എത്രമനോഹരമീ പുണ്ണ്യ ജീവിതം, എത്ര മനോഹരമാണ് ആ വെള്ളാരം കല്ലുകൾ

1457

‘പ്രയാസം തന്നെയാണ് ,വിട്ടൊഴിയാത്ത പ്രയാസം’ മുഷിഞ്ഞ കീശയിലെ മരുന്ന് ചീട്ട് കാണിച്ചുകൊണ്ടാണ് അത്രയും അയാൾ തേങ്ങി പറഞ്ഞത്.വിവാഹ പ്രായമെത്തിയ രണ്ടു മൂന്നു പെൺമക്കൾ ,ചോർന്നൊലിക്കുന്ന കുടിൽ പുകയുയരാത്ത അടുപ്പ് .അയലിൽ മുഷിഞ്ഞു തൂങ്ങുന്ന നുരുമ്പിച്ച ഏതാനും വസ്ത്രങ്ങൾ .ആദ്യനാളുകളിൽ അല്ലറ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നിനും വയ്യാതായി ,ഭാര്യക്ക് മരുന്നിനു പോലും കാശില്ല ‘ആരോട് പറയാൻ ദൈവം ഇതൊന്നും കാണുന്നില്ലെന്നുണ്ടോ ‘മനസ്സിലെ വിങ്ങൽ മറയില്ലാതെ പാവം പറഞ്ഞൊപ്പിച്ചു. അത്തരമാളുകളുടെ കരം പിടിക്കാൻ മുന്നോട്ടു വരേണ്ടത് സുമനസ്സുകളുടെ ബാധ്യതയാണ്

മരണം ,രോഗം വിശപ്പ് പട്ടിണി പ്രകൃതിക്കാഴ്ചകളാണ് .മഴ പോലെ മഞ്ഞു പോലെ ചൂടും തണുപ്പും പോലെ. സങ്കടങ്ങളെ അംഗീകരിക്കാൻ കഴിയാത്തതാണ് നമ്മുടെ നിർഭാഗ്യം. ജീവിതത്തിലെ ദുഃഖങ്ങൾ മനസ്സുകളെ കരുത്തുറ്റതാക്കുമെന്ന സത്യം പാഠശാലകളിലെ സിലബസ്സിൽ ഒരു പക്ഷേ കാണാൻ കഴിയില്ല

നിരാശയിൽ കഴിയുന്നവർക്ക് മരണം വരേ നിരാശമാത്രമായിരിക്കും അവരുടെ സുഹൃത്ത്. 
പൗലോ കൊയ്‌ലോ ലോക പ്രിസിദ്ധനായ ബ്രസീലിയൻ സാഹിത്യകാരനാണ് അദ്ധേഹത്തിന്റെ പുസ്തകമാണ് ആൽകമിസ്ററ് ..സ്വപ്നത്തിൽ, താൻ കണ്ട ഈജിപ്തിലെ ഒരിടത്ത്, നിധി തേടിപ്പോകുന്ന ആട്ടിടയൻറെ കഥ.ജീവിതം 
പരിശ്രമിക്കുവാനുള്ളതാണെന്നും, പ്രായാസങ്ങളും പരീക്ഷണങ്ങളും ജീവിതത്തിൽ നേരിടേണ്ടി വരുമെന്നുമുള്ള ഊർജ്ജം നിറഞ്ഞ വാക്കുകളിലൂടെ നമ്മിൽ ജീവിക്കാൻ കൊതി നിറയ്ക്കുന്ന ഒരു പുസ്തകം അതിലെ മൂന്നു വാചകങ്ങൾ ഇവിടെ കുറിക്കുന്നു

“ഒരാൾ എന്തെകിലും നേരിടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ,ആ ആഗ്രഹം സഫലമാക്കൻ ഈ ലോകം മുഴുവൻ അവൻറെ സഹായത്തിനെത്തും ”

“അനുഗ്രഹങ്ങളെ അവഗണിച്ചു കൂട …എങ്കിൽ അവ ശാപങ്ങളായി തിരിച്ചടിക്കും ”

“ലോകത്തിൽ എല്ലാവർക്കും ഒരു പോലെ മനസ്സിലാക്കാൻ കഴിയുന്നൊരു ഭാഷയുണ്ട് –ഉത്സാഹത്തിന്റെ സ്നേഹത്തിൻറെ ,ഉദ്ദേശ ശുദ്ധിയുടെ ഭാഷ”

നാം ആഗ്രഹിക്കുന്നതല്ല ജീവിതം, മറിച്ചു അല്ലാഹു നമുക്ക് നൽകിയതാണ് ജീവിതം. ജീവിതത്തിലെ സുഖ ദുഃഖങ്ങൾ എന്തു കൊണ്ട് എന്ന മനുഷ്യ മനസ്സുകളുടെ ചോദ്യത്തിന് അവനെ സൃഷ്ടിച്ച നാഥൻ തന്നെ പറയട്ടെ

“ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല ;അതിനെ നാം ഉണ്ടാക്കുന്നതിന്നു മുൻപ് തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ .തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.( ഇങ്ങനെ നാം ചെയ്തത് ), നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും ,നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ 
നിങ്ങൾ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ് .അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്‍ടപ്പെടുകയില്ല ” – 57 : 22 ,23

സമുദ്രത്തിനടിയിലെ വെള്ളാരം കല്ലുകൾ ഒരു സുപ്രഭാതത്തിൽ മനോഹരമായതല്ല. ആർത്തു നിലവിളിച്ചു ഉയർന്നു പൊങ്ങുന്ന തിരമാലകൾ നിരന്തരമായി ആ കല്ലിലൂടെ ഒഴുകി തലോടിയ ശേഷമാണ് കണ്ണനാനന്ദം പകരുന്ന കാഴ്ചയായി മാറിയത്. ജീവിതവും അങ്ങിനെയൊക്കെ തന്നെയാണ്. നമുക്ക് പറയാൻ കഴിയട്ടെ “എത്രമനോഹരമീ പുണ്ണ്യ ജീവിതം, എത്ര മനോഹരമാണ് ആ വെള്ളാരം കല്ലുകൾ ”