പെണ്‍മക്കള്‍: സുഗന്ധം പൊഴിക്കുന്ന റൈഹാന്‍ പുഷ്പങ്ങള്‍…

4033

എല്ലായിടത്തും സ്ത്രീകള്‍ മോശമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. കച്ചവട സ്രോതസ്സായി മാത്രം സ്ത്രീകള്‍ പരിഗണിക്കപ്പെടുന്ന കാലം. അവളുടെ സ്വാതന്ത്ര്യത്തിന് നിരത്തിലിറങ്ങുന്നവര്‍ സ്ത്രീസൗന്ദര്യത്തെ കമ്പോളവത്കരിക്കാന്‍ ഗൂഢനീക്കം നടത്തുകയാണ്. ഈ ആസുര കാലത്ത് നമുക്ക് നമ്മുടെ പെണ്‍മക്കള്‍ നഷ്ടപ്പെടുന്നൂ എന്ന് ബോധം മനസ്സില്‍ ആകുലതകള്‍ സൃഷ്ടിക്കുന്നുവെങ്കില്‍, നാം ഗൗരവപൂര്‍വ്വം ചിലതു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

1. നമ്മുടെ മക്കള്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് അവരെ അറിയിക്കുക

ചെറുപ്പം മുതലേ അല്ലാഹുവിനെ സ്‌നേഹിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക. അല്ലാഹു സ്‌നേഹമയിയാണെന്നും ലിംഗ വ്യത്യാസമില്ലാതെ അവന്‍ എല്ലാവരേയും സ്‌നേഹിക്കുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്തുക. പ്രവാചകന്റെ കഥകള്‍ ധാരാളം അവരെ കേള്‍പ്പിക്കുക. കുട്ടികളോട് പ്രവാചകന്‍ കാണിച്ച സ്‌നേഹവായ്പുകള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുക. അവരെ കാണാതിരുന്നിട്ടും, നുറ്റാണ്ടുകള്‍ക്ക് മുമ്പ്, അവരുടെ നന്മക്കായി പ്രാര്‍ത്ഥിച്ച പ്രവാചകനെ പരിചയപ്പെടുത്തുക. അല്ലാഹു തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന ബോധം അങ്ങനെ നമ്മുടെ മക്കളില്‍ രൂഢമൂലമാകട്ടെ.

2. നമ്മുടെ പെണ്‍ മക്കളെ കേള്‍ക്കാന്‍ സന്മനസ്സു കാണിക്കുക പെണ്‍മക്കളെ പരിഗണിക്കുക.

അവരുടെ ഗ്രാഹ്യശേഷിക്കിണങ്ങും വിധം അവരോട് സംസാരിക്കാന്‍ ശ്രദ്ധിക്കുക. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലുമുള്ള അവരുടെ താത്പര്യങ്ങളേയും അഭിരുചികളേയും മനസ്സിലാക്കുക. പഠിക്കാനും വളരാനും എപ്പോഴും അവര്‍ക്ക് പ്രചോദനം നല്‍കുക. അവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹനങ്ങളേകാനും മനസ്സുകാട്ടുക. നാം അവരെ പരിഗണിക്കുന്നുവെന്ന് അങ്ങനെ അവര്‍ മനസ്സിലാക്കട്ടെ.

3. പെണ്‍മക്കളില്‍ ലജ്ജാശീലം വളര്‍ത്തുക

ലജ്ജാശീലം മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. ലജ്ജാശീലം ആരിലും അടിച്ചേല്‍പ്പിക്കാനും സാധ്യമല്ല. കൂഞ്ഞന്നാള്‍ മുതല്‍ക്കേ അവധാനതയോടെ സൂക്ഷ്മതാപൂര്‍വം വളര്‍ത്തിയെടുക്കേണ്ട സദ്ഗുണമാണ് ലജ്ജാശീലമെന്നത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ നല്ല വസ്ത്രമണിയുമ്പോള്‍, വിശിഷ്യാ ഇസ്്‌ലാമികമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങുമ്പോള്‍ അതൊരു ആഘോഷമാക്കി മാറ്റണം. അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. തന്നില്‍, തന്റെ ജീവിത ശൈലികളില്‍ തന്റെ രക്ഷിതാക്കള്‍ അഭിമാനിക്കുന്നുണ്ട് എന്ന് പെണ്‍മക്കള്‍ മനസ്സിലാക്കട്ടെ. കുഞ്ഞുങ്ങളില്‍ ലജ്ജാശീലം സ്വമേധയാ വളരേണ്ടതാണ്, അതിന്ന് അവസരങ്ങളുണ്ടാക്കി നല്‍കുക എന്നതിലാകണം രക്ഷിതാക്കളുടെ ശ്രദ്ധ.

4. ജീവതത്തില്‍ അനുകരിക്കാവുന്ന മാതൃകകളെ പരിചയപ്പെടുത്തി നല്‍കുക

ഇസ്്‌ലാമിക ചരിത്രത്തില്‍ ജ്വലിച്ചു നിന്ന മഹതികളുടെ ജീവിത കഥകള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പം മുതലേ പറഞ്ഞു കേള്‍പ്പിക്കുക. ഇംറാന്റെ മകള്‍ മര്‍യമിന്റെ കഥകള്‍ ഖുവൈലിദിന്റെ മകള്‍ ഖദീജയുടെ കഥകള്‍ മുഹമ്മദി(സ്വ)ന്റെ മകള്‍ ഫാത്വിമയുടെ കഥകള്‍ ഫിര്‍ഔനിന്റെ ഭാര്യ ആസിയയുടെ കഥകള്‍ അബൂബക്കറിന്റെ മകള്‍ ആയിഷയുടെ കഥകള്‍ ഇങ്ങനെ ഒരുപാടുണ്ട് ഇസ്ലാമിലെ മാതൃകാ വനിതകള്‍

5. സ്‌നേഹവും സൗഹൃദവും പ്രകടിപ്പിക്കുക

രക്ഷിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളോട് സ്‌നേഹവും അടുത്ത സൗഹൃദവും കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ അവരെയെപ്പോഴും പ്രസന്നവതികളായി കാണാനാകും. രക്ഷിതാക്കള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള വിലയെത്രയാണെന്ന് അവര്‍ക്ക് ബോധ്യമാകും. നബി(സ്വ) തന്റെ കരള്‍ക്കഷ്ണമായ പുത്രി ഫാത്വിമ കടന്നു വന്നാല്‍, അവരുടെ അടുത്തേക്ക് എഴുന്നേറ്റു ചെല്ലും. എന്നിട്ട് ഫാത്വിമയുടെ നെറ്റിയില്‍ സ്‌നേഹോഷ്മളമായ ചുംബനങ്ങളര്‍പ്പിക്കും. ചില വേളകളില്‍ ഫാത്വിമ വന്നാല്‍ നബി(സ്വ) പറയും: “ഇവളെന്റെ റയ്ഹാന്‍ പുഷ്പം. റയ്ഹാനിന്റെ മണം ഞാനിപ്പോള്‍ അനുഭവിക്കുന്നു.” അതെ, പെണ്‍ മക്കളെ എങ്ങനെ സ്‌നേഹിക്കണമെന്നതിന്, അവരോട് എങ്ങനെ കരുണ കാണിക്കണമെന്നതിന് പ്രവാചക തിരുമേനി(സ്വ) ഉത്തമ മാതൃകയാണ്.

6. പെണ്‍കുഞ്ഞ് അല്ലാഹുവിന്റെ സമ്മാനമാണ് എന്നറിയുക.

ജനിച്ചത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞാല്‍ ദു:ഖിക്കുകയും, അവളെ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ജനിക്കാനും വളരാനും സമൂഹത്തില്‍ വിലയുള്ള അംഗമാകാനും അവസരം നല്‍കിയത് ഇസ്ലാമാണ്. പെണ്‍ മക്കള്‍ക്ക് ഈ ചരിത്രം പറഞ്ഞു കൊടുക്കുക. ഇസ്ലാം പെണ്ണിനെ ആദരിക്കുന്ന മതമാണെന്ന് ചെറുപ്പം മുതലേ കുട്ടികള്‍ പഠിക്കണം.

»ഒരിക്കല്‍ മുഹമ്മദ് നബി(സ്വ) അവിടുത്തെ രണ്ടു കൈവിരലുകളെ ചേര്‍ത്ത് കാണിച്ചു കൊണ്ട് പറഞ്ഞു: “തന്റെ രണ്ടു പെണ്‍കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയാകുവോളം സംരക്ഷിച്ചു വളര്‍ത്തിയവനും ഈ ഞാനും വിചാരണാ നാളില്‍ ഇപ്രകാരമായിരിക്കും വരുന്നത്.” (മുസ്‌ലിം)

അതെ, നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ സ്‌നേഹിച്ചും, പരിഗണിച്ചും, ശിക്ഷണങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയും, ഇസ്‌ലാമില്‍ അവള്‍ക്ക് ലഭിക്കുന്ന നന്മകളെ പഠിപ്പിച്ചും, ലജ്ജാശീലത്തിന്റെ മഹിമയെ ബോധ്യപ്പെടുത്തിയും, ഇസ്‌ലാമിക വസ്ത്രധാരണത്തിന്റെ ഗുണങ്ങളെ പഠിപ്പിച്ചും ചെറുപ്പം മുതലേ വളര്‍ത്തുക.

»പെണ്‍മക്കളെ പരിഗണനാപൂര്‍വം പരിരക്ഷിക്കുന്നവരെപ്പറ്റി പ്രവാചക തിരുമേനി(സ്വ) പറഞ്ഞു: عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم “مَنْ عَالَ ثَلَاث َبَنَاتٍ فَأدَّبَهُنَّ وَزَوَّجَهُنَّ وَأَحْسَنَ إِلَيْهِنَّ فَلَهُ الْجَنَّةُ” (أبو داود) അബൂ സഈദില്‍ ഖുദ് രിയ്യി(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: മൂന്നു പെണ്‍കുഞ്ഞുങ്ങളെ പരിരക്ഷിക്കുകയും അവര്‍ക്കു വേണ്ട ശിക്ഷണമര്യാദകള്‍ നല്‍കുകയും പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിപ്പിക്കുകയും എന്നും അവര്‍ക്ക് നന്മകള്‍ നല്‍കി നല്ലനിലയില്‍ വര്‍ത്തിക്കുക്കുയും ചെയ്യുന്നവന്ന് സ്വര്‍ഗ്ഗമുണ്ട്. (അബൂദാവൂദ്)

അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ… (ഫുര്‍ക്വാന്‍: 74)
ആമീൻ