ബദര്‍ യുദ്ധം നടന്നത് പ്രവാചകന്റെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷം ഇതുപോലൊരു റമദാനിലായിരുന്നു. നീണ്ട 13 വര്‍ഷക്കാലം മുശ്രിക്കകളൊരുക്കിയ പീഢന പര്‍വ്വതം താണ്ടി മദീനയിലെ അന്‍സാറുകളുടെ സാഹോദര്യത്തിലും സുരക്ഷയിലും ആദര്‍ശത്തിന്റെ മഹിമയും ഗരിമയും നെഞ്ചിലേറ്റി ജീവിക്കുകയായിരുന്നു, പ്രവാചകന്‍(സ്വ)യോടൊപ്പം മുഹാജിറുകള്‍. തങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു ജീവിക്കുമ്പോഴും നബി(സ്വ)യോടും ഇസ്‌ലാമിനോടും അരിശം തീര്‍ന്നിരുന്നില്ല മുശ്രിക്കുകള്‍ക്ക്. അവര്‍ പ്രവാചകനെയും ഇസ്‌ലാമിനേയും തകര്‍ത്തേ അടങ്ങൂ എന്ന വാശിയിലായിരുന്നു. അതിന്നുള്ള സാമ്പത്തികവും സൈനികവുമായ ശേഷി ശേഖരിക്കാനുള്ള തിരക്കിലായിരുന്നൂ അവര്‍.
ബദര്‍ ചരിത്രമാണ്; അബൂജഹ്‌ലടക്കമുള്ള എഴുപത് ശത്രുക്കളെ വധിക്കാനും അത്ര തന്നെ ശത്രുഭടന്മാരെ തടവിലാക്കാനും സാധിച്ച, അല്ലാഹുവിന്റെ സഹായത്താല്‍ മാത്രം വിജയകരമായി പര്യവസാനിച്ച വെറുമൊരു യുദ്ധമല്ല ബദര്‍. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ആര്‍ജ്ജവവും ആവേശവും അധികരിപ്പിച്ച ബദര്‍ യുദ്ധം തീര്‍ത്തും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശ വാക്യത്തിന്റെ പരീക്ഷാ ഭൂമിയായിരുന്നു.
ബദറിനെ ഖുര്‍ആനും ഹദീസുകളും അനുസ്മരിച്ചിട്ടുണ്ട്. ബദര്‍ യുദ്ധത്തിലെ മുസ്ലിംകളുടെ വിജയത്തെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി മാത്രമല്ല ബദറിനെ സംബന്ധിച്ച ഖുര്‍ആനിക പ്രസ്താവനകള്‍. പ്രവാചകനും സ്വഹാബികളും ബദര്‍ യുദ്ധത്തില്‍ എങ്ങനെയാണ് വിജയിച്ചത് എന്ന് മുസ്‌ലിംകളെ ബോധ്യപ്പെടുത്താന്‍. എന്തുകൊണ്ടാണ് അവര്‍ക്ക് ശത്രു സംഘത്തെ ജയിച്ചടക്കാനായത് എന്ന് ചിന്തിപ്പിക്കാനാണ്.
ബദര്‍ നമ്മുടെ മുന്നില്‍ ഒരുപാട് പാഠങ്ങള്‍ തുറന്നു വെക്കുന്നുണ്ട്. വെറും മുന്നൂറ്റിച്ചില്വാനം സ്വഹാബികള്‍. രണ്ട് കുതിരകളും അല്പം ഒട്ടകങ്ങളും മാത്രം. ആയുധങ്ങള്‍ ആവശ്യത്തിനില്ല. പക്ഷെ, ആ ചെറിയ സംഘം തങ്ങളുടെ സ്‌നേഹനിധിയായ പ്രവാചക തിരുമേനി(സ്വ)യൊടൊപ്പം ബദറിലേക്ക് മാര്‍ച്ച് ചെയ്തു. അവരെ കാത്തുനിന്നത് ആയിരത്തോളം വരുന്ന സര്‍വ്വസജ്ജരായ ഖുറൈശിപ്പടയായിരുന്നു.
യുദ്ധത്തിനൊരുങ്ങുന്ന വേളയില്‍ മുഹാജിറുകളും അന്‍സാറുകളുമായുള്ള നബി(സ്വ)യുടെ കൂടിയാലോചന, ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുന്ന് തുടങ്ങുന്നുണ്ട്, യഥാര്‍ത്ഥത്തില്‍ ബദറിലെ പാഠങ്ങള്‍. ബദര്‍യുദ്ധം പഠിക്കാനിരിക്കുമ്പോള്‍ അവിടുന്ന് വേണം നമ്മുടെ പഠനം തുടങ്ങാന്‍. യുദ്ധത്തിനൊരുങ്ങാനുള്ള നബി(സ്വ)യുടെ അഭിപ്രായം മുഹാജിറുകള്‍ ക്ഷിപ്രവേഗതിയിലാണ് സ്വീകരിച്ചത്. അന്‍സാറുകളുടെ നിലപാട് എന്തായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്.
അവര്‍ പറഞ്ഞു: റസൂലേ, അങ്ങയില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍, അങ്ങ് കൊണ്ടുവന്നതിനെ സാക്ഷ്യപ്പെടുത്തിയവര്‍. അങ്ങയുടെ കല്‍പനകളും നിരോധങ്ങളും പാലിക്കാമെന്ന് ബൈഅത്ത് ചെയ്തവര്‍. അങ്ങയുടേയും അനുചരന്മാരുടേയും സുരക്ഷിതത്വം ഞങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ട്. ഞങ്ങളുടെ മേല്‍ സന്ദേഹം വേണ്ട. അങ്ങ് ഞങ്ങളുമായി ചെന്ന് ഒരു സമുദ്രത്തിലേക്ക് ചാടാനാജ്ഞാപിച്ചാല്‍ അങ്ങയോടൊപ്പം ചാടാന്‍ ഞങ്ങളിതാ തയ്യാറാണ്. ഈ പ്രഖ്യാപനം അല്ലാഹുവിനോടുള്ള അവന്റെ റസൂലിനോടുള്ള കൂറാണ്. തങ്ങള്‍ നെഞ്ചേറ്റിയ ആദര്‍ശത്തോടുള്ള അചഞ്ചലമായ സ്‌നേഹമാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളോടുള്ള ഹൃദയാഭിമുഖ്യമാണ്.
ബദറില്‍ ഖുറൈശിപ്പടയെ നേരിടും മുമ്പ് മുത്ത് ഹബീബ്(സ്വ) അല്ലാഹുവിലേക്ക് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഒരേയൊരു പ്രാര്‍ത്ഥന. തിരുമേനി(സ്വ) നീണ്ട സമയം അത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.
“അല്ലാഹുവേ, നീയെനിക്ക് വാഗ്ദാനം ചെയ്തത് എനിക്ക് നീ നിറവേറ്റിത്തന്നാലും, അല്ലാഹു നീയെനിക്ക് വാഗ്ദാനം ചെയ്തത് ഈ സമയം എനിക്കു നീ നല്‍കിയാലും. അല്ലാഹുവേ ഈ ചെറിയ സംഘത്തെ നശിപ്പിച്ചാല്‍ നീ മാത്രം ആരാധിക്കപ്പെടുന്ന അവസ്ഥയുണ്ടാകില്ല നാഥാ!”
പ്രിയ സഹോദരങ്ങളേ, ഇത് ബദര്‍ നല്‍കുന്ന രണ്ടാമത്തെ പാഠമാണ്. പ്രതിസന്ധികളില്‍ അല്ലാഹുവിനെ ഓര്‍ക്കുന്ന, അവന്റെ ആശ്രയത്തിലും സഹായത്തിലും പരമമായി പ്രതീക്ഷവെക്കുന്ന, അവക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ആളുകളാകണം മുസ്ലിംകള്‍ എന്ന് പഠിപ്പിക്കുകയായിരുന്നു റസൂല്‍(സ്വ). പ്രവാചകന്‍(സ്വ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. സ്വഹാബികളും പ്രാര്‍ത്ഥിച്ചു. പിന്നീടു യുദ്ധമായിരുന്നു. ഖുറൈശിപ്പടയുമായുള്ള യുദ്ധാനന്തര ഫലം എന്തായിരുന്നുവെന്നും മുസ്ലിംകളെ ഏതുവിധത്തിലാണ് അല്ലാഹു സഹായിച്ചത് എന്നും ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്:
*നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെ ആയിരം മലക്കുകളെ അയച്ചു കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി.* (അന്‍ഫാല്‍/9)
സഹോദരങ്ങളേ, ബദറുകള്‍ ഇനിയും ആവര്‍ത്തിക്കാം. ചരിത്രത്തില്‍ ബദറുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. നമുക്ക് ഭീതിയുടെ ആവശ്യമില്ല. നമുക്ക് ശത്രുക്കൊതി വേണ്ട എന്നതു പോലെത്തന്നെ ശത്രുഭീതിയും വേണ്ട. പരമമായ ലക്ഷ്യം പരലോക വിജയമായതു കൊണ്ടും, മുവഹിദുകളായിരിക്കുവോളം അല്ലാഹുവിന്റെ സഹായം നമ്മോടൊപ്പം തന്നെ ഉണ്ടാകും എന്നതു കൊണ്ടും, നമ്മുടെ ആദര്‍ശമായ തൗഹീദും അതിന്റെ അധ്യാപനങ്ങളുമനുസരിച്ച് ജീവിക്കാന്‍ പരമാവധി ശ്രമിക്കുക. ജീവിത ചുറ്റുപാടുകളില്‍ നിന്ന് ശത്രുഭയം നേരിടേണ്ടി വരുമ്പോള്‍ പ്രവാചകന്‍ നടത്താറുണ്ടായിരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അത് പഠിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക. ഇപ്രകാരമാണ് ആ പ്രാര്‍ത്ഥന.
عن أَبي موسى الأشعرِيِّ رضي الله عنه أَنَّ رسولَ اللَّهِ صلى الله عليه وسلم كانَ إِذَا خَافَ قَومًا قَالَ اللَّهُمَّ إِنَّا نجعلُكَ في نحورِهِمْ، ونعُوذُ بِكَ مِنْ شرُورِهمْ رواه أَبُو داود
അബൂമൂസല്‍ അശ്അരി(റ) നിവേദനം. ഒരു ജനതയില്‍ നിന്ന് വല്ല ഉപദ്രവവും ഭയക്കുന്നുവെങ്കില്‍ അല്ലാഹുവിന്‌റെ റസൂല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു:
اللَّهُمَّ إِنَّا نجعلُكَ في نحورِهِمْ، ونعُوذُ بِكَ مِنْ شرُورِهمْ
*അല്ലാഹുവേ, (ഞങ്ങള്‍ക്കുള്ള സംരക്ഷകനായി) നിന്നെ ഞങ്ങള്‍ അവരുടെ മുന്നില്‍ സ്ഥാപിക്കുന്നു. അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് നിന്നില്‍ ഞങ്ങള്‍ അഭയം തേടുകയും ചെയ്യുന്നു.* (അബൂദാവൂദ്)
ബദര്‍ യുദ്ധത്തിന്റെ ഓര്‍മ്മകളെത്തുന്ന ഈ വേളയില്‍ ശിര്‍ക്കിനെ വകഞ്ഞു മാറ്റി തൗഹീദിന്റെ വഴിയിലൂടെ സഞ്ചരിക്കാനുള്ള നെഞ്ചുറപ്പിലേക്ക് നാം മാറുക. നിരാശ വേണ്ടതില്ല; അല്ലാഹുവിന്റെ സഹായം എപ്പോഴും സമീപത്തുണ്ട്.