സ്നേഹം ഫലദായകമാണ് പ്രതിഫലദായകവുമാണ്

3652

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക് ഉറന്നൊഴുകണം എന്നതാണ് പ്രസ്തുത ദാനം നല്‍കിയ അല്ലാഹുവിന്‍റെ നിര്‍ദ്ദേശം. മനുഷ്യനെ മനുഷ്യനായി കാണാന്‍, മാനുഷിക ധര്‍മ്മങ്ങളെ പ്രതിഫലിപ്പിക്കാന്‍, പരിസരങ്ങളില്‍ സന്തോഷങ്ങളും സമാധാനങ്ങളും നിര്‍മ്മിക്കാന്‍, പകയും പോരുമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിയുടേയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ ക്രിയാത്മകമായ പ്രയോഗത്തിലൂടെ സാധ്യമാകുന്നതാണ്.
വിശുദ്ധ ഇസ്ലാം പരസ്പര സ്നേഹത്തിന് അനിതരമായ പ്രേരണയാണ് നല്‍കുന്നത്. മനുഷ്യരഖിലം ഒരു മാതാവിന്‍റെയും പിതാവിന്‍റെയും മക്കളാണ് എന്ന സന്ദേശം ഉദ്ബോധിപ്പിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു സ്നേഹത്തെ സംബന്ധിച്ച ഇസ്ലാമിന്‍റെ അധ്യാപനം. സ്നേഹം ഫലദായകമാണ് എന്നതു പോലെത്തന്നെ പ്രതിഫലദായകവുമാണ്. പ്രപഞ്ച സ്രഷ്ടാവിന്‍റെ വിധികളെ മാനിച്ചു കൊണ്ടും അവന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടും ആകുമ്പോഴാണ് അത് പ്രതിഫലദായകമാകുന്നത്.
അല്ലാഹുവിന്‍റെ പേരില്‍ പരസ്പരം സ്നേഹാദരവുകള്‍ കൈമാറി ജീവിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കുന്ന പദവി പോലും മറ്റുള്ളവര്‍ക്ക് താത്പര്യജനകമാണ്. പ്രവാചക തിരുമേനി(സ്വ) അക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്.
ഉമര്‍ ബ്നുല്‍ ഖത്വാബ്(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം: പ്രവാചക തിരുമേനി(സ്വ) അരുളി: അല്ലാഹുവിന്‍റെ ദാസന്മാരില്‍ ചില ആളുകളുണ്ട്, അവര്‍ അമ്പിയാക്കളൊ ശുഹദാക്കളൊ അല്ല. എന്നാല്‍, അന്ത്യനാളില്‍ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ലഭിച്ച പദവികള്‍ കണ്ട് അമ്പിയാക്കളും ശുഹദാഉക്കളും അവരോട് താത്പര്യം കാണിക്കും. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരേ, അവരെപ്പറ്റി ഞങ്ങള്‍ക്കു പറഞ്ഞു തന്നാലും. പ്രവാചകന്‍ പറഞ്ഞു: രക്തബന്ധമൊ, സാമ്പത്തിക ബന്ധമൊ ഇല്ലാതെത്തന്നെ, അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ പരസ്പരം സ്നേഹിച്ചവരാണ് ആ ആളുകള്‍. അല്ലാഹുവാണ! അവരുടെ മുഖങ്ങള്‍ പ്രകാശപൂരിതമായിരിക്കും. അവര്‍ പ്രകാശവലയത്തിലുമായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോഴും അവര്‍ ഭയപ്പെടുകയില്ല. ജനങ്ങള്‍ ദു:ഖിക്കുമ്പോഴും അവര്‍ ദു:ഖിക്കുകയില്ല. ശേഷം നബി (സ്വ), സൂറത്തു യുനുസിലെ 62ാം സൂക്തമായ, ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ എന്നര്‍ത്ഥമുള്ള ആയത്ത് ഓതുകയുണ്ടായി (അബൂദാവൂദ്)
സത്യവിശ്വാസികള്‍ സഹോദരങ്ങളാണ്. സ്നേഹമാണ് സാഹോദര്യത്തിന് നിത്യതയും സജീവതയും പ്രദാനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പ് നല്‍കുന്നതും പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് പ്രചോദനമേകുന്നതും സ്നേഹം തന്നെ. സാധാരണ ജീവിതത്തിലെ ഇടപഴകലുകളില്‍ സംഭവിക്കാവുന്ന വൈയക്തിക പ്രശ്നങ്ങളെ പരിഹരിക്കാനും ബന്ധങ്ങളെ സാധാരണ നിലയിലേക്ക് ഊഷ്മളമാക്കുവാനും നിഷ്കളങ്കമായ സ്നേഹവികാരം കൊണ്ടു മാത്രമേ സാധ്യമാകൂ. ആദര്‍ശ രംഗത്തെ സാഹോദര്യവും ആ വഴിയിലുള്ള സ്നേഹ പ്രകടനവും അല്ലാഹുവിന്ന് ഇഷ്ടമുള്ള സംഗതിയാണ്. ഒരു നബി വചനം വായിക്കുക:
അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളി: അന്ത്യനാളില്‍ അല്ലാഹു ചോദിക്കും: എന്‍റെ മഹത്വത്തിന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ച ആളുകളെവിടെ? എന്‍റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ഈ ദിവസം ഞാനവര്‍ക്ക് എന്‍റെ തണലിട്ടു കൊടുക്കുന്നതാണ്. (മുസ്ലിം)
അമൂല്യമായ ഈ ഹൃദയ വികാരത്തിന്‍റെ ആത്മാര്‍ത്ഥമായ പ്രകടനം അല്ലാഹുവിന്‍റെ സംപ്രീതിക്കും അന്ത്യദിനത്തിലെ അവന്‍റെ അനുഗ്രഹത്തിനും വഴിവെക്കുമെന്ന് സാരം. പരലോക ജീവിതത്തെ പ്രതീക്ഷിക്കുന്ന മുഅ്മിനുകള്‍ ശ്രദ്ധവെക്കേണ്ട സംഗതിയാണ് ഇക്കാര്യം. പടച്ചവന്‍റെ പ്രീതിയെ പ്രതി അന്യോന്യം സ്നേഹിക്കാനും, ആ സ്നേഹബന്ധം നിലനില്‍ക്കേ തന്നെ മരിച്ചു പോകാനും സാധ്യമാകുക എന്നത് മഹാഭാഗ്യമാണ്.
പരസ്പര സ്നേഹമെന്നത് ക്രിയാത്മകമാണ്. ഒരുവന്‍റെ സാന്നിധ്യത്തില്‍ അവനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയില്ലാത്ത ചില കാട്ടിക്കൂട്ടലുകളല്ല അത്. അവക്ക് ദീര്‍ഘായുസ്സുണ്ടാകില്ല. എന്നു മാത്രമല്ല, ഐഹിക ജീവിതത്തിലൊ പാരത്രിക ജീവിതത്തിലൊ യാതൊരു വിധ ഗുണലഭ്യതയും അതിന്നുണ്ടാകുകയുമില്ല. സഹോദരനെ ഉള്‍ക്കൊള്ളാന്‍, അവനെ ഉപദേശിക്കാന്‍, അവന്‍റെ ഉപദേശങ്ങളെ സ്വീകരിക്കാന്‍, അവന്നായി നന്മകള്‍ ചെയ്യാന്‍, നന്മകള്‍ ലഭിക്കാനായി പ്രാര്‍ത്ഥിക്കാന്‍, അവന്‍റെ അവിവേകങ്ങളെ തിരുത്താന്‍, അവന്‍ നമ്മെ തിരുത്തുന്ന സംഗതികളെ പരിഗണിക്കാന്‍, അവന്‍ നമ്മോട് ചെയ്ത അപരാധങ്ങള്‍ക്ക് മാപ്പു നല്‍കാന്‍, നമ്മള്‍ ചെയ്ത അപരാധങ്ങള്‍ക്ക് അവനോട് മാപ്പു ചോദിക്കാന്‍, പൊതു ജനമധ്യത്തില്‍ പരസ്പരം ആക്ഷേപിക്കാതിരിക്കാന്‍, തെറ്റുകുറ്റങ്ങളെ അന്യരില്‍ നിന്ന് മറച്ചു പിടിക്കാന്‍, നമുക്ക് സന്തോഷം പകരുന്നവ നമ്മുടെ സഹാദരനും ഉണ്ടാകുന്നതിന് കൊതിക്കാന്‍ നിഷ്കളങ്കമായ സ്നേഹത്തിലൂടെ സാധ്യമാകണം. ഈ വക നന്മകള്‍ക്കൊന്നും പ്രേരണ നല്‍കാത്ത സ്നേഹബന്ധം യഥാര്‍ത്ഥത്തില്‍ കപടമാണ്; അത് ഫലശൂന്യവുമാണ്.
പ്രവാചക സേവകനായിരുന്ന അനസ് ബ്നു മാലിക് നിവേദനം. നബി(സ്വ) പറഞ്ഞു: സ്വന്തത്തിനു വേണ്ടി ആഗ്രഹിക്കുന്നവ തന്‍റെ സഹോദരനുവേണ്ടിയും ആഗ്രഹിക്കാത്തിടത്തോളം നിങ്ങളിലെ ഒരാള്‍ക്കും മുഅ്മിനാകുക സാധ്യമല്ല. (ബുഖാരി, മുസ്ലിം) പരസ്പര സ്നേഹം വ്യക്തികള്‍ക്കിടയില്‍ ക്രിയാത്മകമായിപ്രതിഫലിക്കണം എന്ന അതുല്യ പാഠമാണ് ഈ സാരോപദേശത്തിലെ മര്‍മ്മം.
സ്നേഹ സാഹോദര്യങ്ങള്‍ പരസ്പരം ശാസിക്കുന്നതിനും ഉപദേശിക്കുന്നതിനും തടസ്സമായി അനുഭവപ്പെടാവതല്ല. നാമിഷ്ടപ്പെടുന്ന ഒരു വ്യക്തിയില്‍ ഏതെങ്കിലും അവിവേകങ്ങളൊ പിഴവുകളൊ കാണുന്നുവെങ്കില്‍ ഉപദേശിച്ചു തിരുത്താന്‍ നമുക്കാകണം. പരസ്പരോപദേശ മനസ്ഥിതിയെ വിശ്വാസത്തിന്‍റെ ഭാഗമായി സൂറത്തുല്‍ അസ്വ്ര്‍ നമ്മളെ ഉദ്ബോധിപ്പിച്ചിട്ടുള്ളത് ഓര്‍ക്കുക. എന്തുകൊണ്ടെന്നാല്‍ അത് ഗുണകാംക്ഷയാണ്; നിഷ്കളങ്കമായ സ്നേഹത്തിന്‍റെ ഉദാത്തമായ ഉല്‍പന്നമാണ് ഗുണകാംക്ഷ എന്നത്. അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരാണ്. (തൗബ: 71)
അഭിപ്രായാന്തരങ്ങളും വീക്ഷണ വ്യത്യാസങ്ങളും വിവേകമുള്ളവരില്‍ സ്വാഭാവികമാണ്. വ്യക്തികളുടേയും സംഘങ്ങളുടേയും വര്‍ത്തമാനങ്ങളിലും ചര്‍ച്ചകളിലും കൂടിയാലോചനകളിലും വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് അപരാധമല്ല. ഏതു തരം അഭിപ്രായമാണെങ്കിലും സഹിഷ്ണുതയോടെ കേള്‍ക്കാനും പഠിക്കാനും വേണ്ടവ പരിഗണിക്കാനും ശീലിക്കുകയാണ് ബന്ധങ്ങളുടെ സുഗമതക്ക് ഫലപ്രദം. സഹിഷ്ണുത സ്നേഹത്തില്‍ നിന്നുമുണ്ടാകുന്ന ഗുണമാണ്. സഹിഷ്ണുതയുടെ അഭാവം വെറുപ്പും പകയും ശത്രുതാ സമീപനവുമാണ് നമ്മിലുണ്ടാക്കുക. എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ നമ്മുടെ സഹോദരന്മാരെ കാണാന്‍ സാധിച്ചാല്‍ സ്നേഹ സാഹോദര്യങ്ങളുടെ രുചിയറിയാന്‍ പ്രയാസമുണ്ടാകില്ല. പുഞ്ചിരി നന്മയാണ്. നബി തിരുമേനി(സ്വ) നമ്മെ ഉപദേശിച്ചത് അങ്ങനെയാണ്. ഒരു നന്മയേയും നീ ചെറുതായിക്കാണരുത്; നിന്‍റെ സഹോദരനെ പുഞ്ചിരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെപ്പോലും. (മുസ്ലിം) അഭിപ്രായാന്തരങ്ങളുണ്ടാകുമ്പോഴേക്കും അന്യോന്യം അകലാനും ചേരിതിരിഞ്ഞ് ആക്ഷേപിക്കാനും തുടങ്ങുന്നത് മുഅ്മിനുകള്‍ക്ക് യോജിച്ച സ്വഭാവമല്ല.
സ്നേഹം സ്നേഹിക്കപ്പെടുന്നവന്‍റെ സാന്നിധ്യത്തില്‍ മാത്രം പ്രകടിതമാകേണ്ട ഒന്നല്ല എന്ന് നാം മനസ്സിലാക്കി. സ്വന്തം സഹോദരന്‍റെ അസാന്നിധ്യത്തിലും അവനോടുള്ള സ്നേഹത്തിന്‍റെ പ്രകടനമുണ്ടാകണം. സഹോദര സ്നേഹത്തിന്‍റെ മൂര്‍ത്തമായ ഒരു ഗുണമുണ്ട്; അവന്നു വേണ്ടി അല്ലാഹുവിനോട് അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുക എന്നതാണത്. നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിം തന്‍റെ സഹോദരന്നു വേണ്ടി അവന്‍റെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുന്നതാണ്. അവന്നു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം തനിക്കായി ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള മലക്ക് അതിന്ന് ആമീന്‍ പറയുകയും, നിനക്കും അതുപോലെ ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യും. (മുസ്ലിം)
ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയെ പ്രതീക്ഷിച്ചു കൊണ്ടുള്ള പരസ്പര സ്നേഹാദരവുകളും കൈമാറ്റങ്ങളും സത്യവിശ്വാസികള്‍ എപ്പോഴും എടുത്തണിയേണ്ട സ്വഭാവങ്ങളാണ്. അല്ലാഹുവിന്‍റെ സ്നേഹത്തിന് പാത്രീഭൂതരാകാന്‍ അങ്ങനെയുള്ളവര്‍ക്കേ ഭാഗ്യം ലഭിക്കൂ. വിശ്രുതമായ ഒരു ക്വുദ്സീ ഹദീസ് കാണുക: എന്‍റെ പേരില്‍ പരസ്പരം സ്നേഹിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം സന്ദര്‍ശിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ചെലവഴിച്ചവര്‍ക്ക്, എന്‍റെ പേരില്‍ പരസ്പരം ബന്ധങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് എന്‍റെ സ്നേഹം അവകാശമായിത്തീര്‍ന്നിരിക്കുന്നു. (അഹ്മദ്)