അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം എങ്ങിനെയായിരിക്കണമെന്ന മാതൃക ഹജ്ജില്‍ നിന്ന് നമുക്ക് ദര്‍ശിച്ചു പഠിക്കാനാകും. ദുനിയാവില്‍ നീ ഒരു അപരിചിതനപ്പോലെ, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ ജീവിക്കുക എന്ന പ്രവാചക മൊഴി അര്‍ത്ഥവത്തായ അനുഭവം നല്‍കുന്നത് ഹജ്ജിലാണ്. ഒട്ടധികം പാഠങ്ങളുടെ പാഠമാണ് ഹജ്ജ് എന്ന് തീര്‍ത്തു പറയാം. അല്ലാഹുവിലുള്ള അചഞ്ചലമായ ഏകദൈവ വിശ്വാസം, അവനുമായുള്ള നിരന്തര ബന്ധം, പുണ്യകര്‍മ്മങ്ങളിലൂടെയുള്ള ദൈനം ദിന വ്യാപാരം, ജീവിതത്തെ സസൂക്ഷ്മം മുന്നോട്ടു കൊണ്ടുപോകാനുള്ള അധ്വാനം, ചെയ്ത കര്‍മ്മങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം, തീര്‍ച്ചയായും എത്തേണ്ട ലക്ഷ്യത്തെ മുന്നില്‍ വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനാസൂത്രണം, പ്രാര്‍ത്ഥനാ നിര്‍ഭരമായ സമയ വിനിയോഗം, തുടങ്ങി ജീവിതത്തിന്‍റെ എത്രയോ മൗലിക വശങ്ങള്‍ ഹജജില്‍ നിന്ന് പഠിച്ചെടുക്കാനുണ്ട്. വിനയം, ശ്രമം, ഖേദം, പശ്ചാത്താപം, ഐക്യം, ഇണക്കം, സഹനം തുടങ്ങിയ മാനുഷിക ഗുണങ്ങളെ ഹജ്ജിന്‍റെ ചുരുങ്ങിയ ദിനങ്ങളിലൂടെ ഓരോ മുഅ്മിനിന്നും ചെയ്തു ശീലിക്കാനാകുന്നുണ്ട്.
അല്ലാഹുവിന്‍റെ നിര്‍ദ്ദേശാനുസരണം ഇബ്റാഹീം പ്രവാചകനും മകന്‍ ഇസ്മാഈല്‍ പ്രവാചകനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് പടുത്തുയര്‍ത്തിയ ലോകത്തെ ആദ്യത്തെ പ്രാര്‍ത്ഥനാ മന്ദിരമാണ് കഅബ. സത്യവിശ്വാസീ സമൂഹത്തിന്‍റെ മുഖ കേന്ദ്രമാണത്. പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കാനായി സ്ഥാപിതമായ കഅബാലയ ദര്‍ശനവും അവിടെ വെച്ചുള്ള ആരാധനാനുഷ്ഠാനങ്ങളും ഏതൊരു മുഅ്മിനിന്‍റേയും പറഞ്ഞറിയിക്കാനാകാത്ത അഭിലാഷമാണ്. അവിടേക്ക് ചെന്നെത്താനും, അവക്ക് ചുറ്റും അതിന്‍റെ പരിസരഭാഗങ്ങളിലുമായി പ്രത്യേകമായ ആരാധനാ മുറകള്‍ നിര്‍വഹിക്കാനും അല്ലാഹുവില്‍ നിന്നുള്ള ആഹ്വാനമുള്ളതു കൊണ്ടാണ് വിശ്വാസികളുടെ മനസ്സ് കഅബയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. മാത്രവുമല്ല ദൈനംദിന ജീവിതത്തിലെ അഞ്ചു നേര നമസ്കാരങ്ങള്‍ നിര്‍വഹിക്കുന്നത് ആ വിശുദ്ധ മന്ദിരത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു കൊണ്ടാണ്.
ഹജ്ജനുഷ്ഠാനത്തിലെ മൗലികമായ ധര്‍മ്മം പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ അനന്യമായ ഏകത്വത്തെ പ്രഖ്യാപിക്കുക എന്നതാണ്. ഹജ്ജിനായി മക്കയിലെത്തുന്ന ജനലക്ഷങ്ങള്‍ പ്രസ്തുത മഹനീയമായ കൃത്യം നിര്‍ലോപം നിര്‍വഹിക്കുന്നൂ എന്നത് വിശ്വാസികള്‍ക്ക് ലഭിക്കുന്ന പാഠമാണ്. ജീവിതത്തിന്‍റെ എല്ലാ രംഗത്തും താങ്ങു നല്‍കിയും തണലു നല്‍കിയും പരിപാലിച്ചു പോരുന്ന റബ്ബിനെ മനസ്സു കൊണ്ടറിയുന്ന ഏതൊരു മുഅ്മിനിനും, അവനെ മാത്രം ആശ്രയിച്ചു കഴിയേണ്ടതിന്‍റെ അനിവാര്യത ഹജ്ജില്‍ കൂടുതലനുഭവപ്പെടും. ചുറ്റുപാടും സഹായികളുണ്ടെങ്കിലും, യഥാര്‍ത്ഥ സഹായിയായി അല്ലാഹു മാത്രമാണ് മുന്നില്‍ എന്ന തോന്നല്‍ കനപ്പെടുന്നത് ഹജ്ജു ദിനങ്ങളിലെ പ്രത്യേകതയാണ്. അതു കൊണ്ടു തന്നെയാണ്, ‘അല്ലാഹുവേ, നിന്‍റെ ആഹ്വാനത്തിന് ഉത്തരമേകി ഞാനെത്തിയിരിക്കുന്നൂ, നിനക്ക് പങ്കുകാരനില്ല, സര്‍വ്വ സ്തുതികളും അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയും നിനക്കാണ്, സര്‍വ്വ രാജാധിപത്യവും നിന്‍റേതു തന്നെ’ എന്ന് മുഴുവന്‍ ഹാജിമാരും മടിയേതുമില്ലാതെ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്.
ജീവിത സാഹചര്യം എത്ര ചുരുങ്ങിയതാക’െ, ജീവിതത്തില്‍ ലഭിക്കുന്ന വിഭവങ്ങള്‍ എത്ര കുറവാകട്ടെ അവയുമായൊക്കെ ക്ഷമാപൂര്‍വം സമരസപ്പെട്ട് പോകാനുള്ള മാനസികമായ കരുത്ത് ഒരു ഹാജിക്ക് തന്‍റെ ഹജ്ജു കര്‍മ്മങ്ങളില്‍ നിും ലഭിക്കുന്നുണ്ട്. പണക്കാരനും പാവപ്പെട്ടവനും ഹജ്ജിന്‍റെ മശ്അറുകളില്‍ ഏകനിലയിലാണ് ജീവിച്ചു പോകുന്നത്. സമ്പന്നന്‍റെ പ്രതാപവും പാവപ്പെട്ടവന്‍റെ ദാരിദ്ര്യവും തിരിച്ചറിയാന്‍ സാധ്യമാകാത്തവിധം ഇടകലര്‍ന്ന ജീവിത ദിനങ്ങള്‍. രണ്ടു വെള്ള വസ്ത്രങ്ങളും പരിമിതമായ ഭക്ഷണ വിഭവങ്ങളും മതി ഐഹിക ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ എന്ന തിരിച്ചറിവാണ് ഹജ്ജ് നാളുകള്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുത്. ഈ അറിവിന് ഒരു ഹാജിയുടെ തുടര്‍ജീവിതത്തില്‍ ദുരയോടും ധൂര്‍ത്തിനോടുമുള്ള ആര്‍ത്തിയെ ഇല്ലാതാക്കാന്‍ സാധിക്കും; അല്ലെങ്കില്‍ സാധിക്കണം. ആശിച്ചി’ും അധ്വാനിച്ചിട്ടും ഇനിയും ലഭിച്ചിട്ടില്ലാത്ത ഐഹികാനുഗ്രഹങ്ങളുടെ പേരില്‍ മനസ്സിനെ കീഴടക്കുന്ന നിരാശകളെ ആട്ടിയോടിക്കാനാകണം. ഹജ്ജ് ഹാജിയില്‍ പ്രതീക്ഷ വളര്‍ത്തുു. കിട്ടിയതില്‍ ഹൃദയം നിറയെ തൃപ്തിപ്പെടാനുള്ള ശീലം നല്‍കുന്നു. പരിശുദ്ധനായ റബ്ബിന്‍റെ വിധികളില്‍ ക്ഷമയോടെ ജീവിക്കാനുള്ള പ്രേരണ നല്‍കുന്നു.
ഇസ്ലാമിന്‍റെ അഞ്ചു മൗലിക സ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്; അഥവാ അവസാനത്തേത്. മനുഷ്യന്‍റെ ഒടുക്കത്തേയും തുടക്കത്തേയും ഓര്‍മ്മപ്പെടുത്തുന്നൂ ഈ ആരാധന. മരണം അരികിലുണ്ടെന്നും ഒരു തുണ്ട് തുണിപോലും കൈവശമില്ലാതെ ജനിച്ചു വീണ താന്‍ തിരിച്ചു പോകുമ്പോള്‍ രണ്ടു കഷ്ണം തുണി മാത്രമേ തന്‍റെ കൂടെയുണ്ടാകൂ എന്നും ചിന്തിപ്പിക്കുന്ന ആരാധന. നേടിയെടുത്ത ഭൗതിക വിഭവങ്ങളില്‍ നിന്ന് ഒന്നുമായിട്ടല്ല അല്ലാഹുവിനെ കണ്ടു മുട്ടേേണ്ടതെന്നും, ധര്‍മ്മനിഷ്ഠ പാലിച്ചും ഖേദിച്ചും പശ്ചാത്തപിച്ചും മനസ്സ് ശുദ്ധമാക്കിയും പുണ്യകര്‍മ്മങ്ങള്‍ പരമാവധി നേടിയെടുത്തുമായിരിക്കണം അവനുമായി സന്ധിക്കേണ്ടതെന്നുമുള്ള അറിവ് തീര്‍ച്ചയായും ഹജ്ജ് നല്‍കുന്നുണ്ട്. മനുഷ്യ സൃഷ്ടിപ്പിലെ ലക്ഷ്യത്തെ സംബന്ധിച്ച അല്ലാഹുവിന്‍റെ പ്രസ്താവന ഹജ്ജുവേളയില്‍ ഒരു ഹാജിയുടെ ശ്രദ്ധയില്‍ വരുന്നുവെങ്കില്‍ തീര്‍ച്ചയായും അവന്‍ അത്ഭുതം കൂറൂന്നതാണ്.
“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തെന്നയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.” (ദാരിയാത്ത്/56-58)
തീര്‍ത്തും ശരിയാണ്; കളിക്കാനും ചിരിക്കാനും അവസരങ്ങള്‍ മുന്നിലുണ്ടാകുമ്പോഴും ഹജ്ജിലെ ഹാജിയുടെ ജീവിതം ആരാധനാ നിമഗ്നമാണ്. പ്രാര്‍ത്ഥനാ നിരതമാണ്. ഹൃദയം കഴുകി ശുദ്ധമാക്കുന്ന തിരക്കിലാണവന്‍. ല്ലാഹുവുമായി കൂടുതലടുത്ത് പുതിയൊരു ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പിലുമാണ്. ഐഹിക വിഭവങ്ങള്‍ അധ്വാനിച്ചുണ്ടാക്കി അല്ലാഹുവിനെ ഊട്ടാനല്ല; പാരത്രിക വിഭവങ്ങള്‍ ശേഖരിച്ച് അല്ലാഹുവില്‍ നിന്ന് സ്വര്‍ഗ്ഗം കിട്ടാനാണ് ഓരോ ഹാജിയുടേയും യത്നം.
ജീവിതത്തിന്‍റെ ചിരകാലാഭിലാഷമായി തന്നില്‍ അവശേഷിച്ചിരുന്ന ഹജ്ജു നിര്‍ഹവണം സത്യത്തില്‍ സാധ്യമായതിന്‍റെ സംതൃപ്തിയിലും ആത്മനിര്‍വൃതിയിലുമായിരിക്കും ഓരോ ഹാജിയും ഹജ്ജിന്‍റെ മനാസികുകളിലോരോന്നിലും. അതു കൊണ്ടു തന്നെ ചെയ്യുന്ന ആരാധനയുടെ ഓരോ വശവും പുണ്യകരവും സമ്പൂര്‍ണ്ണവുമായിത്തീരാന്‍ ഓരോരുത്തരും പരമാവധി സൂക്ഷ്മത കാണിക്കുന്നുുമുണ്ടാകും. ഒന്നും നഷ്ടപ്പെടരുത്. ഒരു ഭാഗത്തും ഭഗ്നമുണ്ടാകരുത്. ഹജ്ജിലെ ഒരൊറ്റ കര്‍മ്മവും അസ്വീകാര്യമായി തള്ളപ്പെടരുത്. എല്ലാം പരമാവധി കൃത്യതയോടെ നിര്‍വഹിക്കാനുള്ള വ്യഗ്രതയും സൂക്ഷ്മതയുമാണ് മുഴുവന്‍ ഹാജിമാര്‍ക്കുമുണ്ടാകുക. ‘പുണ്യകരമായിത്തീര്‍ന്ന ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ല’ എന്ന പ്രവാചക മൊഴിയില്‍ മനസ്സിരുത്തിയവരെന്ന നിലക്ക് പ്രത്യേകിച്ചും.
അബൂഹുറൈറ(റ) നിവേദനം: ‘വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വന്തം മാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരുന്നതാണ്ട’, എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി)
വളരെ ചിന്തനീയമാണ് ഈ പ്രവാചക പ്രസ്താവന. ഏകദേശം ഒരു ഗര്‍ഭകാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഹജ്ജുദിനങ്ങള്‍! രണ്ടിലും നിഷ്കളങ്കനായ ഒരു ശിശുവിന്‍റെ ജനനം നടക്കുന്നു! എന്നാല്‍ രണ്ടിനും തമ്മില്‍ അനേകം വ്യത്യാസങ്ങളുണ്ടുതാനും. വിവേകമില്ലാതെ, ജീവിതത്തെ സംബന്ധിച്ച യാതൊരു മുറിവുകളുമില്ലാതെയാണ് മനുഷ്യന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത്. കൈ പിടിച്ചു നടത്താനും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും തുടക്കത്തിലെപ്പോഴും അവനോടൊപ്പം ആളു വേണമായിരുന്നു. മാതാപിതാക്കള്‍, ജീവിത പശ്ചാത്തലങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, വളര്‍ച്ചക്കു ലഭിക്കുന്ന ഭൗതികാവസരങ്ങള്‍, ശരിയായ മാര്‍ഗ്ഗദര്‍ശനത്തിന്‍റെ അഭാവങ്ങള്‍, പരിസരങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ സ്വന്തം വീക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും അവന്‍റെ ജീവിതത്തെ സാരമായി സ്വാധീനിച്ചിരുന്നു. എന്നാല്‍, ജീവിതത്തിലെ യാത്രാമധ്യേ തന്നില്‍ അടിഞ്ഞുകൂടിയ കുറ്റങ്ങളെ കഴുകി മാറ്റിയും പടച്ചവനുമായുള്ള ബന്ധത്തെ സുദൃഢമാക്കിയും ധര്‍മ്മ നിഷ്ഠയെ ഹൃദയത്തിലേറ്റിയുമാണ് ഹജ്ജില്‍ നിന്നുള്ള ഹാജിയുടെ പുതിയ ‘ജനനം’. ഗര്‍ഭപാത്രത്തില്‍ നിന്ന് വിവേകമില്ലാതെയാണ് ജനിച്ചത് എങ്കില്‍, വിവേകത്തോടെയാണ് ലക്ഷ്യബോധത്തോടെയാണ് ഒരു ഹാജിയുടെ പുതുജന്മം! ഏകനായ അല്ലാഹുവിന്‍റെ ഏകത്വത്തെ പ്രഖ്യാപിച്ചു ശീലിച്ച ചുണ്ടുകള്‍. പരിശുദ്ധനായ റബ്ബിന്‍റെ മുമ്പാകെ പ്രാര്‍ത്ഥനക്കായുയര്‍ത്തിയ കരങ്ങള്‍. ദൈവ പ്രകീര്‍ത്തനങ്ങളാല്‍ പതം വന്ന കാതുകള്‍. പശ്ചാത്തപിച്ചു നിറഞ്ഞൊഴുകിയ കണ്ണുകള്‍. അല്ലാഹുവിനെ നി്ര്‍ലോപം വാഴ്ത്തിയ നാവ്. അവനെ ഓര്‍ത്തോര്‍ത്ത് വിനയം വന്ന മനസ്സ്. ദുനിയാവല്ല, പരലോക ജീവിതം തന്നെയാണ് വലുത് എന്ന് ബോധ്യം വന്ന ഹൃദയം. അങ്ങനെ ഒരുപാടൊരുപാട് കൈമുതലുമായിട്ടാണ് ഹജ്ജില്‍ നിന്നുള്ള ഹാജിയുടെ തിരിച്ചു വരവ്.
ഹജ്ജിനിടയിലെ മരണം പോലും പരലോകത്ത് അവന്ന് വലിയ നേട്ടമാണ്. അല്ലാഹുവിന്‍റെ ഏകത്വ പ്രഖ്യാപനമായ തല്‍ബിയത്തു ചൊല്ലിയായിരിക്കും പരലോകത്ത് അവന്‍ ഉയിര്‍ത്തെഴുന്നേറ്റു വരുന്നത് എന്ന് പ്രവാചക തിരുമേനി (സ്വ) അരുളിയിട്ടുണ്ട്. ഒരു ഹാജിയുടെ ആത്മാര്‍ത്ഥമായ അധ്വാനങ്ങള്‍ വിജയകരമായിരിക്കുമെന്നു സാരം. അല്ലാഹു പറഞ്ഞു:
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഇസ്റാഅ്:19)
അതിശ്രേഷ്ഠമായ ജിഹാദ്, ഭംഗിയാര്‍ന്ന ജിഹാദ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ട ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ല എന്ന് റസൂല്‍ (സ്വ) സന്തോഷവാര്‍ത്ത നല്‍കിയിട്ടുണ്ട്. ഹാജിമാര്‍ അല്ലാഹുവിന്‍റെ അഥിതികളാണ്. ഇബ്നു ഉമര്‍(റ) നിവേദനം. നബി(സ്വ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിലേര്‍പ്പെട്ടവനും ഹജ്ജു ചെയ്യുന്നവനും ഉംറ നിര്‍വഹിക്കുന്നവനും അല്ലാഹുവിന്‍റെ അഥിതി സംഘമാണ്. അവന്‍ പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു അവന്ന് ഉത്തരം നല്‍കിയിരിക്കും. അവന്‍ ചോദിച്ചാല്‍ അവന്‍ അത് നല്‍കിയിരിക്കും. അവന്‍ മാപ്പിരന്നാല്‍ അവന്ന് പൊറുത്തു കൊടുത്തിരിക്കും. (ഇബ്നു മാജ)
ചുരുക്കത്തില്‍, ഹജ്ജ് ജീവിതമാണ്. സത്യവിശ്വാസികള്‍ക്ക് ഫലവത്തായ ഐഹിക ജീവിതത്തിന് അനുകരിക്കാനും അനുവര്‍ത്തിക്കാനും സ്വീകരിക്കാവുന്ന അനന്യമായ മാതൃക. ഹജ്ജ് ചെയ്തെത്തുന്ന ഒരു ഹാജിയുടെ തുടര്‍ ജീവിതത്തില്‍ ഹജ്ജില്‍ നിന്നുള്‍ക്കൊണ്ട പ്രസ്തുത മാതൃകകള്‍ പ്രതിഫലിക്കുമെങ്കില്‍ അത് പുണ്യകരമായ കര്‍മ്മമായിത്തീര്‍ന്നു. പുണ്യകരമായ ഹജ്ജിന്ന് സ്വര്‍ഗ്ഗമാണ് പ്രതിഫലം എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ഹജ്ജു നിര്‍വഹണ ശേഷവും വിശ്വാസ കര്‍മ്മങ്ങളിലും ജീവിത നിലപാടുകളിലും ഹജ്ജിന്‍റെ സാന്നിധ്യമുണ്ടാകുന്നുവെങ്കിലേ പുണ്യകരവും സ്വര്‍ഗപ്രാപ്തവുമായ ഒരു ആരാധനയുടെ ജീവന്‍ ഹാജിമാരില്‍ നിറഞ്ഞു നില്‍ക്കൂ. നമുക്കും മുഴുവന്‍ ഹാജിമാര്‍ക്കും അല്ലാഹു അതിന്നുള്ള തൗഫീക്വ് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.