ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?
ജറുസലേമില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ അവരുടെ മൂന്നാമത്തെ പവിത്ര സ്ഥലമാണ്.
വിശുദ്ധ ക്വുര്‍ആനില്‍ അതിന്റെ നാമം പറയപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ പരിശുദ്ധിയും പ്രാധാന്യവും.
മസ്ജിദുല്‍ അഖ്‌സയെ എന്തു കൊണ്ടാണ് ലോക മുസ്ലിങ്ങള്‍ പ്രാധാന്യപൂര്‍വം പരിഗണിക്കുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്ന ചില വസ്തുതകള്‍ സംക്ഷിപ്തമായി വിവരിക്കുകയാണ്.. ഇവിടെ.
1. മക്കയിലേയും മദീനയിലേയും രണ്ട് പവിത്ര മസ്ജിദുകള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ പവിത്ര സ്ഥലമാണ് മസ്ജിദുല്‍ അഖ്‌സ.
2. കഅബ മന്ദിരത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ് 40 വര്‍ഷത്തിനു ശേഷം, ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ ദൈവ ഭവനമാണ് മസ്ജിദുല്‍ അഖ്‌സ.
»അബൂദര്‍റ്(റ) പറയുകയാണ്: ഒരിക്കല്‍ ഞാന്‍ പ്രവാചക(സ്വ)നോട് ചോദിച്ചു: ദൈവ ദൂതരേ, ആദ്യമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട മസ്ജിദ് ഏതാണ്? നബി(സ്വ) പറഞ്ഞു: മസ്ജിദുല്‍ ഹറാം. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: മസ്ജിദുല്‍ അഖ്‌സ ഞാന്‍ ചോദിച്ചു: രണ്ട് മസ്ജിദുകള്‍ക്കുമിടയില്‍ എത്ര വര്‍ഷത്തെ വ്യത്യാസമുണ്ട്? നബി(സ്വ) പറഞ്ഞു: നാല്പതു വര്‍ഷത്തെ. (മുസ്ലിം)
3. ഇസ്ലാമിലെ പ്രഥമ ക്വിബ് ലയാണ് (നമസ്‌കാരത്തിനായുള്ള അഭിമുഖ കേന്ദ്രം) മസ്ജിദുല്‍ അഖ്‌സ മക്കയിലെ കഅബ ദേവാലയം നമ്‌സ്‌കാരത്തിനായുള്ള അഭിമുഖ കേന്ദ്രമായി നിശ്ചയിക്കപ്പെടുന്നതിനു മുമ്പ്, മുസ്ലിംകള്‍ക്കായി അല്ലാഹു നിര്‍ണ്ണയിച്ചു നല്‍കിയ ക്വിബ്്‌ലയായിരുന്നു അത്.
»(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്.അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ബക്വറ: 144)
4. മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനും അവിടെ നമസ്‌കാരം നിര്‍വഹിക്കാനും മുഹമ്മദ് നബി(സ്വ) മുസ്ലിങ്ങളെ പ്രാധാന്യപൂര്‍വം ഉപദേശിച്ചിട്ടുണ്ട്.
»അബൂഹുറയ്‌റ(റ) നിവേദനം. പ്രവാചകന്‍(സ്വ) അരുളി: മൂന്നു മസ്ജിദുകളിലേക്കാണ് പ്രത്യേകം നമസ്‌കാരമുദ്ദേശിച്ച് തീര്‍ത്ഥാടന യാത്ര ചെയ്യാവുന്നത്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ എന്നിവയാണത്. (ബുഖാരി, മുസ്ലിം)
5. മസ്ജിദുൽ അഖ്‌സയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന് 5000 നമസ്കാരത്തിന്റെ പ്രതിഫലമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്
»അനസ് ബ്‌നു മാലിക്(റ) നിവേദനം. പ്രവാചകന്‍(സ്വ) അരുളി: ഒരാള്‍ വീട്ടില്‍ വെച്ചു നമസ്‌കരിച്ചാല്‍ അത് ഒരു നമസ്‌കാരം മാത്രമാണ്. ആളുകള്‍ ജമാഅത്തു നമസ്‌കരിക്കുന്ന മസ്ജിദില്‍ വെച്ചു നിര്‍വഹിച്ചാല്‍ അത് 27 നമസ്‌കാരമാണ്. വെള്ളിയാഴ്ച ജുമുഅ നടക്കുന്ന മസ്ജിദില്‍ വെച്ചാണ് നിര്‍വഹിക്കുന്നതെങ്കില്‍ അത് 500 നമസ്‌കാരമാണ്. മസ്ജിദുല്‍ അഖ്‌സയില്‍ വെച്ചു നിര്‍വഹിക്കപ്പെടുന്ന ഒരു നമസ്‌കാരം 5000 നമസ്‌കാരവും എന്റെ ഈ മസ്ജിദില്‍ (മസ്ജിദുന്നബവി) വെച്ച് നിര്‍വഹിക്കപ്പെടുന്ന ഒരു നമസ്‌കാരം 50,000 നമസ്‌കാരവുമാണ്. മസ്ജിദുല്‍ ഹറാമില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്ന ഒരു നമസ്‌കാരം 100,000 നമസ്‌കാരമാണ്. (തിര്‍മിദി, ഇബ്‌നുമാജ)
6. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മുഹമ്മദ് നബി(സ്വ) രാപ്രയാണം നടത്തിയത് (ഇസ്റാഅ്) മസ്ജിദുല്‍ അഖ്‌സയിലേക്കാണ്.
{سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ} [الإسراء : 1]
»പരിശുദ്ധ ക്വുര്‍ആന്‍ അക്കാര്യം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് – അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (ഇസ്‌റാഅ്: 1)
7. പ്രത്യേകം സവിശേഷതയര്‍ഹിക്കുന്ന പ്രദേശമാണ് മസ്ജിദുല്‍ അഖ്‌സ പ്രവാചകന്റെ ഇസ്്‌റാഅ്-മിഅ്‌റാജ് (രാപ്രയാണവും ആകാശാരോഹണവും) വേളയില്‍ മുന്‍കഴിഞ്ഞ പ്രവാചകന്‍മാരെ മുഴുവന്‍ അണിനിരത്തി മുഹമ്മദ് നബി(സ്വ) ജമാഅത്തായി നമസ്‌കരിച്ചത് അവിടെ വെച്ചാണ്. തുടര്‍ന്ന് അവിടെ നിന്നാണ് അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ക്കായി അദ്ദേഹം ആകാശാരോഹണം നടത്തിയത്.
8. ഇബ്രാഹീം(അ), യഅ്ക്വൂബ്(അ) ഇസ്ഹാക്വ്(അ) തുടങ്ങിയ പല നബിമാരുടെയും, മുഹമ്മദ് നബി(സ്വ)യുടെ ചില സ്വഹാബിമാരുടേയും അന്ത്യവിശ്രമ സ്ഥലമാണ് ജറൂസലേം നഗരം എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.
ചുരുക്കത്തില്‍ മേല്‍ സൂചിതവും അല്ലാത്തതുമായ ഒരുപാട് കാരണങ്ങളാല്‍ മസ്ജിദുല്‍ അഖ്‌സയും അത് സ്ഥിതി ചെയ്യുന്ന ജറൂസലേമും മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം പവിത്രവും പ്രാധാന്യമുള്ളതുമാണ്. ആ വിശുദ്ധ നഗരത്തിനും ഭവനത്തിനും അല്ലാഹു സര്‍വ്വവിധ ഐശ്വര്യങ്ങളും സംരക്ഷണങ്ങളും നല്‍കട്ടെ.
ആമീൻ
👇watch the Youtube video👇