വിശ്വാസം കളങ്കപ്പെടാതിരിക്കാന്‍

1406

ഹന്‍ളലഃ (റ) നിവേദനം: ഒരു ദിവസം എന്നെ അബൂബക്കര്‍ (റ) കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്നോട്‌ ചോദിച്ചു. അല്ലയോ ഹന്‍ളലാഃ എങ്ങനെയുണ്ട്‌? ഞാന്‍ പറഞ്ഞു `ഹന്‍ളല കപടവിസ്വാസിയായിരിക്കുന്നു. അദ്ദേഹം (അബൂബക്കര്‍) പറഞ്ഞു. സുബ്‌ഹാനല്ലാഹ്‌, താങ്കള്‍ എന്താണ്‌ പറയുന്നത്‌? ഞാന്‍ പറഞ്ഞു. നമ്മള്‍ റസൂലിന്റെ അടുക്കലായിരിക്കുമ്പോള്‍ അവിടുന്ന്‌ നമ്മെ സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും ഉദ്‌ബോധിപ്പിക്കും. എത്രത്തോളമെന്നാല്‍ അത്‌ നാം കണ്‍മുന്നില്‍ കാണുന്നതുപോലെയാകും. അങ്ങനെ നാം നബി (സ്വ) യുടെ അടുക്കല്‍നിന്നും പുറപ്പെടുകയും നമ്മുടെ ഇണകളുമായും, കുഞ്ഞുങ്ങളുമായും, കൃഷിയിടവുമായും ഇടപഴകുകയും ചെയ്യുമ്പോള്‍ നാം അതില്‍ ധാരാളം വിസ്‌മരിക്കുന്നു. അബൂബക്കര്‍ (റ) പറഞ്ഞു. അല്ലാഹുവാണ്‌ സത്യം! ഞങ്ങള്‍ക്കും ഇതുപോലുള്ളത്‌ ഉണ്ടാകുന്നുണ്ട്‌. അങ്ങനെ ഞാനും അബൂബക്കറും പുറപ്പെട്ടു. റസൂല്‍ തിരുമേനി (സ്വ) യുടെ അടുക്കല്‍ പ്രവേശിച്ചു. ഞാന്‍ പറഞ്ഞു. `അല്ലാഹുവിന്റെ ദൂതരേ, ഹന്‍ളലഃ കപടവിശ്വാസിയായിരിക്കുന്നു! അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചോദിച്ചു. `അതെന്താണ്‌?’ ഞാന്‍ പറഞ്ഞു. `അല്ലാഹുവിന്റെ ദൂതരേ ഞങ്ങള്‍ താങ്കളുടെ അടുക്കലായിരിക്കുമ്പോള്‍ അവിടുന്ന്‌ നരകത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും ഞങ്ങളെ ഉദ്‌ബോധിപ്പിക്കും. അപ്പോള്‍ അത്‌ ഞങ്ങള്‍ കണ്‍മുമ്പില്‍ കാണുന്നതുപോലെയായിരിക്കും. അങ്ങനെ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍നിന്നു പോവുകയും ഭാര്യമാരും മക്കളും കൃഷിയിടവുമായി ഇടപഴകുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ധാരാളമായി അത്‌ വിസ്‌മരിക്കുന്നു. അപ്പോള്‍ നബി (സ്വ) പറഞ്ഞു. `എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ്‌ സത്യം. നിങ്ങള്‍ എന്റെ അടുക്കല്‍ ഉള്ള അതേ അവസ്ഥയിലും ഉദ്‌ബോധനത്തിലും സ്ഥിരമായിരുന്നെങ്കില്‍ നിങ്ങളെ നിങ്ങളുടെ വിരിപ്പുകളിലും വഴികളിലും മലക്കുകള്‍ ഹസ്‌തദാനം ചെയ്യുമായിരുന്നു. പക്ഷെ ഹന്‍ളലാ, ചില സമയം അങ്ങനെയും മറ്റു ചിലപ്പോള്‍ ഇങ്ങിനെയുമായിരിക്കും (മനുഷ്യരുടെ അവസ്ഥ), ഇത്‌ മൂന്ന്‌ പ്രാവശ്യം നബി (സ്വ) പറഞ്ഞു. (മുസ്‌ലിം)

മിക്ക വിശ്വാസികള്‍ക്കും ഉണ്ടായേക്കാവുന്ന അവസ്ഥയാണ്‌ ഈ ഹദീഥിലൂടെ ഹന്‍ളല (റ) എന്ന സ്വഹാബി വ്യക്തമാക്കുന്നത്‌. ഉപദേശങ്ങളോ, പ്രഭാഷണങ്ങളോ, ക്ലാസുകളോ കേള്‍ക്കുമ്പോള്‍ പരലോക ചിന്തയും ഭയവും ഉണ്ടാവുക മാത്രമല്ല. ഇനി മേലില്‍ ഒരനാവശ്യവും തെറ്റും ചെയ്യുകയില്ലെന്നു മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യും. പക്ഷെ വീട്ടിലെത്തിയാല്‍ കുടുംബപ്രശ്‌നങ്ങളും ഐഹിക കാര്യങ്ങളുമായി ഇടപഴകുമ്പോള്‍ എല്ലാം മറന്നുപോവുന്നു. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഓരോ സത്യവിശ്വാസിക്കും സാധിക്കണം. എങ്കില്‍ അവന്റെ ജീവിതത്തില്‍ നന്മകള്‍ നിറഞ്ഞിരിക്കും. തിന്മകള്‍ ഇല്ലാതാകും. മനുഷ്യന്റെ ദൗര്‍ബല്യങ്ങളില്‍പെട്ടതാണത്‌.
നബി (സ്വ) മറ്റൊരിക്കല്‍ പറയുകയുണ്ടായി. വസ്‌ത്രങ്ങള്‍ നുരുമ്പി പോകുന്നതുപോലെ ഈമാനും നുരുമ്പിപ്പോകും. അതിനാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്‌മരണകള്‍ നിലനിറുത്തുക നബി (സ്വ) യുടെ കൂടെ ജീവിച്ച സ്വഹാബത്തിന്‌ പോലും ഈ അനുഭവം ഉണ്ടായെങ്കില്‍ അവരുടെ പിന്‍ഗാമികളായ നമുക്കും ഇങ്ങിനെ അനുഭവമുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌.

അതിനാല്‍ കൂടുതല്‍ സൂക്ഷ്‌മത പുലര്‍ത്തിയും കരുതലോടെയും ദൃഢവിശ്വാസത്തോടെയും ജീവിതം ചിട്ടപ്പെടുത്തുക. ഹന്‍ളലയെപ്പോലെ കുറ്റബോധം ഉണ്ടാവുന്നത്‌ സത്യവിശ്വാസത്തിന്റെ ഭംഗം തന്നെയാണ്‌. ആ ബോധം ഭാവിജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉപകരിക്കും.