സമാധാനാന്തരീക്ഷത്തില്‍ ആത്മീയമായ ചിന്തയ്ക്കും ശാന്തിക്കുമായാണ് പ്രവാചകത്വത്തിനു മുമ്പ് മുഹമ്മദ് നബി(സ്വ) മക്കയ്ക്കു സമീപമുള്ള അന്നൂര്‍ എന്ന കൂറ്റന്‍ മലകയറി അതിലെ ഹിറ എന്ന ഗുഹയില്‍ ഒറ്റയ്ക്കു താമസിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞു, അന്നൊരിക്കല്‍ ദൈവദൂനായ ജിബ്രീല്‍മലക്ക് പ്രത്യക്ഷപ്പെട്ട് ദിവ്യവചനങ്ങള്‍ അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു. ശേഷം, അദ്ദേഹം ലോകത്തിന്റെ പ്രവാചകനായി നിയോഗിതനായി. അന്ന് അദ്ദേഹത്തിന് പ്രായം നാല്‍പ്പത്.
അങ്ങനെ, ദൈവദൂതനായ മുഹമ്മദ് നബി(സ്വ) അദ്ദേഹത്തിലേല്പ്പിക്കപ്പെട്ട ദൗത്യനിര്‍വഹണത്തില്‍ വ്യാപൃതനായി. എന്തായിരുന്നു അദ്ദേഹത്തിന്റെ ദൗത്യമെന്നത് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. നമുക്ക് അതിങ്ങനെ വായിക്കാം.
“അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുക.” (ആലു ഇംറാന്‍ : 164)
പ്രപഞ്ച സ്രഷ്ടാവിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ്വ) പിന്നീടങ്ങോട്ട് ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയായിരുന്നു. ജനങ്ങളുമായി ഇടകലര്‍ന്ന്. അവരുടെ കാര്യങ്ങളില്‍ ഇടപെട്ട്. ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച്. നന്മയുപദേശിച്ച് തിന്മകളെ വിരോധിച്ച് അങ്ങനെയങ്ങനെ ആളുകളിലൊരാളായി. ആളുകള്‍ക്കുള്ള അനുഗ്രഹമായി.
ദൈവ ദൂതനായി ഹിറാ ഗുഹയില്‍ നിന്നിറങ്ങിയ മുഹമ്മദ് നബി(സ്വ) പിന്നെയൊരിക്കല്‍ കൂടി ഹിറയിലേക്ക് തിരിച്ചു കയറിയില്ല. അതങ്ങനെയാണ്. പ്രവാചകന്മാര് ജനമധ്യത്തിലാകണം ജീവിക്കേണ്ടത്. ജനങ്ങളിലേക്കായിട്ടാണല്ലൊ അവര്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്! അതുകൊണ്ടുതന്നെ, ജനങ്ങള്‍ക്കു വേണ്ട ആത്മീയോപദേശങ്ങള്‍ നല്‍കിയും, കഴിവില്‍പ്പെട്ട ഭൗതികസഹായങ്ങളേകിയും, അവരുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കുചേര്‍ന്നും മുഹമ്മദ് നബി(സ്വ) ജീവിച്ചു.
ജനങ്ങള്‍ക്കു കാരുണ്യമായും അനുഗ്രഹമായും നിയോഗിതനായ മുഹമ്മദു നബിക്ക് അവരില്‍ നിന്ന് തിരിച്ചു കിട്ടിയതെല്ലാം ഗുണങ്ങളല്ലായിരുന്നു. വിമര്‍ശനങ്ങള്‍, മുഖം തിരിക്കലുകള്‍, ഒറ്റപ്പെടുത്തലുകള്‍, ഉപരോധങ്ങള്‍, മര്‍ദ്ദനങ്ങള്‍, ആക്ഷേപങ്ങള്‍ അങ്ങനെ പലതും. പക്ഷെ, പ്രവാചകന്(സ്വ) പുഞ്ചിരിച്ചതേയുള്ളൂ. പ്രവാചകന് പ്രവര്‍ത്തനം തുടര്‍ന്നതേയുള്ളൂ. പ്രവാചകന് ആളുകളുമായി വീണ്ടും വീണ്ടും ഇഴുകിച്ചേര്ന്നതേയുള്ളൂ. എന്തുകൊണ്ടെന്നാല്‍ പ്രവാചകദൗത്യത്തിന്റെ ഗുണം കരുണയായിരുന്നു. “ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (അമ്പിയാഅ്: 107) എന്ന് ഖുര്ആനതിനെ ശരിവെക്കുന്നു.
ജനങ്ങളുമായി ഇടപഴകിവേണം സത്യവിശ്വാസികളും ജീവിക്കാന്‍. പ്രവാചക തിരുമേനിയെപ്പോലെ. അവരില്‍ നിന്ന് തിരികെ എന്ത് ലഭിക്കുന്നൂ എന്ന് നോക്കിയാകരുത് അത്. സത്യവിശ്വാസികളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ടത് എന്ത് എന്ന് പരിഗണിച്ചും അതിനെ സാക്ഷാത്കരിച്ചുമാകണം ആളുകളുമായുള്ള ഇടപഴകലുകളും ഇടപാടുകളും.
കാരുണ്യത്തിന്റെ പ്രവാചകന്(സ്വ) വിശ്വാസീ സമുഹത്തിനു നല്കിയ മഹത്തായ ഒരു പാഠം ശ്രദ്ധിക്കുക.
അബ്ദുല്ലാഹിബ്നു അംറ്(റ) ആണ് നിവേദനം ചെയ്യുന്നത്, തിര്‍മിദി രേഖപ്പെടുത്തിയ സ്വഹീഹായ ഹദീസ്. “ജനങ്ങളുമായി ഇടപഴകി ജീവിക്കുകയും അവരില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന ഒരു മുഅ്മിനാണ്, ജനങ്ങളുമായി ഇടപഴകാത്ത, അവരില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളില്‍ ക്ഷമിക്കാത്ത ഒരു മുഅ്മിനിനേക്കാള് ഉത്തമന്.”
മുഹമ്മദ് നബി(സ്വ)യുടെ വിദ്യാലയത്തില്‍ നിന്ന് വിശ്വാസീ ലോകത്തിനു ലഭിക്കുന്ന ഉദാത്തമായ പൗരധര്മ്മബോധമാണിത്. മനുഷ്യരുമായി ഇടപഴകുക. അവരുടെ ആവശ്യങ്ങളില്‍ കഴിയുന്ന സഹായങ്ങളുമായി ഇടപെടുക. സാമ്പത്തിക സഹായങ്ങളാകാം. മാനസികമായ ഐക്യദാര്‍ഢ്യമാകാം, സദുപദേശമാകാം, നല്ലകാര്യങ്ങള്ക്കായുള്ള ശുപാര്ശയാകാം, പ്രാര്‍ത്ഥനയാകാം, രോഗീ സന്ദര്‍ശനമാകാം അന്ന-വസ്ത്ര ദാനങ്ങളാകാം. ഈ പറയപ്പെട്ടതും അല്ലാത്തതുമായ എന്ത് നന്മകളുമാകാം.
ഇക്കാര്യത്തില്‍ പ്രവാചകന്മാരെപ്പോലെത്തന്നെയാകണം അവരുടെ അനുയായികളായ മുസ്ലിമുകളും. ആളുകളില്‍ നിന്നകന്ന് ഒറ്റപ്പെട്ടു കഴിയുന്നതിലല്ല സ്വന്തത്തിനും മറ്റുള്ളവര്‍ക്കും നന്മയുള്ളത്. കൊണ്ടും കൊടുത്തും കഴിയുന്ന സാമൂഹ്യാവസ്ഥയാണ് മനുഷ്യന്റേത്. അതുകൊണ്ടു തന്നെ ഗുണകരമായത് സഹജീവികളില്‍ പകരാനും ഗുണകരമായത് സഹജീവികളില്‍ നിന്ന് നുകരാനും മനുഷ്യര്‍ക്കാകണം. വിശിഷ്യാ മുഅ്മിനുകള്‍ക്ക്.
‘ഉത്തമ സമുദായം’ എന്നത് മുഹമ്മദ് നബിയുടെ ഉമ്മത്തിന് അല്ലാഹു നൽകിയ ഖ്യാദിയാണ്. ഈ ഖ്യാദി തങ്ങളിലെന്നെന്നും നിലനില്ക്കാന് അല്ലാഹു തന്നെ നിശ്ചയിച്ച മൗലികമായ ചില ധര്‍മ്മങ്ങളുണ്ട്. ഖുര്‍ആനില്‍ നിന്ന് നമുക്കത് വായിക്കാനാകും.
“മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.” (ആലുഇംറാന്: 110)
ജനങ്ങളുമായി ഇടപഴകുമ്പോള്‍, അവരുടെ ആവശ്യങ്ങളെ പരിഗണിക്കുമ്പോള്‍ പ്രവാചകന്മാരുടെ മുന്‍ഗണനാക്രമമാണ് വിശ്വാസികള്‍ പാലിക്കേണ്ടത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അല്ലാഹുവിനെ പരിചയപ്പെടുത്തിയും അവന്റെ അസ്ഥിത്വത്തെ ബോധ്യപ്പെടുത്തിയും അവന്റെ ഏകത്വത്തേയും ആരാധ്യതയേയും വ്യക്തമാക്കിയുമാകണം ജനങ്ങളോടുളള മുഅ്മിനുകളുടെ നിരന്തരബന്ധം. അല്ലാഹുവിലേക്കുള്ള ക്ഷണമെന്നത് വിശ്വാസി നടത്തുന്ന മനുഷ്യസമ്പര്ക്കങ്ങളുടെ ഉദ്ദേശ്യത്തില്‍ പ്രമുഖമാണെന്ന് സാരം.
സദാചാരം കല്പിക്കുന്നതും ദുരാചാരത്തിൽ നിന്ന് വിലക്കുന്നതും നിരന്തരം സമൂഹവുമായി ഇടപഴകുമ്പോളാണ് സാധ്യമാകുക. അപ്പോൾ സ്വാഭാവികമായും ഒരു പ്രബോധകന് ജനങ്ങളുമായി സൗഹൃദത്തിൽ നിലകൊള്ളുവാനും അവരുടെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെടുവാനും പരസ്പരം സഹായ സഹകരണങ്ങൾ കൈമാറുവാനും സാധ്യമാകും. നബി തിരുമേനിയുടെ പ്രബോധന ജീവിതം അതിന് മാതൃകാ സാക്ഷ്യമാണ്.
“തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവ താല്പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (തൗബ: 128)
മനുഷ്യന്റെ വേദനകളെ സ്വന്തം വേദനയായി കണ്ട് അവയെ പരിഹരിക്കാനുള്ള മനസ്സായിരുന്നു പ്രവാചകന്റേത്. ആളുകളുടെ ജീവിത കാര്യങ്ങളിൽ എല്ലാ നിലക്കും നന്മകൾ കൈവരാൻ ആഗ്രഹിക്കുകയും അതിന്നായി ആവത് നിർവഹിക്കുകയും ചെയ്തിരുന്നു പ്രവാചകൻ. തന്റെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും വ്യത്യാസമില്ലാതെ പരിഗണിച്ചു കൊണ്ടായിരുന്നു അവിടുത്തെ ജീവിതം.
പ്രവാചകന്റെ ദൗത്യം മനുഷ്യർക്കിടയിലാണ്. അവരുടെ ഐഹിക-പാരത്രിക വിജയത്തിന് ആവശ്യമായതെല്ലാം നൽകി അവരോടൊപ്പം നടക്കുകയായിരുന്നു അദ്ദേഹം. ആളിക്കത്തുന്ന അഗ്നിയാഴിയിലേക്ക് വീഴാനടുക്കുന്ന പാറ്റകളെ, അതിൽ നിന്ന് രക്ഷിക്കാൻ കൈകൊട്ടിയാട്ടുന്ന സഹൃദയനെപ്പോലെയായിരുന്നു പ്രവാചകൻ(സ്വ). നരകാഗ്നിയിലേക്ക് നടന്നടുക്കുന്നവരെ അതിൽ വീഴാതിരിക്കാൻ അവരുടെ അരക്കെട്ടു പിടിച്ചു മാറ്റുന്ന കരുണാർദ്രമായ കൃത്യം നിർവഹിക്കുകയായിരുന്നു, അവിടുന്ന്. പള്ളിമൂലയിലൊതുങ്ങുന്ന ഒരാൾക്ക് സാമൂഹ്യ ജീവിതത്തിൽ ഇടപെടാനാകുകയില്ല എന്നത് നേരാണല്ലോ.
പ്രവാചക തിരുമേനി(സ്വ)യുടെ ഒരു സാരോപദേശമുണ്ട്. അബൂഹുറയ്റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “സത്യവിശ്വാസി ഇണക്കമുള്ളവനാണ്. ജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത, ജനങ്ങളുടെ സമ്പര്‍ക്കം ലഭിക്കാത്ത ഒരുവനില്‍ യാതൊരു നന്മയുമില്ല.” (അഹ്മദ്)
ജീവിതത്തിൽ വിശ്വാസികളിലുണ്ടാകേണ്ട നിരവധി മൂല്യങ്ങൾ പ്രവാചകൻ പഠിപ്പിച്ചത് വായിച്ചാൽ തന്നെ തിരുമേനിയുടെ സാമൂഹ്യ പ്രതിബദ്ധത എത്രമേൽ മഹിതമായിരുന്നുവെന്ന് നമുക്ക് കാണാനാകും. നബി (സ്വ)യുടെ ചില പൗരധർമ്മ പാഠങ്ങൾ, അബ്ദുല്ലാഹിബിനു ഉമർ (റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് വായിക്കുക:
“അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവൻ ജനങ്ങൾക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവനാണ്. സർവ്വശക്തനും പ്രതാപവാനുമായ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കർമ്മം ഒരു മുസ്ലീമിന് സന്തോഷം നൽകുക, അല്ലെങ്കിൽ അവനിൽ നിന്ന് ഒരു ബുദ്ധിമുട്ട് നീക്കം ചെയ്യുക, അല്ലെങ്കിൽ അവന്റെ കടം വീട്ടുക, അല്ലെങ്കിൽ അവനിൽ നിന്ന് വിശപ്പ് അകറ്റുക എന്നിവയാണ്.”
“എന്റെ സഹോദരനോടൊപ്പം ഒരു ആവശ്യം നിറവേറ്റാൻ നടക്കുന്നത് ഈ പള്ളിയിൽ – അതായത് മദീനയിലെ പള്ളിയിൽ – ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. ആരെങ്കിലും കോപം നിയന്ത്രിക്കുകയാണെങ്കിൽ, അല്ലാഹു അവന്റെ ന്യൂനതകൾ മറയ്ക്കും. ആരെങ്കിലും കോപം നിയന്ത്രിക്കുകയാണെങ്കിൽ, അവൻ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചാലും, ഉയിർത്തെഴുന്നേൽപ്പ് നാളിൽ അല്ലാഹു അവന്റെ ഹൃദയത്തെ പ്രതീക്ഷ കൊണ്ട് നിറയ്ക്കും.”
“തന്റെയൊരു സഹോദരന്റെ ആവശ്യം നിറവേറ്റിക്കൊടുക്കും വരെ അവനോടൊപ്പം നടക്കുന്നവന്ന്, കാലുകൾ വഴുതിപ്പോകുന്ന (പരലോക) നാളിൽ അവന്റെ കാലുകളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്. തീർച്ചയായും ചീത്ത സ്വഭാവം പ്രവൃത്തികളെ നശിപ്പിക്കുന്നതാണ്; വിനാഗിരി തേനിനെ നശിപ്പിക്കുന്നതുപോലെ.” (ത്വബറാനി)
വിശദീകരണം ആവശ്യമില്ലാത്ത വിധം കൃത്യമാണ് നബി (സ്വ)യുടെ വാക്കുകൾ. സ്വന്തത്തെ മാറ്റിനിർത്തിയുള്ളതല്ല പ്രവാചകന്റെ ഒരു സാരോപദേശവും. അവ മുഴുവനും തിരുമേനിയുടെ ജീവിതം തന്നെയായിരുന്നു. ആ ധന്യമായ ജീവിതമാണ് മനുഷ്യർക്കാകമാനമുള്ള അദ്വിതീയമായ മാതൃക. ആ ചന്തമാർന്ന മാതൃകകളെ പിന്തുടർന്നും അവയെ ജീവിതത്തിൽ അനിഷേധ്യം അനുഷ്ഠിച്ചും, സമൂഹത്തിന് പ്രസ്തുത ജീവിതത്തെ പരിചയപ്പെടുത്തിയും നമുക്ക് പ്രവാചക സ്നേഹികളാകാം. സ്നേഹമുള്ള, കരുണയുള്ള, ഐക്യമുള്ള, സ്ഥിരതയുള്ള സാമൂഹികാന്തരീക്ഷത്തിന് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ്വ) തന്നെയാണ് നേതാവ്.
– കബീർ എം. പറളി, നേർമൊഴി





