വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍

835

വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.

ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം
കൊള്ളിക്കുന്നുണ്ട്. എല്ലാം പൊറുക്കുന്ന നാഥനോട് ഇതിനകം നാമെത്രയോ പറഞ്ഞു കഴിഞ്ഞു. പശ്ചാത്താപത്തിന്‍റേയും ഏറ്റുപറച്ചിലിന്‍റേയും രാപകലുകളായി റമദാന്‍ നമ്മുടെ ജീവിതത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ ആശ്വാസവും ഒപ്പം നന്മനിറഞ്ഞ പാതയിലൂടെ മുന്നോട്ടുപോകാനുള്ള ആവേശവുമുണ്ട്.

പടച്ചവന്‍ തന്‍റെ അടിയാറുകള്‍ക്കു നല്‍കുന്ന കനിവാണത്.
അന്നപാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വെറുമൊരു ഐക്യദാര്‍ഡ്യ പ്രഖ്യാപനമായിരുന്നില്ല. നാം നോറ്റുവീട്ടിയ വ്രതങ്ങള്‍. ‘നിങ്ങള്‍ സൂക്ഷ്മതയുള്ളവരായേക്കാം’ എന്ന നോമ്പിന്‍റെ കാതല്‍ തേടിയുള്ള, ആത്മാര്‍ഥവും പ്രതിഫലേച്ഛ നിറഞ്ഞതുമായ ആരാധന തയൊയിരുന്നു അവ.

അല്‍ഹംദുലില്ലാഹ്.

വെറും അത്താഴത്തിലും നോമ്പുതുറയിലും ശ്രദ്ധകേന്ദ്രീകരിച്ചവര്‍ നമ്മിലുണ്ടാകാം; നോമ്പി ന്‍റെ അന്തസ്സത്തയറിയാത്തവര്‍! റമദാനിന്‍റെ പകലുകളില്‍ നിദ്രയില്‍ ‘ആരാധന’ കണ്ടെത്തിയവരുമുണ്ടാകാം;

നിര്‍ഭാഗ്യവാന്മാര്‍!

അത്തരക്കാരക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അലസതവിട്ടുണരാന്‍ മുന്നില്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. വ്രതത്തിന്‍റെ പ്രതിഫലം പടച്ചവനില്‍ നിന്നും കൈനീട്ടി വാങ്ങാനുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടില്ല.

അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും, പശ്ചാത്തപിക്കാനും, ഖുര്‍ആന്‍ പാരായണത്തിലും പഠനത്തിലുമേര്‍പ്പെടാനും, ദാനധര്‍മ്മങ്ങള്‍ നല്‍കി മാനസിക ധന്യരാകാനും ശ്രമിക്കുമെങ്കില്‍
അവര്‍ക്കു തന്നെയാണ് നേട്ടം.
നോമ്പ് എന്നര്‍ഥം പറയുന്ന സൗമിന്‍റെ ആശയം അടക്കിനിര്‍ത്തുക എന്നതാണ്. ചോറും
വെള്ളവും ലൈംഗികതൃഷ്ണയുമൊക്കെ നോമ്പിന്‍റെ ഭാഗമായി നാം അടക്കി നിര്‍ത്തി എന്നത് നേരാണ്. കണ്ണിന്‍റെ കട്ടുനോട്ടങ്ങളെ, നാവിന്‍റെ കെട്ടഴിഞ്ഞ സംസാരങ്ങളെ, കാതുകൊണ്ടുള്ള സംഗീതാസ്വാദനങ്ങളെ നാം അടക്കി നിര്‍ത്തിയൊ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വാക്കിലും പ്രവൃത്തികളിലുമുള്ള മോശമായ നിലപാടുകളെ ഒഴിവാക്കാത്ത ഒരുവന്‍ അപാനീയാദികള്‍
വെടിയുന്നതില്‍ അല്ലാഹുവി്ന് യാതൊരു താത്പര്യവുമില്ല എന്ന പ്രവാചക മൊഴി
പ്രാധാന്യത്തോടെ പഠിച്ചവരായിരുന്നിട്ടും വീഴ്ച പറ്റിയിട്ടുണ്ടാകാം.

കര്‍മ്മങ്ങളിലെ ദൈനംദിന നിലപാടുകളിലേയും വീഴ്ചകള്‍ക്ക് പടച്ചവനോട് മാപ്പിരന്നു കൊണ്ടുള്ള
യാത്രയാകട്ടെ നമ്മുടേത്. അങ്ങനെയാകുമ്പോള്‍ അവശേഷിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍
സൂക്ഷ്മതകാണിക്കാന്‍ അത് പ്രചോദനമായിത്തീരും.
നമ്മളൊക്കെ ഖുര്‍ആന്‍ തുറന്നുവെച്ചുവോ എന്നറിയില്ല.

ഹുദയും, ബയ്യിനാത്തുമ്മിനല്‍ ഹുദയും,
ഫുര്‍ഖാനുമായി പൂത്തുലഞ്ഞു നില്‍ക്കുന്ന വേദഗ്രന്ഥം! റമദാനിന്‍റെ രാവുകളില്‍
ജീബ്രീലി(അ)ന്‍റെ മുന്നിലിരുന്നു ഖുര്‍ആനോതാറുണ്ടായിരുന്ന പ്രവാചക ശ്രേഷ്ഠന്‍റെ അനുയായികളാണു നാം. ഇതിനകം എത്ര പേജുകള്‍, എത്രസൂറകള്‍ നാം ഓതിത്തീര്‍ത്തു?

വിചാരണ നാളിൽ നോമ്പും ഖുര്‍ആനും നമുക്ക് ശുപാര്‍ശ പറയാന്‍ വരുമെന്ന പ്രവാചക മൊഴി
നാം പഠിച്ചിട്ടുണ്ട്.

അബ്ദുല്ലാഹി ബ്നു ഉമര്‍(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ) അരുളി: ഖിയാമത്തു നാളില്‍ നോമ്പും ഖുര്‍ആനും സത്യവിശ്വാസിയായ ദാസന്നുവേണ്ടി ശുപാര്‍ശ പറയുതാണ്. നോമ്പ് പറയും: ‘നാഥാ! അന്നപാനീയാദികളില്‍ നിന്ന്, തൃഷ്ണകളില്‍ നിന്ന് ഞാനാണവനെ തടഞ്ഞു നിര്‍ത്തിയത്, അവന്‍റെ കാര്യത്തില്‍ ശുപാര്‍ശ പറയാന്‍ എന്നെ അനുവദിച്ചാലും’. അപ്പോള്‍ ഖുര്‍ആന്‍ പറയും: ‘നാഥാ! രാവില്‍ ഉറക്കത്തില്‍ നിന്നും ഇവനെ തടഞ്ഞു നിര്‍ത്തിയത് ഞാനാണ്. ഇവന്‍റെ കാര്യത്തില്‍ എനിക്കു നീ ശുപാര്‍ശക്കനുമതി തന്നാലും’. പ്രവാചകനരുളുകയാണ്: അങ്ങനെ അവരണ്ടും അനുമതിപ്രകാരം ശുപാര്‍ശ ചെയ്യുന്നതാണ്.
(അഹ്മദ് മുസ്നദിലും, ത്വബറാനി അല്‍ കബീറിലും, ഇബ്നു അബിദ്ദുന്‍യാ കിതാബുല്‍ ജൂഇലും രേഖപ്പെടുത്തിയത്.)

നബിതിരുമേനിയില്‍ നിന്നും ഉദ്ധൃതമായ ഈ മഹത്തായ പാഠം ഓര്‍ത്തെടുത്ത് ഈ റമദാനില്‍ അതിനെ നാം ഉപയോഗപ്പെടുത്തിയൊ എന്ന ചിന്ത സുപ്രധാനമാണ്. വിശ്വാസിക്ക് വ്രതം കൊണ്ട് ആത്യന്തികമായി നേടാനാകുന്നത്, പരലോകത്ത് സ്വര്‍ഗ പ്രാപ്തിയേകുന്ന തഖ്വയാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

ദുനിയാവിലെ ജീവിതം പടച്ചവന്‍റെ പ്രീതിക്കുതകുംവിധം ക്രമീകരിക്കാന്‍ തഖ്വകൊണ്ടേ സാധ്യമാകൂ. അലക്ഷ്യമായ
ജീവിതവും, വരുംവരായ്കകളെ കണക്കിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളും വിശ്വാസികളുടെ ആദര്‍ശത്തില്‍ പറഞ്ഞിട്ടുള്ളതല്ല. പരലോകത്ത് സ്വര്‍ഗനേട്ടം സാധ്യമാകുന്നത് പടച്ചവനെ സംബന്ധിച്ച അറിവിലൂടേയും അവന്‍റെ വിധിവിലക്കുകള്‍ പാലിച്ചു കൊണ്ടുള്ള
ജീവിതത്തിലൂടെയുമാണ് എന്ന ബോധം വിശ്വാസികളില്‍ എപ്പോഴും സജീവമായി
നിലനില്‍ക്കണം. ഖുര്‍ആനിന്‍റെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മിലുണ്ടാക്കേണ്ട ചില
ചിന്തകളുണ്ട്. അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സൃഷ്ടിച്ചു പരിപാലിച്ചുപോരുന്ന അല്ലാഹുവിന്‍റെ മഹത്വവും ഗാംഭീര്യവും സംബന്ധിച്ച ചിന്ത.

സകല സൃഷ്ടികളിലും കാരുണ്യം പരത്തുന്ന പ്രപഞ്ചസ്രഷ്ടാവിന്‍റെ മഹത്വവും ഗാംഭീര്യവും
അതുല്യവും അപരിമേയവുമാണ്. അല്ലാഹുവിന്‍റെ അസ്ഥിത്വത്തേയും, ആരാധ്യതയേയും, ശാസനാധികാരത്തേയും അംഗീകരിച്ച് വിശ്വസിക്കുന്ന ദാസീ ദാസന്മാര്‍ അവന്‍റെ മഹത്വമറിയാനും അവന്‍റെ ഖദ്റിനെ വിലമതിക്കാനും ശ്രമിക്കുന്നുവെങ്കില്‍ പറയാനാവാത്തത്ര ഭക്തിയും, ഭയവും, പ്രതീക്ഷയുമായിരിക്കും തങ്ങളുടെ ജീവിതത്തില്‍ അവര്‍ക്കു ലഭിക്കുക. അതിലൂടെ അല്ലാഹുവിന്‍റെ ദയനിറഞ്ഞ സാമീപ്യമാണ് അവര്‍ക്ക് അനുഭവിക്കാനാവുക.

അല്ലാഹുവിനെ യഥാവിധം പരിചയപ്പെടുത്തുന്ന ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക
വചനങ്ങളും നിരവധിയാണ്. ഖുര്‍ആനിന്‍റെ പ്രഥമ ആധ്യായം തെന്നെ സ്രഷ്ടാവിനെ
സംബന്ധിച്ചുള്ള പരിചയപ്പെടുത്തല്‍ കൊണ്ടാണ് ആരംഭിക്കുത്. ഇതര മതദര്‍ശനങ്ങളില്‍
സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അവതരണമാണ്
വിശുദ്ധ ഖുര്‍ആനിന്‍റേത്.

കാരുണ്യവാനായ, കരുണാവാരിധിയായ, ലോകനിയന്താവും,വിചാരണാദിനത്തിന്‍റെ ഉടമയുമായ ശക്തിയാണ് പടച്ചതമ്പുരാന്‍ എന്ന അറിവ് വിശ്വാസികളുടെ
ഹൃദയങ്ങളില്‍ തെല്ലൊന്നു മല്ല ആശ്വാസം പകരുന്നത്.

ദുനിയാവില്‍ ബഹുദൈവവിശ്വാസികളും ബഹുദൈവാരാധകരും നിലനില്‍ക്കുന്നത്
എന്തുകൊണ്ടാണ്?

തങ്ങളുടെ ആവലാതികളും ആഗ്രഹങ്ങളും യഥാര്‍ഥ സ്രഷ്ടാവില്‍
നിന്നു മാറ്റി തങ്ങളെപ്പോലെയുള്ള സൃഷ്ടികളിലര്‍പ്പിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന
ഘടകമെന്താണ്. ആകാശഭൂമികളുടെ സൃഷ്ടിപ്പും നിയന്ത്രണവും ഏകനായ അല്ലാഹു വിന്‍റെ
കയ്യിലാണ് എന്നും, ജനിമൃതികളുടെ ഉടമസ്ഥത അവനില്‍ മാത്രമാണ് എന്നും
കൃത്യമായറിയുമ്പോഴും മനുഷ്യദൈവങ്ങളേയും പ്രകൃതിപ്രതിഭാസങ്ങളേയും ഭയക്കാനും
അവരോട് ആവശ്യങ്ങള്‍ ഇരക്കാനും മനുഷ്യര്‍ താത്പര്യമെടുക്കുന്നതിലെ കാരണമെന്താണ്?

ഏകദൈവവിശ്വാസം കൊണ്ട് അനുഗൃഹീതരായ മുസ്ലിംകളിലെ വലിയൊരു വിഭാഗം പോലും
അല്ലാഹുവിനെ ആരാധിക്കുന്നതോടൊപ്പം, അമ്പിയാക്കളേയും ഔലിയാക്കളേയും
തങ്ങന്മാരേയും ബീവിമാരേയും ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത്
സാര്‍വ്വത്രികമാണി്ന്നത്.

ജൂതക്രൈസ്തവരുടെ ആദര്‍ശമായ ഖബറാരാധനയെ കടമെടുത്ത് ജീവിക്കുന്ന മുസ്ലിംകളുടെ എണ്ണവും വണ്ണവും അധികമാണ്!

എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി
ഖുര്‍ആന്‍ പറയുതിതാണ്:

“അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ടവിധം കണക്കാക്കിയിട്ടില്ല.” (സുമര്‍: 67)

അല്ലാഹുവാണ് സ്രഷ്ടാവും നിയന്താവുമെന്നുള്ള ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടും തങ്ങളുടെ
നിത്യജീവിതത്തില്‍ അന്യരെ ആശ്രയിക്കുകയും, അവരുടെ പരിഗണനക്കായി പൂജകളും
നേര്‍ച്ചകളും അര്‍പ്പിക്കുകയും ചെയ്യുന്നവര്‍ ഫലത്തില്‍ അല്ലാഹുവിനെ നിന്ദിക്കുകയും
പരിഹസിക്കുകയുമാണ് ചെയ്യുന്നത്!

പടച്ചതമ്പുരാന്‍റെ മഹത്വവും ഗാംഭീര്യവും തിരിച്ചറിയാനുള്ള ശേഷിയില്ലായ്മയാണ് ഇത്തരം മോശമായ നിലപാടിലകപ്പെടാന്‍ നിമിത്തമാകുത്.അത്തരക്കാരോടാണ് അല്ലാഹുവിന്‍റെ ഗൗരവമാര്‍ന്ന ചോദ്യം:

“നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല?” (നൂഹ്: 13)

ഈ റമദാന്‍ മാസത്തിലെ ഖുര്‍ആന്‍ വായന അല്ലാഹുവിന്‍റെ ഗാംഭീര്യമറിഞ്ഞ് ആരാധനാദി
സല്‍കര്‍മ്മങ്ങളിലേര്‍പ്പെടാന്‍ നമുക്ക് സഹായകമായിത്തീരന്ന്‍ിട്ടുണ്ടൊ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്.

നോമ്പുകാരന് ലഭിക്കുന്ന രണ്ട് ആനന്ദാവസരങ്ങളെപ്പറ്റി പ്രവാചകനരുളിയിട്ടുണ്ട്.

ഒന്ന് നോമ്പ് തുറക്കുന്ന വേളയാണ്. പകല്‍ മുഴുവന്‍ പടച്ചവന്‍റെ പ്രീതിയുദ്ദേശിച്ച് പട്ടിണി യിലായിരുന്നു നാം. സൂര്യാസ്തമയത്തോടെ നമ്മുടെ മുമ്പില്‍ വിഭവസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാവുകയാണ്. വിശപ്പകറ്റാനും, ദാഹം തീര്‍ക്കാനുമുള്ള അവസരം; സന്തോഷമുണ്ടാവുക
സ്വാഭാവികം.

പക്ഷെ, ആനന്ദത്തിന് വഴിവെക്കുന്ന രണ്ടാമത്തെ അവസരത്തെപ്പറ്റി ഇതിനകം നാം ചിന്തിച്ചിട്ടുണ്ടൊ? സത്യത്തില്‍ അതാണു പ്രധാനം.പരലോകത്ത്,സ്വര്‍ഗ്ഗവാസിയായിത്തീരാന്‍ അനുഗ്രഹം സിദ്ധിച്ച വേളയില്‍ അല്ലാഹുവിന്‍റെ തിരുമുഖം ദര്‍ശിക്കാനാകുന്ന സന്ദര്‍ഭമത്രെ
നോമ്പുകാരന് ലഭിക്കുന്ന രണ്ടാമത്തെ ആനന്ദാവസരം.

ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും
ദര്‍ശിച്ചിട്ടില്ലാത്ത, ഒരു ഹൃദയത്തില്‍ പോലും ചിത്രം തെളിഞ്ഞിട്ടില്ലാത്ത സ്വര്‍ഗീയവിഭവങ്ങളും,
അതിലുമപരി സര്‍വ പ്രതാപിയായ പടച്ചതമ്പുരാന്‍റെ തിരുമുഖ ദര്‍ശനവും നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അതിരില്ലാത്ത ആഹ്ലാദദായകങ്ങളാണ്. (അബൂഹുറയ്റ(റ) നിവേദനം ചെയ്തതും, ബുഖാരി (1904), മുസ്ലിം (1151) രേഖപ്പെടുത്തിയതുമായ ഹദീസിന്‍റെ വിശകലനം)

പിന്നിട്ട നോമ്പുതുറവേളകളില്‍, ലഭിക്കാനിരിക്കുന്ന അത്തരമൊരനുഭൂതിയെപ്പറ്റി ചിന്തിച്ചവരും, അതിന്നായി ആഗ്രഹിച്ചവരും പ്രാര്‍ത്ഥിച്ചവരും നമ്മിലെത്ര പേര്‍ കാണും?! അല്‍പമാണെങ്കിലും ഇനിയും റമദാന്‍ ദിനങ്ങള്‍ നമ്മോടൊപ്പമുണ്ട്.

തിരുനബിയരുളിയ ആ രണ്ടാമത്തെ
ആനന്ദാവസരത്തിന് തൗഫീഖ് ലഭിക്കാനാകട്ടെ..

നമ്മുടെ പ്രവര്‍ത്തനങ്ങള്‍. വ്രതം ഓര്‍മ്മകളെ നിലനിര്‍ത്തുന്നതാകണം. കളിച്ചും ചിരിച്ചും, കൈകോര്‍ത്തു നടന്നും
നമ്മോടൊപ്പമുണ്ടായിരുന്നൂ. കുറേ കൂട്ടുകാര്‍, കുടുംബക്കാര്‍! കഴിഞ്ഞ റമദാനില്‍ അവരോടൊപ്പം നാം അത്താഴം കഴിച്ചു, നോമ്പുതുറന്നു. ഖുര്‍ആന്‍ പാഠശാലകളില്‍ പങ്കെടുത്തു, രാവില്‍
ഭക്തിപൂര്‍വം തറാവീഹിനായി പള്ളികളിലൊത്തു ചേര്‍ന്നു. ഇന്നത്തെ റമദാനില്‍ അവരിലെ
പലരും നമ്മോടൊപ്പമില്ല! കുറച്ചു നാളത്തേക്കായി നമ്മില്‍ നിന്നും അവര്‍ മാറിനിന്നതല്ല.

അവര്‍ മരിച്ചിരിക്കുന്നു!

വിചാരണാ നാള്‍വരെ അവര്‍ നമ്മില്‍ നിന്നു ദൂരെയായിരിക്കും. ഈ റമദാനിന്‍റെ മാധുര്യവും കൂലിയുമനുഭവിക്കാന്‍ അവര്‍ക്കായില്ല അത് നമ്മെ ചിന്തയിലാഴ്ത്തണം.

ശേഷിക്കുന്ന വ്രതദിനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്കാകുമൊ? പള്ളിയില്‍ തറാവീഹിനു നിന്ന നമ്മള്‍ ഏതെങ്കിലുമൊരു പള്ളി പ്പറമ്പിലുറങ്ങുമൊ? അടുത്ത റമദാനില്‍ നമ്മുടെ സാന്നിധ്യത്തിന്‍റെ സ്മരണകളയവിറക്കി നമ്മുടെ വീട്ടുകാര്‍, കൂട്ടുകാര്‍ നോമ്പെടുക്കുമോ? ചിന്തിക്കാന്‍ നമുക്കൊരുപാടുണ്ട്. പ്രവാചക തിരുമേനി (സ്വ) യുടെ സദുപദേശം ഇത്തരുണത്തില്‍ സ്മരണീയമാണ്.

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “ജീവിതാസ്വാദനങ്ങളെ
തകര്‍ക്കാനെത്തുന്ന മരണത്തെ നിങ്ങള്‍ കൂടുതലോര്‍ക്കുക” (അഹ്മദ് 7741, തിര്‍മിദി 2284, നസാഈ 1810)

ഈ റമദാന്‍ ആ ഓര്‍മ്മകള്‍ നമ്മിലധികരിപ്പിക്കട്ടെ.

മൂന്നാം ഖലീഫ ഉസ്മാന്‍ ബ്നു അഫ്ഫാന്‍(റ) ഒരിക്കല്‍ ഒരു ഖബറിരികെ നി്ന്ന്
കരയുകയാണ്.

ഒരാള്‍ ചോദിച്ചു; ‘അമീറുല്‍ മുഅ്മിനീന്‍, ഇതെന്തു സംഗതി! സ്വര്‍ഗനരകങ്ങളെപ്പറ്റി ധാരാളമോര്‍ക്കാറുള്ള താങ്കള്‍, അപ്പോഴൊന്നുമില്ലാത്തത്ര തീവ്രമായി ഈ ഖബറിരികില്‍ നിന്ന് കരയുന്നതെന്ത്?’ അദ്ദേഹം പറഞ്ഞു: ‘ശരിയാണ്. അല്ലാഹുവിന്‍റെ ദൂതന്‍റെ വാക്കുകള്‍ ഞാനോര്‍ക്കുകയാണ്: പരലോകത്തിലേക്കുള്ള ഘട്ടങ്ങളില്‍ ആദ്യ ഘട്ടമാണ് ഖബര്‍.

അതില്‍ ആരു വിജയിച്ചുവോ, അവന്‍റെ അടുത്ത ഘട്ടം കൂടുതല്‍ സുഖകരമായിരിക്കും. എന്നാൽ ഖബറെന്ന പ്രഥമഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടാല്‍ വിജയിക്കാനാകാത്തവിധം അടുത്ത ഘട്ടം അവന്ന് ദുഷ്കരമായിരിക്കും!’ (തിര്‍മിദി, ഇബ്നു മാജ ഹസനെന്ന് അഭിപ്രായപ്പെട്ടത്).

അതെ,
ഖബറുകള്‍ കാണുമ്പോള്‍ ഈ സാധുവിന്‍റെ കണ്ണുകള്‍ എങ്ങനെ കരയാതിരിക്കും എന്ന്
ചോദിക്കുകയായിരുന്നു. മഹാനായ ഉസ്മാന്‍(റ).

ഖബറുകള്‍ നിറഞ്ഞ പള്ളിപ്പറമ്പുകള്‍ നമ്മുടെ ചുറ്റുവട്ടത്തുമുണ്ട്. കരയാന്‍ കൊതിക്കുന്ന
കണ്ണുകളും നമ്മുടെ കൈവശമുണ്ട്. മരണത്തേയും മരണാനന്തര ജീവിതത്തേയുമോര്‍ത്ത് അലിയാനും, കണ്ണീരൊഴിക്കാനും തയ്യാറുള്ള ദൈവഭയമുള്ള ഒരു ഹൃദയം നമ്മുടെ
വംഗഭാഗത്തുണ്ടൊ എന്നതാണ് പ്രശ്നം!

ഈ റമദാന്‍ അത്തരമൊരു മനസ്സ് നേടാന്‍ നമുക്ക് സഹായകമായി ഭവിച്ചിട്ടുണ്ടെങ്കില്‍ നാം ധന്യരായി.

അല്ലാഹു തൗഫീഖരുളട്ടെ. ആമീൻ

©നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം
ഒരു ഓൺലൈൻ ഇസ്ലാമിക മത പഠന സംരംഭം
www.nermozhi.com