ആര്‍ത്തവകാരികള്‍ക്കും പ്രസവശുദ്ധി ദീക്ഷിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത

4827


റമദാന്‍ മാസം എല്ലാ സത്യവിശ്വാസികളിലും സന്തോഷം പകരുന്ന മാസമാണ്. അതേ സമയം, ഈ വിശുദ്ധ മാസത്തില്‍ മാനസികമായി വേദനിക്കുന്ന ചില സഹോദരിമാരുണ്ട്. ലോകം മുഴുവന്‍ നോമ്പും നമസ്‌കാരവും തറാവീഹും ക്വുര്‍ആന്‍ പാരായണവും മറ്റുമായി ആരാധനകളില്‍ മുഴുകുമ്പോള്‍, തങ്ങള്‍ക്ക് അവയൊന്നും നിര്‍വഹിക്കാനാകുന്നില്ലല്ലൊ എന്നോര്‍ത്ത് വിഷമിക്കുന്ന സഹോദരികള്‍; ആര്‍ത്തവകാരികളും പ്രസവാനന്തര രക്തസ്രാവമുള്ളവരുമാണ് അവര്‍.

സത്യത്തില്‍, ആര്‍ത്തവകാരികള്‍ക്കും പ്രസവാനന്തര രക്തസ്രാവമുള്ളവര്‍ക്കും വിശുദ്ധ റമദാനില്‍ ഒരുപാട് സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും പ്രതിഫലങ്ങള്‍ നേടാനും സാധിക്കുന്നതാണ്.

ആര്‍ത്തവവും പ്രസവ ശേഷമുള്ള രക്തസ്രാവവും സ്ത്രീ പ്രകൃതിയുടെ ഭാഗമാണ്. അല്ലാഹു അവരെ സൃഷ്ടിച്ചത് അപ്രകാരമാണ്. ആണിനെയും പെണ്ണിനെയും ഏറ്റവും ഉത്തമമായ രൂപത്തിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.

“തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.” (അത്തീന്‍: 4)

സ്ത്രീയുടെ ശാരീരിക പ്രകൃതങ്ങള്‍ അവളുടെ ജീവിതത്തിനും ധര്‍മ്മത്തിനും ഇണങ്ങും വിധം സൃഷ്ടാവു സംവിധാനിച്ചതാണ്. അതിലൊന്നിലും വിഷമിക്കേണ്ട ആവശ്യമില്ല.

ആയിഷ(റ) പറയുന്നത് കാണുക. “ഹജ്ജു ചെയ്യാനുള്ള ഉദ്ദ്യേശത്തോടെ ഞാന്‍ പ്രവാചകനോടൊപ്പം യാത്ര ചെയ്തു. സരിഫ് എന്ന പ്രദേശത്തു വെച്ച് എനിക്ക് ആര്‍ത്തവമുണ്ടായി. ഞാന്‍ കരയുകയായിരുന്നു. അപ്പോള്‍ എന്റെ അടുക്കല്‍ വന്നു കൊണ്ട് പ്രവാചകന്‍(സ്വ)ചോദിച്ചു: എന്തേ, നിനക്ക് ആര്‍ത്തവം സംഭവിച്ചുവോ? ഞാന്‍ പറഞ്ഞു: അതെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അതിലെന്തിരിക്കുന്നു. ഇത് ആദം പുത്രിമാര്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രകൃതമാണ്… ” (മുസ്‌ലിം)

ആര്‍ത്തവ ഘട്ടത്തിലും പ്രസവനാന്തര രക്തസ്രാവമുള്ള കാലയളവിലും നമസ്‌കാരം നോമ്പ് തുടങ്ങിയ ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് നിഷിദ്ധമാണ്. പക്ഷെ, സത്യവിശ്വാസിനി എന്ന നിലക്ക് അവയല്ലാത്ത എത്രയോ സല്‍കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരങ്ങള്‍ അവരുടെ മുന്നിലുണ്ട്. അത്തരം അവസരങ്ങളെ ഈ വിശുദ്ധ റമദാനിലും ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ കൂടുതല്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ സഹോദരിമാര്‍ക്ക് സാധിക്കുന്നതാണ്.

താഴെ നല്‍കുന്ന നാലു കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കി അവ നിര്‍വഹിക്കുന്നതില്‍ സഹോദരിമാര്‍ ശ്രദ്ധകാണിക്കുമെങ്കില്‍ തീര്‍ച്ചയായും ഈ വിശുദ്ധ റമദാന്‍ അവര്‍ക്ക് ഒരുപാട് പുണ്യങ്ങള്‍ നേടിത്തരുന്നതാണ്.

1. നിയ്യത്ത് ചെയ്യുക

വിശുദ്ധ റമദാനില്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാകുന്നു എന്ന ഉദ്ദേശ്യത്തോടെ നിര്‍വഹിക്കുക. അത്താഴമുണ്ടാക്കാന്‍, ഇഫ്താര്‍ ഒരുക്കാന്‍, വീടു വൃത്തിയാക്കാന്‍, വസ്ത്രങ്ങള്‍ അലക്കാന്‍ എന്നിങ്ങനെ ഏതു പ്രവര്‍ത്തനത്തിന്റെ തുടക്കത്തിലും നല്ല നിയ്യത്ത് ചെയ്യാന്‍ ശ്രദ്ധിക്കുക. ‘അല്ലാഹുവിന്റെ പ്രതിഫലത്തിനായിട്ടാണ് എന്റെ കര്‍മ്മം’ എന്ന മനസ്സിന്റെ കരുതല്‍ തീര്‍ച്ചയായും അല്ലാഹു സ്വീകരിക്കുന്നതും പ്രതിഫലം നല്‍കുന്നതുമാണ്.

ഉമര്‍ ബ്‌നുല്‍ ഖത്ത്വാബ്(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്;കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം നിയ്യത്തിനനുസരിച്ചാണ്. ഓരോരുത്തര്‍ക്കും അവരവരുടെ നിയ്യത്തുകള്‍ക്കനുസരിച്ച് പ്രതിഫലം ലഭിക്കുന്നതായിരിക്കും. (ബുഖാരി)

2. ദിക്‌റുകളും ഇസ്തിഗ്ഫാറുകളുംപതിവാക്കുക

ഏതു വേളകളിലും നിര്‍ലോപം നിര്‍വഹിക്കാവുന്ന രണ്ടു സല്‍കര്‍മ്മമാണ്അല്ലാഹുവിന്റെ ദിക്‌റുകളും അവനോടുള്ള ഇസ്തിഗ്ഫാറും. 
ചില ഉദാഹരണങ്ങള്‍ അറിവിലേക്കായി നല്‍കുകയാണ്

എ) സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ചൊല്ലുക
(അര്‍ത്ഥം : അല്ലാഹു പരിശുദ്ധനാകുന്നു, അവന്നാണ് എല്ലാ സ്തുതികളും)
അബൂ ഹുറയ്‌റ(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: ആരാണൊ നൂറു പ്രാവശ്യം, സുബ്ഹാനല്ലാഹി വബി.. എന്ന് ചൊല്ലുന്നത്, അവന്റെ മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുക്കുന്നതാണ്; കടലിലെ തിരയോളം പാപങ്ങളുണ്ടെങ്കിലും ശരി. (ബുഖാരി)

ബി) ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് ചൊല്ലുക
അര്‍ത്ഥം: ഒരു ചലനവും ശക്തിയും അല്ലാഹുവിനെക്കൊണ്ടല്ലാതെ ഇല്ല
അബൂഹുറയ്‌റ(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ ലാ ഹൗല വലാ.. എന്ന് ധാരാളം ചൊല്ലുക. തീര്‍ച്ചയായും, സ്വര്‍ഗ്ഗ നിധികളിലെ ഒരു നിധിയാണ് അത്. (തിര്‍മിദി)

സി) (ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദ് വഹുവ അലാ കുല്ലി ശൈഇന്‍ ക്വദീര്‍ )
എന്ന ദിക്ര്‍ ചൊല്ലുക
അര്‍ത്ഥം: അല്ലാഹു അല്ലാതെ ഇലാഹില്ല, അവന്ന് പങ്കുകാരനില്ല, അവന്നാണ് ആധിപത്യവും എല്ലാ സ്തുതികളും. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ്.
ഒരു ദിവസം നൂറുപ്രാവശ്യം ഈ ദിക്ര്‍ ചൊല്ലുന്നവന്ന് 10 അടിമകളെ മോചിപ്പിച്ചതിന്റെ പ്രതിഫലം ലഭിക്കും. നൂറ് സല്‍കര്‍മ്മങ്ങള്‍ രേഖപ്പെടുത്തപ്പെടുകയും, നൂറു പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും. ആ ദിവസം രാപകലുകള്‍ മുഴുവന്‍ പിശാചില്‍ നിന്നും അവന്‍ സുരക്ഷിതനായിരിക്കും.
പ്രവാചകന്‍(സ്വ) പ്രസ്താവിച്ചതാണ് ഇത്. (അബൂഹുറയ്‌റ നിവേദനം. രേഖപ്പെടുത്തിയത് ബുഖാരി)

ഡി) സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന പേരിലറിയപ്പെടുന്ന പാപമോചന പ്രാര്‍ത്ഥന പതിവാക്കുക

اللَّهُمَّ أَنْتَ رَبِّي لّا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرٍّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

അര്‍ത്ഥം: അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ വേറെ ഒരു ഇലാഹില്ല. നീയെന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ ദാസനാണ്. നീയുമായുള്ള എന്റെ ഉടമ്പടികളും കരാറുകളും വിശ്വസ്തയോടെ കഴിയുന്നത്ര ഞാന്‍ നിര്‍വഹിക്കുന്നു. ഞാന്‍ ചെയ്ത എല്ലാ ചീത്തപ്രവര്‍ത്തനങ്ങളുടെ ഉപദ്രവത്തില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. നീ എനിക്കായി നല്‍കിയ എല്ല അനുഗ്രഹങ്ങളേയും ഞാന്‍ അംഗീകരിക്കുന്നു. എന്റെ എല്ലാ പാപങ്ങളേയും ഏറ്റുപറയുന്നു. നീ എനിക്ക് പൊറുത്തു തന്നാലും. നീയല്ലാതെ പാപങ്ങള്‍ പൊറുത്തുതരാന്‍ വേറൊരാളില്ല.
ഈ പ്രാര്‍ത്ഥന മനസ്സാന്നിധ്യത്തോടെ പകലില്‍ ചൊല്ലിയ ഒരാള്‍ ആ പകലില്‍ മരിക്കുന്നുവെങ്കില്‍ അവന്‍ സ്വര്‍ഗ്ഗാവകാശിയാണ്. രാത്രിയില്‍ ചൊല്ലിയ ഒരാള്‍ ആ രാത്രിയില്‍ മരിക്കുന്നുവെങ്കില്‍ അവന്‍ സ്വര്‍ഗ്ഗാവകാശിയാണ് എന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.(ബുഖാരി)

3. പ്രത്യേക സമയങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി പ്രവാചകന്‍ പഠിപ്പിച്ച ദുആകള്‍ ഓരോ ദിവസവും നിത്യമാക്കുക
ചില ഉദാഹരണങ്ങള്‍ കാണുക.

എ) ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴുമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലുക

ബി) സുബഹ്, മഗ്രിബ് നമസ്‌കാരങ്ങള്‍ക്കു ശേഷം بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم .
അര്‍ത്ഥം: അല്ലാഹുവിന്റെ നാമത്തില്‍. ആകാശ ഭൂമികളിലുള്ള യാതൊരു ഉപദ്രവവും അവന്റെ നാമത്തോടൊപ്പം വന്നു ചേരില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണ്.
രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം ഈ പ്രാര്‍ത്ഥന പതിവാക്കുന്നവനെയാതൊന്നും ഉപദ്രവിക്കുകയില്ല എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (നിവേദനം ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍, രേഖപ്പെടുത്തിയത് അബൂദാവൂദ്, തിര്‍മിദി)

സി) സൂറത്തുല്‍ ഇഖ്‌ലാസും മുഅവ്വദത്തൈനിയും (സൂറത്തുല്‍ ഫലക്വ്, സൂറത്തുന്നാസ്) ഓതുക

ഡി) ആയത്തുല്‍ കുര്‍സി ചൊല്ലുക

4. വൈജ്ഞാനികവും ഉപകാരപ്രദവുമായ ഇസ്‌ലാമിക പ്രസംഗങ്ങള്‍ കേള്‍ക്കാനും, ഇസ്‌ലാമിക പുസ്തകങ്ങള്‍ വായിക്കാനും സമയം കാണുക.

5. രാത്രി നമസ്‌കാരനുള്ള സമയത്ത് എഴുന്നേല്‍ക്കുക. നോമ്പും നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും നിര്‍വഹിക്കാന്‍സാധിക്കുന്നില്ല എന്നു കരുതി, അനുഷ്ഠിക്കാന്‍ അനുവദിക്കുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരങ്ങളെ ഉപയോഗപ്പെടുത്തുകയാണു വേണ്ടത്. അത്താഴ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് എഴുന്നേല്‍ക്കുക. അല്ലാഹുവിലേക്കടുക്കാന്‍ പറ്റിയ മുഹൂര്‍ത്തമാണത്.

മുകളില്‍ പ്രസ്താവിച്ചതൊ അല്ലാത്തതൊ ആയ ദിക്‌റുകളും ദുആഉകളും ചൊല്ലുക. പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. 
അല്ലാഹു തന്റെ അടിമകളുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കൊടുക്കുകയും അവര്‍ക്ക് പാപമോചനം നല്‍കുകയും ചെയ്യുന്ന സമയമാണ് ഓരോ രാത്രിയിലേയും അവസാനത്തെ മൂന്നിലൊന്നു ഭാഗം അവശേഷിക്കുന്ന സമയം. പ്രസ്തുത സമയത്തെ പ്രാധാന്യപൂര്‍വം പരിഗണിച്ച് സഹോദരിമാര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 

റമദാനിന്റെ അവസാനത്തെ പത്തില്‍ നബി(സ്വ) അതീവ താത്പര്യത്തോടെ ധാരാളം ചൊല്ലിയിരുന്ന, അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ ഫഅ്ഫു അന്നീ എന്ന ദുആ പ്രാര്‍ത്ഥിക്കുവാനും ശ്രദ്ധിക്കുക.

സഹോദരിമാരെ, ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ജീവിതത്തില്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും പ്രതിഫലങ്ങള്‍ കരസ്ഥമാക്കാനും സഹായകമാകുന്ന അവസരങ്ങള്‍ അല്ലാഹു നമുക്കു ചുറ്റും സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. എത്രയോ ഇബാദാത്തുകള്‍ നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുമുണ്ട്. ഈ വിശുദ്ധ റമദാനില്‍ കൂടുതല്‍ സല്‍പ്രവൃത്തികള്‍ ചെയ്ത് സ്വര്‍ഗ്ഗം കരസ്ഥമാക്കാന്‍ അല്ലാഹു തൗഫീക്വ് ചെയ്യട്ടെ. ആമീന്‍