വിധിവന്നു: ജയവും പരാജയവും നടന്നു

754

ബ്രഹത്തായ ഒരു രാജ്യത്തിന്റെ വിചാരണയും വിധിയെഴുത്തും കഴിഞ്ഞു. ചില മുഖങ്ങള്‍ പ്രസന്നമാണ്. ചില മുഖങ്ങള്‍ മ്ലാനമാണ്. വിധി അനുകൂലമായവരില്‍ പോലും ചിരിക്കുന്ന മുഖങ്ങള്‍ കാണാനില്ല. ദുനിയാവിലെ വിചാരണയും വിധിയും സമ്പൂര്‍ണ്ണമല്ല, നീതിയുക്തവുമല്ല.

ആരുടേയും ജയവും പരാജയവും ജീവിതത്തിലെ ആത്യന്തികമായ ജയ പരാജയങ്ങളുടെ അളവുകോലല്ല എന്ന് വിശ്വസിക്കുന്നവരാണ് മുഅ്മിനുകള്‍. മാത്രമല്ല, ദുനിയാവില്‍ ലഭിക്കുന്ന ജയങ്ങളും പരാജയങ്ങളും ഒരുപോലെ പരീക്ഷണങ്ങളാകുന്നൂ എന്ന് ബോധ്യമുള്ളവരുമാണ് അവര്‍.

പ്രിയ സഹോദരീ സഹോദരങ്ങളെ, ഈ ഹൃസ്വജീവിതത്തില്‍ നാമിച്ഛിക്കുന്നതൊന്നും നടന്നു കൊള്ളണമെന്നില്ല. നാം ആഗ്രഹിക്കുന്നവ മുഴുവനും നമുക്ക് അനുഗുണമാകണമെന്നുമില്ല.

അല്ലാഹുവിന്റെ കണിശമായ തീരുമാനങ്ങളാണ് നമ്മിലെല്ലാവരിലും നടന്നു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ പ്രതിഫലാര്‍ഹമായ ക്ഷമയാണ് നമ്മുടെ എപ്പോഴത്തേയും കൈമുതലാകേണ്ടത്.

വിശുദ്ധ ഖുര്‍ആന്‍ രണ്ടു മുഖങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്, പ്രശോഭിതമായ മുഖങ്ങള്‍ രണ്ട്, കറുത്തിരുണ്ട മുഖങ്ങള്‍. പരലോകത്ത് പടച്ച തമ്പുരാന്റെ നിശിതമായ വിചാരണയും വിധിയും കഴിയുമ്പോഴാണ് ഈ രണ്ടു മുഖങ്ങളും വേര്‍തിരിയുന്നത്. വെളുത്ത ശോഭനിറഞ്ഞ മുഖങ്ങള്‍ തങ്ങളുടെ രക്ഷിതാവില്‍ നിന്നു ലഭിക്കാനായ പരലോക വിജയത്തിന്റെ, സ്വര്‍ഗ്ഗത്തിന്റെ ഉടമകളുടേതാണ്. കറുത്തിരുണ്ട, മ്ലാനത നിറഞ്ഞ മുഖങ്ങള്‍ അല്ലാഹുവില്‍ നിന്ന് പരാജയമേറ്റു വാങ്ങിയ, നരകാവകാശികളായ ആളുകളുടേതാണ്.

സൂറത്തു ആലു ഇംറാനിലെ 106, 107 ആയത്തുകള്‍ നാം വായിച്ചു നോക്കേണ്ടതാണ്. അല്ലാഹു പറഞ്ഞു: ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക.
എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌.
സഹോദരീ സഹോദരങ്ങളെ, ദുനിയാവിലെ ഒരു ദു:ഖത്തിലും ദുരന്തത്തിലും നമ്മുടെ മുഖം നിരാശ നിറഞ്ഞ് കറുക്കരുത്. ഒരു വിജയത്തിലും നേട്ടത്തിലും നമ്മുടെ മുഖം അഹങ്കാരം നിറഞ്ഞ് ചുവക്കരുത്. നാളെ പരലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഹൃദയത്തില്‍ ആനന്ദവും മുഖത്ത് പ്രസന്നതയും ലഭിക്കുന്നവരാകാനാകണം നമ്മുടെ ശ്രദ്ധ മുഴുവനും. അതിന് അത്യധ്വാനം ചെയ്യണം. ഇസ്‌ലാമിന്റെ വിശ്വാസങ്ങളും ആരാധനാ ആചാരങ്ങളും സ്വഭാവങ്ങളും നിഷ്ഠകളും ഹൃദയത്തലേറ്റാനും പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനും ശ്രദ്ധിക്കണം. അല്ലാഹുവിനോട് അടുക്കുമ്പോഴാണ് നിര്‍ഭയത്വം മനസ്സിലേക്ക് വരിക. മുഅ്മിന്‍ എന്നാല്‍ത്തന്നെ നിര്‍ഭത്വമുള്ളവന്‍ എന്ന അര്‍ത്ഥമുള്ളവന്‍ എന്നാണ്.
ജീവിക്കുന്ന സാഹചര്യങ്ങളില്‍ ശത്രുക്കളുടെ വിജയവും അവരുടെ വിജയാരവങ്ങളും ഭീതിപ്പെടുത്തുന്ന ഭീഷണികളും ഉണ്ടായേക്കാം. പതറാതിരിക്കുന്നവനാണ് മുഅ്മിന്‍. അല്ലെങ്കിലും, എവിടെ വെച്ച്, എപ്പോള്‍, ഏതു വിധത്തില്‍ മരണപ്പെടും എന്ന് ഒരു നിശ്ചയവുമില്ലാത്ത, എന്നാല്‍ മരിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ തൗഹീദില്‍ തന്നെയാകണം എന്ന് മനസ്സുറപ്പിച്ച സത്യവിശ്വാസികള്‍ക്കെന്ത് ആശങ്കയും ഭീതിയും!
പ്രവാചക തിരുമേനി(സ്വ) അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)ന് നല്‍കിയ സാരോപദേശം ഇപ്രകാരമാണ്:
*’നീ അറിയുക, നിനക്കു വല്ല ഉപകാരവും ചെയ്യാനായി ഒരു സമൂഹം മുഴുവന്‍ ഒന്നിച്ച് ശ്രമിച്ചാലും, അല്ലാഹു നിനക്കായി വിധിച്ചതല്ലാതെ അവര്‍ക്കൊരുപകാരവും ചെയ്യാനാകില്ല. നീ അറിയുക; നിനക്കു വല്ല ഉപദ്രവവും ചെയ്യാനായി ഒരു സമൂഹം മുഴുവന്‍ ഒന്നിച്ച് ശ്രമിച്ചാലും, അല്ലാഹു നിനക്കായി വിധിച്ചതല്ലാതെ അവര്‍ക്കൊരു ഉപദ്രവവും ചെയ്യാനാകില്ല. പേനകള്‍ ഉയര്‍ന്നു കഴിഞ്ഞു, പേജുകളിലെ മഷിയും ഉണങ്ങിക്കഴിഞ്ഞു.* (തിര്‍മിദി)

ആകയാല്‍, സഹോദരങ്ങളെ, പരലോകത്ത് മുഖപ്രസന്നതയുള്ള വിഭാഗത്തിലാകാനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ശാശ്വതമായ സ്വര്‍ഗ്ഗജീവിതം ലഭിക്കുന്നവരാകാനും ശ്രമിക്കുക. അല്ലാഹു മതി ഞങ്ങള്‍ക്ക് സംരക്ഷകനായി എന്ന് ഭയലേശമില്ലാതെ പ്രഖ്യാപിക്കുന്ന മാനസികാവസ്ഥയിലേക്ക് മാറാനായാല്‍ നാം ശരിയായ മുഅ്മിനുകളായി.

വിശുദ്ധ ഖുർആനിൽ സൂറത്ത് മാഇദയിലെ 105ആം വചനത്തിൽ അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

ഏതു ജീവിതാവസ്ഥയിലും അല്ലാഹുവിനെ സൂക്ഷിച്ച് കഴിയാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍