ജീവിതത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങളും, വിഭവങ്ങളുമൊക്കെ നാമറിയാതെ തന്നെ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. എങ്കിലും വളര്‍ച്ചയുടെ ഓരോ അണുവിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ആശകളും എല്ലാവരുടേയും ജീവിതത്തിലുണ്ടാകാറുണ്ട്. അവയില്‍ ചിലത് അനിവാര്യങ്ങളാകാം ചിലത് അനുഗുണങ്ങളാകാം മിക്കവയും അനാവശ്യങ്ങളുമാകാം. ജീവിതമെന്നാല്‍ ആശകളാണ്; ഒന്നുകില്‍ എല്ലാം നേടി നെറുകിലെത്തുക; അല്ലെങ്കില്‍ മരിച്ചു മണ്ണിനടിയിലാകുക എന്ന് ചിന്തിക്കുന്ന ആളുകളെ മനുഷ്യരുടെ കൂട്ടത്തില്‍ കാണാനാകും. അക്കൂട്ടര്‍ക്ക് ഇവക്കു രണ്ടിനുമിടയിലുള്ള യഥാര്‍ഥ ജീവിതത്തെപ്പറ്റി കൃത്യമായ ബോധമില്ല എന്നതാണ് സത്യം.
ആശയും നിരാശയും മനുഷ്യ പ്രകൃതിയിലുണ്ട്. ആശകള്‍ അധ്വാനിക്കാനും മുന്നേറാനും മനുഷ്യനെ പ്രേരിപ്പിക്കുമ്പോള്‍, ഖിന്നനാകാനും നിഷ്കൃയനാകാനുമാണ് നിരാശ പ്രേരിപ്പിക്കുക. നിരാശ എന്നത് മനുഷ്യ ജീവിതത്തിന്‍റെ ശത്രുവാണെന്നു പറയാം. തന്നെ സൃഷ്ടിക്കുകയും വേണ്ടതെല്ലാം തന്നു കൊണ്ടിരിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ് എന്ന് ബോധ്യമുള്ള സത്യവിശ്വാസികള്‍ ആശകളെ നിയന്ത്രിക്കാനും, നിരാശയെ നേരിട്ട് തോല്‍പിക്കാനും കഴിവുള്ളവരാണ്. ഐഹിക ജീവതത്തിനാവശ്യമായത് അല്ലാഹുവാണ് വീതം വെച്ചു നല്‍കുന്നത് എന്നറിയുന്ന വിശ്വാസി ആ വീതം വെപ്പിനെയാണ് എപ്പോഴും ആശ്രയിക്കുക. ആശക്കൊപ്പം ആശ്രയ ബോധം കൂടിയുണ്ടാകുമ്പാള്‍ മനുഷ്യനെ നിയന്ത്രിക്കുക പ്രതീക്ഷകളും പ്രാര്‍ഥനകളുമാണ്. ഇതു രണ്ടുമുള്ള ഒരാളുടെ മനസ്സില്‍ നിരാശക്ക് കയറിപ്പറ്റാനും ഭരണം നടത്താനും സാധിക്കില്ല.
ഭൗതിക ജീവിതത്തിനുതകുന്ന വിഭവങ്ങള്‍ അല്ലാഹുവില്‍ നിന്ന് നിര്‍ലോപം ലഭിച്ചു കൊണ്ടിരിക്കെ മനുഷ്യന്‍ സന്തുഷ്ടനായിരിക്കും. ചോദിക്കുന്നതും ആഗ്രഹിക്കുന്നതുമൊക്കെ അവന്‍റെ പക്കല്‍ നിന്ന് വന്നു കിട്ടുമ്പോള്‍ പ്രത്യേകിച്ചും. ജീവിതത്തെ പ്രയാസപ്പെടുത്തിയ കഷ്ടതകള്‍ നീങ്ങുകയും റബ്ബില്‍ നിന്നുള്ള ആശ്വാസം ലഭിക്കുകയും ചെയ്താലും മനുഷ്യന്‍റെ ആഹ്ലാദത്തിന് അതിരുണ്ടാകുകയില്ല. ഖുര്‍ആനിക്കാര്യം പറഞ്ഞിട്ടുണ്ട്.
അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു. (ഹൂദ്/10)
ആശകള്‍ നടന്നു കിട്ടണമെന്നതു തന്നെ മനസ്സിന്‍റെ വല്ലാത്തൊരാശയാണ്. നിവൃത്തിക്കപ്പെട്ട ആഗ്രഹങ്ങളില്‍ നിന്ന് ഒന്നുപോലും കയ്യില്‍ നിന്ന് നഷ്ടപ്പെടരുത് എന്നതും ആശകളില്‍പെട്ട ഒന്നാണ്. അല്ലാഹുവില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ ആഹ്ലാദഭരിതനാകുന്ന മനുഷ്യന്‍, പ്രസ്തുത അനുഗ്രഹങ്ങളെ അല്ലാഹുവെങ്ങാനും എടുത്തു മാറ്റുന്നൂ എങ്കില്‍ അഗാധമായി വേദനിക്കുകയും നിരാശനാകുകയും ചെയ്യുന്നത് കാണാനാകും. മനുഷ്യന്‍റെ പൊതുവെയുള്ള മാനസിക നിലപാടാണിത്. അല്ലാഹു പറഞ്ഞു;
മനുഷ്യന്ന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും. (ഹൂദ്/9)
ഈ രംഗത്ത് സത്യവിശ്വാസികളുടെ നിലപാടെന്തായിരിക്കണം എന്നതാണ് നമ്മുടെ ആലോചന. കിട്ടിയതും കിട്ടാനുള്ളതുമായ സകലതും അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നതാണ് മുഅ്മിനുകള്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം. തന്നതിലും തരുന്നതിലും സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളതും അല്ലാഹുവിനു തന്നെ എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തെ കാര്യം, പടച്ചവനില്‍ നിന്ന് എത്രതന്നെ ലഭിച്ചാലും അത്യാഹ്ലാദവും അഹങ്കാരവും പാടില്ല, ലഭിച്ചവയില്‍ നിന്നു വല്ലതും അവന്‍ ഊരിമറ്റുന്നുവെങ്കില്‍ നിരാശയും നന്ദികേടും കാണിക്കരുത് എന്നിങ്ങനെയുള്ള സംഗതികളാണ്. ഈ മൂന്നു കാര്യങ്ങളില്‍ മനസ്സുറക്കുമ്പോള്‍ ജീവിതത്തെ ആനന്ദപൂര്‍വം മുന്നോട്ടു കൊണ്ടുപോകാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കും. നിരാശയെന്ന ശത്രു പരാജയപ്പെട്ട് പിന്‍മാറുകയും ചെയ്യും.
അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ എന്നും പ്രതീക്ഷവെക്കുന്നവനാകണം മുഅ്മിന്‍. എങ്കിലേ പ്രാര്‍ഥനാ സജീവമായ ഒരു മനസ്സ് അവന്‍റെ കൈവശമുണ്ടാകൂ. ആശിച്ചതെല്ലാം കിട്ടണം എന്നതിനു പകരം, നാഥാ! ആവശ്യമുള്ളതെല്ലാം നല്‍കണേ എന്ന തേട്ടമാകണം മുഅ്മിനിന്‍റേത്. കിട്ടാത്ത ആശകളില്‍ ദുഃഖിക്കാനോ കിട്ടിയവയില്‍ നിന്ന് വല്ലതും നഷ്ടപ്പെടുമ്പോള്‍ ആവലാതിപ്പെടാനോ അവസരമുണ്ടാകില്ല എന്നതാണ് അതു കൊണ്ടുള്ള ഗുണം.
വിശ്വാസികളുടെ ജീവിതത്തില്‍ നിരാശ പാടില്ല എന്നത് ഖുര്‍ആനിന്‍റെ ഉപദേശമാണ്. പ്രായമേറെയായിട്ടും ഒരു കുഞ്ഞിനു വേണ്ടി ആശിച്ചും അര്‍ഥിച്ചും കഴിഞ്ഞിരുന്ന ഇബ്റാഹീം (അ) നബിയോട് അല്ലാഹു ഉപദേശിച്ചത് ഖുര്‍ആനിലുണ്ട്; “താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്” (ഹിജ്ര്‍/55) എന്ന ഉപദേശം. പടച്ചവന്‍റെ പ്രസ്തുത ഉപദേശത്തോട് ഇബ്റാഹീം നബി(അ) നടത്തിയ പ്രതികരണം സത്യവിശ്വാസികളുടെ ഹൃദയത്തിലും നിലപാടുകളിലും എന്നും സജീവമായി നിലനില്‍ക്കണം. അദ്ദേഹം പറഞ്ഞു: “തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.” (ഹിജ്ര്‍/56) മഹാനായ യഅ്ക്വൂബ് (അ) നബിയും ഇതേ പ്രകാരമുള്ള ഒരു പ്രസ്താവന തന്‍റെ മക്കളോട് നടത്തിയത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: അദ്ദേഹം പറഞ്ഞു: “അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യൂസുഫ്/87)
ജീവിതത്തില്‍ കൊതിച്ചവ കിട്ടാതിരിക്കുകയും നിനക്കാത്തവ വന്നു ചേരുകയും ചെയ്യുമ്പോള്‍ മനുഷ്യനിലൊരു ദുഃസ്വഭാവമുണ്ട്. കിട്ടിയവയോട് പുച്ഛം! ഇവയിലെന്ത് നന്മ എന്ന നെഗറ്റീവ് ചിന്ത! കൊതിച്ചതു തന്നെ കിട്ടേണ്ടിയിരുന്നു; അതിലായിരുന്നു മുഴവന്‍ ഗുണവും എന്ന ഊഹം! ഈ ദുഃസ്വഭാവം പക്ഷെ, സത്യവിശ്വാസികളില്‍ കാണുകയില്ല. തങ്ങളുടെ ജീവിതത്തിലെത്തിപ്പെടുന്ന ഓരോ സംഗതിയിലും ഗുണവും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന് അവര്‍ക്കറിയാവുന്നത് കൊണ്ടാണത്. പടച്ചവന്‍ പറഞ്ഞു:
“ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ബഖറ/216)
അല്ലാഹു വിധിച്ചു നല്‍കിയതില്‍ സന്തുഷ്ടി കാണിക്കാനാകുക എന്നത് മനസ്സിന്‍റെ വിശാല ഭാവമാണ്. എല്ലാവര്‍ക്കും അതിന്ന് കഴിഞ്ഞു കൊള്ളണമെന്നില്ല. അല്ലാഹുവില്‍ നിന്ന് കിട്ടിയ വീതത്തെ അനുഭവിക്കുമ്പോഴും, ആശിച്ചത് കിട്ടിയിരുന്നെങ്കില്‍ അതാകുമായിരുന്നു കൂടുതല്‍ മെച്ചം എന്ന് വിചാരിക്കുന്നവരാണ് ഏറെയും! വിധിയെ പഴിക്കുന്നവരും വിരളമല്ല. ഇബ്നു മസ്ഊദ്(റ) ഒരിക്കല്‍ പറഞ്ഞു: “കെട്ടുപോകുവോളം ഒരു തീക്കനല്‍ എന്‍റെ വായില്‍ തന്നെ വെക്കുക എന്നതാണ്, അല്ലാഹു വിധിച്ച ഒരു കാര്യത്തെപ്പറ്റി, ‘അത് അപ്രകാരം സംഭവിച്ചില്ലായിരുന്നുവെങ്കില്‍..’ എന്ന് പറയുന്നതിനേക്കാള്‍ എനിക്കിഷ്ടമായിട്ടുള്ളത്.” ഇതാകണം ദൈവിക വിധിയോടും വീതത്തോടുമുള്ള സത്യവിശ്വാസികളുടെ മുഴുവന്‍ മനോവികാരം. എന്തു കൊണ്ടെന്നാല്‍, “അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ബഖറ/216)
ആശകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ മനസ്സിന്‍റെ ആവലാതികളാണ്. അവ മുഴുവന്‍ സമര്‍പ്പിക്കേണ്ടതാകട്ടെ അല്ലാഹുവിന്‍റെ സന്നിധിയിലുമാണ്. അവനാണ് വിധിക്കുന്നതും തീര്‍പ്പാക്കുന്നതും. അക്കാര്യത്തിലുള്ള നമ്മുടെ ധാരണ സുപ്രധാനമാണ്. അല്ലാഹുവിനെപ്പറ്റിയുള്ള നമ്മുടെ ധാരണയെന്താണൊ ആ ധാരണയെ അവന്‍ പരിഗണിക്കുക തന്നെ ചെയ്യും. കാരുണ്യവാനാണവന്‍, കൈനീട്ടിയില്‍ നല്‍കുന്നവനാണവന്‍, വിനീത ദാസന്മാരെ ചേര്‍ത്തു നിര്‍ത്തുന്നവനാണവന്‍, ഗുണമായെതെന്തുണ്ടൊ അത് പ്രധാനം ചെയ്യുന്നവനാണവന്‍, ഇനി പരീക്ഷണങ്ങളാണൊ എല്ലാം നീക്കിത്തരുന്നവനാണവന്‍, അവന്‍ സര്‍വാശ്രയനാണ്. ഇവ്വിധമാകണം അല്ലാഹുവിനെപ്പറ്റിയുള്ള മുഅ്മിനിന്‍റെ സുദൃഢമായ ധാരണകള്‍. ഒരു ഖുദ്സിയായ ഹദീസില്‍ ഇങ്ങനെ കാണാം:
വാസിലത്ത് ബ്നുല്‍ അസ്ക്വഅ്(റ) നിവേദനം. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അരുളി: “എന്നെപ്പറ്റിയുള്ള എന്‍റെ ദാസന്‍റെ ധാരണയോടൊപ്പമാണ് ഞാന്‍. ആകയാല്‍ എന്നെപ്പറ്റി എന്തു ധരിക്കണമെന്ന് അവന്‍ ഉദ്ദേശിക്കട്ടെ.” (ഇബ്നു ഹിബ്ബാന്‍) ‘തന്‍റെ രക്ഷിതാവിനെ കുറിച്ച് നല്ലതു വിചാരിക്കുന്നവനോട് അല്ലാഹു നല്ലനിലയിലാണ് വര്‍ത്തിക്കുക. എന്നാല്‍ ചീത്തയായ ധാരണയുള്ളവനെ, അവന്‍റെ ധാരണക്കനുസരിച്ചായിരിക്കും അല്ലാഹു പരിഗണിക്കുന്നത്’ എന്ന് ഇമാം ശൗകാനി(റ) ഈ ഹദീസിന് വിശദീകരണം നല്‍കിയിട്ടുണ്ട്.
ആഗ്രഹങ്ങള്‍ അതിരു വിടുമ്പോഴും, അനുഗ്രഹങ്ങളില്‍ മനസ്സു തൃപ്തിപ്പെടാതെ വരുമ്പോഴും അല്ലാഹുവിനെപ്പറ്റി ചീത്ത വിചാരങ്ങള്‍ മനസ്സില്‍ വരും. അവിശ്വാസികളുടെയും വഴിപിഴച്ചവരുടെയും സ്വഭാവമാണത്. സത്യവിശ്വാസികള്‍ അവ്വിധമാകാതിരിക്കാന്‍ സദാ ശ്രദ്ധിക്കണം. ഐഹിക താത്പര്യങ്ങളെ ഈമാനിന് ഇണങ്ങും വിധം ക്രമീകരിക്കാനും, അവയോട് ഈമാനികമായ നിലപാടുകള്‍ സ്വീകരിക്കാനും കഴിയുമെങ്കില്‍ നിരാശയും അതിനെ തുടര്‍ന്നുള്ള അപകടങ്ങളും ജീവിതത്തില്‍ ഉണ്ടാകുകയേ ഇല്ല. എല്ലാം റബ്ബില്‍ നിന്ന് മാത്രം. നമുക്ക് കൊതിക്കാം; അല്ലാഹു വിധിക്കും. മുഅ്മിനുകള്‍ അവന്‍റെ വിധിയില്‍ ക്ഷമിക്കും. കിട്ടിയതില്‍ ആനന്ദത്തോടെ, കൃതജ്ഞതയോടെ ജീവിക്കും. കിട്ടേണ്ടവക്ക് പ്രതീക്ഷാ പൂര്‍വം പ്രാര്‍ഥിക്കും. ഇവ്വിധമായിരിക്കണം ജീവിതം എന്നതാണ് ദാസന്മാരോടുള്ള അല്ലാഹുവിന്‍റെ ഉപദേശം.
അബൂ ദറുല്‍ ഗഫാരി(റ) നിവേദനം ചെ യ്യുന്ന ഒരു ഖുദ്സിയായ ഹദീസില്‍ ഇപ്രാകാരം കാണാം. “… എന്‍റെ ദാസാ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാണ്; ഞാന്‍ വഴി കാണിച്ചവനൊഴികെ. ആകയാല്‍ നിങ്ങളെന്നോട് വഴിചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് വഴി കാണിച്ചു തരും. എന്‍റെ ദാസാ, നിങ്ങളെല്ലാവരും വിശപ്പുള്ളവരാണ്; ഞാന്‍ ഭക്ഷിപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് ഭക്ഷണം തേടുക, ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കുന്നതാണ്. എന്‍റെ ദാസാ, നിങ്ങളെല്ലാവരും നഗ്നരാണ്; ഞാന്‍ ഉടുപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് വസ്ത്രം തേടുക, ഞാന്‍ നിങ്ങളെ ഉടുപ്പിക്കുന്നതാണ്…” (മുസ്ലിം)
ഭൗതിക ജീവിതത്തില്‍ മനുഷ്യനോടൊട്ടി നില്‍ക്കുന്ന മൂന്ന് അടിസ്ഥാന സംഗതികളെ ഈ ഹദീസ് ചര്‍ച്ചക്കെടുക്കുന്നു. ഈ മൂന്ന് അടിസ്ഥാനാവശ്യങ്ങളേയും ബന്ധപ്പെട്ടാണ് മനുഷ്യന്‍റെ മറ്റെല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും ജനികൊള്ളുന്നത്. നമുക്ക് അനുഗുണമായവയൊക്കെ അവയില്‍ നിന്ന് നിവൃത്തിച്ചു തരാന്‍ പടച്ചവന്‍ ഒരുക്കമാണ് എന്ന പാഠമാണ് പ്രസ്തുത ഹദീസില്‍ നിന്ന് നാം മനസ്സിലാക്കുന്നത്. നിരാശക്കു പകരം തീര്‍ത്തും പ്രത്യാശ പകരുന്ന വാക്കുകള്‍. സത്യവിശ്വാസികള്‍ ജീവിക്കേണ്ടത് ഈ പ്രത്യാശകളില്‍ മാത്രമായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ഇതു പടപ്പുകളില്‍ നിന്നുള്ള പ്രത്യാശയല്ല; പ്രപഞ്ചമഖിലം പടച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന കരുണാവാരിധിയായ അല്ലാഹുവില്‍ നിന്നുള്ള പ്രത്യാശയാണ്. അത് ലംഘിക്കപ്പെടുകയേയില്ല.