മുഹമ്മദ് നബി(സ്വ) മുഴുവൻ മനുഷ്യർക്കുമുള്ള പ്രവാചകൻ
“നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല.” (സബഅ്/28)
മുഹമ്മദ് നബി(സ്വ) മനുഷ്യർക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ടവർ
“ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അൽ അമ്പിയാഅ്/107)
മുഹമ്മദ് നബി(സ്വ) മനുഷ്യപ്പറ്റുള്ള പ്രവാചകൻ
“തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (തൌബ/128)
മുഹമ്മദ് നബി(സ്വ) മനുഷ്യനെ സംസ്കരിക്കുന്ന പ്രവാചകൻ
“തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.” (ആലുഇംറാൻ/164)
മുഹമ്മദ് നബി(സ്വ) ദൈവവിധേയനായ ദാസൻ
“(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിൻമ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്.” (അഅ്റാഫ്/188)
മുഹമ്മദ് നബി(സ്വ) ദൈവികത അവകാശപ്പെടാത്ത പ്രവാചകൻ
“(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (അൽകഹ്ഫ്/110)
മുഹമ്മദ് നബി(സ്വ) സന്തോഷവാർത്ത നൽകുന്നവനും താക്കീതുകാരനും
“(നബിയേ,) ഒരു സന്തോഷവാർത്തക്കാരനായിക്കൊണ്ടും, താക്കീതുകാരനായിക്കൊണ്ടുമല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല. പറയുക: ഞാൻ ഇതിന്റെ പേരിൽ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. വല്ലവനും നിന്റെ രക്ഷിതാവിങ്കലേക്കുള്ള മാർഗം സ്വീകരിക്കണം എന്ന് ഉദ്ദേശിക്കുന്നുവെങ്കിൽ (അങ്ങനെ ചെയ്യാം എന്ന് ) മാത്രം.” (അൽഫുർഖാൻ/58)
മുഹമ്മദ് നബി(സ്വ) പ്രകാശം പരത്തുന്ന വിളക്ക്
“നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്.” (അഹ്സാബ്/45, 46)
മുഹമ്മദ് നബി(സ്വ) അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നവർ
“അഥവാ അല്ലാഹുവിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതിക്കേൾപ്പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാൻ വേണ്ടി.” (ത്വലാഖ്/11)





