ ജീവിതത്തിനാവശ്യമായ ഉള്‍ക്കാഴ്ചയും ലക്ഷ്യവും നേര്‍മാര്‍ഗ്ഗവും നല്‍കുന്ന ഭാഗങ്ങള്‍ മാത്രമാണ് അമ്പിയാക്കന്മാരുടെ കഥകളിലൂടെ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. സത്യവിശ്വാസികള്‍ക്ക് അനേകമനേകം അനുകരണീയമായ പാഠങ്ങള്‍ പ്രസ്തുത കഥകളില്‍ നിന്നും പഠിച്ചെടുക്കാനും പ്രാവര്‍ത്തികമാക്കാനുമുണ്ട് എന്നതാണ് വസ്തുത. അതു സംബന്ധമായ ഖുര്‍ആനിക പ്രസ്താവന ശ്രദ്ധിക്കുക:
തീര്‍ച്ചയായും അവരുടെ (പ്രവാചകന്മാരുടെ) ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്. (യൂസുഫ്: 111)
ഖുര്‍ആന്‍ നമുക്കു മുമ്പാകെ തുറന്നുവെക്കുന്ന പ്രവാചക കഥകളെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും നമുക്കൊരു ലക്ഷ്യമുണ്ടാകണം. ദൈവദൂതന്മാരുടെ ജീവിതത്തിലെ നന്മകളെ മുഴുവന്‍ തന്‍റെ അടിമകളില്‍ സന്നിവേശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അല്ലാഹു തആല അവയെ മുഴുവന്‍ വിശദീകരിച്ചിട്ടുള്ളത് എന്ന മുന്‍ധാരണ നമ്മളിലുണ്ടാകുമ്പോഴാണ് അര്‍ഹമായ വിധം അവയെ പരിഗണിക്കാനും അവയില്‍ നിന്ന് പാഠങ്ങള്‍ പറിച്ചെടുത്തുപയോഗിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. അഥവാ പ്രവാചകന്മാരെ സംബന്ധിച്ചുള്ള ഖുര്‍ആനിക കഥാവായനയും ശ്രവണവും തീര്‍ത്തും ശ്രദ്ധയോടെയായിരിക്കണം എന്നര്‍ത്ഥം.
ഖലീലുല്ലാഹി ഇബ്റാഹീം പ്രവാചകന്‍(അ) അനുസ്മരിക്കപ്പെടുന്ന സന്ദര്‍ഭമാണ് ഇത്. പ്രവാചകത്വ ലഭ്യതക്കു ശേഷം സംഭവ ബഹുലമായ ജീവതാനുഭവങ്ങളും പ്രബോധനാനുഭവങ്ങളും ഇബ്രാഹീം പ്രവാചകന്‍റെ ചരിത്രത്തില്‍ നിറയെ കാണാനാകും. ഖലീലുല്ലാഹിയുടെ ധന്യമായ കര്‍മ്മമണ്ഡലത്തെ സംബന്ധിച്ചും ആ മേഖലയിലെ അദ്ദേഹത്തിന്‍റെ ത്യാഗപരിശ്രമങ്ങളെ സംബന്ധിച്ചും പ്രവാചകനെന്ന നിലക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ഗുണകാംക്ഷാ മനസ്ഥിതിയെ സംബന്ധിച്ചും വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ അല്ലാഹു പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്:
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (നഹ്ല്‍: 120)
മുഹമ്മദീയ ഉമ്മത്തിന് പഠിക്കാനും ഉള്‍ക്കൊള്ളാനും പറ്റിയ ഉള്‍കൃഷ്ടമായ മാതൃകകളുടെ സങ്കേതമാണ് ഇബ്രാഹീം നബി(അ)യുടെ ജീവിതം. മുഹമ്മദു നബി(സ്വ) പിന്തുടരേണ്ടതും പ്രബോധനം ചെയ്യേണ്ടതും മഹാനായ ഈ പ്രവാചകന്‍റെ മില്ലാത്തായിരിക്കണം എന്ന ആശയം സൂറത്തുന്നഹ്ലിന്‍റെ 123-ാമത്തെ സൂക്തത്തില്‍ കാണാനാകും. തൗഹീദീ ആദര്‍ശത്തോടുള്ള പ്രതിബദ്ധത, ശിര്‍ക്കിനെതിരിലുള്ള കാര്‍ക്കശ്യം, ജീവിതം മുഴുവന്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കുന്ന നിലപാട്, അല്ലാഹുവിലേക്ക് തിരിച്ചുപോകണമെന്ന കണിശമായ ബോധം, അതുകൊണ്ടുതന്നെ, സദാസമയവും അവനിലേക്ക് മടങ്ങാനുള്ള മനസ്സ് തുടങ്ങിയ കാര്യങ്ങളില്‍ ഇബ്രാഹീം നബി(അ) സത്യവിശ്വാസികള്‍ക്ക് ഉത്തമ മാതൃകയായിത്തീര്‍ന്നിട്ടുണ്ട് എന്ന സംഗതി അല്ലാഹു വ്യക്തമാക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. (മുംതഹിന: 4)
അല്ലാഹുവിലേക്കുള്ള ആദര്‍ശ പ്രബോധനം മുഴുവന്‍ പ്രവാചകന്മാരുടെയും മുഖ്യ ദൗത്യമായിരുന്നു. ഏക ദൈവവിശ്വാസത്തിലേക്കും ആരാധനയിലേക്കും മനുഷ്യരെ ക്ഷണിക്കുക എന്ന കര്‍ത്തവ്യം പ്രവാചകാനുചരന്മാരുടേയും ബാധ്യതയാണ്. യുക്തിദീക്ഷയോടെയും സദുപദേശത്തോടെയുമുള്ള പ്രബോധനമാണ് അല്ലാഹു തന്‍റെ പ്രവാചകന്മാരെക്കൊണ്ട് നിര്‍വഹിപ്പിച്ചത്. പ്രസ്തുത മേഖലയിലെ ഇബ്രാഹീം നബി(അ)യുടെ മാതൃക അനന്യവും അത്യന്തം അനുകരണീയവുമാണ്. അല്ലാഹുവില്‍ നിന്നും ലഭ്യമായ സന്ദേശങ്ങളെ ആദ്യമദ്ദേഹം സമര്‍പ്പിക്കുന്നത് തന്‍റെ പിതാവിന്‍റെ മുന്നിലാണ്. ബിംബ നിര്‍മ്മാതാവും ബിംബാരാധകനുമായ പിതാവിനെ സന്മാര്‍ഗ്ഗ വഴിയിലേക്ക് ക്ഷണിക്കുന്ന രംഗം ക്വുര്‍ആന്‍ വരച്ചു വെച്ചിട്ടുണ്ട്. പിതാവിന്‍റെ വിശ്വാസ വൈകല്യങ്ങളെ നിരങ്കുശം എതിര്‍ക്കുക എന്നതിനു പകരം വിവേകത്തോടെയും വിനയത്തോടെയും പിതാവിന്ന് അറിവു പകര്‍ന്നു നല്‍കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്. തന്‍റെ പിതാവ് ഒന്നും അറിവില്ലാത്ത മൂഢനാണ് എന്ന നിലക്കല്ല, അദ്ദേഹത്തിനില്ലാത്ത അറിവ് തന്‍റെ കയ്യിലുണ്ട് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പ്രതിപാദനമായിരുന്നു ഇബ്രാഹീം നബി(അ) സ്വീകരിച്ചത്. പ്രബോധിതരെ മാനിച്ചു കൊണ്ടുള്ള പ്രബോധനത്തിന് ഖലീലുല്ലാഹി ഇവിടെ മാതൃകയാകുകയാണ്. പിതാവുമായുള്ള അദ്ദേഹത്തിന്‍റെ ആദര്‍ശ സംഭാഷണം ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത് ഇപ്രകാരമാണ്
അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്. (മര്‍യം: 42-45)
പ്രബോധന ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നതില്‍ ഇബ്രാഹീം നബി(അ)യില്‍ നിന്ന് ലഭിക്കുന്ന മാതൃക ആദര്‍ശ പ്രബോധകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു ഭാഗത്ത് ഒതുങ്ങി നിന്നുകൊണ്ടുള്ളതായിരുന്നില്ല, ഓടി നടന്നു കൊണ്ടുള്ളതായിരുന്നു ഖലീലുല്ലാഹിയുടെ പ്രബോധനം. അല്ലാഹു തന്നിലേല്‍പ്പിച്ച സന്ദേശം കഴിയാവുന്നത്ര ജനമനസ്സുകളിലെത്തിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്‍റേത്. ആ മാര്‍ഗ്ഗത്തില്‍ വന്നുപെടുന്ന തടസ്സങ്ങളെയോ, അപായപ്പെടുത്താവുന്ന ഉപദ്രവങ്ങളെയൊ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ഏല്‍പ്പിക്കപ്പെട്ട ആദര്‍ശം പ്രബോധനം ചെയ്യുന്നിടത്ത് പ്രതിസന്ധികള്‍ നിശ്ചയമാണ് എന്ന തിരിച്ചറിവും, അവയെ അതിജീവിക്കാന്‍ അല്ലാഹുവിന്‍റെ സഹായം ലഭ്യമാകുക തന്നെ ചെയ്യും എന്ന വിശ്വാസവുമാണ് കര്‍മ്മമണ്ഡലത്തില്‍ ഭീതിയില്ലാതെ നിലകൊള്ളാന്‍ പ്രബോധകന്മാര്‍ക്ക് ശക്തിനല്‍കുന്നത്. പേടിപ്പെടുത്തലുകളെ ഒട്ടും ഭയക്കാതെയാണ് ഇബ്രാഹീം നബി(അ) ജീവിച്ചത്. അതു കൊണ്ടു തന്നെ പിതാവിന്‍റെ ഭീഷണിയെയും, നാട്ടുകാരുടെ കണ്ണുരട്ടലിനേയും നംറൂദിന്‍റെ അഗ്നികൂപത്തേയും അദ്ദേഹം അതിജയിച്ചു; അല്ലാഹുവിന്‍റെ സഹായത്താല്‍. ഹൃദയത്തില്‍ തികഞ്ഞ തവക്കുലായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പറയാന്‍ എളുപ്പമുള്ള പദമാണ് തവക്കുല്‍. പക്ഷെ, പ്രതിസന്ധികളില്‍ പലരും പ്രയോഗത്തിലെടുക്കാറില്ല ഈ ഈമാനിക പരിചയെ. അതുകൊണ്ടു തന്നെയാണ് പ്രലോഭനങ്ങളിലും ഭീഷണികളിലും ഭയാന്തരീക്ഷങ്ങളിലും തട്ടിവീണ് അവരൊക്കെയും രംഗം വിട്ടൊഴിഞ്ഞു പോകുന്നത്. ശത്രുക്കളും അവരുടെ സന്നാഹങ്ങളും ഭീതിപരത്തി ആദര്‍ശ ജീവിതത്തില്‍ നിന്നും പിന്നോട്ടു പായിക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ മുഅ്മിനുകളുടെ നിലപാട് എന്തായിരിക്കുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നുണ്ട്.
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. (ആലു ഇംറാന്‍: 173)
അല്ലാഹുവിന്‍റെ ദൂതനെന്ന നിലക്ക് തന്നെയേല്‍പ്പിച്ച ഏതൊരു ദൗത്യം നിര്‍വഹിക്കുമ്പോഴും അത് തന്നില്‍ നിന്ന് അല്ലാഹു സ്വീകരിക്കണമെന്ന അതിയായ ആശയും അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ഇബ്രാഹീം നബി(അ)യില്‍ ഉണ്ടായിരുന്നു. സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട ഉദാത്തമായ മാതൃകയാണത്. ഭാര്യാ സന്താനങ്ങളില്‍ മാത്രമല്ല, അവരില്‍ നിന്നുണ്ടാകുന്ന തലമുറയില്‍ പോലും സന്മാര്‍ഗ്ഗത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും വെളിച്ചം കെടാതെ നില്‍ക്കണം എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചിരുന്ന ഒരു കുടുംബ നാഥനെ നാം ഇബ്രാഹീം നബിയില്‍ നിന്ന് കണ്ടെടുക്കുന്നു. സമൂഹത്തെ നന്മയിലേക്ക് നയിക്കുമ്പോഴും അതിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴും സ്വന്തം കുടുംബത്തെ മറുന്നു പോകുന്നവരുണ്ട്. അവര്‍ക്ക് മുന്നില്‍ ഇബ്രാഹീം പ്രവാചകന്‍(അ) തികഞ്ഞ മാതൃകയായി നിലകൊള്ളുന്നു. ഖേദിക്കാനും അല്ലാഹുവിലേക്ക് മടങ്ങാനും അല്ലാഹുവില്‍ നിന്നുള്ള പ്രീതിയെ പ്രാപിക്കാനും ഇബ്രാഹീം നബി(അ) കാണിച്ചിരുന്ന ശുഷ്കാന്തി നമ്മെയൊക്കെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഖലീലുല്ലയെ സംബന്ധിച്ച് ഈ പറയപ്പെട്ട കാര്യങ്ങളൊക്കെയും വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടിത്തറ കെട്ടിഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (അല്‍ബഖറ: 127, 128)