ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങൾ

1226

വെളിച്ചം വഴികാണിക്കുമ്പോളുണ്ടാകുന്ന ആനന്ദം ജീവിതത്തിൽ വിരിയുന്ന സുഗന്ധ പൂക്കളാണ്. പുണ്ണ്യങ്ങൾ കർമ്മങ്ങളിൽ ആണ്ടുകിടക്കുന്ന മധുരവും. ആരാധനകളാൽ ദേഹത്ത് ജനിക്കുന്ന വിയർപ്പുകൾക്ക് ഇപ്പറഞ്ഞതിന്റെയൊക്കെ അടയാളങ്ങൾ നമുക്ക് കാണാൻ കഴിയും ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങളുണ്ടെങ്കിൽ.

ഈമാനും ഇസ്‌ലാമും കർമ്മങ്ങളും വിശ്വാസിയുടെ ഹൃദയത്തിൽ നന്മയുടെ കുളിർതെന്നലും തണുത്ത മഴ തുള്ളിയായും അനുഭവപ്പെടാറുണ്ട് അത്തരം കുളിരുകളാണ് അവനേയും ചുറ്റുമുള്ളവരേയും ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും വിശ്വാസിയെ പ്രേരിപ്പിക്കുന്നത്
ആനന്ദത്തിൻറെ സുഖമുള്ള തണുപ്പ് പുറമേനിന്നെല്ല വിശ്വാസി കോരിയെടുക്കേണ്ടത്‍. അവൻ ദിനേന നിർവ്വഹിക്കുന്ന ആരാധനകളാണ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും കലർപ്പില്ലാത്ത സുഖമുള്ള ജീവിതത്തിന്റെ കലവറ .

നമസ്കാരം കഴിഞ്ഞു പുറത്തുവരുന്നവന് വിശക്കുന്ന ബാലന്റെ ദയനീയ മുഖത്ത് അവൻറെ വേവുന്ന ഹൃദയം കാണാൻ കഴിയുന്നില്ലെങ്കിൽ ,അധർമ്മങ്ങളുടെ വരണ്ട പാടങ്ങളിൽ തെറ്റുകളുടെ കൂമ്പാര ഭാണ്ഡവും പേറി നിർലജ്ജം നടന്നു നീങ്ങാൻ അവൻറെ മനസ്സനുവദിക്കുന്നെങ്കിൽ ആരാധനകൾ വെറും
ജല രേഖകൾ മാത്രം
ആരാധനകളുടെ ഇന്ധനമാണ് തഖ്‌വ .

തന്നെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന നാഥനെ അറിയുക സ്വന്തത്തെ അറിയുക
സമൂഹത്തിൽ ഏതേതു ഇടങ്ങളിൽ തൻറെ വിശ്വാസം കലർത്തിയ മുദ്രകൾ പതിപ്പിക്കണമെന്നറിയുക അതിനൊക്കെ തഖ്‌വയാണ് തിരിച്ചറിവിന്റെ അടയാളങ്ങൾ .വ്രതവും ഖുർആൻ പാരായണവും ദാനധർമ്മങ്ങളും വിശ്വാസിയുടെ വിളക്കുമാടങ്ങളാണ് .അതാണ് അവനെ മുന്നോട്ട് നയിക്കുന്നത് ,അതു തന്നെയാണ് മുന്നോട്ട് നയിക്കേണ്ടതും

റമദാനിന്റെ സുഖമുള്ള നനവ് : നാല്