സമ്പന്നത വന്നുചേരാന്‍ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

1084

ആരാണ് സമ്പന്നനാകാൻ ആഗ്രഹിക്കാത്തത്?
സമ്പന്നതയും, ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. എങ്കിലും സമ്പത്ത് ലഭിച്ചു കൊണ്ടുള്ള പരീക്ഷണമാണ് നമ്മിൽ പലരും ആഗ്രഹിക്കുന്നത്.
ഒരു വിശ്വാസിക്ക് യഥേഷ്ടം സമ്പാദിക്കാൻ അനുവാദവുമുണ്ട്.
പക്ഷെ, ചതിയും, വഞ്ചനയും, കള്ളവും തുടങ്ങിയ കൊള്ളരുതായ്മകളെസമ്പന്നനാകാനുള്ള കുറുക്കുവഴികളായി കാണരുതെന്ന് മാത്രം.
സമ്പന്നനാകാനും സമ്പന്നത നിലനിര്‍ത്താനും ഉതകുന്ന, വിശുദ്ധ ക്വുർആനിലും, നബിവചനങ്ങളിലും സൂചിപ്പിച്ച ഏതാനും നിർദേശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

1. അല്ലാഹുവിനോട് നന്ദി കാണിക്കുക.

അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദി കാണിക്കുന്ന പക്ഷം അല്ലാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു തരുന്നതാണ്.
‎”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌…” (‎വി.ക്വു 14:7

‎‎2. പലിശ ഒഴിവാക്കുക

‎ആഗോള സാമ്പത്തിക അസമത്വം വർദ്ധിച്ചു വരുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് പലിശയാണ്. പലിശ വാങ്ങി ധനികനാവാം എന്നത് മിഥ്യ മാത്രമാണ്. അതിനാൽ, പലിശ ഇടപാടുകളെ പാടെ ഒഴിവാക്കുക.
‎”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും…” ‎(വി.ക്വു. 2:276)

‎‎3. കുടുംബബന്ധം ചേർക്കുക.

‎കുടുംബബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം കുടുംബബന്ധത്തെക്കുറിച്ച് സംസാരിക്കുന്നത് കാണൂ…
‎”നബി(സ) പറഞ്ഞു: ” ഉപജീവനത്തിൽ സുഭിക്ഷത കൈവരാനും ദീർഘായുസ്സ് ലഭിക്കാനും ആഗ്രഹിക്കുന്നവർ കുടുംബ ബന്ധം നിലനിർത്തിക്കൊള്ളട്ടെ.”
‎(ബുഖാരി, മുസ് ലിം)

‎‎4. പശ്ചാത്തപിച്ചു മടങ്ങുക.

‎ജീവിതത്തിൽ വന്നുപോയ തെറ്റുകുറ്റങ്ങളിൽ ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുക വഴി അല്ലാഹു അനുഗ്രഹങ്ങൾ ഇരട്ടിയാക്കിത്തരും.
‎‎”…നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. ‎അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. ‎സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.” ‎(വി.ക്വു 71:10-12)

‎‎5. ദാനധർമ്മം ചെയ്യുക.

നബി -ﷺ- അരുളി: അല്ലാഹു പറഞ്ഞിരിക്കുന്നു: ‎”ഹേ, ആദമിന്റെ മകനേ, നീ ദാനം ചെയ്യുക; നിന്റെ മേല്‍ ഞാന്‍ ദാനം ചെയ്യുന്നതാണ്.”
മറ്റൊരു സന്ദർഭത്തിൽ നബിﷺ പറയുകയുണ്ടായി: “ദാനം ധനത്തെ കുറക്കുകയില്ല.”
പ്രത്യക്ഷത്തിൽ ദാനധർമങ്ങൾ ധനത്തെ കുറക്കുമെന്ന് തോന്നിച്ചാലും ദാനധർമ്മം ചെയ്തതിന്റെ പേരിൽ ഇന്നേവരെ ആരും പാപ്പരായിട്ടില്ല എന്നോർക്കുക്കുക.

6. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക.

അല്ലാഹു പറയുന്നു: “..അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌..” (വി.ക്വു 65:2-3)

7. ഖുർആൻ പാരായണം ചെയ്യുക.
നബിﷺ അരുൾ ചെയ്തു: “വിശുദ്ധ ക്വുർആൻ വായിക്കപ്പെടുന്ന വീട്ടിൽ നന്മകൾ വർദ്ധിക്കുന്നു.” അല്ലെങ്കിൽ, “കുടുംബത്തിന്റെ കാര്യങ്ങൾ എളുപ്പമാകുന്നു.” (ഇബ്നു കഥീർ, തഫ്സീർ)

8. അല്ലാഹുവിനോട് ആത്മാർഥമായി പ്രാർത്ഥിക്കുക.

“അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (നിസാഅ്: 32)
മുഹമ്മദു നബി(സ്വ) അനസ് ബ്‌നു മാലിക്(റ)വിനു വേണ്ടി പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ‘അദ്ദേഹത്തിന് സാമ്പത്തിക ഭദ്രത നല്‍കണേ’ എന്ന് പ്രത്യേകം പ്രസ്താവിച്ചതായി, ഇമാം ബുഖാരി രേഖപ്പെടുത്തിയ ഹദീസില്‍ വന്നിട്ടുണ്ട്

ആകയാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം: അല്ലാഹുവേ, നീ ഹറാമാക്കിയതിനെ ഒഴിവാക്കി ഹലാലാക്കിയതില്‍ മാത്രം തൃപ്തിപ്പെടാന്‍ എന്നെ നീ സഹായിച്ചാലും. നിന്റെ അനുഗ്രഹങ്ങള്‍ നല്‍കി, നീയല്ലാത്തവരെ ആശ്രയിക്കാത്തവിധം എന്നെ നീ ധന്യനാക്കേണമേ.

ആമീന്‍