അല്ലാഹു അനുഗ്രഹ പൂര്‍ണ്ണന്‍: അവനെ മാത്രം ആരാധിക്കാം

4

തൗഹീദാണ് മുസ്ലിമിന്റെ വിശ്വാസ വിശുദ്ധി. അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധ്യനില്ല എന്ന ആദര്‍ശത്തെ ഹൃദയം കൊണ്ട് അംഗീകരിക്കുകയും നാവു കൊണ്ട് പ്രഖ്യാപിക്കുകയും പ്രവൃത്തികള്‍കൊണ്ട് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് തൗഹീദിന്റെ മര്‍മ്മം.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്ത്രകനും പരിരക്ഷകനുമായ അല്ലാഹുവിനെയാകണം വിശ്വാസികള്‍ ആരാധിക്കേണ്ടത്. അല്ലാഹു ഏകനാണ്. അവന്‍ സര്‍വ്വര്‍ക്കും ആശ്രയമാണ്. അല്ലാഹുവിന്ന് പങ്കുകാര്‍ ആരുമില്ല. അവന്നു തുല്യനായി ആരും ഇല്ലതാനും.

ലോകത്തു വന്ന പ്രവാചകന്‍മാരുടെ മുഖ്യ പ്രബോധന സന്ദേശമായിരുന്നു ലാ ഇലാഹ ഇല്ലല്ലാഹു എന്ന തൗഹീദീ ആദര്‍ശം. ഖുര്‍ആന്‍ അത് പ്രസ്താവിക്കുന്നുണ്ട്.

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ്: 25)

പ്രവാചക തിരുമേനി(സ്വ) പറഞ്ഞത്; “ഞാനും എനിക്കു മുമ്പ് വന്ന ദൂതന്മാരും പഠിപ്പിച്ചതില്‍ ഏറ്റവും ഉത്തമമായ കാര്യം, അല്ലാഹു അല്ലാതെ ആരാധ്യനില്ല, അവന്‍ ഏകനാണ്, അവന്ന് പങ്കുകാരനില്ല” എന്ന സന്ദേശമാണ് (തിര്‍മിദി/3585)

പ്രപഞ്ചമഖിലം സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു മാത്രമാണ് ആരാധ്യന്‍. അവനെ മാത്രം ആരാധിക്കുക എന്ന ലക്ഷ്യാര്‍ത്ഥമാണ് ജിന്നു മനുഷ്യ വര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.

ഭൂമുഖത്ത് മനുഷ്യനനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്നു മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വചരാചരങ്ങളുടേയും ജീവിതമുള്ളത്. അല്ലാഹു മാത്രമാണ് സ്രഷ്ടാവും പരിപാലകനും അന്നദാതാവുമെന്നതുകൊണ്ടു തന്നെ ഭൂമിജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും മനുഷ്യന്‍ ആസ്പദിക്കേണ്ടത് അവനെത്തന്നെയാണ്.

പ്രാപഞ്ചികവും പ്രപഞ്ചാതീതവുമായ ഒരു കാര്യത്തിലും അല്ലാഹുവിനോടൊപ്പം മറ്റൊരു പങ്കാളിയില്ല എന്നതാകണം ഓരോ മുസ്ലിമിന്റെയും അടിസ്ഥാന വിശ്വാസം. എങ്കിലാണ് അവന്‍ മുവഹിദാകുക. ഒരു മുവഹിദിന്റെ പ്രത്യക്ഷമായ സ്വഭാവ ഗുണം, അവന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ, അവന്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കൂ, അവന്‍ അല്ലാഹുവിനോടേ സഹായത്തേട്ടം നടത്തൂ എന്നതാണ്. നിത്യജീവിതത്തിലെ ചെറുതും വലുതുമായ ആവശ്യങ്ങള്‍, രോഗശമനം, പരീക്ഷണ മുക്തി, പാപമോചനം, ഹിദായത്ത്, ആരോഗ്യം, ഐശ്വര്യം, സ്വര്‍ഗ്ഗപ്രവേശം, നരകമോചനം തുടങ്ങി എല്ലാറ്റിനുമെല്ലാറ്റിനും അല്ലാഹുവിനെ മാത്രം ആശ്രയിക്കുന്നവനാണ് യഥാര്‍ത്ഥ മുഅ്മിന്‍.

എല്ലാ പ്രാര്‍ത്ഥനകളുടേയും യഥാര്‍ത്ഥ അവകാശി അല്ലാഹുവാണ്. “അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ത്ഥന” (റഅദ്: 14) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിനോടല്ലാതെ മറ്റാരോട് നടത്തുന്ന പ്രാര്‍ത്ഥനയും നിഷ്ഫലമാണ്. മേല്‍ സൂചിത ആയത്തിന്റെ ശേഷഭാഗം അക്കാര്യം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

“അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം തനിയെ) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (റഅദ്: 14)

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദീ ആദര്‍ശം ഹൃദയം കൊണ്ടംഗീകരിക്കുകയും അതിന്റെ ധര്‍മ്മം പ്രവൃത്തിയില്‍ കാണിക്കാതിരിക്കുകയും ചെയ്യുന്നത് അല്ലാഹുവിനോട് കാണിക്കുന്ന വഞ്ചനയാണ്. നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം (ഗാഫിര്‍: 60) എന്ന അല്ലാഹുവിന്റെ വ്യക്തമായ ഉപദേശം കേട്ടിട്ട് അമ്പിയാ ഔലിയാക്കളോട് പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അത് അല്ലാഹുവിനോട് കാണിക്കുന്ന അക്രമമാണ്. ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക എന്ന പ്രവാചകോപദേശം കേട്ടിട്ട് ജിന്നിനോടും മലക്കിനോടുമൊക്കെ സഹായം തേടുന്നുവെങ്കില്‍ അതും പടച്ചതമ്പുരാനോട് കാണിക്കുന്ന അക്രമം തന്നെ. അഥവാ ജീവിതത്തിലെ ഏത് ഘട്ടത്തിലും തന്റെ ആവശ്യങ്ങള്‍ക്കായി അല്ലാഹു അല്ലാത്ത ആരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും കാരുണ്യവാനും കരുണാ നിധിയുമായ അല്ലാഹുവിനോട് മനുഷ്യന്‍ ചെയ്യുന്ന അക്രമമാണ് എന്ന് സാരം. പ്രസ്തുത പ്രവര്‍ത്തനത്തിനാണ് ഖുര്‍ആനിന്റെ ഭാഷയില്‍ ശിര്‍ക്കെന്നു പറയുന്നത്. ശിര്‍ക്കിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്; “തീര്‍ച്ചയായും ശിര്‍ക്ക് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13) എന്നാണ്.

ഇതര മതവിശ്വാസികളില്‍ നിന്ന് മുഅ്മിനുകള്‍ വേറിട്ടു നില്‍ക്കുന്നത് ‘അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി വേറെ ഇലാഹില്ല’ എന്ന് വിശ്വസിക്കുന്നതു കൊണ്ടു മാത്രമല്ല. ആ വിശ്വാസത്തിന് അനുസൃതമായി അല്ലാഹുവിനെ മാത്രം ആരാധിച്ചു ജീവിക്കുന്നതു കൊണ്ടാണ്. മറ്റൊരു സൃഷ്ടിയേയും ആരാധിക്കാത്തതു കൊണ്ടുകൂടിയാണ്.

ഗര്‍ഭസ്ഥാവസ്ഥ മുതല്‍ മനുഷ്യ വളര്‍ച്ചയുടെ മുഴുവന്‍ ഘട്ടങ്ങളിലും അല്ലാഹുവിന്റെ മാത്രം വിധിയും നോട്ടവും നിയന്ത്രണവുമാണുള്ളത്. അവന്റെ അനുഗ്രഹങ്ങളുടെ തണലില്‍ മാത്രമാണ് ഏവരുടേയും ജീവിതം. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ സൃഷ്ടിപ്പിലൊരിടത്തും അല്ലാഹുവിന്റേതല്ലാത്ത മറ്റൊരാളുടെ കൈകടത്തലുകളില്ല. അല്ലാഹുവിനെ കൂടാതെ മനുഷ്യന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന മലക്കിന്റെയൊ, ജിന്നിന്റെയൊ, അമ്പിയാക്കളുടെയൊ, ഔലിയാക്കളുടെയൊ ഒരാളുടേയും കൈകടത്തലുകളില്ല. അവര്‍ക്കാര്‍ക്കും അതിന്ന് സാധ്യവുമല്ല. ചെറിയൊരു ഈച്ചയെ സൃഷ്ടിക്കാന്‍ പോലും കഴിവില്ലാത്തവരാണ് അല്ലാഹു അല്ലാത്ത മറ്റെല്ലാവരും. അല്ലാഹു പറഞ്ഞതാണത്.

അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. (നഹ് ല്‍: 20)

ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നത് കൂടതല്‍ വ്യക്തതയുള്ളതാണ്:

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” (ഹജ്ജ്: 73)

‘എന്തു കൊണ്ട് അല്ലാഹിവിനെ മാത്രം ആരാധിക്കണം?’ എന്ന ചോദ്യത്തിന് നമുക്ക് ലഭിക്കുന്ന ഖുര്‍ആനികമായ ഒരുപാട് ഉത്തരങ്ങളുണ്ട്. അവയെ മുഴുവന്‍ മനസ്സിരുത്തി പഠിക്കുമ്പോള്‍ നിസ്സംശയം നമ്മുടെ മനസ്സ് പറയുന്ന സംഗതിയാണ് ‘അല്ലാഹുവിനെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളൂ’ എന്നത്.

അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ചില ഉത്തരങ്ങള്‍ വായിച്ചു നോക്കുക:

“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍ മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.” (അലക്വ്: 1-5)

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (ബക്വറ: 21, 22)

“ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.” (മുഅ്മിനൂന്‍: 18, 19)

“അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്. അവന്റെ കല്‍പന പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സൂര്യനെയും ചന്നു്രനെയും പതിവായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിലയില്‍ അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല.” (ഇബ്‌റാഹീം: 32-34)

അല്ലാഹുവിനെ മാത്രമാണ് ആരാധിക്കേണ്ടെതെന്നും അവനോടാണ് ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടതെന്നും ബോധ്യപ്പെടുത്തുന്ന ഉത്തരങ്ങളാണ് മേലെ പ്രസ്താവിക്കപ്പെട്ട ആയത്തുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാനാകുന്നത്.

അതായത്,  അല്ലാഹുവാണ് ഭ്രൂണത്തില്‍ നിന്ന് നമ്മെ സൃഷ്ടിച്ചത്. അവനാണ് പേനകൊണ്ടെഴുതാന്‍ പഠിപ്പിച്ചത്. നമുക്കറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചു തന്നതും അവന്‍ തന്നെ. നമ്മളെയും നമ്മുടെ പൂര്‍വ്വികരേയും പഠിപ്പിച്ചവന്‍. ഭൂമിയെ വാസയോഗ്യമാക്കിയവന്‍, ആകാശത്തു നിന്ന് വെള്ളം വര്‍ഷിക്കുകയും അതിലൂടെ സസ്യലതാദികള്‍ മുളപ്പിക്കുകയും ചെയ്തവന്‍. ദുനിയാവിലെ ജീവിതത്തിനാവശ്യമായ ആകാശ ഭൂമികളിലെ വിഭവങ്ങള്‍ സൗകര്യപ്പെടുത്തിയവന്‍. നമുക്കറിയാവുന്നതും കാണാത്തതുമായ ഒട്ടേറെ അനുഗ്രഹങ്ങള്‍ നിറവേറ്റിത്തന്നവന്‍. മഴയൊഴുക്കി, കൃഷി സൗകര്യങ്ങളും ഫലമൂലാദികളുടെ കൃഷിയും വളര്‍ത്തിത്തന്നവന്‍. അവയില്‍ നിന്നൊക്കെ ഭക്ഷിക്കാന്‍ തൗഫീഖ് നല്‍കിയവന്‍. ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍. കായ്കനികള്‍ ഉത്പാദിപ്പിച്ചവന്‍. കടല്‍യാത്രയ്ക്ക് സൗകര്യമൊരുക്കിയവന്‍. നദികളെ, സൂര്യ ചന്ദ്രാദികളെ, രാവിനെ, പകലിനെ വിധേയമാക്കിത്തന്നവന്‍. ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എത്രയെത്രയാണ് നമുക്ക് വേണ്ടി നമ്മുടെ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു തന്നിട്ടുള്ളത്! അവയൊക്കെ എണ്ണിത്തിടപ്പെടുത്താനാകുമൊ നമുക്ക്? ഇല്ല, ഒരിക്കലുമില്ല.

ഇനി പറയൂ; അനുഗ്രഹപൂര്‍ണ്ണനായ അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാനൊരുങ്ങുമൊ? അവനോടല്ലാതെ നാം പ്രാര്‍ത്ഥിക്കാന്‍ തുനിയുമൊ? അവന്റെ മുന്നിലല്ലാതെ സഹായാര്‍ത്ഥനകള്‍ നടത്തുമൊ? ഇല്ല, ഒരിക്കലുമില്ല. എന്തുകൊണ്ടെന്നാല്‍, ‘വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്.’ (ത്വലാഖ്: 3)

ആകയാല്‍, കാരുണ്യവാനും കരുണാനിധിയുമായ, അടിമകളോട് അലിവുള്ളവനായ അല്ലാഹുവിനെ മാത്രം നമുക്ക്‌ ആരാധിക്കാം. അവനോട് മാത്രം പ്രാര്‍ത്ഥിക്കാം അവന്റെ മുമ്പാകെ മാത്രം സഹായാര്‍ത്ഥനകള്‍ നടത്താം. അല്ലാഹു മതി നമുക്ക്. അവനാണ് ഏറ്റവും നല്ല പരിരക്ഷകന്‍, കാവല്‍ക്കാരന്‍.