ലിബറലുകൾക്കുള്ളത് ശാസ്ത്രബോധമല്ല, താന്തോന്നിധാർഷ്ട്യം

6

“ചക്രവാളത്തിൻ മതിൽക്കെട്ടിന്മേൽ കൈയ്യും കുത്തി
നില്ക്കും ഞാൻ പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ!
ഗോളങ്ങളെടുത്തു ഞാൻ പന്തടിക്കുമ്പോൾ, വിദ്യു-
ന്നാളങ്ങൾ കെടുത്തിയും കത്തിച്ചും രസിക്കുമ്പോൾ
നീരവ നീലാകാശ മേഖലകളിൽ, നാളെ
താരകേ നിന്നെക്കൊണ്ടു നർത്തനം ചെയ്യിക്കും ഞാൻ!
കുതിരപ്പുറത്തു ഞാൻ പാഞ്ഞു പോവുമ്പോൾ കൈയ്യിൽ
കുതറിത്തുള്ളിക്കൊണ്ടെൻ ചാട്ടവാറിളകുമ്പോൾ
ഞടുങ്ങിപ്പോകുന്നില്ലെ നിമിഷങ്ങളിൽ കുള-
മ്പടികൾ പതിയുമ്പോളീയണ്ഡകടാഹങ്ങൾ?”

സർഗ്ഗധനനായ വയലാറിൻറെ വരികളാണ് വായിച്ചത്. വയലാർ അഹങ്കാരിയായിരുന്നില്ല എന്ന് വായിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ. മേലുദ്ധൃത കാവ്യശകലങ്ങൾ അഹങ്കാരത്തിൻറേതാണ് എന്നു പറയാൻ ധൃതികാണിക്കുന്നില്ല. ലോകത്തെ സ്നേഹിച്ച, സ്നേഹത്തെ മതമായിക്കണ്ട ഒരാൾ തന്നെയാണ് കവി. പതംപതം ഉണർന്നുയർന്ന് മനുഷ്യൻ ചന്ദ്രനോളമെത്തിയപ്പോൾ കവിഹൃദയത്തിലുണ്ടായ സ്വാഭാവികമായ വിഭ്രമമൊ ആഹ്ലാദമൊ ആകാം, ചക്രവാളമതിലിൽ കൈകുത്തി നിന്ന് പ്രപഞ്ചത്തിൻറെ ഭ്രമണം തിരിക്കാനും ഗോളങ്ങളെടുത്ത് പന്തടിച്ചു രസിക്കാനുമുള്ള മോഹം. വയലാർ മരിച്ചിട്ട് വർഷങ്ങളേറെക്കഴിഞ്ഞു, ഇന്ന് മനുഷ്യൻ മുന്പത്തേക്കാളും ശാസ്ത്രോച്ചിയിലാണ്. മുന്പത്തേക്കാളും വൈജ്ഞാനിക നിലവാരത്തിലാണ് ശാസ്ത്രലോകവും. എന്നിട്ടും പ്രപഞ്ചത്തിൻറെ ഭ്രമണത്തിൽ കൈവെക്കാൻ ആർക്കുമായിട്ടില്ല. കവികളാരും വയലാറിൻറേതു പോലൊരു മോഹം പാടാൻ ഇന്ന് സന്നദ്ധരുമല്ല.

പ്രപഞ്ചവും അതിൻറെ ഭ്രമണവും ഗോളങ്ങളും നീലാകാശവും താരകങ്ങളുമൊക്കെ വയലാറിന്നും മുമ്പേ ഉണ്ടായിരുന്നതാണ്. ആരോ ഉണ്ടാക്കിയതാണ് അവയെല്ലാം. കവി ജനിക്കും മുമ്പേ അവയുടെ ഭ്രമണവും നിയന്ത്രണവുമെല്ലാം അയാളുടെ കയ്യിലായിരുന്നു. തൻറെ ആഗ്രഹം പറയുമ്പോഴും പ്രപഞ്ച ഭ്രമണം കവിയുടെ കൈകളിൽ വന്നെത്തിയിട്ടില്ല. നന്നേചെറിയൊരു ഗോളത്തെപ്പോലും കൈകളിലെടുത്ത് അദ്ദേഹം പന്താടിയിട്ടില്ല. അദ്ദേഹത്തിൻറെ കൽപന കേട്ടിട്ട് ആകാശനീലിമയിൽ നർത്തനം ചെയ്ത ഒരു നക്ഷത്രത്തേയും അക്കാലത്തുള്ളവർ കണ്ടിട്ടില്ല. സർഗ്ഗധനനായ ഒരു കവിയെ നിരൂപണം ചെയ്യാൻ മാത്രം പോന്നവനല്ല ലേഖകൻ എന്നറിയാം. പക്ഷെ, ആമുഖമായി വയലാറിനെ ഉദ്ധരിക്കുന്നത് ശേഷം വിശദീകരിക്കാൻ പോകുന്ന ചില കാര്യങ്ങൾക്കു വേണ്ടിയാണ്. കവികളുടെ ലോകം ഭാവനയാണ്. ഭാവനാലോകത്ത് അവർ നടത്തുന്ന എല്ലാ വിഹാരങ്ങളും ആക്ഷേപിക്കപ്പെടാറില്ല. എന്നു മാത്രമല്ല, വിവേകം കലർന്ന അവരുടെ കാവ്യവിചാരങ്ങൾ പരിഗണിക്കപ്പെടുകയും ചെയ്യാറുണ്ട്.

എന്നാൽ, ഭൂമിയിൽ ചിലരുണ്ട്. ജ്ഞാനികളെന്ന നാട്യവും യാഥാർത്ഥ്യങ്ങളോട് പുച്ഛവും വിവേകികളോട് അഹങ്കാരവും ഉള്ള മനുഷ്യർ. അവരിൽ ചന്തമാർന്ന കവി ഭാവനകളൊ, ശാസ്ത്രജ്ഞൻറെ പ്രാമാണികമായ അറിവുകളൊ ഒന്നുമില്ല. മനുഷ്യനെയും മനുഷ്യ ജീവിതത്തെയും സത്യസന്ധമായി നിരീക്ഷിക്കാനുള്ള ക്ഷമയും പക്വതയും അവർക്കില്ല. ഏതുകാര്യത്തേയും തന്നിലെ ബുദ്ധിക്ക് വ്യവഛേദിക്കാനും വിശദീകരിക്കാനും കഴിയും എന്നാണ് അവരുടെ ഹുങ്ക്.

എന്നാൽ, സ്വന്തം ശരീരത്തിൻറെ സൃഷ്ടിപ്പും കൃത്യതയും അതിൻറെ സങ്കീർണ്ണതയും, ബാഹ്യവും ആന്തരികവുമായ ശരീരഘടകങ്ങളുടെ സൂക്ഷ്മതയുമൊന്നും എങ്ങനെ സംവിധാനിക്കപ്പെട്ടൂ എന്ന് വിശദീകരിക്കാൻ അവർക്കാകുകയുമില്ല. സമൂഹത്തിൽ യുക്തിവാദികൾ എന്ന പേരിലറിയപ്പെടുന്ന നാസ്തികരാണ് ഈ പറയപ്പെട്ട ആളുകൾ. യാദൃശ്ചികത ആണ് അവരുടെ ദൈവം. ഓരോ നാസ്തികനും സ്വയം ഓരോ പ്രവാചകനായിട്ടാണ് പ്രബോധനം. തൻറെ കേവല ബുദ്ധിയിൽ നിന്നും എന്ത് എടുത്തെഴുതുന്നൊ അതാണ് ഓരോ നാസ്തികൻറെയും പ്രമാണം.

ദൈവവും മതവും നാസ്തികന് എന്നും ശത്രുക്കളാണ്. അതുകൊണ്ടു തന്നെ മതം പഠിപ്പിക്കുന്ന ദൈവിക നിർദ്ദേശങ്ങളെയും പാഠങ്ങളേയും അവർ അംഗീകരിക്കുകയില്ല. ശാസ്ത്രത്തെയാണ് അവര്‍ പരമമായി ദര്‍ശിക്കുന്നത്. പക്ഷെ, ശാസ്ത്രരംഗത്ത്, മനുഷ്യ വര്‍ഗ്ഗത്തിന്റെ ഗുണപരമായ കണ്ടുപിടുത്തങ്ങള്‍ക്കും പുത്തനറിവുകള്‍ക്കും രാപ്പകല്‍ ഭേദമെന്യെ പഠന മനന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സയന്റിസ്റ്റുകള്‍ക്ക് യുക്തിവാദികളുടെ അഹങ്കാരമില്ല. അവരില്‍ ഭൂരിഭാഗവും ശാസ്ത്രത്തെ പരമമായ അറിവുകളിലേക്കുള്ള പഠന പടികളായിട്ടാണ് കാണുന്നതും അതിനെ സമീപിക്കുന്നതും.

കണ്ണടച്ചുള്ള നിഷേധമല്ല ഒരു ശാസ്ത്രജ്ഞന്‍ നിര്‍വഹിക്കുന്ന ധര്‍മ്മം. നിരീക്ഷണ പരീക്ഷണങ്ങളില്‍ നിന്ന് ലഭ്യമാകുന്ന നിഗമനങ്ങളേയും വസ്തുതകളേയുമൊക്കെ കൈവശമുള്ള രേഖകള്‍ക്കനുസൃതം വിശദീകരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഒരു ശാസ്ത്രപഠിതാവിനറിയാം അവനിലെ അറിവിന്റെ പരിധിയെപ്പറ്റി. താന്‍ കണ്ടെത്തുന്ന ശാസ്ത്രനിഗമനത്തിന്റെ/വസ്തുതയുടെ ആയുസ്സിനെപ്പറ്റിയും അവന്ന് പൂര്‍ണ്ണബോധ്യമുണ്ട്. ഏതൊരു വസ്തുവിനെ സംബന്ധിച്ചു താന്‍ നടത്തിയ പഠനത്തിലും തനിക്കു ബോധ്യപ്പെട്ട വസ്തുതകള്‍, മറ്റൊരു ശാസ്ത്രജ്ഞനാല്‍ നാളെ നടത്തപ്പെടാവുന്ന പഠനങ്ങളിലൂടെ വെറും നിഗമനങ്ങള്‍ മാത്രമായി മാറാം. അതല്ലെങ്കില്‍ പൂര്‍ണ്ണമായും തെറ്റായിത്തീരുകയും ചെയ്യാം. അതുകൊണ്ടു തന്നെ ഗവേഷണങ്ങളിലൂടെ നിന്നു ലഭിച്ച അറിവിനെ പരമമായി കാണുകയൊ, മറ്റെല്ലാ അറിവുകളേയും അഹങ്കാരപൂര്‍വ്വം നിഷേധിച്ചു തള്ളുകയൊ ചെയ്യുന്നില്ല, ഒരു ശാസ്ത്രജ്ഞന്‍. കാര്യബോധമുള്ള ഒരു ശാസ്ത്രജ്ഞന് തന്നോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ട് എന്നതാണ് അതിനുള്ള കാരണം.

നാസ്തികൻ അങ്ങനെയല്ല. അവന്ന് പ്രതിബദ്ധത അവനോടു മാത്രമാണ്. അവൻറേതു മാത്രമായ താത്പര്യങ്ങളാണ് ദൈവാസ്തിക്യത്തേയും മതബോധങ്ങളേയും തള്ളിപ്പറയാനും വിശ്വാസികളെ നിരങ്കുശം വിമർശിക്കാനും പ്രേരിപ്പിക്കുന്നത്. സമൂഹത്തിൽ നിയതമായ ഒരു ധാർമ്മിക പരിസരം നിലനിൽക്കാൻ അക്കൂട്ടർ ആഗ്രഹിക്കുന്നേയില്ല. ഐഹികാനുഭൂതികളുടെ സ്വതന്ത്രമായ ആസ്വാദനം തങ്ങൾക്കു സാധ്യമാകണമെങ്കിൽ തങ്ങളുടെ ജീവിത ചുറ്റുപാടും അതിനുതക്കം മാറിക്കിട്ടണമെന്നതാണ് നാസ്തികരുടെ അഹങ്കാരം. അതിനു വേണ്ടി അവരേതുതരം അനാശാസ്യങ്ങളും അനുവർത്തിക്കും.

മതങ്ങളെ, മതവിശ്വാസങ്ങളെ, മത പ്രവാചകരെ, സദാചാരബോധങ്ങളെ ഒക്കെയൊക്കെ വിമർശനത്തിന് വിധേയമാക്കുന്നതും ധാർമ്മിക നിലപാടുകൾ ലംഘിക്കുന്നതും ഏതെങ്കിലും ശാസ്ത്രീയമായ പഠനങ്ങളെ അധികരിച്ചൊന്നുമല്ല മതനിഷേധികൾ ചെയ്യുന്നത്. സർവ്വതന്ത്ര സ്വതന്ത്രമായ ജീവിതാസ്വാദനങ്ങളോടുള്ള അഭിനിവേശം മാത്രമാണ് അവയ്ക്കുള്ള അവരുടെ പ്രമാണം. തങ്ങളുടെ ദേഹേച്ഛയെ ദൈവമാക്കിയ സാധുക്കൾ! ഭൂമി ജീവിതം മാത്രമാണ് മനുഷ്യന്റേതെന്നും മരണത്തോടെ നിത്യതയിൽ മണ്ണടിഞ്ഞു പോകുമെന്നും അതിനു മുമ്പേ നന്നേ ചെറിയ ജീവിതം ആശ്വദിക്കുകയാണ് വേണ്ടതെന്നും ജൽപ്പിക്കുന്ന ഇത്തരം ആളുകളെക്കുറിച്ച് ഖുർആൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

“എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിനു മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?”

“അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്.” (ജാഥിയ 23, 24)

കുത്തഴിഞ്ഞ ലിബറൽ ചിന്താഗതിയുടെ വ്യാപനം മുസ്ലിംകൾ കാര്യഗൌരവത്തോടെ പരിഗണിക്കണം. വളരുന്ന മുസ്ലിം തലമുറയെയാണ് ലിബറലുകൾ അധികവും ലക്ഷ്യമിടുന്നത്. മുൻപൊക്കെ, ശാസ്ത്രം ശാസ്ത്രം എന്നു പറഞ്ഞിടത്തു നിന്ന് മാറി, ഇസ്ലാമിന്റെ പ്രവാചകനെ നിഷ്കരുണം വ്യക്തിഹത്യ നടത്തിയാണ് നാസ്തിക സംഘം മുസ്ലിം യുവതയെ വഴിപിഴപ്പിക്കുന്നത്. പച്ചപ്പൊള്ളുകൾ ശ്രേഷ്ഠനായ മുഹമ്മദു നബിയുടെ മേൽ ആരോപിക്കുകയും സദാചാരവിരുദ്ധമായ ചെയ്തികളിലേക്ക് വിലാസമുണ്ടാക്കുകയും ചെയ്യുന്ന എക്സ് മുസ്ലിംകളുടെ കപടശ്രമങ്ങളെ തിരിച്ചറിഞ്ഞ്, നമ്മുടെ തലമുറയെ പ്രാമാണികമായി വളർത്തി നിർത്താനുള്ള ശ്രമങ്ങൾ മുസ്ലിംകളുടെ സജീവ ശ്രദ്ധിയിലുണ്ടാകണം. ലിബറലുകൾക്കുള്ളത് ശാസ്ത്രബോധമല്ല, തികഞ്ഞ ധാർഷ്ട്യമാണ്. സ്വച്ഛമായ സാമൂഹ്യ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന താന്തോന്നിധാർഷ്ട്യം.