‘എനിക്കുറപ്പാ അയാള് അങ്ങനത്താള് തന്നേണ് ,ബെറ്റ് വെക്കാനുണ്ടോ എന്നോട് ?ഉറപ്പാ ഉറപ്പാ അയാള് അങ്ങനത്താള് തന്നേണ്.
വ്യക്തികളെ വിലയിരുത്തുന്നതിൽ നമുക്ക് വല്ലാത്ത തിരക്കാണ്.നന്മകാണുന്ന കണ്ണുകൾക്ക് എന്നുമൊരു സ്നേഹത്തിൻറെ വെളിച്ചമായിരിക്കും ,അത്തരം ഹൃദയങ്ങൾക്ക് മുല്ലയുടെ വാസനയും
ഒരു കൊച്ചു സംഭവം പറയാം .പ്രവാചകൻ വളർത്തിയെടുത്ത നന്മയുടെ വിളനിലയത്തിൽ തെളി ഞ്ഞു നിന്ന മഹാനായ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه വും ചങ്ങാതികളും കഅബയുടെ അങ്കണത്തിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ കടന്നു വന്നു ചോദിക്കുന്നു :
‘ആരാണ് നിങ്ങളുടെ നേതാവ് ? എനിക്ക് ചില കാര്യങ്ങൾ അന്വേഷി, ച്ചറിയാനുണ്ട് ” കൂട്ടുകാർ അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه വിനെ ചൂണ്ടി കാണിച്ചു
“ഉസ്മാനുബിനു അഫ്ഫാൻ ബദർ യുദ്ധത്തിൽ പങ്കെടുത്തിരുന്നോ ? –ആഗതൻ
“ഇല്ല ” — അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه
“ഉസ്മാൻ ഉഹുദ് യുദ്ധത്തിൽ നിന്നും ഭയന്നോടിയോ ? – ആഗതൻ
“അതെ ,അങ്ങനെ സംഭവിച്ചു ‘ – -അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه
“ഉസ്മാൻ رضي الله عنه ബൈഅതുർരിറിദ്‌വാനിൽ സംബന്ധിച്ച് ഉടമ്പടി ചെയ്യുകയുണ്ടായോ ? — ആഗതൻ
“ഇല്ല ” — അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه
തൻറെ മനസ്സിൽ മുൻകൂട്ടി കാത്തുവെച്ച ധാരണകളെ ബലപ്പെടുത്തുന്ന മറുപടികളാണ് -അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهവിൽ നിന്നും കിട്ടിയതെന്ന സന്തോഷാത്തോടെ തിരിച്ചു നടക്കാൻ മുതിർന്ന ചോദ്യ കർത്താവിനോടായി അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه പറഞ്ഞു ;”ഉസ്മാൻ رضي الله عنه വിനെ കുറിച്ച് അഭിപ്രായം മെനയാൻ വരട്ടെ ഈ മൂന്നു സംഭവങ്ങളും ഞാൻ വിവരിക്കാം ,ശേഷം നിങ്ങൾക്ക് തീരുമാനിക്കാം എന്തു വേണമെന്ന്
“ബദർ യുദ്ധ സമയത്ത് നബി യുടെ മകൾ റുഖിയ അസുഖം പിടിപെട്ട് കിടക്കുകയായിരുന്നു .ഭർത്താവായ ഉസ്മാനോട് അവരെ ശുശ്രൂഷിച്ച് മദീനയിൽ തങ്ങാൻ നബി صلي الله عليه وسلم ആവശ്യപ്പെടുകയായിരുന്നു .മാത്രമല്ല ബദർ യുദ്ധത്തിൽ പങ്കു വെച്ച പ്രതിഫലവും ഗനീമത്ത് ഓഹരിയും നബി صلي الله عليه وسلم ഉസ്മാന് ഉറപ്പു നൽകി
ഉഹുദ് യുദ്ധത്തിലാവട്ടെ ,അല്ലാഹു പ്രഖ്യാപിച്ച പൊതു മാപ്പിൽ ഉസ്മാൻ رضي الله عنه വും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നമ്മുടെ വിശ്വാസവും പ്രാർഥനയും. ബൈഅതുർരിറിദ്‌വാൻ ഉണ്ടായ സന്ദർഭത്തിൽ ,നബി صلي الله عليه وسلم യുടെ നിർദേശ പ്രകാരം ഖുറൈശികൾക്ക് അഭിമതനായ പ്രമുഖ വ്യക്തിത്വം എന്ന നിലക്ക് അവരുമായുള്ള സംസാരത്തിന് നബി ഉസ്മാൻ വിനെ പ്രത്യേകം മക്കയിലേക്ക് അയക്കുകയായിരുന്നു .ഉസ്മാൻ رضي الله عنه വിൻറെ അഭാവത്തിൽ ഉണ്ടായ ഉടമ്പടി വേളയിൽ ,റസൂൽصلي الله عليه وسلم തൻറെ വലതു കൈപ്പത്തി ഇടതു കൈപ്പത്തിയുടെമേൽ വെച്ച് ‘ഇത് ഉസ്മാൻറെ കൈയാണ് ,ഞാനിതാ ഉസ്മാനുമായി ബൈഅത്ത് ചെയ്യുന്നു ‘എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ് ,അതിനാൽ അത് ഉടമ്പടിയിൽ പങ്കെടുത്തതിന് തുല്യമായി ‘ ഇതാണ് ഈ മൂന്നു സംഭവങ്ങളുടെയും സത്യാവസ്‌ഥ .ഇനി താങ്കൾക്ക് പോകാം” –അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه ആഗതനോട് പറഞ്ഞു
ആരെയാണ് നാമിവിടെ ഉൾക്കൊള്ളേണ്ടതും മാതൃകയാക്കേണ്ടതും അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه നെയോ തൻറെ മനസ്സിൽ സ്വയം തീർത്ത കുറേ ചോദ്യങ്ങളുമായി വന്ന വ്യക്തിയെയോ ?
ഹൃദയത്തിൽ നാം എന്താണോ കൊണ്ട് നടക്കുന്നത് അതുതന്നെയാകും നമ്മുടെ ജീവിതത്തിൽ നിഴലിക്കുക. നല്ല ചിന്തയും നല്ല വിചാരങ്ങളും വ്യക്തിയിലും സമൂഹത്തിലും നല്ലത് മാത്രമേ സമ്മാനിക്കൂ മോശം വിചാരങ്ങൾ അസ്വസ്‌ഥതകളും ആകുലതയും രോഗവും മാത്രമേ നൽകുകയുള്ളൂ എല്ലാ കളകളും പറിച്ചെറിഞ്ഞ് ഹൃദയമാം മലർവാടിയിൽ സത് വിചാരത്തിൻറെ ശുഭ ചിന്തകളുടെ വിത്ത് നടാൻ ശ്രമിച്ചു നോക്കൂ നാം ,ആ
മലർവാടിയിൽ സ്നേഹത്തിൻറെ ഇഷ്ടത്തിൻറെ പ്രതീക്ഷയുടെ സന്തോഷത്തിൻറെ പരിമളം നുകരാൻ കഴിയും പിന്നെ പിന്നെ നമ്മൾ തന്നെ സുഗന്ധം പരത്തുന്ന നല്ല മനുഷ്യരായി മാറുന്നതായി കാണാം