വ്രതനാളുകളിലെ വിശ്വാസി

1414

നാം വ്രതനാളുകളിലാണ്. തഖ്വക്കുവേണ്ടിയുള്ള കാല്‍വെപ്പുകളാല്‍ സൂക്ഷ്മതയോടെ മുന്നോട്ടു പോവുകയാണ്. ഖല്‍ബില്‍ നിറയെ പ്രതിഫലേച്ഛയും ചുണ്ടില്‍ ദിക്റുകളും ഖുര്‍ആന്‍ വചനങ്ങളുമാണ്. കണ്ണും കാതും കൈകാലുകളും നിയന്ത്രണങ്ങളിലും സല്‍കര്‍മ്മങ്ങളിലും മുഴുകിയിരിക്കുന്നു. പകല്‍ മുഴുവന്‍ നോമ്പിന്‍റെ ചൈതന്യമനുഭവിക്കുന്ന വിശ്വാസീ വിശ്വാസിനികള്‍, രാവില്‍ തറാവീഹിന്‍റെ നിറവില്‍ നിന്ന് ഭക്തിയുണ്ണുകയാണ്. ഖുര്‍ആന്‍ പറഞ്ഞു: നിങ്ങള്‍ ഭക്ഷണമൊരുക്കുക, ശ്രേഷ്ഠമായ ഭക്ഷണം ഭക്തിയാണ്.

നോമ്പ് പരിചയാണ് എന്ന് പ്രവാചകമൊഴിയുടെ പൂര്‍ണ്ണമായ അര്‍ഥം ജീവിതത്തില്‍ അനുഭവിച്ചറിയുകയാണ് നാം. രാവും പകലും ഹൃദയത്തെ വിമലീകരിക്കാന്‍ നോമ്പുകൊണ്ടാകുന്നൂഎന്നത് പടച്ചതമ്പുരാന്‍ നല്‍കിയ മഹാഭാഗ്യം തന്നെ.

ചുറ്റുപാടുകളിലെ പ്രലോഭനങ്ങളേയും അനാവശ്യങ്ങളേയും പ്രതിരോധിക്കാന്‍ നോമ്പ് നല്‍കുന്ന കരുത്ത് അനന്യമാണ്. തിന്മകളോടെതിരിട്ടും പരമാവധി നന്മകളെ ഉള്‍ക്കൊണ്ടും ജീവിതത്തെ ധന്യമാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കും എന്ന അറിവാണ് റമദാനിലെ മഹത്തായ പാഠം.

സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍ ചൈതന്യം വിതറി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അതിനോടടുക്കുന്തോറും ജീവിതം പ്രകാശമാനമാകുമെന്നതില്‍ സന്ദേഹമില്ല. ആത്മാര്‍ഥമായും റബ്ബിനെ സമീപിക്കാന്‍ തീരുമാനിച്ചിറങ്ങിയ വിശ്വാസികള്‍ ഈ ചൈതന്യധാരയോട് ആവോളം അടുക്കാന്‍ ശ്രദ്ധിക്കണം.

റമദാനിനു ശേഷവും തങ്ങളുടെ ജീവിതത്തിന് വെട്ടം പകരാന്‍ ആ അടുപ്പം ഉപകരിക്കുക തന്നെ ചെയ്യും. ഖുര്‍ആനിലൂടെ ഹിദായത്താര്‍ജ്ജിക്കുന്ന ഏതൊരാള്‍ക്കും അല്ലാഹുവില്‍ നിന്നുള്ള പ്രത്യേകം പരിഗണനയുണ്ടാകുന്നതാണ്.

അല്ലാഹു അതിങ്ങനെ വ്യക്തമാക്കി: “സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ, അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്കു വേണ്ടതായ തഖ്വ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്.” (മുഹമ്മദ്: 17)

തന്നെപ്പറ്റി ചിന്തിക്കാന്‍ അവസരം നല്‍കുന്നുവെന്നതാണ് വ്രതനാളുകള്‍ നല്‍കുന്ന അടുത്ത നേട്ടം. റമദാനിനു മുമ്പുള്ള മാസങ്ങളില്‍ ജീവിതത്തെപ്പറ്റിയൊന്നു ചിന്തിക്കണമെന്ന് ആലോചിക്കാഞ്ഞിട്ടല്ല, ദൈനംദിന കെട്ടുപാടുകള്‍ നമ്മെയതിന് സമ്മതിക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു. ഇന്ന് നമുക്കതിന് സാധിച്ചിരിക്കുന്നു. ഗതകാല കര്‍മ്മങ്ങളെപ്പറ്റി മാത്രം ആലോചിക്കാനല്ല, ഇനിയുമൊരു സ്വയം വിചാരണക്ക് അടുത്ത റമദാനില്‍ ആയുസ്സുണ്ടാകുമൊ എന്നു ചിന്തിക്കാനും ഈ റമദാന്‍ അവസരം നല്‍കുന്നുണ്ട്.

മരണാനന്തര ജീവിതത്തിലേക്ക് എന്തൊക്കെ കയ്യിലുണ്ടാകും എന്ന് തിട്ടപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നര്‍ത്ഥം. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊ രുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. (ഹശ്ര്‍: 18)
എന്ന് ഖുര്‍ആനിന്‍റെ നിര്‍ദ്ദേശം പ്രാധാന്യപൂര്‍വം പാലിക്കാനുള്ള അവസരം തന്നെയൊണിത്.

പശ്ചാത്താപ വിവശരാണ് വിശ്വാസികള്‍. പാപങ്ങള്‍ പടച്ചവനോട് പറഞ്ഞ് അവയെ കഴുകിക്കളയുന്ന തിരക്കിലാണ് സര്‍വരും. അല്ലാഹുവിന്‍റെ വിശാലമായ കാരുണ്യമാണ് പാപമോചനം. തന്നിലേക്ക് ഖേദിച്ചെത്തുന്ന ആരേയും അവന്‍ കയ്യൊഴിക്കില്ല. സ്നേഹവത്സലനായ പടച്ചതമ്പുരാന്‍റെ വാഗ്ദാനം വായിക്കുക: “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച്പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)

അനസ് ബ്നു മാലിക് നിവേദനം ചെയ്ത ഒരു പ്രവാചകമൊഴി, ബോധപൂര്‍വമോ അല്ലാതെയോ തെറ്റുകുറ്റങ്ങളിലേര്‍പ്പെടുന്ന വിശ്വാസീ വിശ്വാസിനികള്‍ക്ക് എന്തെന്നില്ലാത്ത സമാശ്വാസമാണ് നൽകുന്നത്. ഹദീസിന്റെ സാരാംശം ഇങ്ങനെ “അല്ലാഹു പറയുകയാണ്, ഹേ, ആദം സന്താനമേ, എന്നില്‍ നീ പ്രതീക്ഷ വെക്കുകയും, എന്നോടു നീ പ്രാര്‍ഥിക്കുകയും ചെയ്യുവോളം, നിന്നില്‍ നിന്നുണ്ടായ സര്‍വതും ഞാന്‍ പൊറുത്തുതരുന്നതാണ്. ഹേ, ആദം സന്താനമേ, ആകാശത്തോളം പോന്ന തെറ്റിലകപ്പെടുകയും പിന്നീട് നീയെന്നോട് മാപ്പിരക്കുകയും ചെയ്താല്‍ ഞാന്‍ നിനക്ക് മാപ്പ് നല്‍കുതാണ്. ഹേ, ആദം സന്താനമേ, ഭൂമിയോളം തെറ്റുമായി നീയെന്‍റടുത്തു വരുകയും, എന്നിൽ യാതൊന്നിനേയും ശിര്‍ക്ക് വെക്കാത്ത നിലയില്‍ എന്നെ നീ കണ്ടുമുട്ടുകയും ചെയ്താല്‍, ഭൂമിയോളം മാപ്പുമായി നിന്‍റടുത്തേക്ക് ഞാന്‍ എത്തുന്നതാണ്.” (തിര്‍മിദി, ഹസന്‍)

ആകയാല്‍ നാം ചെയ്യേണ്ടത് ഇത്രമാത്രം; അല്ലാഹുവിന്‍റെ മുന്നില്‍ മനസ്സ് തുറുന്നു വെക്കുക. നേത്രങ്ങള്‍ സജലങ്ങളാകട്ടെ. പ്രതീക്ഷാ നിര്‍ഭരം ചുണ്ടുകള്‍ പ്രാര്‍ഥനകള്‍ ഉരുവിടട്ടെ. ജീവിത നാളുകളില്‍ ശുദ്ധമനസ്സും, മരണാനന്തരം റയ്യാനെ സ്വര്‍ഗവാതില്‍ പ്രവേശവും ഹൃദയം കൊതിക്കട്ടെ. എങ്കില്‍ നമ്മുടെ ശ്രമം വിഫലമാകില്ലെന്ന് തീര്‍ത്തും നമുക്കാശിക്കാം.

“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.” (ഇസ്റാഅ്: 19)

വിശുദ്ധ റമദാന്‍ സമൂലമായ മാറ്റത്തിനുള്ള വേദിയാണ്. മാറാന്‍ കൊതിക്കുന്നവര്‍ക്ക് അതില്‍ നേടാന്‍ ഒരുപാടുണ്ട്. സ്വന്തം നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാകുന്നവര്‍ക്ക്, അല്ലാഹു മാറാനുളള തൗഫീഖ് നല്‍കുമെന്ന പാഠം നാം ഖുര്‍ആനില്‍ നിന്നും പഠിച്ചതാണല്ലൊ.

ഏതെങ്കിലും തരത്തിലുള്ള ദുസ്സ്വഭാവങ്ങളില്ലാത്തവര്‍ ആരുമില്ല. പുകവലിയും, തമാശക്കോ അല്ലാതേയോ ഉള്ള ചീട്ടുകളിയും, സമയം കൊല്ലികളായ വിനോദങ്ങളുമായുള്ള സമ്പര്‍ക്കവും വിശ്വാസികളുടെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവയാണ്. മുന്‍കോപം, അക്ഷമ, അഹങ്കാരം, പിശുക്ക്, നിരാശ, ആത്മനിന്ദ പോലുള്ള അനേകം മാനസിക ദുര്‍ഗുണങ്ങളും ഒഴിവാക്കപ്പെടേണ്ടവയാണ്. പ്രസ്തുത സ്ഥാനങ്ങളില്‍ വിവേകം, ക്ഷമ, വിനയം, സഹാനുഭൂതി, പ്രത്യാശ, ആത്മാഭിമാനം തുടങ്ങിയ സദ്ഗുണങ്ങള്‍ സ്ഥാപിക്കാനാകണം.

നോമ്പ് ഈവക ഗുണങ്ങളുടെ മുഴുവന്‍ വിളനിലമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ അന്നപാനീയങ്ങളില്‍ നിന്നു മാത്രമല്ല ഒരു നോമ്പുകാരന്‍ മാറിനില്‍ക്കുന്നത്. മാനസികവും ശാരീരികവുമായ എല്ലാത്തരം ദുഷ്കര്‍മ്മങ്ങളില്‍ നിന്നും അവന്‍ അകന്നു നില്‍ക്കുകയാണ്. വഴക്കിനു വരുന്നവനോട്, ‘ഞാന്‍ നോമ്പുകാരനാണ്’ എന്ന്
പ്രതികരിച്ച്, ക്ഷമ ശീലിക്കുക, തന്നെ പോലെ നോമ്പെടുത്തുവരെ നോമ്പുതുറപ്പിച്ച് പിശുക്കകറ്റുക, അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് പ്രത്യാശ കൈവരിക്കുക, പാപങ്ങള്‍ കഴുകിക്കളഞ്ഞ് അന്തസ്സാര്‍ജ്ജിക്കുക. അങ്ങനെയങ്ങനെ, ഒരു ശരിയായ വിശ്വാസിയുടെ മുഴുഗുണങ്ങളിലേക്കുമുയരാന്‍ എത്രയെത്ര സാഹചര്യങ്ങളാണ് റമദാനില്‍.

അല്ലാഹു പറഞ്ഞു: “നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.”

“(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു .”

“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തു പോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.” (ആലു ഇംറാന്‍: 133-135)

വിശ്വാസികളെ സംബന്ധിച്ചിടത്തോളം റമദാനിലെ വെറുമൊരു മാമൂല്‍പണിയല്ല തറാവീഹ് നമസ്കാരം. ഈമാനും പ്രതിഫലേച്ഛയും കൈമുതലാക്കി റമദാനിന്‍റെ രാവുകളില്‍ നമസ്കരിക്കുന്നവന്ന്    കഴിഞ്ഞകാല പാപങ്ങള്‍ പൊറുത്തു കിട്ടുമെന്ന പ്രവചാകതിരുമേനി അരുളിയിട്ടുള്ളതാണ്. രാത്രി നമസ്കാരത്തിന്‍റെ പ്രാധാന്യവും അത്    നിർവഹിക്കുന്നവരുടെ ശ്രേഷ്ഠതയ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

“തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സദ് വൃ ത്തരായിരുന്നു. രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.”
(ദാരിയാത്ത്: 15-1)

അബൂ മാലിക് അല്‍ അശ്അരി(റ) നിവേദനം. നബി (സ്വ) അരുളി: “സ്വര്‍ഗത്തില്‍, അകത്തു നിന്നും പുറത്തുനിന്നും കാണാവുന്ന ചില ഭവനങ്ങളുണ്ട്. നല്ലവാക്കു സംസാരിക്കുന്ന, വിശക്കുന്നവന്ന് ഭക്ഷണം നല്‍കുന്ന , നോമ്പ് കൃത്യമായി നിര്‍വഹിക്കുന്ന , ആളുകള്‍ നിദ്രയിലായിരിക്കേ എഴുന്നേറ്റ് നി്ന്ന് നമസ്കരിക്കുന്ന ആളുകള്‍ക്കു വേണ്ടിയാണ് അല്ലാഹു അത് തയ്യാറാക്കി വെച്ചിരിക്കുന്നത്.”

തപിക്കുന്ന ഹൃദയവും ഈറനണിയുന്ന കണ്ണുകളുമായി പടച്ചവന്‍റെ മുന്നില്‍ തറാവീഹ് നമസ്കാരത്തില്‍ മുഴുകുന്ന വിശ്വാസികള്‍ക്ക് അല്ലാഹുവില്‍ നി്ന്ന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ടെന്ന പാഠമാണ് മുകളില്‍ വായിച്ച പ്രമാണങ്ങള്‍ നമുക്ക് നല്‍കുന്നത്.

ഒരു മാസക്കാലം കൊണ്ട് പരലോകത്തിലേക്ക് സമ്പാദിക്കാന്‍ എന്തെന്ത് മാര്‍ഗങ്ങളാണ് ദയാനിധിയായ നാഥന്‍ തന്‍റെ ദാസന്മാര്‍ക്കായി സജ്ജീകരിച്ചിരിക്കുത്! അല്ലാഹു അക്ബര്‍!

ധൂര്‍ത്ത് മുസ്ലിം ഉമ്മത്തിന്‍റെ നാലയലത്തുപോലും വരാവുന്നതല്ല. ധൂര്‍ത്തന്മാരെ അല്ലാഹുവിന്നിഷ്ടമില്ല എന്നും, അവര്‍ പിശാചിന്‍റെ സഹോദരങ്ങളാണ് എന്നും ഖുര്‍ആനില്‍ നിന്നും പഠിച്ചവരാണ് നാം. മിതത്വമാണ് ഇസ്ലാമിന്‍റെ വഴി. പ്രവാചക തിരുമേനി(സ്വ) തന്‍റെ പ്രബോധിത സമൂഹത്തിലെ അനാവശ്യമായ ഭാരങ്ങള്‍ മുഴുവന്‍ അവരുടെ ചുമലുകളില്‍ നി്ന്ന് ഇറക്കി വെച്ചവരാണ്. അഴിക്കാന്‍ പറ്റാത്ത വിധം അവരുടെ കൈകാലുകളില്‍ കുരുങ്ങിക്കിടന്ന ചങ്ങലക്കെട്ടുകളെ അറുത്തു മാറ്റിയവരാണ്.

വിശ്വാസ-ആചാര-സ്വഭാവ മേഖലകളിലെ അതിരുവിട്ട മുഴുവന്‍ നിലപാടുകളേയും ഇസ്ലാമിന്‍റെ മധ്യമ നിലപാടിലേക്ക് കൊണ്ടുവരികയാണ് വിശ്വാസികളുടെ ബാധ്യത. എന്നാല്‍ പ്രവാചകന്‍ ഇറക്കിവെച്ച ഭാരങ്ങളും, അറുത്തു മാറ്റിയ ചങ്ങലകളും അറിഞ്ഞോ അറിയാതേയോ എടുത്തണിഞ്ഞ് ജീവിക്കുന്നവര്‍ നമുക്കിടയിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. വിശുദ്ധ റമദാന്‍ അവര്‍ക്കൊരു സഹായിയാണ്.

ധൂര്‍ത്തിന്‍റെ സ്ഥാനത്ത് ദാനധര്‍മ്മങ്ങളെ പ്രതിഷ്ഠിക്കാന്‍ ഈ മാസം അവര്‍ക്ക് പരിശീലനം നല്‍കും. തങ്ങളേറെ ഇഷ്ടപ്പെടുന്ന സമ്പത്തില്‍ നി്ന്ന് അഗതികള്‍ക്കും അശരണര്‍ക്കും ധര്‍മ്മം നല്‍കി സഹായിക്കുന്നവന്‍ പടച്ചവന്‍റെ ഇഷ്ടക്കാരനാണ്. ‘രഹസ്യമായി നല്‍കുന്ന ദാനം പടച്ചവന്‍റെ കോപത്തെ കെടുത്തുന്നതാണ്’, ‘രഹസ്യമായി നല്‍കു ദാനം, ജലം അഗ്നിയെ കെടുത്തുന്നതുപോലെ, പാപത്തെ കെടുത്തിക്കളയുന്നതാണ്’ (സ്വഹീഹുത്തര്‍ഗീബ്)

തുടങ്ങിയ പ്രവാചക മൊഴികളെ ഈ സന്ദര്‍ഭത്തില്‍ മനസ്സിരുത്തേണ്ടതാണ്. വിചാരണാ നാളില്‍ ‘ഓരോ വ്യക്തിയും അവന്‍ ചെലവഴിച്ച ദാനധര്‍മ്മങ്ങളുടെ തണലിലായിരിക്കും’ എന്ന് ഉഖ്ബത്ത് ബ്നു ആമിര്‍ (റ) നബി(സ്വ)യില്‍ നിന്നും പഠിപ്പിക്കുന്നുണ്ട്. അല്ലാഹു അരുളി: “വിശ്വാസികളായ എന്‍റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നി്ന്ന് , യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ.” (ഇബ്റാഹീം: 31)

ചുരുക്കത്തില്‍, കാറ്റിനേക്കാള്‍ വേഗതയിലുള്ള ദാനധര്‍മ്മം ശീലിച്ച പ്രവാചക ശ്രേഷ്ഠന്‍റെ അനുയായികളാണ് നമ്മേ ഓര്‍മ്മയുണ്ടായിരിക്കണം. വെറുതെ ഓര്‍മ്മിക്കാനല്ല; നമ്മുടെ ജീവതത്തിലും ആ മഹാമാതൃക പാലിക്കാന്‍. അങ്ങനെ അല്ലാഹുവില്‍ നി്ന്ന് പ്രതിഫലങ്ങള്‍ കൈവരിക്കാന്‍. റമദാനിലെ വിശ്വാസി സമൂലമായ മാറ്റത്തിലും പരിശീലനത്തിലുമായിരിക്കണം എന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട് നാം വരുംനാളുകളെ ഉപയോഗപ്പെടുത്തുക. ഈ പവിത്ര മാസത്തില്‍ ജീവിക്കാനായിട്ട് അല്ലാഹുവിന്‍റെ പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും തൗഫീഖ് കിട്ടുന്നി ല്ലെങ്കില്‍, അഥവാ ആ തൗഫീഖ് കിട്ടാന്‍ തക്ക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ നമുക്കാകുന്നില്ല എങ്കില്‍ കഷ്ടമാണത്, ഇഹത്തിലും പരത്തിലും നഷ്ടമാണത്. ശുദ്ധഹൃദയവും, നരക മോചനവും, റയ്യാന്‍ കവാടത്തിലൂടെയുള്ള സ്വര്‍ഗ്ഗപ്രവേശവും നല്‍കി അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..