പ്രവാചകന്മാര് തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നടത്തിയ പ്രാര്‍ത്ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കിയിരുന്നു എന്ന പ്രസ്താവവും അതിലുണ്ട്. മനുഷ്യനെ തന്‍റെ സ്രഷ്ടാവുമായി സുദൃഢം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ബലിഷ്ഠ പാശമാണ് പ്രാര്‍ത്ഥന. അല്ലാഹുവിലുള്ള തന്‍റെ വിശ്വാസം സത്യസന്ധം തന്നെ എന്നറിയിക്കുന്ന മാനസിക വ്യാപാരം കൂടിയാണത്. പ്രാര്‍ത്ഥന ആരാധനയാണെന്ന് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആരാധനകളുടെ കാമ്പു തന്നെയും അതാണ്. സ്രഷ്ടാവിന്‍റെ ധന്യതയും തന്‍റെ ദാരിദ്ര്യവും ബോധ്യമുള്ള സത്യവിശ്വാസി പ്രതിസന്ധികളെ തരണം ചെയ്യുന്നത് പ്രാര്‍ത്ഥനകളിലൂടെയും അല്ലാഹുവില്‍ നിന്ന് അവക്ക് ലഭിക്കുന്ന ഉത്തരങ്ങളിലൂടെയുമാണ്. ആവശ്യങ്ങളുടെ നിവൃത്തിക്കും ആധികളുടെ പരിഹാരത്തിനും ശ്രദ്ധിക്കുന്നവരെല്ലാം ഏറ്റവും ആദ്യമായും അവസാനമായും പരിഗണിക്കേണ്ടത് അല്ലാഹുവിന്‍റെ ആശ്രയത്തെയും സഹായഹസ്തത്തേയുമാണ്.
ആരാധനകള്‍ മുഴുവന്‍ അല്ലാഹുവിന്നു മാത്രമായി സമര്‍പ്പിക്കപ്പെടേണ്ടതാണ് എന്നത് മതത്തിന്‍റെ മൗലികമായ പാഠമാണ്. സത്യവിശ്വാസികള്‍ മുഴുവനും നിര്‍ബന്ധമായും അറിഞ്ഞു ശീലിക്കേണ്ട പാഠമാണത്. അല്ലാഹുവിന്നു മാത്രമായി സമര്‍പ്പിക്കുക എന്നതിന്‍റെ സാമാന്യവും ക്വുര്‍ആനികവുമായ സാങ്കേതികാര്‍ത്ഥം ആരാധനകള്‍ ഇഖ്ലാസ്വ് ഉള്ളതാകുക എന്നതാണ്. ക്വുര്‍ആനതു പറഞ്ഞു:
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല. (ബയ്യിന/5)
പ്രാര്‍ത്ഥന ആരാധനയാണെന്ന് വരുമ്പോള്‍, പ്രസ്തുത കര്‍മ്മത്തിലും ഇഖ്ലാസ്വിന്‍റെ സാന്നിധ്യം നിര്‍ബന്ധമായി വരുന്നു. പ്രവാചക തിരുമേനി(സ്വ)യെക്കൊണ്ട് അല്ലാഹു തആല അക്കാര്യം കൃത്യമായി പ്രഖ്യാപിപ്പിച്ചിട്ടുണ്ട്.
പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അന്‍ആം/162, 163)
തന്നോട് പ്രാര്‍ത്ഥിക്കണമെന്ന സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്‍റെ ആഹ്വാനത്തിലും ഇഖ്ലാസ്വിന്‍റെ അനിവാര്യത വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
അതിനാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. (ഗാഫിര്‍/14)
ചുരുക്കത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാനുള്ള താക്കോല്‍ ഇഖ്ലാസ്വ് ആണെന്നര്‍ത്ഥം.അമ്പിയാക്കന്‍മാരുടെ പ്രാര്‍ത്ഥനകളെ സംബന്ധിച്ചും അവക്ക് അല്ലാഹു നല്‍കിയ ഉത്തരങ്ങളെ സംബന്ധിച്ചുമുള്ള പ്രസ്താവനകള്‍ സൂറത്തുല്‍ അമ്പിയാഇല്‍ നിന്ന് നമുക്ക് വായിക്കാനാകും. ഉദാഹരണമായി യൂനുസ് പ്രവാചകന്‍റെ (അ) സംഭവമെടുക്കാം. ആര്‍ത്തിരമ്പുന്ന കടലിന്നടിയില്‍, മത്സ്യത്തിന്‍റെ വയറ്റില്‍ അകപ്പെട്ടിരിക്കുകയാണ് പ്രവാചകന്‍ യുനുസ് (അ). ഈ പ്രതിസന്ധിയില്‍ നിന്ന് തന്നെ രക്ഷപ്പെടുത്താന്‍ ആരുമില്ല; അല്ലാഹു അല്ലാതെ. അതു കൊണ്ടു തന്നെ അദ്ദേഹം തന്‍റെ രക്ഷിതാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (അമ്പിയാഅ്/87)
യൂനുസ് നബി(അ)യുടെ പ്രസ്തുത പ്രാര്‍ത്ഥനക്ക് എന്താണ് സംഭവിച്ചത്? തനിക്കു മുമ്പാകെ തന്‍റെ ദാസന്‍ സമര്‍പ്പിച്ച ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനക്ക് കാരുണ്യവാനായ അല്ലാഹു ഉടന്‍ ഉത്തരം നല്‍കി. അഥവാ മത്സ്യത്തിന്‍റെ വയറ്റില്‍ നിന്നും രക്ഷപ്പെടുത്തി അദ്ദേഹത്തെ കരക്കണച്ചു. ക്വുര്‍ആന്‍ അക്കാര്യം പറഞ്ഞു: അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. (അമ്പിയാഅ്/88)
പ്രതിസന്ധി ഘട്ടങ്ങളില്‍, തന്നോടൊപ്പം ആരു കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും, ആത്യന്തികമായി സഹായിക്കാന്‍ അല്ലാഹു മാത്രമാണ് മതിയായവന്‍ എന്ന ബോധമാകണം സത്യവിശ്വാസിയുടേത്. എങ്കില്‍ മാത്രമാണ് നെഞ്ചില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനകളില്‍ ഇഖ്ലാസ്വിന്‍റെ സാന്നിധ്യമുണ്ടാകൂ. പ്രവാചകന്‍മാരുടെ പ്രാര്‍ത്ഥനകളെപ്പറ്റി ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് തന്നെ പ്രസ്തുത ബോധം നമ്മിലുണ്ടാക്കാനാണ്.
ഇവിടെ സത്യവിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. സുറത്തു അമ്പിയാഇല്‍, യുനുസ് നബി(അ)യെ സംബന്ധിച്ചുള്ള പ്രസ്താവനകള്‍ക്കു മുകളിലും താഴെയുമായി നൂഹ് (അ), ഇബ്റാഹീം (അ), ലൂത്വ് (അ), അയ്യൂബ് (അ), സകരിയ്യ (അ) തുടങ്ങിയ പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകളും അല്ലാഹു അവക്ക് നല്‍കിയ ഉത്തരങ്ങളും വ്യക്തമാക്കിയത് കാണാനാകും. ഈ പറയപ്പെട്ട പ്രവാചകന്മാരുടെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ക്കും ഉത്തരം ലഭ്യമായതിന്‍റെ പിന്നിലെ രഹസ്യമെന്തായിരിക്കണം? ഉത്തരം ക്വുര്‍ആന്‍ തന്നെ പറഞ്ഞു തന്നിട്ടുണ്ട്; സൂറത്തു അമ്പിയാഇല്‍ത്തന്നെ:
തീര്‍ച്ചയായും അവര്‍ അഥവാ പ്രവാചകന്‍മാര്‍ ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (അമ്പിയാഅ്/90)
അതെ, അതിവിശിഷ്ടമായ മൂന്ന് സംഗതികള്‍ അവരുടെ ജീവിതത്തില്‍ അറ്റുപോകാതെ നിലനിന്നിരുന്നൂ എന്നതാണ് തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവിക പരിഗണന ലഭിക്കാന്‍ കാരണമായി ഭവിച്ചത് എന്നര്‍ത്ഥം. ഒന്ന്, ഉത്തമ കാര്യങ്ങളനുഷ്ഠിക്കാനുള്ള വ്യഗ്രത. രണ്ട്, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ ആശിച്ചും, അവന്‍റെ ശിക്ഷകളെ പേടിച്ചും കൊണ്ടുമുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. മൂന്ന്, അല്ലാഹുവിന്‍റെ മുമ്പിലുള്ള സമ്പൂര്‍ണ്ണമായ താഴ്മ.
സത്യവിശ്വാസികള്‍ക്കുള്ള പാഠങ്ങളും അഭ്യാസങ്ങളുമാണ് പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകള്‍. നിത്യ ജീവിതത്തില്‍ ചെറുതും വലുതുമായ ഏതു കാര്യങ്ങള്‍ക്കു വേണ്ടിയും റബ്ബിനോട് തേടിക്കൊണ്ടിരിക്കുന്ന ശീലം നമ്മളിലുണ്ടാകണം. അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളും ഭീമമായ പരീക്ഷണങ്ങളും ഉണ്ടാകുന്നതിന് കാത്തിരിക്കരുത്. ഏതൊരു ചെറിയ സംഗതിക്കും റബ്ബിലേക്ക് കയ്യുയര്‍ത്തിപ്പറയാന്‍ നമുക്ക് സാധിച്ചിരിക്കണം. ഉറക്കില്‍ നിന്നുണര്‍ന്നതു മുതല്‍ ഉറക്കപ്പായയിലേക്ക് തിരിച്ചെത്തും വരെ തന്‍റെ ദൈനം ദിന ജീവിതം പ്രാര്‍ത്ഥനകള്‍ കൊണ്ട് സജീവമാക്കിയിരുന്നൂ, മുഹമ്മദ് നബി(സ്വ).
അല്ലാഹുവിനോട് മാത്രമാകണം പ്രാര്‍ത്ഥനകളും സഹായാര്‍ത്ഥനകളും. അവന്‍റെ അടിമകളോടാകരുത്. അല്ലാഹു അല്ലാത്തവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാനാകാത്തവരാണ്. തങ്ങളില്‍ നിന്നെന്തെങ്കിലും ഒരു ഈച്ച തട്ടിയെടുത്താല്‍ അതില്‍ നിന്ന് അതിനെ തിരിച്ചു പിടിക്കാന്‍ പോലും കഴിയാത്തവരുമാണ്. സൃഷ്ടികളെല്ലാവരും ദരിദ്രരരാണ്. പരമ സമ്പന്നന്‍ അല്ലാഹു മാത്രമാണ്. ക്വുര്‍ആനതു പറഞ്ഞു:
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഫാത്വിര്‍/15)
ഈ അറിവ് പ്രവാചക തിരുമേനി(സ്വ)യുടെ പ്രാര്‍ത്ഥനകളിലെല്ലാം മുഴച്ചു നിന്നിരുന്നതായി കാണാനാകും. മഴക്കു വേണ്ടിയുള്ള തിരുമേനിയുടെ പ്രാര്‍ത്ഥനയുടെ തുടക്കം ശ്രദ്ധിക്കുക; “അല്ലാഹുവേ നീയാണ് യഥാര്‍ത്ഥ ഇലാഹ്, നീയല്ലാതെ വേറെയൊരു ഇലാഹില്ല, നീയാണ് സമ്പന്നന്‍ ഞങ്ങള്‍ ദരിദ്രരാണ്. ഞങ്ങള്‍ക്കു നീ സമൃദ്ധമായി മഴയേകിയാലും..”.
മുസ്ലിം സമൂഹം മുമ്പൊന്നുമില്ലാത്തവിധമുള്ള വിവിധ തരം പ്രതിസന്ധികളെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ശത്രുപക്ഷത്തു നിന്നും കൊടിയ പീഢനങ്ങളും മര്‍ദ്ദനങ്ങളും കൊലപാതകങ്ങളും സാര്‍വത്രികമായിത്തീര്‍ന്ന ഭീതിതാന്തരീക്ഷത്തിലാണ് എല്ലാവരുമുള്ളത്. ഇതൊരു പരീക്ഷണ ഘട്ടമാണ്. നമ്മുടെ ഈമാനികമായ നിലപാടുകള്‍ എത്രമാത്രം സത്യസന്ധമാണ് എന്ന് നമുക്കു തന്നെ അറിയാന്‍ ഈ സന്നിഗ്ദ ഘട്ടം ഉപകരിക്കുന്നുണ്ട് , എന്നും കൂടെയുള്ള അല്ലാഹുവിങ്കലേക്ക് കയ്യും നെഞ്ചുമുയര്‍ത്തി ഇഖ്ലാസ്വോടെ പ്രാര്‍ത്ഥിക്കാനും അവന്‍ സഹായഹസ്തം നീട്ടി രക്ഷിക്കുമെന്ന് ആശ്വസിക്കാനും നമുക്കാകണം.പ്രാര്‍ത്ഥന ആയുധമാണ്ഈമാനിന്‍റെ ചൈതന്യവും ഇഖ്ലാസ്വിന്‍റെ ഊര്‍ജ്ജവും ഉള്‍ച്ചേര്‍ന്ന പ്രാര്‍ത്ഥന ലക്ഷ്യം കാണാതെ മടങ്ങില്ലെന്നു തന്നെ ഉറപ്പിക്കാം.