വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ

789

വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ

ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം അലക്ഷ്യമായി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഹിദായത്തിന്റെയും ദ്വലാലത്തിന്റെയും കൃത്യമായ ബോധം നല്‍കി മനുഷ്യനെയവന്‍ അനുഗ്രഹിച്ചിട്ടുണ്ട്.കാലാകാലങ്ങളില്‍ അല്ലാഹുവിനാല്‍ നിയോഗിതരായ പ്രവാചകന്മാരാണ് ആ ബോധം മനുഷ്യര്‍ക്ക് കൈമാറിയത്. ഹിദായത്തിന്റെ പര്യവസാനം സ്വര്‍ഗവും ദ്വലാല ത്തിന്റേത് നരകവുമാണെന്ന ഏറ്റവും സുപ്രധാനമായ അറിവാണ് ദുനിയാവില്‍ ജാഗ്രത്തായ ഒരു ജീവിതത്തിന് മനുഷ്യനെ സന്നദ്ധമാക്കുന്നത്.

ഭൂമിയിലെ ജീവിതത്തിലേക്ക് ഇറക്കിവിടപ്പെട്ട ആദ്യവേളയില്‍ത്തന്നെ അല്ലാഹു മനുഷ്യനെയറിയിച്ച മര്‍മ്മപ്രധാനമായ സംഗതി വിശുദ്ധ ക്വുര്‍ആന്‍ എടുത്തു പറഞ്ഞത് ഇങ്ങനെ വായിക്കാം:

”നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങി പ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വെന്നത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (ബക്വറ: 38)

അല്ലാഹുവില്‍ നിന്ന് വന്നുകിട്ടുന്ന ഹുദ അഥവാ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവര്‍ക്ക്, ‘അവര്‍ അഭിമുഖീകരിക്കാനിരിക്കുന്ന പരലോക സംഗതികളില്‍ ഭയപ്പെടുകയൊ, ഇഹലോകത്ത് നഷ്ടമായ കാര്യങ്ങളില്‍ ദു:ഖിക്കുകയൊ വേണ്ടിവരില്ല’ എന്നാണ് ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്‌നു കഥീര്‍(റ) എഴുതിയത്.
മനുഷ്യജീവിതത്തില്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയേയും,പ്രാധാന്യത്തേയും വിളിച്ചോതുന്നതാണ് നാം മേലെ വായിച്ച ക്വുര്‍ആനിക സൂക്തം.

ഏതൊരു കാര്യത്തിലും ലക്ഷ്യപ്രാപ്തി നല്‍കുന്ന വഴി തേടാനും, അങ്ങനെയുള്ള വഴിയിലൂടെ മാത്രം സഞ്ചരിക്കാനും ഇഷ്ടപ്പെടുന്നവനാണ് മനുഷ്യന്‍. അര്‍ത്ഥപൂര്‍ണ്ണമായ ജീവിത പര്യവസാനത്തിന് കൊതിക്കുന്ന ഒരാള്‍ക്ക്, ദുനിയാവില്‍ നേരായമാര്‍ഗത്തോടും, കഷ്ടപ്പാടില്ലാത്ത ലക്ഷ്യസ്ഥാനത്തോടും പ്രിയമുണ്ടാകുക സ്വാഭാവികമാണ്. വിശുദ്ധ ഇസ്ലാം മാത്രമാണ് മനുഷ്യന്റെ ഈ പ്രിയത്തെ സാധൂകരിച്ചു നല്‍കുന്നുള്ളൂ. 

ക്വുര്‍ആനില്‍ നിന്ന് വായിക്കുക
‘എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്
വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.’ (ത്വാഹ: 123)

‘അവന്‍ പിഴച്ച് പോകുകയില്ല. കഷ്ടപ്പെടുകയുമില്ല’ എന്ന പ്രസ്താവനയെ വിശദീകരിച്ചു കൊണ്ട് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘അഥവാ അവന്‍ ദുനിയാവില്‍ വഴിപിഴക്കുകയൊ, പരലോകത്ത് ക്ലേശിക്കുകയൊ ഇല്ല എന്നാണ്് അതിന്റെ താത് പര്യം.’ (ഇബ്‌നു കഥീര്‍).

രണ്ട് ലോകത്തും ഗുണം ഭവിക്കാന്‍ അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം കൂടിയേ തീരൂ എന്നാണ് മേല്‍ സൂക്തവും നമ്മെ പഠിപ്പിക്കുന്നത്.
മനുഷ്യന്റെ മുന്നില്‍ വഴി ഇരുളടയുകയും യാത്ര ദുര്‍ഘടമായിത്തീരുകയും ചെയ്യുമ്പോള്‍ ഹിദായത്തിന്റെ വെട്ടവുമായി പ്രവാചകന്മാര്‍ പറഞ്ഞയക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും ഫലം ലഭ്യമാകുമാറ് അല്ലഹുവിനെ ഭയന്നും, അവന്റെ വിധിവിലക്കുകളെ പാലിച്ചും യഥാര്‍ത്ഥ മുവഹ്ഹിദായി ജീവിക്കാന്‍ ആ പ്രവാചകന്മാര്‍ കൊണ്ടു നല്‍കിയ ഹിദായത്ത് സ്വീകരിച്ചവര്‍ക്ക് സാധിച്ചിട്ടുമുണ്ട്. ശരിയായ വിശ്വാസവും, ആരാധനാമുറകളും, സ്വഭാവനിഷ്ഠകളും, ക്രയവിക്രയ മര്യാദകളും, രാഷ്ട്രീയ സദാചാരങ്ങളും എല്ലാമെല്ലാം മനുഷ്യര്‍ക്ക് നേരാംവണ്ണം മനസിലാക്കാനാകുന്നതും, അനുഷ്ഠിക്കാനാകുന്നതും അല്ലാഹു കനിഞ്ഞരുളുന്ന ഹിദായ ത്തിലൂടെയാണെന്ന് സത്യത്തിന് ചരിത്രം സാക്ഷിയാണ്.

അല്ലാഹുവിന്റെ അവസാനത്തെ ദൂതന്‍ മുഹമ്മദ് നബി(സ്വ)യിലൂടെ മനുഷ്യകുലത്തിന് ലഭിച്ചതും മറ്റൊന്നല്ല; സന്മാര്‍ഗത്തിന്റെ വെളിച്ചം തന്നെ. അഥവാ പരിശുദ്ധ ക്വുര്‍ആന്‍! നമ്മുടെ മുമ്പിലെത്തി നില്‍ക്കുന്ന വിശുദ്ധ റമദാനിലാണ് ആ വെളിച്ചം അവതരിക്കാനാരംഭിച്ചത്.

മുന്‍കഴിഞ്ഞ വേദഗ്രന്ഥ ങ്ങളുടെയൊക്കെ അവതരണ വേദി റമദാന്‍ തെന്നയായിരുന്നുവെന്ന് ഇമാം ഇബ്‌നു കഥീര്‍ സൂറത്തുല്‍ ബക്വറയിലെ 185-ാ മത്തെ ആയത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധ റമദാന്‍ മാസത്തിന്റെ വരവേല്‍പിന് പ്രാര്‍ഥനാനിരതം കാത്തിരിക്കുന്ന വിശ്വാസീ സമൂഹം പ്രാധാന്യപൂര്‍വം ചിന്തി ക്കേണ്ടത്, ഈ മാസത്തില്‍ ഹിദായത്തിന്റെ ഗ്രന്ഥമായ ക്വുര്‍ആനിനെ ഏതു വിധം, എത്രകണ്ട് ഉപയോഗപ്പെടുത്തണം എന്നതിനെ സംബന്ധിച്ചാകണം. നോമ്പിന്റെ സാക്ഷാല്‍ താത്പര്യവും അതു തെന്നയണ്. ക്വുര്‍ആന്‍ തെന്ന അത് വ്യക്തമാക്കുന്നത് കാണുക
‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.’ (ബക്വറ:185)

ഇമാം ഇബ്‌നു കഥീര്‍ വ്യക്തമാക്കിയതുപോലെ, ക്വുര്‍ആനില്‍ വിശ്വസിക്കുകയും, അതിനെ പിന്തുടരുകയും ചെയ്യുന്ന അടിയാറുകളുടെ ഹൃദയങ്ങള്‍ക്ക് മാര്‍ഗദര്‍ശനമേകുന്ന, അതിനെ പഠന-മനനങ്ങള്‍ക്ക് വിധേയമാക്കുന്നവര്‍ക്ക് വഴികേടില്‍ നിന്നും സുരക്ഷ നല്‍കുന്ന, ഹഖും ബാത്വിലും, ഹലാലും ഹറാമും തമ്മില്‍ കൃത്യമായി വ്യവഛേദിച്ചു പഠിപ്പിക്കുന്ന ഒരു അനു പമ ഗ്രന്ഥമാണ് ക്വുര്‍ആന്‍. മറ്റാരേക്കാളും, അതിന്റെ മഹിമയറിയേണ്ടതും, ജീവിതത്തിലുപയോഗപ്പെടുത്തേണ്ടതും മുസ്‌ലിമുകളായ നമ്മളാണ്. അതിനുവേണ്ടി വര്‍ഷാവര്‍ഷങ്ങളില്‍ അല്ലാഹു ഏര്‍പ്പെടുത്തിത്തന്നിട്ടുള്ള അവസരമാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം. ക്വുര്‍ആന്‍ പറയുന്നത് കാണുക:
”നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹു വിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്.)” (ബക്വറ: 185)

ഈ റമദാനിനെ ക്വുര്‍ആനിന്റെ മാസമായിക്കണ്ട്, അതുമായി കൂടുതലടുക്കാന്‍ വിശ്വാസികളായ നമുക്കാകണം. അതിന് മനസ്സാ തയ്യാറാവുകയാണ് നാം ആദ്യം ചെയ്യേണ്ടത്.

അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് റമദാനിന്റെ പകലുകളില്‍ അന്നപാനീയങ്ങളുപേക്ഷിച്ചും, വികാരവിനോദങ്ങളെ നിയന്ത്രിച്ചും വ്രതമാചരിക്കുന്ന നാം, മറന്നുപോകാന്‍ പാടില്ലാത്ത കാര്യമത്രെ ഈ മാസത്തിലെ പ്രവാചക സമ്പ്രദായം. ജീബ്‌രീ(അ)ലിന്റെ മുമ്പില്‍ ക്വുര്‍ആന്‍ പാരായണത്തിനിരുന്ന മുത്ത് റസൂല്‍(സ്വ) റമദാനില്‍ നോമ്പുകാരനിലുണ്ടാകേണ്ട സുപ്രധാനമായ ഒരു സുന്നത്ത് പഠിപ്പിച്ചുതരികയായിരുന്നു. പ്രവാചക സുന്നത്തിനോട് പ്രതിബദ്ധതയുള്ളനമ്മള്‍ ക്വുര്‍ആന്‍ പാരായണത്തിനും പഠനത്തിനും റമദാന്‍ മാസം മുഴുവന്‍ ഉപയോഗപ്പെടുത്തുക. എങ്കില്‍, അത് നല്‍കുന്ന പ്രകാശം സ്വീകരിച്ചും, അത് കാണിക്കുന്ന സമാധാനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചും നമുക്ക് ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കും.

ക്വുര്‍ആന്‍ പറഞ്ഞു:
”നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടു വരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.” (മാഇദ: 15, 16)

ഈ പവിത്ര മാസത്തില്‍ ആ നേരായപാത പുല്‍കാനാകണം നമ്മുടെ ശ്രമം. എന്തു കൊണ്ടെന്നാല്‍, ക്വുര്‍ആന്‍ കാണിച്ചു തരുന്ന നേരായപാത സ്വര്‍ഗത്തിലേക്കെത്തുന്നതാണ്.

ശങ്കയേതുമില്ലാതെ അതിനെ സ്വീകരിക്കുന്ന പക്ഷം നമ്മുടെ ഇഹപര ജീവിതമാണ് ധന്യമായിത്തീരുക, അല്ലാഹു പറഞ്ഞു:
”വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷ ത്തിനായി തെന്നയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്.” (ഇസ്രാഅ്: 15)

നാം വരവേല്‍ക്കുന്ന റമദാനിന്റെ ആദ്യനാളുകളില്‍ തന്നെ നമ്മുടെ മുന്നില്‍ വിശുദ്ധ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ. അതിലൂടെ നമ്മുടെ കണ്ണും കരളും വ്യാപരിക്കട്ടെ. അങ്ങനെ, ജീവിതം മുച്ചൂടും ശുദ്ധീകരിക്കാനുതകുന്ന ഈമാനും, ഇഖ്‌ലാസ്വും നമ്മുടെ ഹൃദയങ്ങളില്‍ പ്രകാശമായി പടരട്ടെ.