ദയ അലങ്കാരമാണ്

2165

കാരുണ്യത്തിന്‍റെ മതമാണ് ഇസ്ലാം. അതിന്‍റെ നാഥന്‍ കാരുണ്യവാനും കരുണാമയനുമാണ്. ഖുര്‍ആനിന്‍റെ തുടക്കംതന്നെ ആ നാഥനെ പരിചയപ്പെടു ത്തിക്കൊണ്ടാണ്.

“കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്.” (ഫാതിഹ: 1).

ഇസ്ലാമിന്‍റെ അവസാനത്തെ പ്രവാചകന്‍ കാരുണ്യത്തിന്‍റെ നിറക്കുടമായിരുന്നു. അല്ലാഹു തിരുമേനിയെ പരിചയപ്പെടുത്തിയത് കാണുക: “ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അമ്പിയാഅ്:107)

നബിതിരുമേനി വളര്‍ത്തിയെടുത്ത സച്ചരിതരായ സ്വഹാബത്തിന്‍റെ രീതിയും പരസ്പരം ദയാമയമായിരുന്നുവെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതു കാണുക: “മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു.” (ഫതഹ്: 28)

ലോകത്ത് ആകമാനമുള്ള വിശ്വാസികള്‍ക്കായി പ്രാചകതിരുമേനി(സ്വ) നല്‍കുന്ന ഉപദേശവും പരസ്പരം ദയയും കരുണയും പകര്‍ന്ന് നിലകൊള്ളണമെന്നാണ്. ആയിശ(റ)യില്‍ നിന്ന് നിവേദനം: “നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. “അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ.” (മുസ്ലിം)

പകയും സ്വാര്‍ഥതയും സ്വജനപക്ഷപാതിത്വവും മുമ്പത്തേക്കാള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ പോന്ന നിര്‍ദ്ദേശങ്ങളാണ് നാം കേട്ടത്. വ്യക്തികള്‍ക്കിടയില്‍ നന്മ കളിയാടണമെന്നതാണ് ഇസ്ലാമിന്‍റെ താത്പര്യം. അതിന് വിഘാതം നില്‍ക്കുന്ന സകല മ്ലേച്ഛസ്വഭാവങ്ങളേയും, നിലപാടുകളേയും അല്ലാഹു വിമര്‍ശിച്ചിട്ടുണ്ട്. സമ്പത്തിനോടുള്ള അങ്കുശമില്ലാത്ത ദുരയാണ് മനുഷ്യനെ നേരുംനീതിയും നോക്കി ജീവിക്കുതില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നത്.

ചതിക്കാനും കൃത്രിമങ്ങളിലേര്‍പ്പെടാനും മടിയില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ മനസ്സില്‍ സ്നേഹവും കരുണയും സമസൃഷ്ടി ബോധവും ശൂന്യമായിരിക്കും. അത്തരക്കാര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരല്ല.
ഒരു ഹദീസ് ശ്രദ്ധിക്കുക: “നബി(സ്വ) പറഞ്ഞു: “കാരുണ്യവാന്‍മാര്‍ക്ക് അല്ലാഹു കരുണചെയ്യുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഭൂവാസികളോട് കരുണകാട്ടുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണകാട്ടുന്നതാണ്.” (അബൂദാവൂദ്, തിര്‍മിദി)

മനുഷ്യരില്‍ ചിലരുടെയെങ്കിലും മനസ്ഥിതി പക്ഷെ, വിപരീതദിശയിലാണ്. ‘നീ ചെന്നായയാവുക അല്ലെങ്കില്‍ ചെന്നായ്ക്കള്‍ നിന്നെ ഭക്ഷിച്ചേക്കും’ എന്നതാണ് അവരുടെ ജീവിത ഫിലോസഫി. ഉറവയില്ലാത്ത കല്ലും ദയനിറയാത്ത ഖല്‍ബും വിളശൂന്യമാണ്. ഒരു കൈനീട്ടിയാല്‍ മാത്രം മതി, ഒരഗതിക്ക്, ഒരു വിധവക്ക്, ഒരയല്‍വാസിക്ക് അതൊരു വലിയ സഹായമായി ഭവിച്ചേക്കും. പക്ഷെ, കയ്യില്‍വന്നത് നഷ്ടപ്പെടാതിരിക്കാന്‍ അധികപേരും സ്വന്തം കയ്യുകള്‍ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

താനല്ലാത്തവര്‍ മുഴുവന്‍ ദരിദ്രരരായിരുങ്കെില്‍ എന്നാഗ്രഹിക്കു ചിലരുണ്ട്. അവരാണ് പലിശക്കച്ചവടക്കാര്‍. അത്യാഗ്രഹപ്പശിയടക്കാന്‍ സഹജീവിയുടെ നിസ്സഹായതയെ നിര്‍ദ്ദയം ഉപയോഗപ്പെടുത്തുന്നവരാണ് അവര്‍. “പലിശയെ അല്ലാഹുനശിപ്പിക്കും, ദാനധര്‍മ്മങ്ങളെയാണ് അവന്‍ പരിപോഷിപ്പിക്കുക” എന്ന (അല്‍ബഖറ) ഖുര്‍ആനിക വചനം കണിശമായി ശ്രദ്ധിക്കേണ്ട മുസ്ലിംകളില്‍ പോലും പലിശഭുജിക്കുന്നവരുണ്ട്.

പരലോകനന്മയെ ലക്ഷ്യമിട്ട് ജീവിക്കുന്നവരെന്ന നിലക്ക് വിശ്വാസികള്‍ കൂടുതല്‍ വിനയാന്വിതരും കരുണാര്‍ദ്രചിത്തരുമായിരിക്കണം. അലിവുള്ള, ദയയുള്ള, മയമുള്ള മനസ്സാകണം വിശ്വാസിയുടേത്. ഇസ്ലാം അത്തരം മനസ്സുള്ളവരെ ലോകത്തിനെത്രയോ സമ്മാനിച്ചിട്ടുണ്ട്. ഇസ്ലാമേകിയ ആ സമ്മാനങ്ങളില്‍ ഒന്നാണോ ഈ നമ്മളും എന്നത് നമ്മുടെ ജീവിതം നോക്കി നാം തന്നെയാണ് തീരുമാനിക്കേണ്ടത്.

ഒരു ഹദീസ് കാണുക:
ആയിശ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു. “ഏതൊരുകാര്യത്തിലും ദയ അലങ്കാരമാണ്. അത് നീക്കം ചെയ്യപ്പെട്ടാല്‍ പിന്നെ എന്തും വികൃതമാണ്.” (മുസ്ലിം)