“ഒരുവ്യക്തിയിലൂടെ കടന്നു പോകുന്ന ദുരന്തങ്ങളെല്ലാം
അവന്ന് സഹിക്കാനായേക്കും,
പക്ഷെ, അവ കാണുമ്പോഴുള്ള അസൂയാലുക്കളുടെ ആഹ്ലാദം;
അത് അസഹ്യമാണ്!
ദുരന്ത ദിനങ്ങള്‍ അകന്നു പോയാലും, ഓര്‍മ്മവേണം;
ആഹ്ലാദിക്കാന്‍ അവസരങ്ങള്‍ക്ക് കാത്തിരുപ്പുണ്ട് ശത്രുക്കള്‍!”
ഒരു അറബികവിതയിലെ ഈരടികളുടെ ആശയമാണിത്. അന്യരുടെ ദു:ഖം കാണുമ്പോള്‍ അസൂയാലുക്കള്‍ക്കും ശത്രുക്കള്‍ക്കുമുണ്ടാകുന്ന മാനസിക സന്തോഷത്തിന് അറബിയില്‍ ‘ശമാത്തത്ത്’ എന്ന് പറയും. ‘മതനിഷ്ഠയിലും ദൈനംദിന ജീവിതത്തിലും നിങ്ങളുടെ സഹോദരനു സംഭവിക്കുന്ന ദുരനുഭവങ്ങളില്‍ സന്തോഷിക്കുക എന്നതാണ് ശമാത്തത്ത് കൊണ്ടുള്ള ഉദ്ദേശ്യം’ എന്ന് ഇമാം ഖുര്‍തുബി(റ) വിശദീകരിച്ചിട്ടുണ്ട്.
മുസ്ലിംകളോടുള്ള മുനാഫിഖുകളുടെ മനോഗതിയെക്കുറിച്ച് അല്ലാഹു പറഞ്ഞു: “നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും.” (ആലുഇംറാന്‍: 120)
ജീവിതത്തില്‍ പതിമൂന്നു വര്‍ഷക്കാലം നിരവധി പ്രയാസങ്ങളും നഷ്ടങ്ങളും ശാരീരിക രോഗങ്ങളും ബാധിച്ച പ്രവാചകനാണ് അയ്യൂബ് നബി(അ). അദ്ദേഹത്തോട് ചിലർ ചോദിക്കുകയുണ്ടായി: ഏത് പരീക്ഷണമായിരുന്നു താങ്കള്‍ക്ക് ഏറ്റവും കഠിനമായി അനുഭവപ്പെട്ടത്? അദ്ദേഹം പറഞ്ഞ മറുപടി: “എന്നെ ബാധിച്ച പരീക്ഷണങ്ങളായിരുന്നില്ല, അതു കണ്ടിട്ട് എന്റെ ശത്രുക്കള്‍ കാണിച്ച ആഹ്ലാദമായിരുന്നു കഠിനം!”
മൂസാ നബി(അ)യുടേയും ഹാറൂന്‍ നബി(അ)യുടേയും കഥ വിവരിക്കുന്നുണ്ട് സൂറത്തു അഅ്‌റാഫില്‍. അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മൂസാ നബി തൗറാത്തു വാങ്ങാനായി സീനാ പര്‍വ്വതത്തിലേക്ക് യാത്രയായി. പോകുന്ന സമയത്ത് ഇസ്രാഈല്യര്‍ക്ക് തന്റെ പ്രതിനിധിയായി സഹോദരന്‍ ഹാറൂന്‍ നബിയെ മൂസാ നബി നിശ്ചയിച്ചിരുന്നു. ഇസ്രാഈല്യരിലെ സാമിരി എന്നൊരാള്‍ ആളുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ സ്വരൂപിച്ച് ഒരു കാളക്കുട്ടിയുടെ രൂപമുണ്ടാക്കി. തൊട്ടാല്‍ മുക്രയിടുന്നൊരു കാളക്കുട്ടി പ്രതിമയായിരുന്നു അത്. ആളുകള്‍ക്ക് അതില്‍ അത്ഭുതമായി. ‘മൂസാ പോകുന്ന സമയത്ത് നിങ്ങളെ ഏല്‍പ്പിക്കാന്‍ മറന്നു പോയതാണ് ഈ കാളക്കുട്ടി’ എന്നൊരു കളവുകൂടി അയാള്‍ ഇസ്രാഈല്യരോട് പറഞ്ഞു. ആളുകള്‍ ആ കാളക്കുട്ടി പ്രതിമയെ ആരാധിക്കാന്‍ തുടങ്ങി. ഈ പ്രവണത കണ്ടപ്പോള്‍ ഹാറൂന്‍ നബി(അ) അവരെ തടയാന്‍ ശ്രമിച്ചു. പാപമാണെന്നും അരുതെന്നും ഉപദേശിച്ചു. പക്ഷെ, ഇസ്രാഈല്യര്‍ അദ്ദേഹത്തെ അനുസരിച്ചില്ല.
നാല്‍പതു ദിവസങ്ങള്‍ക്കു ശേഷം മൂസാനബി(അ) തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തില്‍ വേദനയും അരിശവുമുണ്ടാക്കി. ആ രംഗം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:
“കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തു കൊണ്ട് ) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്.” (അഅ്‌റാഫ്:150)
“നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്” എന്ന പ്രസ്താവന പ്രത്യേകം ശ്രദ്ധപതിയേണ്ട ഒന്നാണ്.
അബൂഹയ്യാന്‍ അത്തൗഹീദീ(റ) ലുഖ്മാന്‍ (അ)ന്റെ ഒരു പ്രസ്താവന ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്.
“ഞാന്‍ പാറക്കല്ലുകള്‍ മാറ്റിയിട്ടുണ്ട്, ഇരുമ്പുകള്‍ തോളിലെടുത്തിട്ടുണ്ട്,
എന്നാല്‍ കടബാധ്യതയേക്കാള്‍ ഭാരമുള്ള മറ്റൊന്നിനേയും ഞാന്‍ അനുഭവിച്ചിട്ടില്ല!
രുചികരമായ നല്ല ഭക്ഷണങ്ങള്‍ ഞാന്‍ കഴിച്ചിട്ടുണ്ട്.
ഭാര്യമാരോടൊത്ത് ഞാന്‍ ആനന്ദിച്ചിട്ടുണ്ട്.
എന്നാല്‍, ആരോഗ്യത്തേക്കാള്‍ ആസ്വാദ്യകരമായ മറ്റൊന്നില്ല!
വിശാലമായ മരുഭൂമിയെ മുഴുവനായി അളന്നെടുക്കാം,
ആര്‍ത്തലയ്ക്കുന്ന കടലിലൂടെ സഞ്ചരിക്കാം,
തെരുതെരാ പെയ്യുന്ന മഴത്തുള്ളികളുടെ എണ്ണം പിടിക്കാം,
എന്റെ ദുരിതം കണ്ടിട്ട് ശത്രുക്കളില്‍ നിന്നുണ്ടാകുന്ന
ആഹ്ലാദത്തേക്കാള്‍ നിസ്സാരമാണ് ഇവയെല്ലാം!
വിശിഷ്യാ, അടുത്ത കുടുംബക്കാരില്‍ നിന്ന്
അല്ലെങ്കിൽ, അയൽക്കാരിൽ നിന്ന്!!”
നമ്മുടെ ദുരിതം കാണുമ്പോൾ ശത്രുക്കളും അസൂയാലുക്കാളും ആഹ്ലാദിക്കുക സ്വാഭാവികമാണ്. ജീവിത ചുറ്റുപാടിൽ അങ്ങനെയുള്ളവരെ നാം ധാരാളം കണ്ടിട്ടുണ്ടാകും. ഒരാളുടെ പരാജയം, അല്ലെങ്കിൽ അവനിൽ സംഭവിച്ച പരീക്ഷണം കാണുകയോ അറിയുകയോ ചെയ്യുമ്പോൾ ‘അവനങ്ങനെത്തന്നെ വരണം, ഇപ്പോഴാണ് എനിക്ക് സമാധാനമായത്’ എന്ന് സന്തോഷിക്കുന്ന ക്രൂരമനസ്കർ ഒരുപാടുണ്ട്! മുസ്ലിം ഉമ്മത്തിന്റെ നിത്യ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാക്കുകയും, അവയിൽ അവരുടെ ദുരിതം കണ്ടു ആഹ്ലാദിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടില്ലേ. അനുഭവിക്കുന്ന പ്രതിസന്ധികളേക്കാൾ ആഘാതം അത്തരം ആളുകളുടെ ആഹ്ലാദത്തിനാണ്. അത് കൊണ്ടാണ് പ്രവാചകന്റെ പ്രാർത്ഥനകളിൽ ചിലത് ഇപ്രകാരമായത്:
‘’അല്ലാഹുവേ, പരീക്ഷണങ്ങളുടെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളുടെ ദുഃഖത്തിൽ നിന്നും വിധികളിലെ ഉപദ്രവങ്ങളിൽ നിന്നും എന്റെ ദുരിതങ്ങളിൽ ശത്രുക്കളുടെ സന്തോഷത്തിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.’’ (ബുഖാരി, മുസ്ലിം)
‘’അല്ലാഹുവെ, എന്റെ നിറുത്തത്തിൽ ഇസ്ലാമിലൂടെ നീയെനിക്ക് സുരക്ഷ നൽകണേ, എന്റെ ഇരുത്തത്തിൽ ഇസ്ലാമിലൂടെ നീയെനിക്ക് സുരക്ഷ നൽകണേ, എന്റെ ഉറക്കത്തിൽ ഇസ്ലാമിലൂടെ നീയെനിക്ക് സുരക്ഷ നൽകണേ, ഒരു ശത്രുവോ അസൂയയുള്ളവനോ എന്റെ ദുരിതം കണ്ട് സന്തോഷിക്കാൻ നീ ഇടവരുത്തരുതേ.’’ (അൽഹാകിം)
നമ്മുടെ പ്രയാസങ്ങളിൽ അന്യർ ആഹ്ലാദിക്കുന്നതിനെ തൊട്ട് അല്ലാഹുവിനോട് അഭയം തേടുക എന്നത് പോലെത്തന്നെ സുപ്രധാനമാണ്, അന്യരുടെ ദുരിതങ്ങളിൽ നമ്മൾ ആഹ്ലാദിക്കാതിരിക്കുക എന്നതും. വ്യക്തികളിൽ, കുടുംബങ്ങളിൽ, സമൂഹാംഗങ്ങളിലൊക്കെ ഈ പ്രവണത കൂടുതലാണ്. വിശ്വാസികൾ ഈ രംഗത്ത് കൂടുതൽ ജാഗ്രതയുള്ളവരാകണം. ആരുടെ ദുരിതവും പ്രയാസവും അല്ലാഹുവിന്റെ പരീക്ഷണമാണ്. അവയാകട്ടെ ആരിലും സ്ഥായിയായതുമാകില്ല. പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സഹോദരങ്ങളോട് അനുതാപമാണ് ഉണ്ടാകേണ്ടത്. അവയിൽ നിന്ന് അവർക്ക് മുക്തി ലഭിക്കാനുള്ള പ്രാർത്ഥനയും നമ്മിൽ നിന്നുണ്ടാകണം.
വിശ്വാസികൾ പരസ്പരം അനുവർത്തിക്കേണ്ട നിലപാട് എങ്ങനെയായിരിക്കണമെന്ന് റസൂൽ (സ്വ) ഉദാഹരണ സഹിതം പറഞ്ഞു തന്നത് വായിച്ചാൽ നമുക്ക് ഈ കാര്യം ബോധ്യമാകും.
നുഅ്മാനുബ്നു ബഷീർ നിവേദനം. അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: “പരസ്പര സ്നേഹം, കാരുണ്യം, സഹാനുഭൂതി എന്നിവയിൽ വിശ്വാസികളുടെ ഉദാഹരണം ഒരു ശരീരത്തെപ്പോലെയാണ്: ഒരു അവയവത്തിന് രോഗമുണ്ടെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ഉറക്കമില്ലായ്മയും പനിയും കൊണ്ട് പ്രതികരിക്കുന്നു.” (മുസ്ലിം)
“സഹോദരന്റെ വീഴ്ചയിൽ നീ സന്തോഷിക്കരുത്, അല്ലാഹു അവനെ പരിരക്ഷിക്കുകയും നിന്നെ പരീക്ഷിക്കുകയും ചെയ്‌തേക്കും” എന്നൊരു സാരോപദേശമുണ്ട്.
സാധാരണ മുസ്ലിം സഹോദരങ്ങളോട് മാത്രമല്ല, മുസ്ലിം രാഷ്ട്രങ്ങളോടും അവരുടെ പ്രതിസന്ധികളിൽ സന്തോഷം കാണിക്കുന്നവരുണ്ട്. തന്റെയൊ തന്റെ സംഘടനയുടെയൊ ആദർശ വ്യത്യാസമുള്ള രാഷ്ട്രങ്ങളെ അന്യരാഷ്ട്രങ്ങൾ അക്രമിക്കുമ്പോൾ, അവരുടെ സ്വത്തിനും ജീവനും നാശനഷ്ടങ്ങളുണ്ടാക്കുമ്പോൾ അത് കണ്ടാനന്ദിക്കുകയും, ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. മേലെ വായിച്ച പ്രവാചക പ്രാർത്ഥനകളിലെ ആശയമർമ്മത്തെ ഉൾക്കൊള്ളാത്തവരാണ് അത്തരമാളുകളും സംഘങ്ങളും.
അശ്ശമാത്തത്ത് അഥവാ അന്യരുടെ പ്രതിസന്ധികൾ കാണുമ്പോഴുള്ള ആഹ്ലാദം മനസ്സിന്റെ രോഗമാണ്. നീചമായ സ്വഭാവമാണത്. അത്തരം മനസ്ഥിതിക്കാർ മനുഷ്യരിലെ ദുഷ്ടരാണ്. അന്യദുഃഖങ്ങളിൽ ആനന്ദിക്കുന്ന ശത്രുവാകരുത് നമ്മൾ. നമ്മുടെ പരീക്ഷണങ്ങളിൽ സന്തോഷിക്കുന്ന ശത്രുക്കളും നമുക്കുണ്ടാകരുത്. പരീക്ഷണങ്ങളേക്കാൾ അസഹ്യമാണ് ആ സന്തോഷം. നമുക്ക് പ്രാർത്ഥിക്കാം:
‘’അല്ലാഹുവേ, പരീക്ഷണങ്ങളുടെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളുടെ ദുഃഖത്തിൽ നിന്നും വിധികളിലെ ഉപദ്രവങ്ങളിൽ നിന്നും എന്റെ ദുരിതങ്ങളിൽ ശത്രുക്കളുടെ സന്തോഷത്തിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.’’





