അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…

2377

പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത് അവന്നിഷ്ടമല്ല. നിങ്ങളെന്നോട് ചോദിച്ചോളൂ ഞാന്‍ ഉത്തരം നല്‍കുന്നതാണ് എന്ന പ്രതീക്ഷയുടേയും ആശ്രയത്തിന്റേയും വാഗ്ദാനം നമുക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്.

നാം ദുര്‍ബ്ബലാരാണെന്ന് നമ്മെപ്പടച്ച അല്ലാഹുവിന്നറിയാം. അതുകൊണ്ടുതന്നെ പരിമിതികളിലൊതുങ്ങിയതേ നമ്മോടവന്‍ ആവശ്യപ്പെടുന്നുള്ളൂ. ആ കാര്യങ്ങളില്‍ പോലും വീഴ്ച വരുത്തുന്നവരാണ് നമ്മളെല്ലാവരും. എങ്കില്‍പോലും നമ്മുടെയൊക്കെ വീഴ്ചകളുടെ പേരില്‍ നമ്മെ ഉടന്‍ പിടിച്ചു ശിക്ഷിക്കാന്‍ തക്കംപാര്‍ത്തിരിക്കുകയല്ല ദയാനിധിയായ അല്ലാഹു. മറിച്ച്, പിഴവുകള്‍ തിരുത്താനും, ഖേദിക്കാനും പശ്ചാത്തപിക്കാനും മാപ്പിരക്കാനും അവന്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

നമ്മളിന്ന് ജീവിക്കുന്ന വിശുദ്ധ റമദാന്‍ പോലും അത്തരം അവസരങ്ങളില്‍ ഒന്നാണ്. അല്ലാഹു മാപ്പു നല്‍കുന്നവനാണ്. തന്നിലേക്ക് ഖേദിച്ചു മടങ്ങുന്ന ദാസീ ദാസന്മാര്‍ക്ക് മാപ്പു നല്‍കാന്‍ അവന്ന് ഇഷ്ടവുമാണ്. വിശുദ്ധ ഖുര്‍ആനില്‍ അഞ്ചു സ്ഥലങ്ങളില്‍ മാപ്പു നല്‍കുന്നവന്‍ എന്ന അര്‍ത്ഥമുള്ള അഫുവ്വുന്‍ എന്ന അവന്റെ നാമം പ്രതിപാദിച്ചിട്ടുണ്ട്.

സൂറത്തുന്നിസാഇലെ 43-മത്തെ വചനം إِنَّ اللَّهَ كَانَ عَفُوًّا غَفُورًا
സൂറത്തുന്നിസാഇലെ 99-മത്തെ വചനം وَكَانَ اللَّهُ عَفُوًّا غَفُورًا
സൂറത്തുന്നിസാഇലെ 149-മത്തെ വചനം فَإِنَّ اللَّهَ كَانَ عَفُوًّا قَدِيرًا
സൂറത്തുല്‍ ഹജ്ജിലെ 60-മത്തെ വചനം إِنَّ اللَّهَ لَعَفُوٌّ غَفُــورٌ
സൂറത്തുല്‍ മുജാദിലയിലെ 2-മത്തെ വചനം وَإِنَّ اللَّهَ لَعَفُــوٌّ غَفُـــورٌ

മാപ്പു നല്‍കുന്ന നാഥനോട് നിങ്ങള്‍ അഫ് വും ആഫിയത്തും ചോദിക്കുക എന്ന് നബി(സ്വ) നമ്മളെ ഉപദേശിച്ചിട്ടുണ്ട്. അല്ലാഹുവേ, ദുനിയാവിലും ആഖിറത്തിലും നീയെനിക്ക് അഫ് വും അഥവാ മാപ്പും ആഫിയത്തും നല്‍കണേ എന്നര്‍ത്ഥമുള്ള പ്രാര്‍ത്ഥന നബി തിരുമേനി(സ്വ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്.

ഇത് റമദാനിലെ അവസാനത്തെ പത്താണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മൂര്‍ച്ച കൂട്ടേണ്ട ദിനരാത്രങ്ങളാണിത്. പ്രവാചകന്‍(സ്വ) അരമുറുക്കിയുടുത്ത് ആരാധനകളില്‍ മുഴുകിയിരുന്നത് ഈ രാപ്പകലുകളിലായിരുന്നു. നാമും അങ്ങനെത്തന്നെയാകണം.

അല്ലാഹു നമ്മളെ കേള്‍ക്കാനും ഉത്തരം നല്‍കാനും തയ്യാറായി നില്‍ക്കുന്നു. കാരുണ്യവാനായ റബ്ബിന്റെ സവിധത്തിലില്ലാത്ത ഒരു അലിവും ദയയുമില്ല. മാപ്പുനല്‍കുന്ന നാഥനെ മനസ്സിലാക്കിയ അടിമകള്‍ അടിയാത്തികള്‍ എന്ന നിലക്ക് നമുക്കവനിലേക്ക് ചേര്‍ന്നു നില്‍ക്കാം. കയ്യും കണ്ണും ഖല്‍ബൂമുയര്‍ത്തി നമുക്കവനോട് മാപ്പിരക്കാം.

ആയിഷ(റ) പറയുന്നു. ഞാന്‍ പ്രവാചകനോട്(സ്വ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, (ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ) ലൈലത്തുല്‍ ഖദറിന് എനിക്ക് അവസരം ലഭിക്കുന്നുവെങ്കില്‍ ഞാനെന്ത് പ്രാര്‍ത്ഥിക്കണമെന്നാണ് അങ്ങ് പറയുന്നത്? നബി(സ്വ) പറഞ്ഞു: *اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي* എന്ന് നീ പ്രാര്‍ത്ഥിക്കുക. (ഇബ്‌നു മാജ)
*അല്ലാഹുവേ, നീ മാപ്പു നല്‍കുന്നവനാണ്. മാപ്പുനല്‍കാന്‍ നിനക്ക് ഇഷ്ടവുമാണ്. ആകയാല്‍ നീയെനിക്ക് മാപ്പു നല്‍കിയാലും.* ഇതാണ് പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സാരം.

സഹോദരീ സഹോദരങ്ങളെ, ഇനി അധിക സമയം നമ്മുടെ മുന്നിലില്ല. ആയിഷ(റ)ക്ക് പ്രവാചകന്‍(സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥന ഇനിയുള്ള സമയങ്ങളില്‍ നമ്മുടെ നാവിലും ഖല്‍ബിലും നിറഞ്ഞു നില്‍ക്കട്ടെ. കരുണാവാരിധിയായ നാഥാ ഞങ്ങള്‍ക്ക് നീ മാപ്പു നല്‍കിയാലും.