സാമ്പത്തിക കാര്യം അല്പം ശ്രദ്ധയോടെ-ഭാഗം 1 (കടബാധ്യതയുള്ളവനായി മരണപ്പെട്ടാല്‍…)

2440

മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പലരും അന്വേഷിക്കാറുള്ളത് അയാളുടെ മക്കളെ കുറിച്ചും കടബാധ്യതയെ കുറിച്ചുമാണ് .

പല ജനാസ നമസ്കാരങ്ങളുടെയും സമയത്ത് കേള്‍ക്കാറുള്ള മറ്റൊരു വാചകമുണ്ട്. ഇദ്ദേഹവുമായി ആര്‍ക്കെങ്കിലും കടമിടപാട് ഉണ്ടെങ്കില്‍ അത് ഇന്ന ഇന്ന ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട് ….
ജീവിതങ്ങളില്‍ പലപ്പോഴായി നാം സാക്ഷികളായ ഇത്തരം സംഭവങ്ങള്‍ നിരവധിയാണ്.

മരണപ്പെട്ടവര്‍ ബാക്കിവെച്ച കടം വീട്ടാന്‍ കുടുംബത്തിന് കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ മഹല്ലിലെ വീടുകള്‍ കയറിയിറങ്ങി പിരിവെടുക്കുകയും ആ ബാധ്യത തീര്‍ക്കാന്‍ പാട് പെടുകയും ചെയ്യുന്ന കാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്.

മരിച്ചവര്‍ ബാക്കിവെച്ച കടങ്ങളുടെ പേരില്‍ വീടും പറമ്പും വിറ്റ്പോറുക്കി വാടക വീട്ടിലേക്ക് താമസം മാറിയ എത്ര കുടുംബങ്ങള്‍…

കടങ്ങള്‍ തീര്‍ക്കാന്‍ ബാങ്ക് വായ്പയും ബ്ലേഡ് മാഫിയകളെയും അശ്രയിച്ചവര്‍..

അവര്‍ ബാക്കിവെച്ച കടബാധ്യത കാരണത്താല്‍ അഭിമാനം നഷ്ടപ്പെട്ടവര്‍.. എല്ലാം തുടര്‍ക്കഥകളായി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു..

കടം ഒരു കെണിയാണ്‌..

ജീവിതത്തില്‍ അകറ്റാന്‍ കഴിയുന്ന അത്രയും ദൂരം അതിനെ അകറ്റിവെക്കണം…

അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ അതിനെ സമീപിക്കാവൂ, ആ സന്ദര്‍ഭത്തില്‍ അത് നിബന്ധനകളോടെ അനുവദനീയവുമാണ് .

കടം വീട്ടാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടാവുകയും ആഗ്രഹിക്കുകയും ചെയ്ത് കൊണ്ടുള്ള കടമിടപടാണ് അനുവദനീയമായത് .

നബി(സ) കടം വാങ്ങുകയും നല്ല നിലയില്‍ വീട്ടുകയും ചെയ്തിരുന്നു. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും നന്നായി കടം വീട്ടുന്നവനാണെന്ന പ്രവാചകവചനം സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം.

എന്നാല്‍ ഏത് കാര്യങ്ങള്‍ക്കും എപ്പോഴും കടത്തെ ആശ്രയിക്കാം എന്ന മാനസികാവസ്ഥയാണ് പലരും വെച്ചുപുലര്‍ത്തുന്നത് .

കൊടുത്തു വീട്ടാന്‍ സാധിക്കുമെന്ന യാതൊരു ഉറപ്പോ ഉദ്ദേശമോ ഇല്ലാതെ കടമിടപാട് നടത്തുന്നവര്‍, അതിന്റെ കണക്കോ രേഖയോ സൂക്ഷിക്കാത്തവര്‍, ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂക്തം കടബാധ്യതയെ കുറിച്ചാണെന്ന് അറിഞ്ഞിരിക്കേ ഇതിനെ ഇത്ര മേല്‍ നിസ്സാരമായി സമീപിക്കാന്‍ എങ്ങനെയാണ് മുസല്‍മാന് സാധിക്കുക !

ആശ്ചര്യം തന്നെ…

കടത്തിന്റെ ആധിക്യത്തില്‍ നിന്ന് ശരണം തേടി ദുആ ചെയ്ത പ്രവാചകന്‍ നമുക്ക് പാഠമാണ് . കച്ചവടം തുടങ്ങാനും,കടം വീട്ടാനും ,വാഹനം വാങ്ങാനും, വീട് മോടി പിടിപ്പിക്കാനുമെല്ലാം കടം വാങ്ങുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. (ജീവിത പരീക്ഷണങ്ങളില്‍ നിര്‍ബന്ധിതരായി ഭക്ഷണത്തിനും ചികിത്സകള്‍ക്കും കടം വാങ്ങുന്നവരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.അല്ലാഹു കടങ്ങളില്‍ നിന്ന് നമുക്കേവര്‍ക്കും മോചനം നല്‍കി അനുഗ്രഹിക്കട്ടെ.)

നബി(സ) ഒരിക്കല്‍ പറഞ്ഞു നിങ്ങള്‍ നിര്‍ഭയമായ അവസ്ഥക്ക് ശേഷം സ്വമേധയാ ഭയത്തിലകപ്പെടരുത്.’ സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്താണത്? നബി(സ) പറഞ്ഞു: കടം (അഹ്മദ്).

കടം വാങ്ങുമ്പോള്‍ കൊടുത്തുവീട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു കാര്യങ്ങള്‍ അനുകൂലമാക്കി സഹായിക്കുമെന്ന് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ കാണാം , ആ ചിന്തയില്ലാതെ കടങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവില്ല.

ഇന്ന് തരാം, നാളെ തരാം എന്ന് പറഞ്ഞ് വാക്ക് മാറ്റിയും നുണകള്‍ പറഞ്ഞും ഒഴിഞ്ഞുമാറുന്നവരാണ് അവരെന്ന് മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു.

ദീനാറും ദിര്‍ഹമും ഉപകരിക്കാത്ത ദിവസത്തെ തീര്‍പ്പിന് മുന്‍പായി സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണം, ഇല്ലായെങ്കില്‍ അവന്റെ നന്മകളില്‍ നിന്നും അതെടുക്കുന്നതാണെന്ന് അവിടുന്ന് ഓര്‍മപ്പെടുത്തി .

ശഹീദിന്റെ കടമൊഴികെയുള്ള മറ്റെല്ലാ പാപങ്ങളും പൊറുക്കപ്പെടും , അപ്പോഴും കടബാധ്യത പൊറുക്കപ്പെടാത്ത പാപമായും അവശേഷിക്കുമെന്ന് പ്രവാചകന്‍ (സ) അറിയിച്ചു. ശഹീദിന്റെ പോലും സ്വര്‍ഗ്ഗ പ്രവേശനത്തിന് കടബാധ്യത തടസ്സമായി നില്‍ക്കുമെങ്കിൽ അതെത്ര മാത്രം ഗൗരവമാണ് !

കടബാധ്യതയുള്ള വ്യക്തിയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് പോലും പ്രവാചകന്‍(സ) വിട്ടു നിന്നത് അതിന്റെ ഗൗരവമാണ് സൂചിപ്പിക്കുന്നത്. ഇബ്‌നു മാജ റിപോര്‍ട്ട് ചെയ്ത് ഒരു ഹദീസ് നോക്കാം . റസൂലിന്റെ കാലത്ത് ഒരാള്‍ മരിച്ചു. ഞങ്ങള്‍ അയാളെ കുളിപ്പിച്ചു. കഫന്‍ പുടവ പുതപ്പിച്ചു. സുഗന്ധദ്രവ്യങ്ങള്‍ പൂശി. അയാളെ മറമാടാന്‍ തയ്യാറാക്കി കഴിഞ്ഞപ്പോള്‍, നമസ്‌ക്കരിക്കാന്‍ വേണ്ടി നബി തങ്ങളെ സമീപിച്ചു. ‘റസൂലെ അങ്ങ് ഇമാം നില്‍ക്കണം’. നബി തിരുമേനി നമസ്‌ക്കരിക്കാന്‍ വേണ്ടി ഒരു ചുവട് മുന്നോട്ട് വെച്ചു. എന്നിട്ട് നബി (സ) തിരിഞ്ഞ് നിന്ന് ഞങ്ങളോട് ചോദിച്ചു ‘ഇയാള്‍ വല്ല കടവും ബാക്കി വെച്ചിട്ടാണോ മരണപ്പെട്ടത്’. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു ഈ വ്യക്തിക്ക് രണ്ട് ദീനാര്‍ കടബാധ്യതയുണ്ടെന്ന്. ഇതു കേട്ട നബി തിരുമേനി നമസ്‌ക്കരിക്കാതെ മാറി നിന്നു. അബൂ ഖത്താദ (റ) മുന്നോട്ട് വന്നിട്ട് നബിയോട് പറഞ്ഞു ‘അല്ലാഹുവിന്റെ റസൂലേ , അദ്ദേഹം കൊടുക്കാനുള്ള രണ്ട് ദീനാര്‍ ഞാന്‍ കൊടുത്ത് വീട്ടിക്കൊള്ളാം, അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു’. ഇത് കേട്ടപ്പോള്‍ നബി തിരുമേനി പറഞ്ഞു. ‘കടക്കാരന്റെ ബാധ്യതകള്‍ ഈ വാക്കോടു കൂടി അല്ലാഹു നിറവേറ്റി കഴിഞ്ഞു. മയ്യിത്ത് ആ ബാധ്യതതയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു’. അപ്പോള്‍ മാത്രമാണ് നബി(സ) നമസ്‌കരിക്കാന്‍ തയ്യാറായത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നബി (സ) അബൂ ഖത്താദയെ (റ) വിളിച്ച് ചോദിക്കുന്നു ‘ആ മയ്യിത്ത് കൊടുത്ത് വീട്ടാനുണ്ടായിരുന്ന രണ്ട് ദീനാര്‍ നീ കൊടുത്തു വീട്ടിയോ?’. ഖത്താദ (റ) പറയുന്ന മറുപടി കേള്‍ക്കുക. ‘റസൂലേ അയാള്‍ ഇന്നലെയല്ലേ മരിച്ചത്. ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടല്ലോ’. പ്രവാചകൻ പിറ്റേന്ന് രാവിലെയും ഇതേ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ ഖത്താദ(റ) ആ കടം കൊടുത്ത് വീട്ടിയതായി അറിയിച്ചു. അപ്പോള്‍ നബി പറഞ്ഞു : ‘ഇപ്പോഴാണ് ആ മനുഷ്യന്റെ ശിക്ഷാ നടപടികള്‍ അല്ലാഹു പിന്‍വലിച്ചത്’.
ഖബറില്‍ കിടക്കുന്ന ആ മനുഷ്യന്‍ രണ്ട് ദീനാര്‍ ബാക്കി വെച്ച് മരിച്ചു പോയതിന്റെ പേരില്‍ അല്ലാഹു കൈകൊള്ളുന്ന നടപടിയില്‍ നിന്ന് ആ രണ്ടു ദീനാര്‍ കൊടുത്തു വീട്ടിയപ്പോള്‍ മാത്രമാണ് മോചനം നേടിയതെന്ന് നബി(സ) അറിയിച്ചു .

മരിച്ച് കിടക്കുന്ന മയ്യിത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കുന്നവര്‍ ഉത്തരവാദിത്ത ബോധത്തോടു കൂടി മാത്രമേ ആ വാക്കുകള്‍ പറയാന്‍ പാടുള്ളൂ. കടബാധ്യതകള്‍ വിട്ടേച്ച് മരണപ്പെട്ടയാൾ ഖബറിലെ ഏകാന്തതയുടെ ഭീകരമായ അവസ്ഥയിലാണ് കഴിയുക .ഖബറിടത്തില്‍ ആ മനുഷ്യന്‍ കഠിനമായ ശിക്ഷകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന കാര്യം അനന്തരാവകാശികൾ ഓർക്കണം.

കണിശമായ സാമ്പത്തിക അച്ചടക്കത്തിലൂടെ കടബാധ്യതകളെ നമുക്ക് അകറ്റിനിർത്താം.

(അവസാനിക്കുന്നില്ല)….