വിനയത്തിന്‍റെ മുഖങ്ങള്‍

1321

പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി.

അവര്‍ പറഞ്ഞു: “ഈ സാധനങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ളതാണ്. എനിക്കാണെങ്കില്‍ ഇതെടുത്ത് നടക്കാനുള്ള ശേഷിയുമില്ല.ആരെങ്കിലും സഹായിക്കുമൊ എന്ന് പ്രതീക്ഷിച്ച് ഇവിടെ ഇരുന്നതാണ്.”തിരുമേനി(സ്വ) പിന്നെ കാത്തു നിന്നില്ല. ആ വൃദ്ധയുടെ ഭാണ്ഡമെടുത്ത് തലയില്‍ വെച്ച് നടന്നു!

********* ********* *********
അബൂബക്കര്‍(റ) ഖലീഫയാകും മുമ്പേ ജനസേവകനായിരുന്നു. മദീനയിലെ പാവപ്പെട്ട വീടുകളില്‍ ചെന്ന് ആടുകള്‍ കറന്നു കൊടുത്ത് അവരെ സഹായിക്കുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു.

പ്രവാചക വിയോഗാനന്തരം അദ്ദേഹം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതറിഞ്ഞ ദരിദ്രവീടുകളിലെ സ്ത്രീകള്‍ പറഞ്ഞു: ‘അദ്ദേഹം ഖലീഫയായിരിക്കുന്നു. ഇനി അദ്ദേഹം നമ്മുക്കു വേണ്ടി പാല്‍കറന്ന് സഹായിക്കുകയില്ല.’
പക്ഷെ, അന്നും പതിവുപോലെ അദ്ദേഹം പ്രസ്തുത വീടുകളില്‍ ചെന്നു; ആടുകളുടെ പാല്‍കറന്നു കൊടുത്ത് അവരെ സഹായിക്കാന്‍! അതെ, പുതിയ പദവി അദ്ദേഹത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല!
********* ********* *********

അബൂബക്കര്‍(റ): അദ്ദേഹം ഒരു വൃദ്ധയുടെ കുടിലില്‍ ചെന്ന് അവിടം അടിച്ചു വാരുകയും, വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം തയ്യാറാക്കിയും അവരുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കൊടുത്തും മാത്രമേ അദ്ദേഹം വീട്ടിലേക്ക് തിരിക്കാറുള്ളൂ!
വലിയൊരു സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്നിട്ടും അദ്ദേഹം തന്‍റെ പതിവുരീതി മാറ്റിയിരുന്നില്ല!
********* ********* *********

റോമിനോടേറ്റുമുട്ടാന്‍ ഒരുങ്ങിപ്പുറപ്പെട്ട മുസ്ലീം സൈന്യത്തെ യാത്രയയക്കാന്‍ അമീറുല്‍ മുഅ്മിനീന്‍ അബൂബക്കര്‍(റ) ചെന്നു. വെറും പതിനേഴു വയസ്സുകാരനായിരുന്ന ഉസാമത്തു ബ്നു സൈദാ(റ)യിരുന്നു മുസ്ലിം സൈന്യത്തിന്‍റെ നേതാവ്. ഉസാമ(റ) കുതിരപ്പുറത്തു യാത്രയായി അബൂബക്കര്‍(റ) കാല്‍നടയായി അദ്ദേഹത്തെ അനുഗമിക്കാനും തുടങ്ങി. ഒരു സൈന്യത്തിന്‍റെ നേതാവുമാത്രമായ താന്‍ വാഹനപ്പുറത്ത് യാത്രചെയ്യുക, ഖലീഫയാകട്ടെ കാല്‍നടയായി അദ്ദേഹത്തെ അനുഗമിക്കുക. ഉസാമ(റ)ക്ക് പ്രയാസം തോന്നി.

അദ്ദേഹം പറഞ്ഞു: “അല്ലയോ, പ്രവാചക ഖലീഫാ, താങ്കള്‍ വാഹനപ്പുറത്ത് സഞ്ചരിക്കണം അല്ലെങ്കില്‍ ഞാനിതാ ഇതില്‍ നിന്നും താഴെയിറങ്ങുകയാണ്.”അബൂബക്കര്‍(റ) പറഞ്ഞു: “അല്ലാഹുവാണെ , ഞാന്‍ വാഹനപ്പുറത്തേറുകയുമില്ല, താങ്കള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങേണ്ടതുമില്ല. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്‍റെ കാലുകളില്‍പം മണ്ണുപുരുളുന്നതില്‍ എനിക്ക് വേവലാതിയുണ്ടാവുകയൊ! ഇല്ല.”
********* ********* *********

മഹാനായ ഖലീഫ ഉമര്‍(റ) തന്‍റെ രാത്രികാല പരിശോധനയിലാണ്. പ്രജകളുടെ ക്ഷേമവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടുള്ള യാത്രയില്‍ വിശന്നു കരയുന്ന യതീം കുട്ടികള്‍ താമസിക്കുന്ന ഒരു വീട് അദ്ദേഹത്തിന്‍റ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം തിരിച്ചു നടന്നു. ഖജനാവില്‍നിന്നും ഒരു ചാക്ക് ഗോതമ്പു മാവെടുത്ത് സ്വയം തലയില്‍ ചുമന്ന് അദ്ദേഹമാവീട്ടിലെത്തി. മാവുകുഴച്ച് പാകമാക്കി, അടുപ്പില്‍ തീപൂട്ടി അദ്ദേഹം റൊട്ടിയുണ്ടാക്കി ആ കുഞ്ഞുങ്ങള്‍ക്കു നല്‍കി. അവര്‍ വയറു നിറയെ ഭക്ഷിക്കുന്നതും കണ്ടു കൊണ്ടാണ് ഉമര്‍(റ) ആ വീട് വിട്ടത്!
********* ********* *********

പേര്‍ഷ്യന്‍ രാജാവ് കിസ്റ തന്‍റെ ദൂതനെ മഹാനായ ഖലീഫ ഉമറി(റ)ന്‍റെ അടുത്തേക്ക് സന്ദേശവുമായി പറഞ്ഞയച്ചിരിക്കുകയാണ്. മദീനയിലെത്തിയ സന്ദേശവാഹകന്‍ അവിടുത്തെ ആളുകളോട് ചോദിച്ചു:

“ഖലീഫയുടെ കൊട്ടാരമെവിടെയാണ്?” അവര്‍ പറഞ്ഞു: “കൊട്ടാരമൊ? ഖലീഫ ഉമറി് കൊട്ടാരവുമില്ല അരമനയുമില്ല.” കൊട്ടാരമില്ലാത്ത രാജാവൊ? അയാള്‍ അത്ഭുതം കൂറി!

അദ്ദേഹത്തെ കാണാനിടയുള്ള സ്ഥലം കാണിച്ചു കൊടുക്കാനായി ഒരു മുസ്ലിം അയാളോടൊപ്പം
ചെന്നു. അന്വേഷണത്തിനിടയിലതാ, ഒരു മരച്ചുവട്ടില്‍ ഒരു മനുഷ്യന്‍ സുഖമായുറങ്ങുന്നു!

ആളെ തിരിച്ചറിഞ്ഞ മുസ്ലിം, കിസ്റയുടെ ദൂതനോട് പറഞ്ഞു: “ഇതാ, ഇദ്ദേഹമാണ് നിങ്ങള്‍ കാണണമെന്നാഗ്രഹിച്ച അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്താബ്.” അത് കണ്ടപ്പോള്‍ അയാള്‍ കൂടുതല്‍ അത്ഭുത പരതന്ത്രനായി. പേര്‍ഷ്യന്‍, റോമന്‍ രാജാക്കന്മാരേയും അവരുടെ സൈനിക സാഹങ്ങളേയും കിടുകിടാ വിറപ്പിച്ച ഉമാറാണൊ ഇത്?! ഇയാളുടെ മുന്നിലൊ അവരൊക്കെ തലകുനിച്ചു നില്‍ക്കുന്നത്?!

‘ഹേ, ഉമര്‍, താങ്കള്‍ പ്രജകളെ മുഴുവന്‍ നീതിയില്‍ ഭരിച്ചു. ആകയാല്‍, എവിടേയും സുഖനിദ്ര പ്രാപിക്കാനാകും വിധം അവരില്‍ നിന്ന് താങ്കള്‍ക്ക് നിര്‍ഭയത്വവും ലഭിച്ചു.’ അയാള്‍ തന്‍റെ മനോഗതം പരസ്യമായിത്തന്നെ പറഞ്ഞു!
********* ********* *********

ഒരിക്കല്‍ ഖുറൈശികള്‍ തങ്ങളുടെ നാട്ടുവര്‍ത്തമാനത്തിന് കൂട്ടംകൂടിയിരിക്കുകയാണ്. അവരുടെ അരികില്‍ സല്‍മാനുല്‍ ഫാരിസി(റ)യും ഇരിക്കുന്നുണ്ട്. ഖുറൈശികളോരോരുത്തരും തങ്ങളുടെ തറവാടിത്തവും, കുലമഹിമയും സാമ്പത്തികശേഷിയും എടുത്തു പറഞ്ഞ് അഭിമാനം കൊള്ളുകയാണ്.
ഇതു കണ്ടപ്പോള്‍ സല്‍മാന്‍(റ) എഴുറ്റേു നിന്ന് അവരോടായി പറഞ്ഞു: “എന്‍റെ പൂര്‍വ്വകാല മഹിമയെപ്പറ്റി അറിയണൊ നിങ്ങള്‍ക്ക്?

അറപ്പുളവാക്കുന്ന വെറുമൊരു ശുക്ലത്തുള്ളിയായിരുന്നു ഞാന്‍. ഇനി
ഞാന്‍ ദുര്‍ഗന്ധം വമിക്കു ശവശരീരമായി മാറുകയും ചെയ്യും. ഉയിര്‍ത്തെഴുല്‍േപുനാളില്‍ കര്‍മ്മ ഫലങ്ങള്‍ തൂക്കിക്കണക്കാക്കാന്‍ തുലാസ് കൊണ്ടുവരപ്പെടുമ്പോള്‍, അന്നായിരിക്കും എന്‍റെ പദവിയുടെ മാറ്ററിയുക.

എന്‍റെ കര്‍മ്മങ്ങള്‍ക്ക് തുലാസില്‍ കനമുണ്ടെങ്കില്‍ ഞാന്‍ ആദരണീയനാകും. അതല്ല,കര്‍മ്മങ്ങള്‍ക്ക് കനം കുറവാണെങ്കില്‍ ഞാന്‍ നിന്ദ്യനായിത്തീരും.”

അതെ, ദുനിയാവിലെ തറവാടിത്തവും സമ്പത്തുമൊന്നുമല്ല, ഒരു മനുഷ്യന്‍റെ യഥാര്‍ത്ഥ മഹിമ എന്ന് സല്‍മാന്‍(റ) അവരെ വിനയപൂര്‍വ്വം അറിയിക്കുകയായിരുന്നു.
********* ********* *********

ഒരിക്കല്‍ ഉമര്‍ ബ്ന്‍ അബ്ദില്‍ അസീസി(റ)ന്‍റെ വീട്ടില്‍ അഥിതിയായി ഒരാളെത്തി. രണ്ടു പേരും സംസാരിച്ചിരിക്കവെ അടുത്തുണ്ടായിരുന്ന വിളക്കിന് കേടുപറ്റി അതണഞ്ഞു പോയി. ഉടന്‍ അദ്ദേഹം വിളക്കെടുത്ത് നേരെയാക്കി തിരികെ കത്തിച്ചു കൊണ്ടു വെച്ചു.

ഇത് കണ്ട അഥിതി പറഞ്ഞു:
“അമീറുല്‍ മുഅ്മിനീന്‍ എന്നോടൊന്നു പറഞ്ഞുകൂടായിരുാന്നേ. ഞാനതു ചെയ്യുമായിരുന്നല്ലൊ. അല്ലെ
ങ്കില്‍ വേലക്കാരനോട് പറയാമായിരുന്നില്ലെ?”

അദ്ദേഹം പറഞ്ഞു: “വിളക്കെടുത്ത് നടന്നപ്പോഴും ഞാന്‍ ഉമറായിരുന്നു. അത് നേരെയാക്കി തീകൊളുത്തിയെടുത്ത് തിരിച്ചു വന്നപ്പോഴും ഞാന്‍ ഉമര്‍ തന്നെ. എന്നില്‍ അത് യാതൊരു പോരായ്മയുമുണ്ടാക്കിയിട്ടില്ല. അല്ലാഹുവിങ്കല്‍ ഉല്‍കൃഷ്ടന്‍ വിനയാന്വിതനാണ് സുഹൃത്തെ.”
********* ********* *********

വിനയം എന്ന വിഷയത്തെ സംബന്ധിച്ച് കൂടുതലെഴുതും മുമ്പ്, ചരിത്രത്തില്‍ ജ്വലിച്ചു നിന്ന ചില
അനുഭവങ്ങളെ ആമുഖമാക്കണമെന്ന് തോന്നി. അതു കൊണ്ടാണ് പ്രവാചകനെ(സ്വ)യും തിരുമേനിയെക്കഴിഞ്ഞാല്‍ വിനയത്തിന്‍റെ നിറക്കുടങ്ങളായിരുന്ന ചില വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തിയത്.

എന്താണ് വിനയം?

ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട് പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്‍ബലരേയും, തന്നെക്കാൾ താഴ്ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക. ഇതാണ് വിനയം. എല്ലാ വരും വിനയാന്വിതരാകണമെന്ന നിര്‍ദ്ദേശം പടച്ചതമ്പുരാനില്‍ നിന്നും വന്നിട്ടുണ്ട്.

അല്ലാഹു പ്രവാചകനോടായി പറഞ്ഞു:
“നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക.”(ശുഅറാഅ്: 215) അഥവാ ജനങ്ങളോടു മുഴുവന്‍ നീ വിനയാന്വിതനായിരിക്കുക എന്നര്‍ഥം.

“ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും.” (ക്വസസ്: 83)

എന്താണ് വിനയം എന്ന് ഫുദ്വൈല്‍ ബ്നു ഇയാദ്വിനോട് ചോദിച്ചപ്പോള്‍

അദ്ദേഹം പറഞ്ഞു:
“സത്യത്തിന് കീഴൊതുങ്ങലും അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കലുമാണ് വിനയം. സത്യം ഒരു കുട്ടിയില്‍ നിന്നാണെങ്കിലും ഏറ്റവും സാധാരണക്കാരനില്‍ നിന്നാണെങ്കിലും സ്വീകരിക്കാനുള്ള മനസ്സ് വിനയത്തിന്‍റേതാണ്.

അബൂബക്കര്‍(റ) പറയാറുണ്ടായിരുു: ആരും മുസ്ലീംകളിലെ ഒരാളേയും
നിസ്സാരമായി കാണരുത്. നിസ്സാരനായ ഒരാളായിരിക്കാം അല്ലാഹുവിങ്കല്‍ ഏറ്റവും വലിയവന്‍.”‘വിനയം മാന്യന്‍റെ ശിരസ്സിലെ കീരീടമാണ്’ എന്നൊരു പഴമൊഴിയുണ്ട്. സത്യമാണത്. വിശ്വാസിയുടെ അലങ്കാരമാണ് വിനയം. അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും സൃഷ്ടികളോടു മുഴുവനും വിനയാന്വിതനാകുന്ന മുസ്ലിം ഏതു നിലക്കും ആദരണീയനാണ്. പടച്ചവന്‍റെ ദീനിനെ സഹൃദയം സ്വീകരിക്കുക, അവന്‍റെ കല്‍പനകള്‍, തര്‍ക്കങ്ങളില്ലാതെ ശിരാസ്സാവഹിക്കുക.

ദേഹേച്ഛകളേയും ഭൗതിക
താത്പര്യങ്ങളേയും ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കുമുന്നില്‍ അടിയറവു വെക്കുക തുടങ്ങിയവയൊക്കെ ഒരു
മുസ്ലിം അല്ലാഹുവിനോട് കാണിക്കുന്ന വിനയപ്രകടനങ്ങളാണ്. നബി തിരുമേനി(സ്വ)യുടെ സുന്നത്തിനെ യഥോചിതം ഉള്‍ക്കൊള്ളുകയും, ആ സുന്നത്തിനനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധകാട്ടുകയും,പ്രവാചകോപദേശങ്ങള്‍ക്കെതിരില്‍ നിലകൊള്ളാതിരിക്കുകയും ചെയ്യുക
എന്നതാണ് തിരുമേനിയോട് കാണിക്കുന്ന ഒരു മുസ്ലിമിന്‍റെ വിനയം. സമസൃഷ്ടികളോട് താന്‍പോരിമ പ്രകടിപ്പിക്കാതിരിക്കുക, അവരുമായി നന്മയില്‍ വര്‍ത്തിക്കുക, അവരുടെ അവകാശങ്ങളെ മനസ്സിലാക്കി,
അവ വകവെച്ചുകൊടുക്കുക. ആര്‍ക്കിടയിലും ഉച്ചനീചത്വം കാണിക്കാതെ സര്‍വരേയും സ്നേഹിക്കുക.

ആരുടെ ഭാഗത്തു നിന്നായിരുന്നാലും ശരി, സത്യത്തെ അംഗീകരിക്കുക തുടങ്ങിയവയൊക്കെ യഥാര്‍ത്ഥ വിശ്വാസിയുടെ വിനയഗുണങ്ങളാണ്.
പ്രാവചക തിരുമേനിയുടെ വിനയം
മുഹമ്മദ് നബി(സ്വ) സൃഷ്ടികളിലെ ശ്രേഷ്ഠനാണ്. അല്ലാഹുവിന്‍റെ തൃപ്തി നിറഞ്ഞ പ്രവാചകന്‍. പടച്ചവന്‍റെ കല്‍പനകളെ പാലിച്ച് അതീവ വിനയത്തിന്‍റെ നിറക്കുടമായി ജീവിച്ച അതുല്യന്‍. വിനയം പ്രവാചക തിരുമേനിയുടെ മുഖമുദ്രയായിരുന്നു. വിനയം തുടിച്ചു നില്‍ക്കു അനുകരണീയ മാതൃകകള്‍ ആ ധന്യജീവിതത്തില്‍ സമൃദ്ധമാണ്.

കുടുംബത്തില്‍ നിന്ന് തുടങ്ങുന്നു പ്രവാചകന്‍റെ എളിയമയുടെ മാതൃകകള്‍. മഹതി ആയിഷ(റ)യോടൊരിക്കല്‍ ചോദിച്ചു: “നബി(സ്വ) വീട്ടിലായിരിക്കുമ്പോള്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളെന്തായിരുന്നു?

അവര്‍ പറഞ്ഞു: അദ്ദേഹം വീട്ടു ജോലികളില്‍ ഞങ്ങളെ സഹായിക്കാറുണ്ടായിരുന്നു. നമസ്കാര സമയമായാല്‍ തിരുമേനി പള്ളിയിലേക്ക് തിരിക്കുകയും ചെയ്യും.” (ബുഖാരി)

ആടുകളെ കറന്നും, ചെരുപ്പിന്‍റെ കേടുകള്‍ തീര്‍ത്തും, വസ്ത്രങ്ങളിലെ കീറലുകള്‍ തുന്നിച്ചേര്‍ത്തും, അങ്ങാടിയില്‍ ചെന്ന് ആവശ്യസാധനങ്ങള്‍ സ്വയം വാങ്ങിയും, അവ സ്വയം തന്നെ വഹിച്ചും എളിമയുടെ മകുടോദാഹരണമായിത്തീര്‍ന്നു റസൂല്‍(സ്വ). ആരെക്കണ്ടുമുട്ടിയാലും അവരോട് ആദ്യം സലാം പറയുതും കൈ പിടിക്കുതും പ്രവാചകനായിരുന്നു. ആളുകളുടെ ചെറുപ്പ വലുപ്പ വ്യത്യാസമോ, കറുത്തവന്‍ വെളുത്തവനെ ഭേദമൊ, സ്വതന്ത്രന്‍ അടിമയെ വേര്‍തിരിവൊ പ്രവാചകന്‍ കാണിക്കുമായിരുന്നില്ല. തന്‍റെ സ്വഹാബികള്‍ക്കിടയില്‍ യാതൊരു തരത്തിലുള്ള ഉച്ച നീചത്വവും പ്രവാചകന്‍റെ ഭാഗത്തുനിും ഉണ്ടായിരുില്ല. എല്ലാ കാര്യത്തിലും എല്ലാവരോടൊപ്പവും അവിടുന്ന് സഹകരിക്കുമായിരുന്നു.ജനിച്ചു വളരന്ന മക്ക പ്രവാചകന്‍റെ ഇഷ്ടഭൂമിയായിരുന്നു. തൗഹീദിന്‍റെ വെളിച്ചമിഷ്ടപ്പെടാത്ത ശിര്‍ക്കിന്‍റെ കൂട്ടക്കാര്‍ ആ മഹാനുഭാവനെ നിഷ്കരുണം പുറത്താക്കുകയായിരുന്നു. അല്ലെങ്കില്‍ പുറത്തു പോകാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. മദീനയുടെ സുരക്ഷിതത്വത്തില്‍ ആദര്‍ശത്തിന്‍റെ പൊന്‍പ്രഭ പടര്‍ന്നു വ്യാപിക്കുമ്പോഴും പ്രവാചകന്‍ മക്കയെ സ്നേഹിച്ചു. വര്‍ഷങ്ങളോളം തന്നെ അകറ്റിനിര്‍ത്തിയ മക്കയുടെ മണ്ണില്‍ വിജയിയായി അന്നൊരുനാള്‍ പ്രവാചകന്‍(സ്വ) തന്‍റെ അനുചരന്മാരോടൊപ്പം കടന്നു ചെന്നു. അന്നാ വിശുദ്ധമുഖം തന്‍റെ ഒട്ടകത്തിന്‍റെ മുതുകില്‍ മുട്ടുമാറ് വിനയം കൊണ്ട് താഴ്ന്നിരുന്നു.

കാലങ്ങളായി തന്നെയും അനുചരന്മാരേയും ക്രൂരമായി ദ്രോഹിച്ചു വന്ന ജനതയുടെ മുന്നില്‍, ചരിത്രം ദര്‍ശിച്ച മറ്റേതൊരു വിജുഗീഷുവിനേയും പോലെ, അഹങ്കാര ത്തിന്‍റെ ഉച്ചിയില്‍ കയറിനിന്ന് അദ്ദേഹത്തിന് അട്ടഹസിക്കാമായിരുന്നു. പക്ഷെ, ലോകത്തിന് ചന്തമാര്‍ന്ന ജീവിത മാതൃകകള്‍ കാണിക്കാന്‍വന്ന ദൈവദൂതനാണ് ഇത്. ആ മഹാമനുഷ്യനില്‍ അത്തരമൊരു ചെയ്തി എങ്ങനെയുണ്ടാകാനാണ്? അഹങ്കരിച്ചില്ലെന്നു മാത്രമല്ല, തന്‍റെ മുന്നില്‍ പപ്പുച്ഛമടക്കി

ആശങ്കയോടെ നില്‍ക്കുന്ന മക്കന്‍ ജനതക്കൊന്നടങ്കം അദ്ദേഹം മാപ്പുനല്‍കുകയും, പോവുക, നിങ്ങള്‍ സ്വതന്ത്രരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി!
വിനയത്തിന്‍റെ വില ഹൃദയശുദ്ധിയെ വിളിച്ചോതുന്ന അഭിനന്ദനീയമായ ഗുണമാണ് വിനയം.

ജനങ്ങള്‍ക്കിടയില്‍, സ്നേഹവും, ഐക്യവും, സമത്വവും നിലനിര്‍ത്തുന്ന മഹിതഗുണം. മാനുഷിക ബന്ധങ്ങളെ തകരാറിലാക്കുന്ന അസൂയ, പക, വിദ്വേഷം തുടങ്ങിയ മുഴുവന്‍ മാനസികരോഗങ്ങളേയും വിനയത്തിന് സ്വന്തം വരുതിയില്‍ നിര്‍ത്താനാകും.മറ്റെന്തിനേക്കാളുമുപരി പടച്ചതമ്പുരാന്‍റെ പ്രീതിനേടിത്തരാന്‍ വിനയത്തിന് സാധിക്കും എന്നതാണ് സുപ്രധാനം.

പ്രവാചക തിരുമേനി(സ്വ)യുടെ ഉപദേശം വായിക്കുക:
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. “ധര്‍മ്മംകൊണ്ട് സമ്പത്തൊരിക്കലും ചുരുങ്ങുകയില്ല. മാപ്പ് ചെയ്യുന്നതുകൊണ്ടാണ് പ്രതാപം വര്‍ദ്ധിക്കുന്നത്. അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവനാരോ, അവനെയവന്‍ ഉയര്‍ത്താതിരിക്കുകയില്ല.” (മുസ്ലിം)

ഇയാളി(റ)ല്‍ നിവേദനം: റസൂല്‍(സ്വ) പറഞ്ഞു. “നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്നിങ്ങനെ അല്ലാഹു എനിക്ക് വഹ്യ് നല്കിയിരിക്കുന്നു.” (മുസ്ലിം.)

വിനയത്തിന്‍റെ വിപരീതമാണ് അഹങ്കാരം. മനുഷ്യനെ അധമാവസ്ഥയിലേക്ക് തളളിവിടുന്ന വികാരമാണത്. വിവേകപൂര്‍വം നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അതുണ്ടാക്കുക.

©നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം
ഒരു ഓൺലൈൻ ഇസ്ലാമിക മത പഠന സംരംഭം
www.nermozhi.com