ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മനുഷ്യരിലെ മഹാ ഭൂരിഭാഗവും കൊതിക്കുന്നില്ല. പക്ഷെ, ആ നിമിഷം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ചാല്‍ മരണമുണ്ട് എന്ന് ബോധ്യമുള്ള മിക്കവരും മരണത്തോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. മരിക്കാന്‍ മനസ്സില്ലാത്തവന്‍, എന്നെന്നും ജീവിക്കാനായെങ്കില്‍ എന്ന് ആശിക്കുന്നവനാണ്. മരണത്തോടെ ജീവിതമവസാനിച്ചു എന്ന് കരുതുന്നവന്‍റെ ഉള്ളിലും ‘മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന പ്രാര്‍ഥനയുണ്ട്. കുഴിയില്‍ അല്ലെങ്കില്‍ ചിതയില്‍ വെക്കുന്നതോടെ അവസാനിക്കുന്നതാണ് തന്‍റെ ജീവിതം എന്ന് വിശ്വസിച്ചാല്‍, ദുനിയാവിന്‍റെ ചന്തവും സുഖവും അനുഭവിക്കുന്നവനും, അവ അനുഭവിക്കാന്‍ അവസരങ്ങള്‍ ലഭിക്കാത്തവനും അര്‍ഥമില്ലാത്ത മാനസിക നിലയിലായിരിക്കും ജീവിക്കുക. ഒന്നുകില്‍ ആര്‍ത്തിയിലും ധൂര്‍ത്തിലും മതിമറന്നു കഴിയുക. അല്ലെങ്കില്‍ നിരാശയിലും നിഷ്കൃയത്വത്തിലും ജീവിതമൊടുക്കുക. രണ്ടും മനുഷ്യ ജന്മത്തിന്‍റെ മഹത്വത്തേയും ലക്ഷ്യത്തേയും കെടുത്തിക്കളയുന്നതും മനുഷ്യനെ തീരാനഷ്ടത്തില്‍ അകപ്പെടുത്തുന്നതുമാണ്.
ഐഹിക ജീവിതത്തിന്‍റെ ലക്ഷ്യവും മാര്‍ഗ്ഗവും ശരിയായ രീതിയില്‍ പഠിപ്പക്കപ്പെടുമെങ്കില്‍ അര്‍ഥബോധത്തോടെ ജീവിക്കാന്‍ മനുഷ്യന് സാധിക്കുമായിരുന്നു എന്നതാണ് വാസ്തവം. പ്രവിശാലമായ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് മനുഷ്യന്ന് നല്‍കിയ ഭൂലോക വാസവും സൗകര്യങ്ങളും കൃത്യവും പ്രത്യേകവുമായ ഉദ്ദേശ്യത്തോടെയാണ് സംവിധാനിച്ചിരി ക്കുന്നത്. ഇതര സൃഷ്ടികളില്‍ നിന്ന് എല്ലാ നിലക്കും വ്യത്യസ്തനായ മനുഷ്യന്‍റെ ജീവിതം മറ്റു ജീവജാലങ്ങളെപ്പോലെത്തന്നെയാണ് എന്ന് കരുതാന്‍ ധിഷണാ ശേഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കുക വയ്യ. അതു കൊണ്ടു തന്നെയാണ് മനുഷ്യനെ പടച്ച അല്ലാഹു മനുഷ്യ ജീവിതത്തിന്‍റെ ധര്‍മ്മവും ലക്ഷ്യവും അത് പൂര്‍ണ്ണതയോടെ പ്രാപിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അവന്‍ തന്നെ നിയോഗിച്ച പ്രവാചകന്മാരിലൂടെ പഠിപ്പിച്ചു നല്‍കിയത്.
മനുഷ്യരൊക്കെ പറയാറുണ്ട്; ജീവിതം ഹൃസ്വമാണ് എന്ന്. മനുഷ്യന്‍റെ ഭൂവാസവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ മാത്രമാണ് ആ പ്രസ്താവനക്ക് യാഥാര്‍ത്ഥ്യമുള്ളത്. സത്യത്തില്‍, മനുഷ്യ ജീവിതം ഹൃസ്വമല്ല; അത് ശാശ്വതമാണ്. അതാകട്ടെ പരലോകത്താണ്. പ്രസ്തുത ശാശ്വത ജീവിതത്തിലേക്കുള്ള യാത്രാ മധ്യേ കുറച്ചു കാലം മാത്രം നാം ഭൂമിയില്‍ കഴിച്ചു കൂട്ടുന്നൂ എന്ന് മാത്രം. ഇവിടെ മനുഷ്യന്ന് അധ്വാനമുണ്ട്, വിഭവ സമാഹരണമുണ്ട്, സമ്പാദ്യമുണ്ട്, പരിപോഷിപ്പിക്കലുണ്ട് എല്ലാമുണ്ട്. ഇവയെല്ലാം തന്നെ ഭൂമുഖം വിട്ട്, യഥാര്‍ത്ഥത്തില്‍ ജീവിക്കേണ്ട ലക്ഷ്യസ്ഥാനത്ത് ചെന്നെത്തുമ്പോള്‍ അവന്ന് ഉപകരിക്കാനായിട്ടാണ് നടക്കുന്നത്; അല്ലെങ്കില്‍ നടക്കേണ്ടത്. ഈ വാസ്തവത്തി ലൂന്നിയാണ് പ്രപഞ്ച സ്രഷ്ടാവിന്‍റെ മതമായ ഇസ്ലാം മനുഷ്യ സമൂഹത്തെ സമീപിക്കു ന്നതും അവരെ പരിഗണിക്കുന്നതും.
മേല്‍സൂചിത പാഠങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചക മൊഴികളിലൂടെയും സത്യവിശ്വാസികളെല്ലാം മനസ്സിലാക്കിയവരാണ്. അതു കൊണ്ടു തന്നെ പരലോക ജീവിതത്തിലെ നേട്ടത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലും പ്രവര്‍ത്തനങ്ങളിലുമായിരിക്കും അധിക സമയവും അവര്‍ ചെലവഴിക്കുന്നത്. “ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും” (ഇസ്റാഅ്: 19) എന്ന ആയത്ത് വിശ്വാസീ ഹൃദയങ്ങളില്‍ രൂഢമൂലമാകുമ്പോള്‍ അവരിലുണ്ടാകുന്ന സ്വാഭാവികമായ പ്രതിഫലനമാണ് ആഖിറത്തിനു വേണ്ടിയുള്ള പ്രവര്‍ത്തന നൈരന്തര്യം.
എന്നാല്‍, നാം ജീവിക്കുന്ന ദുനിയാവിന്‍റെ ചന്തവും അതിന്‍റെ കൈവശമുള്ള വിഭവങ്ങളുടെ ആകര്‍ഷണീയതയും മിക്കപ്പോഴും നമ്മെ ആഖിറ ചിന്തയില്‍ നിന്ന് മാറ്റിക്കളയാറുണ്ട്. ദുനിയാവും അതിലെ അനുഗ്രഹങ്ങളും നമുക്കനുഭവിക്കാന്‍ വേണ്ടിത്തന്നെയാണ് അല്ലാഹു സൗകര്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ദുനിയാവിന്‍റെ അന്ത്യതുള്ളിയും അനുഭവിച്ചേ അടങ്ങൂ എന്ന വാശിയോടെയാകരുത് ഭൂമിയിലെ നമ്മുടെ ജീവിതം. പരലോക യാത്രയിലെ ഇടത്താവളത്തില്‍ നിന്ന് ലഭിക്കുന്ന താത്കാലിക ഭക്ഷണത്തിന്‍റെ രുചിയാസ്വദിക്കുന്ന മനോനിലയാകണം നമ്മുടേത്. മരണ വാഹനം എപ്പോഴും അരികില്‍ തയ്യാറായി നില്‍ക്കുന്നുണ്ട് എന്ന അറിവുള്ളവന്‍, ഐഹികഭംഗിയില്‍ മതിമറന്നിരിക്കുന്നതെങ്ങ നെയാണ്? “നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്‍ക്ക് വന്നെത്തുക” (മാഇദ: 106) എന്ന ഖുര്‍ആനിക മുന്നറിയിപ്പ് കൃത്യമായി മനസ്സിലാക്കിയ വനെന്ന നിലക്ക് പ്രത്യേകിച്ചും?
മരണവും മരണാനന്തര ജീവിതവും എന്നും മുഅ്മിനിന്‍റെ മുന്നിലുണ്ടാകണം. ഹൃദയശുദ്ധീകരണത്തിനും ജീവിത വിമലീകരണത്തിനും കര്‍മ്മ സൂക്ഷ്മതക്കും വിശ്വാസ വികാസത്തിനും അത് തീര്‍ച്ചയായും ഉപകരിക്കും. സമാധാനമടഞ്ഞ മനസ്സ് എന്ന അതി വിശിഷ്ടമായ അനുഗൃഹീതാവസ്ഥയിലേക്ക്, അല്ലാഹുവിന്‍റെ തൗഫീക്വിനാല്‍, മുഅ്മിനിന്ന് ചെന്നുചേരാനാകും. യഥാര്‍ത്ഥ ബുദ്ധിമാന്‍ എന്നും മരണ ചിന്തയുള്ളവനാണ് എന്ന് പ്രവാചക തിരുമേനി (സ്വ) പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞാനൊരിക്കല്‍ അല്ലാഹുവിന്‍റെ റസൂലിന്നരികെ ഇരിക്കുകയായിരുന്നു. ആ സമയം അന്‍സ്വാറുകളില്‍ നിന്നുള്ള ഒരാള്‍ വന്നു കൊണ്ട് പ്രവാചകനോട് ചോദിച്ചു: റസൂലേ, വിശ്വാസികളില്‍ ആരാണ് ശ്രേഷ്ഠന്‍? തിരുമേനി(സ്വ) പറഞ്ഞു: “അവരിലെ ഏറ്റവും നല്ല സ്വഭാവനിഷ്ഠന്‍.” അയാള്‍ ചോദിച്ചു: ആരാണ് വിശ്വാസികളിലെ ബുദ്ധിമാന്‍? അവിടുന്നു പറഞ്ഞു: “മരണത്തെ ധാരാളം ഓര്‍ക്കുകയും, മരണാനന്തര ജീവിതത്തിന് നന്നായി തയ്യാറാകുകയും ചെയ്യുന്നവര്‍; അവരാണ് വിശ്വാസികളിലെ ബുദ്ധിമാന്‍മാര്‍.” (ഇബ്നുമാജ)
മരണ സ്മരണയേക്കാള്‍ മികച്ച മറ്റൊരു ഉപദേശകനെ മനുഷ്യന് ലഭിക്കാനില്ല എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞിട്ടുണ്ട്. അതിരുവിട്ട ആഹ്ലാദത്തില്‍ നിന്നും ആര്‍ത്തിപൂണ്ട അസൂയയില്‍ നിന്നും രക്ഷപ്പെടാന്‍ മരണചിന്ത ധാരാളം മതി എന്ന് അബുദ്ദര്‍ദാഅ് (റ) പ്രസ്താവിച്ചിട്ടുണ്ട്. മുഅ്മിനിന്‍റെ ജീവിതത്തിന് അമൂല്യമായ മൂന്ന് ഗുണങ്ങള്‍ നല്‍കാന്‍ മരണചിന്തക്ക് സാധിക്കുമെന്ന് അബൂ അലി അദ്ദക്വാക്വ്(റ) വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, തെറ്റുകളിലകപ്പെട്ടാന്‍ ഉടന്‍ ഖേദിക്കാനും പശ്ചാത്തപിക്കാനുമുള്ള മനസ്സ്. രണ്ട്, ആരാധനാ കര്‍മ്മങ്ങളില്‍ ഹൃദയസാന്നിധ്യമേകുന്ന ഊര്‍ജ്ജസ്വലത. മൂന്ന്, അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ ചെറുപ്പ വലുപ്പം നോക്കാതെയുള്ള പൂര്‍ണ്ണമായ മനഃസംതൃപ്തി. മുഅ്മിനിന്‍റെ പരലോക ജീവിതത്തെ ധന്യമാക്കുന്ന സുപ്രധാന സംഗതികളാണ് മേല്‍ പറയപ്പെട്ട മൂന്ന് ഗുണങ്ങളും.
മഹാനായ താബിഈ ഹസനുല്‍ ബസ്വരി(റ) മനുഷ്യരെ സംബന്ധിച്ച് വളരെ ശ്രേദ്ധേയമായ വിശകലനം നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ‘ഹേ, ആദം പുത്രാ! ഇന്നലെ നീ വെറുമൊരു ഇന്ദ്രിയത്തുള്ളിയായിരുന്നു. നാളെ നീ വെറും മൃതദേഹമായി മാറും. മനസ്സിന് രോഗം ബാധിച്ചവനാണ് യഥാര്‍ത്ഥ രോഗി. പാപങ്ങളാല്‍ മലിനമാകാത്തവനാണ് പരിശുദ്ധന്‍. നിങ്ങളില്‍ കൂടുതല്‍ പരലോക ചിന്തയുള്ളവന്നാണ് ദുനിയാവിനെ മറന്ന് കൊണ്ട് ജീവിക്കാനാകുക. എന്നും ദുനിയാവിനെ മാത്രം ഓര്‍ത്ത് കഴിയുന്നവന്‍ പരോലകത്തെ മറക്കുന്നവനായിരിക്കും. തിന്മകളില്‍ നിന്ന് സ്വന്തം മനസ്സിനെ പിടിച്ചു നിര്‍ത്തുക; എങ്കിലാണ് ഇബാദത്തുകളില്‍ കൃത്യനിഷ്ഠ കാണിക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നിനക്കാകുക. നിഷിദ്ധങ്ങളെ കണ്ടറിഞ്ഞ് അവയില്‍ നിന്ന് മാറിനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ ദീര്‍ഘവീക്ഷകന്‍. അന്ത്യനാളിനെ സദാ ഓര്‍ക്കുകയും കണിശമായ വിചാരണയെ മറക്കാതിരിക്കുകയും ചെയ്യുക, എങ്കില്‍ നീയാണ് ബുദ്ധിമാന്‍.’
മരണത്തിനടുത്തേക്ക് ആരും ചെല്ലുകയല്ല; ചെല്ലുകയുമില്ല. എന്നാല്‍ മരണം എപ്പോഴും നമ്മുടെയൊക്കെ സമീപത്തുണ്ട്. ആര്‍ക്കും അതിന്‍റെ പിടിയില്‍ നിന്ന് ഓടിമാറാനാകില്ല. അല്ലാഹു ഉണ്ടാക്കിയ പ്രസ്തുത സംവിധാനത്തെ മിറകടക്കാന്‍ ഒരാള്‍ക്കും സാധ്യവുമല്ല. അല്ലാഹു പറഞ്ഞു: “ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്.” (ജുമുഅ:8) “അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല.” (അഅ്റാഫ്: 34) “നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടിഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും.” (നിസാഅ്: 78) നമ്മുടെ നിത്യ ജീവിതത്തില്‍ കേട്ടും വായിച്ചും പഠിച്ച ഇത്തരം ആയത്തുകള്‍ ഇനിയുമുണ്ട് ധാരാളം. എന്നാല്‍, അതല്ല സുപ്രധാന വിഷയം. ഈ ആയത്തുകളെല്ലാം കേള്‍ക്കുമ്പോഴും പഠിക്കുമ്പോഴും മരണത്തിനു ശേഷം തന്‍റെ ജീവിതാവസ്ഥ എന്ത് എന്നതിനെപ്പറ്റിയുള്ള ആലോചനയും ഭയപ്പാടും നമ്മിലുണ്ടൊ എന്നതാണ്. നരകത്തിലകപ്പെടാതെ സ്വര്‍ഗത്തിലെത്താനുള്ള സല്‍കകര്‍മ്മങ്ങളുടെ വിഭവ സമാഹരണവും അതിന്‍റെ മാര്‍ഗ്ഗത്തിലുള്ള നിഷ്കളങ്കമായ അധ്വാനവും നമ്മളില്‍ സജീവമായി നിനനില്‍ക്കുന്നുണ്ടൊ എന്നതുമാണ്. സല്‍കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ എനിക്ക് അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന മരണാസന്ന സമയത്ത് ആര്‍ക്കും ഉപകാരം ചെയ്യില്ല. ഖുര്‍ആന്‍ പറഞ്ഞു: അന്നേരത്ത് (മരണ സമയത്ത്) അവന്‍ ഇപ്രകാരം പറഞ്ഞേക്കും; എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍ കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാകുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടിക്കൊടുക്കുകയില്ല. (മുനാഫിഖൂന്‍: 10, 11)
കണിശമായ വിചാരണ കഴിയുകയും, നരകത്തെ നേര്‍ക്കുനേര്‍ കാണുകയും ചെയ്യുന്ന വേളയില്‍ ഇന്നത്തേക്കു വേണ്ടി ഞാനെന്തെങ്കിലും കരുതിയിരുന്നെങ്കില്‍ എന്ന് പരിദേവനം നടത്തിയിട്ട് യാതൊരു ഉപകാരവുമില്ല. ഖുര്‍ആന്‍ പറഞ്ഞു: അന്ന് നരകം കൊണ്ടുവരപ്പെടും! അന്നേ ദിവസം മനുഷ്യന്ന് ഓര്‍മ്മ വരുന്നതാണ്. എവിടെ നിന്നാണവന്ന് ഓര്‍മ്മ വരുന്നത്? അവന്‍ പറയും; അയ്യോ ഞാന്‍ മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തു വെച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ! (ഫജ്ര്‍: 23, 24)
ഇവിടെയാണ് നമ്മുടെ മുന്‍ഗാമികളുടെ ജീവിതം നമുക്ക് മാതൃകയായി നിലകൊള്ളുന്നത്. പ്രവാചകനോടൊപ്പം ജീവിച്ചവര്‍. തിരുമേനിക്ക് ലഭ്യമാകുന്ന വഹ്യിനോടൊപ്പം ജീവിതത്തെ ചിട്ടപ്പെടുത്താന്‍ സൗഭാഗ്യം ലഭിച്ചവര്‍. അല്ലാഹുവിന്‍റെ തൃപ്തി ലഭിച്ചവരാണ് എന്ന് ഖുര്‍ആനിലൂടെ സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടവര്‍. പക്ഷെ, അവരെന്നും പരലോക സ്മരണയിലും സ്വര്‍ഗം നഷ്ടപ്പെടുമോ, നരകാഗ്നിയിലകപ്പെടുമോ എന്ന ഭയത്തിലുമായിരുന്നൂ ജീവിച്ചിരുന്നത്. അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും, പാരത്രിക ലോകത്തിലേക്കാവശ്യമായ കര്‍മ്മങ്ങള്‍ സ്വരൂപിക്കാനുമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധയും. ദുനിയാവിനെയവര്‍ കാമിച്ചതേയില്ല. അതിന്‍റെ സൗന്ദര്യവും മധുരവും അവരെ ആലസ്യത്തിലാക്കിയതേയില്ല. മരണവേളയില്‍ പോലും അവരുടെ വേവലാതി, ഒരുക്കൂട്ടിയ സല്‍കര്‍മ്മങ്ങള്‍ കുറഞ്ഞു പോയോ എന്നായിരുന്നു. ജീവിതത്തിലെ സൂക്ഷ്മതക്കുറവുകള്‍ തെറ്റുകളില്‍ അകപ്പെടുത്തിയിരുന്നൊ എന്നായിരുന്നു. മരണക്കിടക്കയില്‍ കണ്ണീരൊഴുക്കിടക്കുന്ന അബുദ്ദര്‍ദാഅ്(റ)നോട് അദ്ദേഹത്തിന്‍റെ പത്നി ചോദിച്ചു: നിങ്ങളെന്തിന് കരയണം? സമാധാനിക്കുക; പ്രവാചക(സ്വ)നോടൊപ്പം സഹവസിച്ച സ്വഹാബിയല്ലെ താങ്കള്‍? അതിനദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നൂ: “ഞാനെങ്ങനെ കരയാതിരിക്കും? എനിക്കറിയില്ല, എന്‍റെ പാപങ്ങളില്‍ നിന്ന് എങ്ങനെ ഓടിരക്ഷപ്പെടാനാകുമെന്ന്!”
അബൂഹുറയ്റ(റ)യുടെ ധന്യമായ ജീവിതം അറിയാത്തവരായി നമ്മിലാരുണ്ട്? നബി(സ്വ)യുടെ ഇഷ്ട സഹചരന്‍. തിരുമേനിയുടെ പ്രത്യേകമായ പ്രാര്‍ഥനകള്‍ക്ക് ഭാഗ്യം ലഭിച്ച മഹാന്‍. പ്രവാചകന്‍റെ ജീവിതത്തില്‍ നിന്നുള്ള ഭൂരിഭാഗ പാഠങ്ങളും വിശ്വസ്തതയോടെ നമുക്ക് കൈമാറിത്തന്ന അധ്യാപകന്‍. ആ സ്വഹാബിയുടെ മരണവേള ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. രോഗഗ്രസ്ഥനായ അദ്ദേഹത്തിന്‍റെ ചുറ്റും കൂടിയ ആളുകള്‍ക്കു മുന്നില്‍ നിറകണ്ണുകളുമായി കിടന്ന അദ്ദേഹം അവരോടായി പറഞ്ഞു: “നിങ്ങളുടെ ഈ ദുനിയാവ് നഷ്ടപ്പെടുന്നല്ലോ എന്നോര്‍ത്തല്ല ഞാന്‍ കരയുന്നത്. എന്‍റെ യാത്രാ ദൂരമോര്‍ത്ത്, എന്‍റെ കയ്യിലെ യാത്രാഭക്ഷണത്തിന്‍റെ കുറവോര്‍ത്ത്, സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വീഴാവുന്ന കുന്നിന്‍ മുകളികപ്പെടുന്ന ഒരു ദിവസത്തെയോര്‍ത്ത്. എനിക്കറിയില്ല അവയില്‍ ഏതിലേക്കാണ് ഞാന്‍ ആനയിക്കപ്പെടുക എന്ന്!”
ഐഹിക ജീവിതം പരലോകത്തിനുവേണ്ടിയുള്ള അധ്വാനങ്ങളാല്‍ സമ്പന്നമാക്കാനാകട്ടെ നമ്മുടെ ശ്രദ്ധ. അല്ലാഹുവിനെ ആരാധിച്ചും മുവഹിദായി ജീവിച്ചും പരോപകാരങ്ങള്‍ ചെയ്തും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചും പാപങ്ങളില്‍ നിന്ന് അകന്നും ദ്രോഹങ്ങളില്‍ നിന്ന് മാറിയും ജീവിക്കാന്‍ അല്ലാഹുവില്‍ നിന്നുള്ള തൗഫീഖ് ലഭിക്കണം. അതിന്നായുള്ള പ്രാര്‍ത്ഥന ഹൃദയത്തിലെന്നും സജീവമാക്കി നിര്‍ത്തുക. പരമമായ കൂലി വാങ്ങി സ്വര്‍ഗ്ഗമണയാന്‍ നമുക്കാകുന്നതോടെയാണ് നമ്മുടെയൊക്കെ ജീവിതം സാര്‍ഥകമാകുന്നത്. വിജയത്തിലെത്തുന്നത്. അല്ലാഹു പറഞ്ഞു:
“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലു ഇംറാന്‍:185)